ഷിക്കാഗോ: ഷിക്കാഗോ സോഷ്യൽ ക്ലബ് നേതൃത്വം നൽകുന്ന 11ാമത് രാജ്യാന്തര വടംവലി മത്സരത്തിന്റെ (1300 പൗണ്ട്) ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. മുൻവർഷങ്ങളിൽനിന്നും വ്യത്യസ്തമായി ഒരു ദിവസം തന്നെ മൂന്ന് പ്രോഗ്രാമുകളാണ് നടത്തപ്പെടുക.
ഓഗസ്റ്റ് 31ന് രാവിലെ ഒമ്പത് മുതൽ മത്സരം ആരംഭിക്കും. അഞ്ചിന് മത്സരങ്ങൾ അവസാനിക്കും. അഞ്ച് മണി മുതൽ രാത്രി 10 വരെ വൈവിധ്യമാർന്ന ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ ആസ്വദിക്കുവാനുള്ള ഇന്ത്യ ഫുഡ് ടേസ്റ്റ് നടക്കും.
ഏഴ് മുതൽ 10 വരെ അഫ്സലിന്റെ നേതൃത്വത്തിൽ കലാസന്ധ്യ അരങ്ങേറും. ഈ വർഷം പുതിയ സ്ഥലത്താണ് വടംവലി മത്സരം നടക്കുക. വിശാലവും വിപുലവുമായ പാർക്കിംഗ് സൗകര്യങ്ങളുള്ള മോർട്ടൻ ഗ്രോവ് പാർക്ക് ഡിസ്ട്രിക്ട് സ്റ്റേഡിയം കാണികളെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ്.

വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ടീമുകൾ മത്സരങ്ങളിൽ പങ്കെടുക്കും. ഇരുപതിൽപരം ടീമുകളെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ, വൈസ് പ്രസിഡന്റ് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കൽ, ട്രഷറർ ബിജോയ് കാപ്പൻ, ജോയിന്റ് സെക്രട്ടറി തോമസ് പുത്തേത്ത് എന്നിവരടങ്ങിയതാണ് എക്സിക്യൂട്ടീവ് കമ്മിറ്റി.
സിറിയക് കൂവക്കാട്ടിലാണ് ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ. കമ്മിറ്റിയിൽ വൈസ് ചെയർമാൻ മാനി കരികുളം, ജനറൽ കൺവീനർ സ്റ്റീഫൻ കിഴക്കേക്കുറ്റ്, ഫൈനാൻസ് ചെയർ ബിനു കൈതക്കതൊട്ടിയിൽ, പിആർഒ മാത്യു തട്ടാമറ്റം എന്നിവരും മത്സരത്തിന്റെ വിജയത്തിനായി മുന്നിട്ടിറങ്ങി പ്രവർത്തിക്കുന്നു.
ആകർഷകമായ സമ്മാനത്തുകയാണ് ഈ വടംവലി മത്സരത്തിന്റെ പ്രത്യേകത. ഒന്നാംസ്ഥാനം നേടുന്ന ടീമിന് 11,111 ഡോളറും മാണി നെടിയകാലായിൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും ലഭിക്കും.
രണ്ടാംസ്ഥാനം നേടുന്ന ടീമിന് 5,555 ഡോളറും ജോയി മുണ്ടപ്ലാക്കൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും ലഭിക്കും. മൂന്നാം സ്ഥാനം നേടുന്ന ടീമിന് 3,333 ഡോളറും കിഴക്കേക്കുറ്റ് ചാക്കോ & മറിയം മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും നാലാംസ്ഥാനം ലഭിക്കുന്ന ടീമിന് 1,111 ഡോളറും ലഭിക്കും.
2013ൽ സ്ഥാപിതമായ ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ പ്രഥമ പ്രസിഡന്റ് സൈമൺ ചക്കാലപ്പടവിലാണ്. പിന്നീട് സാജു കണ്ണമ്പള്ളി, അലക്സ് പടിഞ്ഞാറേൽ, പീറ്റർ കുളങ്ങര, ബിനു കൈതക്കതൊട്ടിയിൽ, സിബി കദളിമറ്റം എന്നിവർ പ്രസിഡന്റുമാരായുള്ള കമ്മിറ്റികൾ വിവിധ കാലയളവുകളിൽ സോഷ്യൽ ക്ലബിന്റെ വളർച്ചയ്ക്ക് ഊർജം പകർന്നു.
ആയിരക്കണക്കിന് കാണികളെ പ്രതീക്ഷിക്കുന്ന ഈ വടംവലി മാമാങ്കത്തിലേക്ക് എല്ലാവരെയും സംഘാടകർ സ്വാഗതം ചെയ്തു.
വിശദവിവരങ്ങൾക്ക്: റൊണാൾഡ് പൂക്കുമ്പേൽ (പ്രസിഡന്റ്) 630 935 9655, സിറിയക് കൂവക്കാട്ടിൽ (ടൂർണമെന്റ് ചെയർമാൻ) 630 673 3382.
|