ജിഎസ്ടി ലാഭത്തിൽ വളർച്ചയൊതുക്കരുത്
Tuesday, September 23, 2025 12:00 AM IST
ജിഎസ്ടി ഇളവ് സാന്പത്തിക വളർച്ചയുടെ ഊർജസ്വലമായൊരു കാൽവയ്പാണ്. പക്ഷേ, ‘ഒരു രാജ്യം ഒരു നികുതി’ എന്നത് ‘ഒരിന്ത്യ ഒരൊറ്റ ജനത’ എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള ഒരു ചുവടു മാത്രമാണെന്നുകൂടി തിരിച്ചറിയണം.
എൻഡിഎ ഭരണത്തിലെ ഏറ്റവും വലിയ സാന്പത്തികാശ്വാസം നടപ്പിലായി. ചങ്ങാത്ത മുതലാളിത്ത ആരോപണങ്ങളെ ഫലപ്രദമായി ചെറുക്കാനാകാതിരുന്ന കേന്ദ്രത്തിന് സാധാരണക്കാരെയും പരിഗണിച്ചെന്നു പറയാനാകുന്ന അവസരം ജിഎസ്ടി ഇളവിലൂടെ കൈവന്നിരിക്കുന്നു. ആദായനികുതിയിളവിന്റെ പരിധി വർധിപ്പിച്ചതിനു ശേഷമുള്ള മികച്ച ചുവടുവയ്പ് ജനങ്ങൾക്ക് ആശ്വാസമായി.
പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില കുറയ്ക്കുകയും ഈ സർക്കാർ പിൻവലിച്ച പാചകവാതക സബ്സിഡി പുനഃസ്ഥാപിക്കുകയും ചെയ്താൽ ജനങ്ങളെ സാന്പത്തികമായി ശക്തീകരിക്കുന്ന നടപടി ദ്രുതഗതിയിലാകും. ഇവയ്ക്കൊപ്പം വർഗീയതയും തീവ്രവാദവും അവയുടെ ഉപോത്പന്നങ്ങളായ ആൾക്കൂട്ട ഭരണങ്ങളും വിദ്വേഷപ്രചാരണങ്ങളും അക്രമങ്ങളുമൊക്കെ ഒഴിവാക്കാനായാൽ നമ്മുടെ കരുത്തിനെ വെല്ലുവിളിക്കാൻ ഒരു വിദേശ ശക്തിക്കും കഴിയില്ല.
പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത സാന്പത്തിക വളർച്ച, ഒരു രാജ്യം ഒരു നികുതി എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്, ആഗോള താരിഫ് യുദ്ധം, വരാനിരിക്കുന്ന പഞ്ചായത്ത്-നിയമസഭാ തെരഞ്ഞെടുപ്പുകൾ എന്നിവ ജിഎസ്ടി ഇളവുകൾക്കു കാരണമായിട്ടുണ്ട്; അതൊരു ന്യൂനതയല്ലെങ്കിലും. അഞ്ച്, 12,18, 28 ശതമാനം എന്നീ നികുതി നിരക്കുകൾ അഞ്ച്, 18 ശതമാനം എന്നീ സ്ലാബുകളിലേക്കു നിജപ്പെടുത്തിയതാണ് സംഭവം.
നിത്യോപയോഗ വസ്തുക്കൾ മുതൽ മരുന്ന്, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഓട്ടോമൊബൈൽ വസ്തുക്കൾ, നിർമാണ സാമഗ്രികൾ തുടങ്ങി 375ഓളം ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും നിലവിലുള്ള നികുതി പൂർണമായും ഇല്ലാതാക്കുകയോ യഥാക്രമം അഞ്ച്, 18 ശതമാനം എന്നീ സ്ലാബുകളിലേക്കു കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. ആരോഗ്യ ഇൻഷ്വറൻസിൽ 18 ശതമാനം നികുതി ഒഴിവാക്കണമെന്ന ദീർഘകാല ആവശ്യവും പുതിയ നികുതി പരിഷ്കരണത്തിലൂടെ പ്രാബല്യത്തിൽ വന്നു.
വ്യക്തിഗത ആരോഗ്യ ഇൻഷ്വറൻസ്, ലൈഫ് ഇൻഷ്വറൻസ് എന്നിവയ്ക്ക് ഇനി നികുതിയില്ല. പുകയിലപോലെ വിനാശകരമായവയ്ക്കു നികുതി വർധിപ്പിച്ചതും പ്രശംസാർഹമാണ്. അതേസമയം, ലോട്ടറി നികുതി 28ൽനിന്നു 40ലേക്കു വർധിപ്പിച്ചത് പാവങ്ങളായ ലോട്ടറിക്കച്ചവടക്കാരുടെ ജീവിതത്തെ ബാധിക്കില്ലെന്നു സർക്കാരുകൾ ഉറപ്പാക്കേണ്ടതുമുണ്ട്. വിലക്കുറവ് ആളുകളുടെ വാങ്ങൽശേഷി കൂട്ടുമെന്നും അതിലൂടെ നഷ്ടനികുതിയുടെ വലിയൊരു ഭാഗം ഖജനാവിൽ തിരിച്ചെത്തുമെന്നുമാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.
നോട്ട് നിരോധനം പോലെതന്നെ കൃത്യമായ പഠനം നടത്താതെയാണ് പുതിയ മാറ്റമെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വിമർശിച്ചിട്ടുണ്ട്. പക്ഷേ, ഓർമിക്കാൻപോലും ഭയപ്പെടുന്ന ആ ദുരന്തകാല അനുഭവമല്ല ജനങ്ങൾക്ക് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തിന് ഉണ്ടാകാനിടയുള്ള 10,000 കോടിയുടെ നികുതി നഷ്ടമാകാം ധനമന്ത്രി ഉദ്ദേശിച്ചത്. ഈ ആശങ്ക തള്ളിക്കളയാവുന്നതുമല്ല. സാമൂഹിക ക്ഷേമത്തിൽ ഏറ്റവുമധികം ചെലവ് നടത്തുന്ന സംസ്ഥാനമാണ് കേരളം.
വിവിധ ക്ഷേമ പദ്ധതികൾ, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, പെന്ഷന് എന്നിവയ്ക്ക് പണം വേണം. 2017ല്‍ ജിഎസ്ടി നടപ്പിലാക്കിയപ്പോൾ സംസ്ഥാനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് നഷ്ടപരിഹാരം ഉറപ്പാക്കിയിരുന്നു. 2022ല്‍ അത് അവസാനിച്ചു. ഇതു പുനഃപരിശോധിക്കണം. കേന്ദ്രത്തിനും വരുമാന നഷ്ടം ഉറപ്പായിരിക്കേ പരിഹാരം ആസൂത്രണം ചെയ്യുകയും സംസ്ഥാനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം. മുന്‍ ജിഎസ്ടി ഇളവുകള്‍ ഉപഭോക്താക്കള്‍ക്ക് വിലക്കുറവായി മാറിയില്ലെന്ന യാഥാർഥ്യവുമുണ്ട്.
ശ്രദ്ധിക്കപ്പെടുന്ന ചില വസ്തുക്കളുടെ വിലക്കുറവിന്റെ ആരവത്തിൽ ഈ ഉത്സവം മുങ്ങിപ്പോകരുത്. നികുതിയിളവിന്റെ ഗുണം ഉപഭോക്താക്കളിലെത്തിയില്ലെങ്കിൽ ഉപഭോഗം വർധിക്കാതിരിക്കുകയും അതിലൂടെ ലഭ്യമാകേണ്ട നികുതി ഖജനാവിലെത്താതിരിക്കുകയും ചെയ്യും. ലാഭം ആർക്കൊക്കെ കിട്ടുമെന്നതും പ്രധാനമാണ്. മൊത്തം ജിഎസ്ടി വരുമാനത്തിന്റെ ഏകദേശം 65 ശതമാനം 18 ശതമാനം സ്ലാബിന്റെ സംഭാവനയാണ്.
വാഹനങ്ങളും ഇലക്ട്രോണിക് ഉത്പന്നങ്ങൾക്കുമൊക്കെയുള്ള ഈ ഇളവ് മധ്യവർഗത്തിനു ഗുണകരമാണെങ്കിലും ഏറ്റവും താഴേത്തട്ടിലുള്ളവരെ അത്രയ്ക്കു കൈപിടിച്ചുയർത്തില്ല. എന്നാൽ, പെട്രോളിനും ഡീസലിനും പാചകവാതകത്തിനും അമിതമായി വർധിപ്പിച്ച നികുതി കുറച്ചാൽ എല്ലാ ജനവിഭാഗങ്ങൾക്കും ഗുണകരമാകും.
നികുതിഭാരത്തിൽനിന്ന് ജനങ്ങൾക്കു മോചനം നൽകിയെന്ന പ്രധാനമന്ത്രിയുടെ ഞായറാഴ്ച പ്രസംഗത്തിൽ ഒരു തിരുത്തലിന്റെ ഭാഷയുണ്ട്; ജനങ്ങളുടെ മുതുകിൽ ഭാരമുണ്ടായിരുന്നു എന്ന ക്രിയാത്മകമായൊരു കുറ്റസമ്മതം! രാജ്യപുരോഗതിയും സാന്പത്തിക വളർച്ചയും ബജറ്റിനെയും നികുതിയിളവുകളെയും മാത്രമല്ല, എല്ലാ വിഭാഗം ജനങ്ങളും അനുഭവിക്കുന്ന സമാധാനത്തിലും ഇന്ത്യൻ വിജയമന്ത്രമായ നനാത്വത്തിലെ ഏകത്വത്തിലും അടിസ്ഥാനപ്പെട്ടതാണ് എന്നത് ഇനിയെങ്കിലും തിരിച്ചറിയുകയും വേണം.
എല്ലാ വർഗിയ, തീവ്രവാദ, വിദ്വേഷ സ്രോതസുകളും കർശന ശിക്ഷകളുടെ താക്കോലിട്ട് അടച്ചുപൂട്ടേണ്ടതുണ്ട്. അതിനുമുന്‍പ്, ന്യൂനപക്ഷ-ദളിത്, ആദിവാസി വിരുദ്ധതയിലും മതപരിവർത്തന നിരോധന ബില്ലുകളിലും ബിജെപി സംസ്ഥാനങ്ങളിലെ ബുൾഡോസർ രാജിലും ആൾക്കൂട്ട അക്രമങ്ങളിലും വ്യാപിച്ചുകിടക്കുന്ന ധ്രൂവീകരണ രാഷ്ട്രീയത്തിന്റെ നികുതിയിളവുകൾ ബിജെപി സർക്കാർ പിൻവലിക്കുകയും വേണം. ‘ഒരു രാജ്യം ഒരു നികുതി’ എന്നത് ‘ഒരിന്ത്യ ഒരൊറ്റ ജനത’ എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള ഒരു ചുവടു മാത്രമാണ്.