ജെൻ സി: ജനാധിപത്യത്തിലെ പുതിയ നേപ്പാൾ പാഠം
Wednesday, September 10, 2025 12:00 AM IST
നേപ്പാളിൽ മാധ്യമങ്ങൾക്കു കൂച്ചുവിലങ്ങിട്ട് ജനാധിപത്യ ഹിംസയ്ക്കിറങ്ങിയ സർക്കാരിനെതിരേ ജെൻ സി അഥവാ ഓൺലൈൻ തലമുറ നടത്തിവരുന്ന പ്രക്ഷോഭം ഒരു മുന്നറിയിപ്പാണ്. ജനാധിപത്യത്തിലെ പുതിയ സിലബസാണ്.
എങ്ങനെയെങ്കിലും വോട്ട് ധ്രുവീകരണം നടത്തി അധികാരത്തിലേറുക, പിന്നെ അധികാരമുപയോഗിച്ച് തെരഞ്ഞെടുപ്പ് ഉൾപ്പെടെ സകല ജനാധിപത്യ സംവിധാനങ്ങളെയും അട്ടിമറിച്ച് അധികാരം നിലനിർത്തുക. കമ്യൂണിസ്റ്റ്-വലതുപക്ഷ വ്യത്യാസമില്ലാതെ ഏകാധിപതികളുടെ അടവുനയമാണിത്.
അടിസ്ഥാനപരമായി ജനാധിപത്യവിരുദ്ധരായതിനാൽ, മാധ്യമങ്ങളെ ഇവർ തലവേദനയായിട്ടാണ് കാണുന്നത്. അങ്ങനെ മാധ്യമങ്ങളെ ഒതുക്കാനിറങ്ങിയ കമ്യൂണിസ്റ്റ് പ്രധാനമന്ത്രിയെ നേപ്പാളിലെ യുവാക്കൾ ഒതുക്കി. ജനാധിപത്യത്തിനു ശുഭകരമായ വാർത്ത.
സമൂഹമാധ്യമങ്ങൾ, അഴിമതി, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളെ മുൻനിർത്തി സമീപകാലത്ത് ശ്രീലങ്കയിലും ബംഗ്ലാദേശിലും സർക്കാരുകൾക്കെതിരേ വലിയ പ്രക്ഷോഭങ്ങൾ നടന്നിരുന്നു. അവിടെയൊക്കെ ഭരണകൂടങ്ങൾ അട്ടിമറിക്കപ്പെടുകയും ചെയ്തു.
അതിന്റെ തുടർച്ചയായിത്തന്നെ നേപ്പാളിലെ സമരത്തെയും വിലയിരുത്താം. സമൂഹമാധ്യമ അടിമത്തത്തിൽനിന്നുണ്ടായ സമരം എന്ന പരിഹാസത്തെ മറികടന്ന് അഴിമതിക്കും സ്വേഛാധിപത്യത്തിനുമെതിരായ പുതിയ തലങ്ങളിലേക്ക് നേപ്പാളിലെ സമരം വ്യാപിക്കുകയാണ്.
ശത്രുസംഹാരത്തിന്റെ ഏറ്റവും മൂർച്ചയേറിയ ആയുധമായ രാജ്യസുരക്ഷയും ദേശസ്നേഹവുമാണ് നേപ്പാളിലും സർക്കാർ പുറത്തെടുത്തത്. ഇതിനായി കോടതിവിധിയെ ഉപയോഗിച്ചു. രാജ്യസുരക്ഷയ്ക്ക് ഹാനികരമാണെങ്കിൽ സമൂഹമാധ്യമങ്ങൾക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്ന് സുപ്രീംകോടതി കഴിഞ്ഞവർഷം വിധിച്ചിരുന്നു.
പിന്നാലെ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നേപ്പാളിൽ രജിസ്റ്റർ ചെയ്യണമെന്ന നിയമം സർക്കാർ കൊണ്ടുവന്നു. ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ നാലുവരെയായിരുന്നു സമയം. യുട്യൂബ്, ഫേസ്ബുക്ക്, വാട്സ് ആപ്പ്, ഇൻസ്റ്റഗ്രാം, എക്സ് തുടങ്ങി 26 പ്രധാന പ്ലാറ്റ്ഫോമുകൾ രജിസ്റ്റർ ചെയ്തില്ല. കാരണം, അതു വെറുമൊരു രജിസ്ട്രേഷനല്ല.
നേപ്പാളിൽ ഓഫീസ് തുറക്കണം, പരാതി പരിഹരിക്കാനും പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാനുമായി നേപ്പാൾ സ്വദേശിയും സർക്കാരിന്റെ പ്രതിനിധിയും ഉണ്ടാകണം തുടങ്ങിയ നിബന്ധനകൾ കൂച്ചുവിലങ്ങായിരുന്നു. സർക്കാരിനെ വിമർശിക്കുന്നതും അഴിമതി ചൂണ്ടിക്കാണിക്കുന്നതുമായ മധ്യമങ്ങളെ രാജ്യസുരക്ഷയിൽ കുടുക്കുകയായിരുന്നു ലക്ഷ്യം.
രജിസ്റ്റർ ചെയ്യാത്ത പ്ലാറ്റ്ഫോമുകൾ നിരോധിച്ചത് എരിയുന്ന അമർഷത്തെ പൊട്ടിത്തെറിയിലെത്തിച്ച തീപ്പൊരിയായി. യുവാക്കൾ പ്രക്ഷോഭവുമായി തെരുവിലിറങ്ങി. പ്ലാറ്റ്ഫോമുകൾ പ്രവർത്തനരഹിതമായത് വ്യക്തിസ്വാതന്ത്ര്യത്തെയും പഠനത്തെയും ബിസിനസിനെയുമൊക്കെ ബാധിച്ചുവെന്നാണ് ജെൻ സിയുടെ പരാതി.
അഴിമതിയും ദുർഭരണവും മൂടിവയ്ക്കാനാണ് സോഷ്യൽ മീഡിയ നിരോധനമെന്നും ജെൻ സി ആരോപിച്ചു. നേപ്പാളിൽ ഫേസ്ബുക്ക് ഉപയോഗിക്കുന്നവർ ഏകദേശം 1.35 കോടിയും ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവർ 36 ലക്ഷവുമാണ്. ഭരണസിരാകേന്ദ്രത്തിലേക്കും പ്രക്ഷോഭകർ എത്തിയതോടെ വെടിവയ്പിൽ 19 പേർ കൊല്ലപ്പെട്ടു. മാധ്യമപ്രവർത്തകർ ഉൾപ്പെടെ നൂറുകണക്കിനാളുകൾക്കു പരിക്കേറ്റു.
കാഠ്മണ്ഡുവിൽനിന്നു 400 കിലോമീറ്റർ അകലെ ദമാക്കിലുള്ള പ്രധാനമന്ത്രി ഒലിയുടെ വീട്ടിലേക്കും കല്ലേറുണ്ടായി. കാര്യങ്ങൾ കൈവിട്ടതോടെ സമൂഹമാധ്യമ വിലക്ക് പിൻവലിക്കുകയും ആഭ്യന്തരമന്ത്രി രാജിവയ്ക്കുകയും ചെയ്തു. എന്നാൽ, സമൂഹമാധ്യമങ്ങളെ വിലക്കിയ തീരുമാനത്തിൽ പശ്ചാത്താപം ഇല്ലെന്നാണ് വാർത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് പറഞ്ഞത്.
അതായത്, കൂടുതൽ ഒരുക്കങ്ങളോടെ മാധ്യമനിയന്ത്രണത്തിനു ശ്രമിക്കാനായിരുന്നു പദ്ധതിയെന്ന് വ്യക്തം. എന്നാൽ, പ്രക്ഷോഭം കടുത്തതോടെ ഇന്നലെ പ്രധാനമന്ത്രിയും പ്രസിഡന്റുമെല്ലാം രാജിവച്ചു. സർക്കാർ വീണു. കലാപം ആളിപ്പടരുകയും ചെയ്തു. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് (സിപിഎൻയുഎംഎൽ) നേതാവായ ഒലിക്ക് ഇന്ത്യയോടല്ല, കമ്യൂണിസ്റ്റ് ചൈനയോടാണ് കൂറ്.
നേപ്പാളിലെ ജനാധിപത്യ ചട്ടക്കൂട് ഇല്ലായിരുന്നെങ്കിൽ ജെൻ സിക്കും അടിച്ചമർത്തൽ നേരിടേണ്ടിവരുമായിരുന്നു. 1989ലെ വസന്തകാലത്ത് ടിയാനൻമെന്നിലെ വിദ്യാർഥിസമരത്തെ ബൂർഷ്വ ലിബറലിസം എന്നു മുദ്രയടിച്ച് വെടിവച്ചും ടാങ്കുകൾ കയറ്റിയും കമ്യൂണിസ്റ്റ് ഭരണകൂടം തകർത്ത കാര്യം ഓർക്കുക.
കമ്യൂണിസ്റ്റ് കണക്കിൽ മരണം 300ൽ താഴെയാണെങ്കിലും ‘ടിയാനൻമെൻ അമ്മമാർ’ പോലുള്ള സംഘടനകളുടെ കണക്കിൽ 8,000നും 10,000നും ഇടയ്ക്കാണ്. നേപ്പാളിൽ ജനാധിപത്യവും ഭരണഘടനയും ഒലിക്കു തടസമായി. സ്മാർട്ട്ഫോണുകൾ, ഇന്റർനെറ്റ്, ഡിജിറ്റൽ ഇടപാടുകൾ, സോഷ്യൽ മീഡിയ എന്നിവയ്ക്കു മുമ്പുള്ള കാലഘട്ടത്തെക്കുറിച്ച് അറിയില്ലാത്തതും അറിയാൻ അത്ര താത്പര്യമില്ലാത്തതുമായ തലമുറയാണ് ജെൻ സിയും ജെൻ ഇസെഡും എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
ജെൻ സി ഇതിലെ ഇളമുറക്കാരാണ്. വോട്ട് ചെയ്യാൻ പോലും അത്ര താത്പര്യമില്ലാത്ത ഇക്കൂട്ടർ നേപ്പാളിൽ നടത്തിയ പ്രക്ഷോഭത്തിന്റെ പ്രഥമലക്ഷ്യം ജനാധിപത്യ പ്രതിബദ്ധതയായി കാണാമോ എന്ന് സംശയിക്കുന്നവരുണ്ട്. അവർ ഉന്നമിട്ടത്, പ്രധാനമായി തങ്ങളുടെ ഡിജിറ്റൽ സ്വാതന്ത്ര്യത്തിനും ഓൺലൈൻ അധിഷ്ഠിത തൊഴിൽ-വ്യാപാര-വ്യക്തി താത്പര്യങ്ങൾ സംരക്ഷിക്കാനുമാണ്.
എങ്കിലും, തത്കാലത്തേക്കെങ്കിലും സംരക്ഷിക്കപ്പെട്ടത് ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നായ മാധ്യമസ്വാതന്ത്ര്യമാണ്. സമരത്തിന്റെ ഊന്നൽ അഴിമതി, സ്വജനപക്ഷപാതം, സ്വേഛാധിപത്യം എന്നിവയിലേക്കു മാറുന്നതായാണ് സൂചനകൾ. നേപ്പാൾ വിപ്ലവത്തിൽ പാഠങ്ങളുണ്ട്.
തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്നവർ ജനാധിപത്യത്തോട് പ്രതിബദ്ധതയുള്ളവരാകണമെന്നില്ല. ഏതുവിധേനയും അധികാരത്തിൽനിന്നിറങ്ങാതിരിക്കാൻ അവർ ശ്രമിക്കും. ജനാധിപത്യത്തിന്റെ കാവൽപുരകൾ തകർക്കാൻ ജനാധിപത്യ സംവിധാനങ്ങളെത്തന്നെ ദുരുപയോഗിക്കും. ജനവികാരം പ്രകടിപ്പിക്കുകയും പ്രതിരോധങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന മാധ്യമങ്ങളെ ലക്ഷ്യമിടും.
തോക്കു ചൂണ്ടുന്നത് മാധ്യമങ്ങൾക്കുനേരേ ആണെങ്കിലും ആവശ്യപ്പെടുന്നത് ജനാധിപത്യത്തിന്റെ തലയാണെന്നു നേപ്പാളും ചൂണ്ടിക്കാണിക്കുന്നു. നേപ്പാളിൽ ജെൻ സി, സമൂഹമാധ്യമനിരോധനത്തെ ചെറുത്തിരിക്കുന്നു. എന്നാൽ, ജനാധിപത്യ സംരക്ഷണത്തിൽ മുന്നിലുള്ളതും അതേസമയം, ജെൻ സിയെ നേരിട്ടു ബാധിക്കാത്തതുമായ പത്രങ്ങൾ ഉൾപ്പെടെയുള്ള മുഖ്യധാരാ മാധ്യമങ്ങളുടെ കാര്യത്തിൽ ഈ വിപ്ലവം ഉണ്ടാകുന്നതായി കാണുന്നില്ല.
അതുകൊണ്ട്, ഏകാധിപത്യ പ്രവണതയുള്ള സർക്കാരിനെ ചെറുക്കുന്നതിനൊപ്പം ജെൻ സി തലമുറയെ ജനാധിപത്യത്തോട് കൂടുതൽ ചേർത്തുനിർത്താനും പ്രതിപക്ഷം ഉൾപ്പെടെയുള്ള ജനാധിപത്യ ചേരി സജ്ജരാകണം. ചുരുക്കത്തിൽ, നേപ്പാളിലെ ജെൻ സി വിപ്ലവം ജനാധിപത്യത്തിലെ പുതിയ സിലബസാണ്.