“തോറ്റവരെ കളിയാക്കരുത്’’
Tuesday, September 16, 2025 12:00 AM IST
വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് അഹാൻ അനൂപിന്റെ ഉത്തരക്കടലാസ് സമൂഹമാധ്യമത്തിലൂടെ ലോകത്തിനു മുന്നിലെത്തിച്ചത്. മൂന്നാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പറിൽ, നിങ്ങൾക്കിഷ്ടപ്പെട്ട ഒരു കളിയുടെ നിയമാവലി തയാറാക്കാമോ എന്നതായിരുന്നു ചോദ്യം. അഹാൻ എഴുതിയ ‘സ്പൂണും നാരങ്ങയും’ കളിയുടെ ആറാമത്തെ നിയമം “ജയിച്ചവർ തോറ്റവരെ കളിയാക്കരുത്” എന്നായിരുന്നു.
ആലോചിച്ചാൽ നമ്മുടെ കുടുംബത്തെയും പൊതുജീവിതത്തെയും പ്രകാശമാനമാക്കാൻ ഇത്ര ലളിതവും വിജയസാധ്യതയുള്ളതുമായ മറ്റൊരു നിയമവുമില്ല. അഹാൻ രചിച്ചതും വിദ്യാഭ്യാസമന്ത്രി പ്രകാശനം ചെയ്തതുമായ ഈ പരിഷ്കൃതനിയമം കേരളം ഏറ്റെടുക്കേണ്ടതാണ്.
തലശേരി ഒ. ചന്തുമേനോന് സ്മാരക സ്കൂളിലെ മൂന്നാം ക്ലാസുകാരന് അഹാന് അനൂപിന്റെ ഉത്തരമാണ് വൈറലായത്. അഹാൻ തെരഞ്ഞെടുത്തത് സ്പൂണും നാരങ്ങയും കളിയാണ്. കുട്ടികളിലെ സൃഷ്ടിപരമായ ചിന്തകളെ പ്രചോദിപ്പിക്കുന്ന ആ ചോദ്യത്തിന്റെ എല്ലാ ലക്ഷ്യങ്ങളെയും മറികടന്ന് ഉത്തരം മുന്നോട്ടു പോയി. ആറു നിയമങ്ങളിൽ ഒടുവിലത്തേതായി അഹാൻ എഴുതി: “ജയിച്ചവർ തോറ്റവരെ കളിയാക്കരുത്.”
മാർക്കും കൈയടിയും വാങ്ങിയ ഉത്തരം, ചോദ്യക്കടലാസിൽനിന്നിറങ്ങി നവകേരളയാത്ര നടത്തുകയാണ്. ‘ജയിച്ചവർ തോറ്റവരെ കളിയക്കരുത്’ എന്ന് ഒരു ലിഖിതനിയമവും ലോകത്തില്ല. ഒരു ഭരണഘടനയും അതേക്കുറിച്ചൊന്നും പറയുന്നില്ല. പക്ഷേ, അഹങ്കാരം വെടിയാനും അപരനെ ചേർത്തുനിർത്താനുമുള്ള ഈ സൂത്രവാക്യം നമ്മുടെ സംസ്കാരത്തെ പുതുക്കിപ്പണിയാനുള്ളതാണ്.
ഇനിമേൽ കളിയിലും ജീവിതത്തിലും തോറ്റവരെ, ജീവിതമത്സരങ്ങളിൽ പിന്നാക്കമായിപ്പോയവരെ, ദൗർബല്യങ്ങളുള്ളവരെ, കോടതികളിൽ തോറ്റവരെ, നിസഹായരെ, ന്യൂനപക്ഷങ്ങളെ, പാർശ്വവത്കരിക്കപ്പെട്ടവരെ, ദരിദ്രനെ, നഗ്നനെ... കളിയാക്കരുത്. അവരെ നമ്മുടെ വീട്ടിലോ പുറത്തോ തലകുനിപ്പിച്ചു നിർത്തരുത്.
ജയിച്ചവർ തോറ്റവരെ കളിയാക്കരുതെന്ന സന്ദേശത്തിന്റെ വ്യാപ്തി കേരളത്തിൽ ഒതുങ്ങില്ല. യുദ്ധത്തിൽ വിജയിച്ചെന്ന് അവകാശപ്പെടുന്നവർ തോൽക്കുന്നവരെ കളിയാക്കും വിധം ശത്രുതാപരമായ ഉടന്പടികളിൽ ഒപ്പിടുവിക്കുന്നത് അടുത്ത യുദ്ധത്തിനു കാരണമാകാറുണ്ട്. ഒന്നാം ലോകയുദ്ധത്തിന്റെ സമാധാന ഉടന്പടിയായ വെർസയ് ഉടന്പടിയിലും ഇതിന്റെ മാതൃകയുണ്ട്.
പരാജിതരായ ജർമനിയെ നിരായുധീകരിക്കുക, സഖ്യകക്ഷികൾക്കു നഷ്ടപരിഹാരം നൽകുക തുടങ്ങിയ നിബന്ധനകളിൽ പലതും ജർമൻകാരുടെ സാന്പത്തികത്തകർച്ച ഉറപ്പാക്കുന്നതും അപമാനിക്കുന്നതുമായിരുന്നു. ആ ഉടന്പടിയിലെ ജർമൻ വിരുദ്ധ നിബന്ധനകൾ രണ്ടാം ലോകയുദ്ധത്തിലേക്കു നയിക്കാൻ ഹിറ്റ്ലർ ഉപയോഗിക്കുകയും ചെയ്തു.
വിജയത്തിനൊടുവിൽ പരാജിതർക്കു കൈകൊടുത്തു പിരിയുന്ന കായികതാരങ്ങളെ നാം കാണാറുണ്ട്. മാതൃകാപരമാണത്. ശ്രദ്ധിക്കേണ്ട കാര്യം; വിജയിക്കുന്നവർ മാത്രമല്ല, വിജയികളുടെ അനുയായികളും തോൽക്കുന്നവരെ കളിയാക്കാറുണ്ട്. രാഷ്ട്രീയ-മത രംഗങ്ങളിൽ ഇത് അധികമായിട്ടുണ്ട്.
എതിരാളികളെ നേരിട്ടും സമൂഹമാധ്യമങ്ങളിലും വ്യക്തിഹത്യ ചെയ്യുന്നവർ, പരിഷ്കൃതസമൂഹം കൈവെടിയേണ്ടിയിരുന്ന ഒരു അപചയത്തെ, അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും രാഷ്ട്രീയ പ്രതികരണത്തിന്റെയും വേഷംകെട്ടിച്ച് ജനാധിപത്യത്തിന്റെ കസേരയിട്ട് ഇരുത്തിയിട്ടുണ്ട്. അതെത്ര ദുർബലമായ വിജയാഘോഷമാണെന്ന് അഹാൻ എന്ന കുട്ടി ചൂണ്ടിക്കാട്ടുന്നു.
അഹാന്റെ ഉത്തരക്കടലാസിലെ ആദ്യത്തെ അഞ്ചു നിയമങ്ങളുടെ ചുരുക്കം, ആരോഗ്യകരമായ മത്സരത്തെ ഉറപ്പിക്കുന്നതാണ്. മത്സരത്തിൽ നാം തനിച്ചല്ലാത്തതിനാൽ പൊതുവായ ചിട്ടകൾ പാലിക്കുക, അടുത്തുള്ളയാളുടെ സ്ഥാനത്തേക്ക് അതിക്രമിച്ചു കയറാതിരിക്കുക, നിലത്തു വീണാൽ വീണ്ടും എഴുന്നേറ്റു നടക്കുക, നിബന്ധനകൾ ലംഘിക്കുന്നവർ മത്സരത്തിൽനിന്നു മാറുക.
സത്യത്തിൽ, കളി ജയിക്കുന്നതോടെ നിയമങ്ങൾ തീരുന്നതാണു പതിവ്. പിന്നെ വിജയിയുടെ ലോകമാണ്. പക്ഷേ, അവിടെയാണ് അഹാന്റെ ആറാം നിയമം വ്യത്യസ്തമാകുന്നത്. പരാജിതരെ ധൈര്യപ്പെടുത്തുന്നവർ വീണിടത്തുനിന്ന് എഴുന്നേൽക്കാന് കൈ കൊടുക്കുകയാണ്. ആ കൈ വിജയിയുടേതായാൽ പരാജിതൻ പുതിയൊരു മനുഷ്യനാകും. പുതിയൊരു ലോകം പിറക്കട്ടെ.