ന്യൂയോർക്ക്: ഫോമായുടെ ചരിത്രത്തിലെ ആദ്യത്തെ ’വിമൻസ് സമ്മിറ്റ്’, ഫോമാ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ, സെപ്റ്റംബർ 26, 27, 28 തീയതികളിൽ പോക്കോനോസിലെ ’വുഡ് ലാൻഡ്സ് ഇൻ’ റിസോർട്ടിൽ വച്ച് വിപുലമായ പരിപാടികളോടെ നടക്കും.
"സഖി’ എന്നു നാമകരണം ചെയ്ത ഈ സമ്മിറ്റിൽ സ്ത്രീകളുടെ ഉന്നമനത്തിനും മാനസിക ഉല്ലാസത്തിനുമായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
നാഷനൽ വിമൻസ് ഫോറം ചെയർപഴ്സൻ സ്മിത നോബിൾ, ട്രഷറർ ജൂലി ബിനോയ്, ഫോമാ സെക്രട്ടറി ബൈജു വർഗീസ് എന്നിവർ റിസോർട്ട് സന്ദർശിച്ച് സൗകര്യങ്ങൾ ഉറപ്പാക്കി. സ്മിത നോബിളിന്റെ നേതൃത്വത്തിൽ, ഫോമാ ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ, ഫോമാ നാഷനൽ വിമൻസ് ഫോറം ഭാരവാഹികളായ ആശ മാത്യു, ജൂലി ബിനോയ്, ഗ്രേസി ജെയിംസ്, വിഷിൻ ജോ, സ്വപ്ന സജി, മഞ്ജു പിള്ള എന്നിവർ സമ്മിറ്റിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
ഫോമായുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയും റീജനൽ കമ്മിറ്റികളും എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണ നൽകുന്നു.സെപ്റ്റംബർ 26 : തട്ടുകട, വർണ്ണാഭമായ ഉദ്ഘാടന സമ്മേളനം, ബോളിവുഡ് ഡാൻസ്, ഡിന്നർ. സെപ്റ്റംബർ 27: ഫാഷൻ, മേക്കപ്പ്, ബിസിനസ് രംഗത്തെ പ്രമുഖരുടെ ക്ലാസുകൾ, ഹവായിയൻ നൃത്തം, ബാങ്ക്വറ്റ് ഡിന്നർ, സംഗീതമേള. സെപ്റ്റംബർ 28: രാവിലെ 11 മണിക്ക് പരിപാടികൾ സമാപിക്കും.
മൂന്നു ദിവസത്തെ താമസവും ഭക്ഷണവും എല്ലാ പരിപാടികളും ഉൾപ്പെടുന്ന സമ്മിറ്റിനുള്ള ഫീസ് 300 മുതൽ 500 ഡോളർ വരെയാണ് . രജിസ്ട്രേഷൻ രജിസ്റ്റർ ചെയ്ത് സമ്മിറ്റിനെ വൻ വിജയമാക്കാൻ ഫോമായുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയും വിമൻസ് ഫോറവും അഭ്യർഥിക്കുന്നു.
വിമൻസ് സമ്മിറ്റിന് എല്ലാ വിജയാശംസകളും നേരുന്നതായി ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അറിയിച്ചു.
|