ഹൂസ്റ്റൺ: വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മാഗിന്റെ (മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ) ഭാവി വികസന പദ്ധതികൾ യാഥാർഥ്യമാക്കാൻ സ്റ്റാഫോർഡ് സിറ്റിയിലെ കേരള ഹൗസിനോട് ചേർന്ന് 1.5 ഏക്കർ സ്ഥലം സ്വന്തമാക്കി.
കേരള ഹൗസിൽ നടന്ന കരാർ ഒപ്പിടൽ ചടങ്ങിൽ പ്രസിഡന്റ് ജോസ് കെ. ജോൺ, സെക്രട്ടറി രാജേഷ് എസ്. വർഗീസ്, ട്രഷറർ സുജിത് ചാക്കോ, ബിൽഡിങ് കമ്മിറ്റി ചെയർമാൻ ശശിധരൻ നായർ, ട്രസ്റ്റി ബോർഡ് ചെയർമാൻ ജിമ്മി കുന്നശ്ശേരി എന്നിവർ ഒപ്പുവച്ചു. മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ജെയിംസ് ജോസഫ്, ട്രസ്റ്റി ബോർഡ് അംഗം എസ്. കെ. ചെറിയാൻ, വൈസ് പ്രസിഡന്റ് മാത്യൂസ് ചാണ്ടപ്പിള്ള എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പുതുതായി സ്വന്തമാക്കിയ ഭൂമി മൂർ റോഡിലേക്ക് നേരിട്ടുള്ള പ്രവേശനവും ഉറപ്പുനൽകുന്നു. ഏകദേശം 3.5 ഏക്കർ വിസ്തീർണമുള്ള സ്ഥലത്ത്, ഭാവിയിൽ കൂടുതൽ സൗകര്യങ്ങളോടുകൂടിയ പുതിയ ആസ്ഥാനം പണിയുകയാണ് സംഘടനയുടെ അടുത്ത ലക്ഷ്യം.
നിലവിലുള്ള 2500 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള കെട്ടിടത്തിൽ പ്രധാന ഹാൾ, ഓഫിസ് മുറി, സ്റ്റോർ, അടുക്കള, ശൗചാലയങ്ങൾ എന്നിവയും, 1000 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള റിക്രിയേഷൻ സെന്ററിൽ ബാഡ്മിന്റൺ കോർട്ടും, പിറകുവശത്ത് ക്രിക്കറ്റ് പ്രാക്ടീസ് നെറ്റുമാണ് നിലവിലുള്ളത്.
പൊതു പ്രവർത്തനങ്ങളും ബുധനാഴ്ചകളിൽ സീനിയർ അംഗങ്ങളുടെ സംഗമങ്ങളുമാണ് ഹാളിൽ നടക്കാറുള്ളത്. 38 വർഷത്തെ പാരമ്പര്യം1987ൽ ഏതാനും സുമനസ്സുകളുടെ നേതൃത്വത്തിൽ ആരംഭിച്ച മാഗ്, 38 വർഷമായി ഹൂസ്റ്റൺ മലയാളി സമൂഹത്തിന്റെ സാംസ്കാരിക, സാമൂഹിക കേന്ദ്രമാണ്. മുൻ ഭരണസമിതികളുടെ ദീർഘദർശനവും പരിശ്രമവുമാണ് ഇന്നത്തെ നേട്ടത്തിന് അടിസ്ഥാനം. കേരള ഹൗസിന്റെ വികസനം ഏകദേശം 10,000 മലയാളികൾക്ക് നേരിട്ടും പരോക്ഷമായും പ്രയോജനപ്പെടുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ഭാവി പദ്ധതികളുടെ ഫണ്ടിങ്ങിനായി റാഫിൾ കൂപ്പണും പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ, ഒറ്റത്തവണ സംഭാവന മുഖേന പേട്രൺ, ലൈഫ്ടൈം അംഗത്വങ്ങളും ലഭ്യമാണ്.
ഭാരവാഹികളിലൂടെ, അല്ലെങ്കിൽ വെബ്സൈറ്റ് വഴിയും അംഗത്വം നേടാം.പുതിയ പദ്ധതിയുടെ നടത്തിപ്പിനായി ശശിധരൻ നായരുടെ നേതൃത്വത്തിൽ എബ്രഹാം കെ. ഈപ്പൻ, ജോജി ജോസഫ്, വിനോദ് വാസുദേവൻ, മാർട്ടിൻ ജോൺ, ജോൺ ഡബ്ല്യു. വർഗീസ്, ആൻഡ്രൂസ് ജേക്കബ്, ജോയി സാമുവൽ, എസ്. കെ. ചെറിയാൻ എന്നിവർ ഉൾപ്പെടുന്ന ഏകദേശം 40 അംഗങ്ങളുള്ള ബിൽഡിങ് കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്. ഫെസിലിറ്റി മാനേജർ മോൻസി കുര്യാക്കോസും മികച്ച പിന്തുണയാണ് നൽകുന്നത്.
|