Star Chat |
Back to home |
|
കാട് ‘ചുവക്കുന്ന’ കാലം |
|
 |
വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയപോൾ നിർമിച്ചു ഡോ.ബിജു സംവിധാനം ചെയ്ത ‘കാട് പൂക്കുന്ന നേരം’ തിയറ്ററുകളിലേക്ക്. ഇന്ദ്രജിത്തും റീമ കല്ലിങ്കലുമാണ് മുഖ്യവേഷങ്ങളിൽ. സിനിമ പൂർത്തിയായി മൂന്നു മാസത്തിനകം ഏഴ് ചലച്ചിത്രമേളകളിൽ സെലക്ഷൻ നേടി. ‘‘മാവോയിസ്റ്റ്, നക്സൽ വിപ്ലവങ്ങളൊക്കെ ഉണ്ടായിട്ടുള്ളതു കാട്ടിൽത്തന്നെയാണ്. അത്തരം വിപ്ലവങ്ങളുമായി ബന്ധമുള്ള ഒരു പേരാണിത്. സ്ക്രിപ്റ്റ് എഴുതിക്കൊണ്ടിരുന്ന സമയത്തു തന്നെ പേരിട്ടിരുന്നു... ’’ സമകാലികപ്രസക്തിയേറിയ അതിശക്തമായ രാഷ്ട്രീയ ചിത്രം ‘കാട് പൂക്കുന്ന നേര’ത്തിന്റെ രചനയും സംവിധാനവും നിർവഹിച്ച ഡോ.ബിജു സംസാരിക്കുന്നു... ‘കാട് പൂക്കുന്ന നേരം’ ചർച്ച ചെയ്യുന്നതെന്താണ്...? മാവോയിസം തന്നെയാണ്. യുഎപിഎ പോലെയുള്ള നിയമങ്ങൾ ഉപയോഗിച്ചു പോലീസ് എങ്ങനെയാണ് സാധാരണക്കാരെ മാവോയിസ്റ്റായി മുദ്രകുത്തി അവരെ ഭീഷണിപ്പെടുത്തുന്നത് എന്നുള്ളതാണ് കാടുപൂക്കുന്ന നേരം ചർച്ച ചെയ്യുന്നത്. ആളുകളെ മാവോയിസ്റ്റുകളായിട്ടും തീവ്രവാദികളായിട്ടും പോലീസിന് എങ്ങനെ മുദ്രകുത്താൻ സാധിക്കും എന്നതിനെപ്പറ്റിയാണു സിനിമ.  ‘കാട് പൂക്കുന്ന നേരം’ എന്ന സിനിമയുടെ തീം എന്താണ്...? യുഎപിഎ എന്ന കരിനിയമം ഭരണകൂടങ്ങൾ എങ്ങനെയാണു സാധാരണ ജനങ്ങൾക്കെതിരേ പ്രയോഗിക്കുന്നത് എന്നുള്ളതും അതു ജനങ്ങൾക്കിടയിലുണ്ടാക്കുന്ന പ്രതികരണങ്ങൾ എന്താണ് എന്നുള്ളതുമാണു സിനിമയുടെ പ്രധാന തീം. സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വർത്തമാനകാല പ്രസക്തി ഏറെയുള്ള സിനിമയാണല്ലോ ‘കാട് പൂക്കുന്ന നേരം..’? സിനിമ കഴിഞ്ഞതിനു ശേഷമാണു നിലമ്പൂർ സംഭവം ഉണ്ടായത്. സിനിമയിൽ പറയുന്ന കാര്യങ്ങൾ അങ്ങനെതന്നെ വീണ്ടും കേരളത്തിൽ ആവർത്തിച്ചു. സിനിമ കാലത്തിനു മുമ്പേ പറഞ്ഞുവച്ച കാര്യങ്ങൾ പിന്നീടു സംഭവിച്ചു എന്നത് അദ്ഭുതകരമായ കാര്യമായിരുന്നു. ‘കാടു പൂക്കുന്ന നേര’ത്തിന്റെ കഥാപശ്ചാത്തലം..? മാവോയിസ്റ്റുകളെന്നു സംശയമുള്ളവരെ അന്വേഷിക്കുന്ന ഒരു പോലീസ് സംഘത്തിന്റെ കഥയാണ്. മാവോയിസ്റ്റ് വേട്ടയ്ക്കായി കാടിനകത്തേക്കു പോകുന്ന പോലീസ് സംഘത്തിനു കാട്ടിനുള്ളിൽവച്ചു വഴിതെറ്റുന്നതു കഥാഗതിയിൽ വരുന്നുണ്ട്. മാവോയിസ്റ്റും അന്വേഷണ ഉദ്യോഗസ്ഥനും തമ്മിലുള്ള ആശയപരമായ സംഘട്ടനവും വരുന്നുണ്ട്. ഇടവേളയ്ക്കുശേഷം ഇവർ രണ്ടുപേർ മാത്രമാണു സിനിമയിലുള്ളത്. രണ്ടുപേരെ മാത്രംവച്ചു കുറേയേറെ സീനുകൾ മുന്നോട്ടു കൊണ്ടുപോവുകയെന്നതു സ്ക്രിപ്റ്റിംഗിൽ കുറച്ചു വെല്ലുവിളിയുയർത്തിയിരുന്നു.  കാടിന്റെ പശ്ചാത്തലം സിനിമയിൽ എത്രത്തോളമാണ്...? പൂർണമായും കാട്ടിലാണു സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സിനിമയുടെ സബ്ജക്ട് കാട്ടിനകത്താണു സംഭവിക്കുന്നത്. അതുകൊണ്ടാണു കാട് അത്രത്തോളം വരുന്നത്.  കാട്ടിനുളളിലെ ചിത്രീകരണം റിസ്കി ആയിരിക്കുമല്ലോ...? കാട്ടിനുളളിലെ ചിത്രീകരണത്തിന് അതിന്റേതായ ബുദ്ധിമുട്ടുകളുണ്ട്. കാട്ടിലൂടെയുള്ള യാത്ര, അതിലെ മൃഗങ്ങളുടെ ശല്യം... അതിനാൽ കാടിനുള്ളിലെ ഷൂട്ടിംഗ് വളരെ കെയർഫുളായിട്ടാണു ചെയ്യേണ്ടിവന്നത്. ഫിസിക്കലി എല്ലാവർക്കും സ്ട്രെയിൻ ആയിട്ടുള്ള ഷൂട്ടായിരുന്നു അത്. അച്ചൻകോവിൽ, കോന്നിയിലെ അടവി എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ്. ഇന്ദ്രജിത്തിന്റെ കഥാപാത്രത്തെക്കുറിച്ച്...? മാവോയിസ്റ്റ് വേട്ടയ്ക്കെത്തുന്ന പോലീസ് സംഘത്തിലെ ഒരു പോലീസുകാരൻ. വീട്ടിലേക്കുള്ള വഴി, ആകാശത്തിന്റെ നിറം എന്നീ സിനിമകളിലും ഇന്ദ്രജിത്ത് ഉണ്ടായിരുന്നു. ഇതു മൂന്നാമത്തെ ചിത്രമാണ്. ഇന്ദ്രജിത്തുമായി നേരത്തേ സിനിമകൾ ചെയ്തതിന്റെ അടുപ്പവും അത്രതന്നെ വ്യക്തിപരമായ സൗഹൃദവുമുണ്ട്. എനിക്കു വളരെ കംഫർട്ടബിളായ ഒരാക്ടറാണ് ഇന്ദ്രജിത്ത്. അതുകൊണ്ടാണ് ആ വേഷത്തിലേക്ക് ഇന്ദ്രജിത്തിനെ ആലോചിച്ചത്. ഇന്ദ്രജിത്ത് വളരെ നല്ല ഒരു ആക്ടറാണ്, ഏതു വേഷവും ധൈര്യപൂർവം ഏൽപ്പിക്കാവുന്ന ഒരു ആക്ടർ.  റീമയിലേക്ക് എത്തിയത്..? റീമ എന്റെ പടത്തിൽ ആദ്യമായിട്ടാണു വർക്ക് ചെയ്യുന്നത്. ഇത് ഒരു പൊളിറ്റിക്കൽ സ്വഭാവമുള്ള സിനിമ ആയതിനാൽ ഈ സിനിമ പറയുന്ന വിഷയങ്ങൾ കൂടി മനസിലാകുന്ന ഒരു നടി വേണമായിരുന്നു. സാധാരണ നടിമാർ രാഷ്ട്രീയത്തോടും മറ്റും കാര്യമായ കാഴ്ചപ്പാടുള്ളവരല്ല. സാമൂഹികമായ ബോധമുള്ള നടിമാർ ഇപ്പോൾ പൊതുവേ കുറവാണ്. ഈ വേഷം ചെയ്യുന്നതിന് കൃത്യമായ സാമൂഹിക കാഴ്ചപ്പാടുള്ള, സാംസ്കാരിക പ്രതിബദ്ധതയും രാഷ്്ട്രീയവുമൊക്കെയുള്ള ഒരു നടിയെ വേണമായിരുന്നു. അതുകൊണ്ടുകൂടിയാണു റീമയിലേക്ക് എത്തിയത്. റീമ അതു വളരെ മനോഹരമായി ചെയ്തു. അടുത്തകാലത്തെങ്ങും മലയാള സിനിമയിൽ ഇത്ര സ്ട്രോംഗായിട്ടുള്ള ഒരു സ്ത്രീകഥാപാത്രം ഉണ്ടായിട്ടില്ല. റീമയുടെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും മികച്ച വേഷമെന്നാണ് ചിത്രം കണ്ടവരുടെ അഭിപ്രായം. 22 ഫീമെയിലിനെക്കാളും മുകളിൽ നിൽക്കുന്ന പെർഫോമൻസാണ് ഇതിൽ. വളരെ കംഫർട്ടബിളായ സിംപിളായ ആക്ട്രസാണ് റീമ.  ഇന്ദ്രജിത്തിന്റെയും റീമയുടെയും പ്രകടനം പുരസ്കാരസാധ്യതയിലേക്ക് എത്തുന്ന നിലവാരത്തിലായിരുന്നോ...? ഇന്ദ്രജിത്തിനും റീമയ്ക്കും വളരെ പ്രാധാന്യമുള്ള വേഷങ്ങൾ തന്നെയാണ്. രണ്ടുപേർക്കും അവരവരുടെ അഭിനയജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രങ്ങളിലൊന്നു തന്നെയാണ് ഇതിലെ വേഷങ്ങൾ. അതുകൊണ്ടുതന്നെ രണ്ടുപേർക്കും സ്വാഭാവികമായിത്തന്നെ സാധ്യതയുണ്ട്. ഈ സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കളെക്കുറിച്ച്..? ഇന്ദ്രൻസ്, പ്രകാശ് ബാരെ, ഇർഷാദ്, കൃഷ്ണൻ ബാലകൃഷ്ണൻ തുടങ്ങിയവരാണു മറ്റു വേഷങ്ങളിൽ. ഇന്ദ്രൻസ് സ്കൂൾ ഹെഡ്മാസ്റ്ററായിട്ടാണു വരുന്നത്. ഇർഷാദും പ്രകാശ് ബാരെയും പൊലീസ് ഓഫീസർമാരായി വേഷമിടുന്നു. കൃഷ്ണൻ ബാലകൃഷ്ണൻ പോലീസുകാരനാരനായും.  മുൻ സിനിമകളിലെ പല താരങ്ങളും ഇതിലും വരുന്നുണ്ടല്ലോ...? ഇന്ദ്രൻസ് ചേട്ടനൊപ്പം മുന്നാമത്തെയോ നാലാമത്തെയോ പടമാണിത്. ഇർഷാദും രണ്ടു മൂന്നു സിനിമകളിൽ വന്നു. പ്രകാശ് ബാരെയും എന്റെ സിനിമകളിൽ സ്ഥിരമായി അഭിനയിക്കുന്നുണ്ട്. കൃഷ്ണനും അതുപോലെ തന്നെ. മിക്കവാറുമുള്ള ആർട്ടിസ്റ്റുകളെല്ലാം എന്റെ സിനിമകളിൽ സ്ഥിരമായിട്ടുള്ള ആളുകളാണ്.  ഈ സിനിമയിൽ ഗോവർധന് റോളുണ്ടോ...? ചെറിയ ഒരു വേഷം. സ്കൂളിലെ കുട്ടികളിൽ ഒരാൾ എന്ന തരത്തിൽ. ഈ സിനിമയിലെ സംഗീതത്തെക്കുറിച്ച്...? പാട്ടുകളില്ല. പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നതു സന്തോഷ് ചന്ദ്രൻ. വലിയ ചിറകുള്ള പക്ഷികളിലും സന്തോഷ് തന്നെയാണു മ്യൂസിക് ചെയ്തത്. പക്ഷേ, അതിൽ കുറച്ചേയുള്ളൂ സംഗീതം. ഇതിൽ ആദ്യാവസാനം മ്യൂസിക്കുണ്ട്. കാടിന്റെ സംഗീതമൊക്കെ കിട്ടുംവിധം ചില പ്രത്യേക ഉപകരണങ്ങളൊക്കെ ഉപയോഗിച്ചാണു ചെയ്തിരിക്കുന്നത്.  പിന്നണിയിൽ പ്രവർത്തിച്ച മറ്റുള്ളവർ...? ഛായാഗ്രഹണം എം.ജെ.രാധാകൃഷ്ണൻ, ലൊക്കേഷൻ സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്സിംഗ് പ്രമോദ് തോമസ്, എഡിറ്റിംഗ് കാർത്തിക് ജോഗേഷ്, ആർട്ട് ഡയറക്്ഷൻ ജ്യോതിഷ് ശങ്കർ, കോസ്റ്റ്യൂംസ് അരവിന്ദ്, ചമയം പട്ടണം ഷാ, സ്റ്റിൽസ് അരുൺ പുനലൂർ. എം.ജെ.രാധാകൃഷ്ണനുമായി ഒന്നിച്ചു വർക്ക് ചെയ്യുന്ന ആറാമത്തെ ചിത്രമാണിത്. എന്റെ രണ്ടാമത്തെ പടം ഒഴിച്ച് അദ്ദേഹത്തിനൊപ്പം സ്ഥിരമായി വർക്ക് ചെയ്യുകയാണ്. മൊത്തം ക്രൂവും അങ്ങനെ തന്നെയാണ്.  സംവിധായകനെന്ന നിലയിൽ ഈ സിനിമയിലൂടെ എന്തു സന്ദേശമാണു നല്കുന്നത്...? ഞാൻ സിനിമയിൽ സന്ദേശം കൊടുക്കാറില്ല. സന്ദേശം കൊടുക്കുന്നതു സിനിമയുടെ പണിയല്ല. ഒരു പ്രമേയം കാണിക്കുക എന്നതു മാത്രമാണ് ചെയ്യുന്നത്. എനിക്കു പറയാനുള്ള കാര്യങ്ങൾ ഞാൻ സിനിമയിൽ പറയുന്നു. പ്രേക്ഷകർ അവരുടെ ഇഷ്ടത്തിനനുസരിച്ചാണ് അതു കണക്കിലെടുക്കുന്നതും വ്യാഖ്യാനിക്കുന്നതുമെല്ലാം. മാവോയിസത്തിന് അനുകൂലമാണോ പ്രതികൂലമാണോ ഈ സിനിമ...? അതൊക്കെ ആ സിനിമ കണ്ടിട്ടു പ്രേക്ഷകൻ തീരുമാനിക്കേണ്ട കാര്യമാണ്. എങ്ങനെയാണു പ്രേക്ഷകനു ഫീൽ ചെയ്യുന്നത് എന്നുള്ളതാണു പ്രധാനം. നമ്മളായി ഒരു സ്റ്റേറ്റ്മെന്റ് ചെയ്യാൻ പാടില്ല. സിനിമയെന്നാൽ ഇങ്ങനെയാണ്, അങ്ങനെയാണ് എന്നൊക്കെ പറയലല്ല. വിഷയങ്ങൾ സിനിമയിൽ പറയുന്നു എന്നതിനപ്പുറം ആ സിനിമയിലൂടെ അതിനൊരു സ്റ്റേറ്റ്മെന്റോ സന്ദേശമോ കൊടുക്കാൻ പാടില്ല. നമുക്കു പറയാനുള്ള ഒരു പ്രമേയം സിനിമയിലൂടെ പറയുന്നു. അതു കണ്ടിട്ട് എങ്ങനെ തോന്നുന്നു എന്നുള്ളതു പ്രേക്ഷകന്റെ ഇഷ്ടമാണ്. പ്രേക്ഷകന് അത് എങ്ങനെയാണോ ഫീൽ ചെയ്യുക അത്തരത്തിൽ പ്രേക്ഷകൻ അതു കാണും.  അപ്പോൾ ഒരു സിനിമയ്ക്കു തന്നെ പല വ്യാഖ്യാനങ്ങൾ ഉണ്ടായേക്കാം...? അതേ, അങ്ങനെയാവണം സിനിമ. അല്ലാതെ നമ്മൾ അടിച്ചേൽപ്പിക്കുന്ന ആശയങ്ങൾ ആവരുത് സിനിമ. പ്രേക്ഷകർക്ക് അതിൽനിന്ന് അവരവരുടേതായ ആശയങ്ങൾ ഉരുത്തിരിയാനുള്ള അവസരമുണ്ടാകണം. ഈ സിനിമയോടു ഭരണകൂടത്തിന്റെ നിലപാട്...? സെൻസറിംഗിൽ ഒരു സീനും കട്ട് ചെയ്യേണ്ടി വന്നില്ല. സ്ക്രിപ്റ്റ് പ്രകാരം തന്നെയാണ് സിനിമ പുറത്തുവന്നിരിക്കുന്നത്. നിലമ്പൂർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഈ സിനിമ കൂടുതൽ വ്യാപകമായി ചർച്ച ചെയ്യപ്പെടും. ഈ സിനിമ രാഷ്്ട്രീയമായ ഒരു ചർച്ച ഉയർത്തിക്കൊണ്ടുവരും.  ഫെസ്റ്റിവലുകളിൽ ‘കാട് പൂക്കുന്ന നേരം’...? കാടുപൂക്കുന്ന നേരം ആദ്യം കാണിച്ചതു മോൺട്രിയൽ ഫെസ്റ്റിവലിലാണ്. തുടർന്നു കസാക്കിസ്ഥാൻ, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ ഫെസ്റ്റിവലുകളിൽ. ഇന്ത്യൻ പനോരമയിലേക്കു സെലക്ഷൻ ഉണ്ടായിരുന്നു. തുടർന്നു ഐഎഫ്എഫ്കെ മത്സരവിഭാഗത്തിൽ. സിനിമ പൂർത്തിയായി മൂന്നു മാസത്തിനകം ഏഴു ഫെസ്റ്റിവലുകളിൽ സെലക്ഷൻ കിട്ടി എന്നതു തന്നെ അപൂർവമാണ്. ഐഎഫ്എഫ്കെയിലെ സ്വീകരണം...? വലിയ പ്രേക്ഷക പങ്കാളിത്തമായിരുന്നു അവിടെ. ഒരു സിനിമയ്ക്കും ഉണ്ടാകാത്ത തിരക്കായിരുന്നു അവിടെ ഉണ്ടായത്. ആളുകൾ വളരെ പൊളിറ്റിക്കലായി സിനിമ ചർച്ചചെയ്യുന്നുണ്ടായിരുന്നു. വളരെ സമകാലികമായ ഒരു സിനിമയെന്ന തരത്തിൽതന്നെ ആളുകൾക്കിടയിൽ ചർച്ചയുണ്ടായിരുന്നു.  ഏതെങ്കിലും മേഖലകളിൽ നിന്നു സിനിമയ്ക്ക് എതിർപ്പുകൾ ഉണ്ടായിട്ടുണ്ടോ...? ഇതുവരെ ഒരുതരത്തിലുമുള്ള എതിർപ്പുകളും ഉണ്ടായിട്ടില്ല. സിനിമയുടെ സെൻസറിംഗ് ഫെസ്റ്റിവലിനു മുമ്പേ കഴിഞ്ഞിരുന്നു. ഇനി തിയറ്ററുകളിൽ വരുമ്പോഴാണല്ലോ ആളുകൾ കണ്ടുതുടങ്ങുന്നത്. ഈ സിനിമ പറയുന്ന വിഷയം മറ്റു പല സംസ്ഥാനങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്. കേരളത്തിൽ ഇപ്പോഴാണ് അങ്ങനെ ഉണ്ടായത്. അതു സിനിമ കഴിഞ്ഞിട്ടാണു സംഭവിച്ചിട്ടുള്ളത്. ഈ സിനിമയുടെ നിർമാണത്തിൽ ഏറ്റവും വലിയ വെല്ലുവിളി...? കാട്ടിലുള്ള ചിത്രീകരണത്തിന്റെ ബുദ്ധിമുട്ടു മാത്രമേ ഉണ്ടായിരുന്നുള്ളു. 30 ദിവസം കൊണ്ടു ഷൂട്ട് ചെയ്ത പടമാണിത്.  ഈ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ...? പടം കഴിഞ്ഞു. ഇപ്പോൾ റിലീസ് ചെയ്യുന്നു. കൂടുതൽ പേർ കാണണമെന്നു തന്നെയാണു താത്പര്യം. 12 വർഷങ്ങൾ, ഏഴു സിനിമകൾ...ഏറ്റവും ചലഞ്ചിംഗ് ആയ സിനിമ ‘കാട് പൂക്കുന്ന നേരം’ തന്നെയാണോ...? അല്ല. അത് ‘ആകാശത്തിന്റെ നിറം’ തന്നെയാണ്. അതിൽ കടൽ, കടലിൽ സെറ്റ്... അത്തരത്തിൽ ചലഞ്ചിംഗ് ആയിരുന്നു. വീട്ടിലേക്കുള്ള വഴിയും അതുപോലെതന്നെയായിരുന്നു. ഒത്തിരി ട്രാവലിംഗും പല സംസ്ഥാനങ്ങളിൽ ഷൂട്ടും ഒക്കെയുള്ള സിനിമയാണ്.  അടുത്ത പ്രോജക്ട് ‘സൗണ്ട് ഓഫ് സൈലൻസി’ന്റെ വർക്കുകൾ എത്രത്തോളമായി...? ഷൂട്ടിംഗ് കഴിഞ്ഞു. സൗണ്ട് മിക്സിംഗ് നടന്നുകൊണ്ടിരിക്കുന്നു. ആ സിനിമ മലയാളത്തിലല്ല; ഹിന്ദി, പഹാഡി, ടിബറ്റൻ ഭാഷകളിലാണ്. അതിനാൽ അതിന്റെ റിലീസിംഗും മറ്റും കുറച്ചു താമസിച്ചേ ഉണ്ടാവുകയുള്ളു. ഗോവർധൻ ആദ്യമായി മുഖ്യവേഷത്തിലെത്തുന്ന സിനിമയാണ്. ബുദ്ധിസവുമായി ബന്ധമുള്ള ഒരു പ്രമേയം. ഫെസ്റ്റിവലുകളിലാവും ആദ്യ പ്രദർശനം. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
 |
|
എസ്തർ ഇനി ബേബിയല്ല..!
|
മലയാളത്തിന്റെ നായിക നിരയിലേക്കു ഒരു ബാലതാരം കൂടി ഇടം പിടിക്കുകയാണ്, എസ്തർ അനിൽ
|
|
|
|
|
|
മനസുതുറന്ന് മാനസ
|
""റോമൻസ് ടീം ചെയ്യുന്ന പടം.. അതായിരുന്നു വികടകുമാരൻ എന്ന പ്രോജക്ടിന്റെ പ്രധ
|
|
|
|
|
സുഡു ഫ്രം നൈജീരിയ!
|
സൗബിൻ ഷാഹിർ, സാമുവൽ അബിയോള റോബിൻസൺ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ‘സുഡാ
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|