|
Back to Home |
|
വിശുദ്ധ ലിഖിത പഠനം നമ്മെ ജ്ഞാനികളാക്കുന്നു: മാർ സ്രാന്പിക്കൽ |
ബ്രിസ്റ്റോൾ: വിശുദ്ധ ലിഖിത പഠനം നമ്മെ ജ്ഞാനികളാക്കുന്നുവെന്നും അതിലൂടെ നമ്മൾ പൂർണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിന് പര്യാപ്തരാകുകയും ചെയ്യുന്നുവെന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ. രൂപതയുടെ പ്രഥമ ബൈബിൾ കലോത്സവം ബ്രിസ്റ്റോളിലെ ഗ്രീൻവേ സെന്‍ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവവചനം സൃഷ്ടിക്കുകയും രക്ഷിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്നു. വചനം മനുഷ്യനായത് മനുഷ്യനെ വചനമാക്കി രൂപാന്തരപ്പെടുത്തുവാനാണ്. തിരുവചനത്തിലും തിരുസഭയിലും നാമെല്ലാവരും ഒന്നാകണം. വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ച് എല്ലാവരുടേയും പാപപരിഹാരമായി കുരിശിൽ ബലിയായ ഈശോയിലൂടെ ലോകത്തിന്‍റെ പാപം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടിലൂടെയാണ് ഇത് സാധ്യമാകുന്നത്. ബൈബിൾ കലോത്സവത്തിന്‍റെ ലക്ഷ്യം വിശ്വാസികളുടെ കലാസാഹിത്യ വാസനകളെ വചനാധിഷ്ഠിതമായി ഉജ്ജ്വലിപ്പിക്കുന്നതിനും വചനം പ്രഘോഷിക്കുന്നതിനും അതിലൂടെ വിശ്വാസികൾ തമ്മിലുള്ള കൂട്ടായ്മ വർധിപ്പിക്കുന്നതിനുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇടവക തലത്തിലുള്ള മത്സരങ്ങൾക്കുശേഷം വിവിധ റീജണുകളിൽ നടന്ന മത്സരങ്ങളിൽ വിജയികളായ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 850 ഓളം ആളുകളാണ് വിവിധ ഇനങ്ങളിലായി ഒന്പത് സ്റ്റേജുകളിൽ മത്സരിച്ചത്. പ്രശസ്ത സംഗീത സംവിധായകൻ സണ്ണി സ്റ്റീഫൻ അടക്കമുള്ള വ്യക്തികൾ വിധി കർത്താക്കളായിരുന്നു. പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. തോമസ് പാറയടിയിൽ, രൂപത ബൈബിൾ കമ്മീഷൻ ചെയർമാൻ ഫാ. പോൾ വെട്ടിക്കാട്ട്, ഫാ. ജോയി വയലിൽ, ഫാ. ജോസഫ് വെന്പാടുംതറ, ഫാ. ജയ്സണ്‍ കരിപ്പായി, ഫാ. ടെറിൻ മുല്ലക്കര, ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ഫാ. സിറിൾ എടമന, ഫാ. ജിനോ അരിക്കാട്ട്, ഫാ. മാത്യു മുളയോലിൽ, ഫാ. ബിനു കിഴക്കേയിളംതോട്ടം, ഫാ.സെബാസ്റ്റ്യൻ നാമറ്റത്തിൽ, ഫാ. ജോസ് പൂവന്നിക്കുന്നേൽ, ഫാ. ടോണി പഴയകളം, ഫാ. ഫാൻസുവ പത്തിൽ, സിസ്റ്റർ മേരി ആൻ, സിസ്റ്റർ ലീന മേരി, സിസ്റ്റ് ഗ്രേസ് ഗ്രേസ് മേരി, സിസ്റ്റർ നവ്യ കോഴിമലയിൽ, സിസ്റ്റർ മിനി പുതുമന, സിസ്റ്റർ ബിജി തോണിക്കുഴിയിൽ, ബൈബിൾ കലോത്സവം കോഓർഡിനേറ്റർ സിജി വാദ്യാനത്ത്, കമ്മിറ്റി അംഗങ്ങളായ റോയി സെബാസ്റ്റ്യൻ, ഫിലിപ്പ് കണ്ടോത്ത്, ജോജി മാത്യു, അനിത ഫിലിപ്പ്, ജെഗി ജോസഫ്, ജോമി ജോണ്‍, ലിജോ പടയാട്ടിൽ, പ്രസാദ് ജോണ്‍, ജോസ് മാത്യു തുടങ്ങിയവർ കലോത്സവത്തിന് നേതൃത്വം നൽകി.
|