കുഴല്‍നാടന്‍റെ പരാതി പരിശോധിക്കാന്‍ ധനകാര്യവകുപ്പ്; ഐജിഎസ്ടി രേഖകൾ സിപിഎം ഇന്ന് പുറത്തുവിട്ടേക്കും
Monday, August 21, 2023 10:37 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ നികുതി നല്‍കിയില്ലെന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പരാതി പരിശോധിക്കാന്‍ ധനകാര്യ വകുപ്പ്. വീണ ജിഎസ്ടി നികുതി അടച്ചെങ്കില്‍ രേഖ പുറത്തുവിടണമെന്ന് ആവശ്യമുന്നയിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാലിന് അദ്ദേഹം ഇ-മെയിൽ അയയ്ക്കുകയായിരുന്നു.

വീണാ വിജയന്‍റെ എക്സലോജിക് ഐടി കമ്പനി കെഎംആര്‍എല്ലില്‍ നിന്നും കൈപറ്റിയ 1.72 കോടി രൂപയ്ക്ക് ജിഎസ്ടി അടച്ചിട്ടില്ലെന്നാണ് മാത്യു കുഴല്‍നാടന്‍റെ ആരോപണം. പരാതി കിട്ടിയതായി ധനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നികുതി സംബന്ധിച്ച പരാതിയായതിനാല്‍ നികുതിവകുപ്പിന് ഇത് കൈമാറും.

അന്തര്‍സംസ്ഥാന വ്യാപാരവും സേവനവും നടത്തുന്ന കമ്പനികള്‍ അടക്കേണ്ടത് ഇന്‍റഗ്രേറ്റഡ് ഗുഡ്സ് ആന്‍ഡ് സര്‍വീസ് ടാക്സ് ആണ്. ഐജിഎസ്ടി കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സംസ്ഥാനത്താണ് അടയ്‌ക്കേണ്ടത്.

ആ നികുതി കേന്ദ്രപൂളിലേക്ക് പോകുകയും അവിടെ നിന്ന് സാധനവും സേവനവും എത്തിയ സംസ്ഥാനങ്ങള്‍ നികുതി വിഹിതം വീതിച്ച് നല്‍കുകയുമാണ് ചെയ്യുന്നത്. ഐജിഎസ്ടി അടക്കുന്നതില്‍ കമ്പനികള്‍ വീഴ്ചവരുത്തിയാല്‍ അതത് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിനും നടപടി സ്വീകരിക്കാം.

എന്നാല്‍ വീണയുടെ കമ്പനി രജിസ്ട്രര്‍ ചെയ്തിരിക്കുന്നത് കേരളത്തിലല്ല മറിച്ച് കര്‍ണാടകയിലാണ്. അതിനാല്‍ തന്നെ മാത്യുവിന്‍റെ പരാതിയില്‍ സംസ്ഥാന ധനകാര്യ വകുപ്പ് എന്ത് നടപടി സ്വീകരിക്കുമെന്നത് പ്രസക്തമാണ്.

അതേ സമയം, കരിമണല്‍ കമ്പനിയില്‍ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്ക് വീണാ ഐജിഎസ്ടി അടച്ചതിന്‍റെ രേഖകള്‍ സിപിഎം തിങ്കളാഴ്ച പുറത്തുവിട്ടേക്കും. ഐജിഎസ്ടി അടച്ചുവെന്ന് നേതാക്കൾ പറയുന്നുണ്ടെങ്കിലും രേഖ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അതിനിടെ, മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ കോതമംഗലത്തെ കുടുംബ വീട്ടില്‍ നടന്ന പരിശോധനയില്‍ നിര്‍ണായക റിപ്പോര്‍ട്ട് തിങ്കളാഴ്ച തഹസില്‍ദാര്‍ക്ക് ലഭിക്കും. കഴിഞ്ഞദിവസം കോതമംഗലം താലൂക്കിലെ റവന്യു സര്‍വേ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധനാ നടത്തിയ റിപ്പോര്‍ട്ടാണ് കൈമാറുക.

അളന്ന് തിട്ടപ്പെടുത്തിയ ഭൂമിയില്‍ നിലം ഉള്‍പ്പെടുന്നുണ്ടോ, ഉണ്ടെങ്കില്‍ ആ നിലം മണ്ണിട്ട് നികത്തിയോ എന്നതടക്കമുള്ള കാര്യങ്ങളിലെ റിപ്പോര്‍ട്ട് മാത്യു കുഴല്‍ നാടനെ സംബന്ധിച്ചടുത്തോളം നിര്‍ണായകമാണ്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.