ഹൈവേ കൊള്ളയുടെ പാലിയേക്കര സങ്കേതം
Tuesday, September 2, 2025 12:00 AM IST
നിങ്ങളുടെ പേര് കേന്ദ്രമെന്നോ സംസ്ഥാനമെന്നോ ആയിക്കൊള്ളട്ടെ; പാലിയേക്കരയിൽ കുടുങ്ങിയ യാത്രക്കാർ അന്വേഷിച്ചിട്ടു കാണുന്നില്ല.
അവർ തോക്കും കത്തിയുമായി കുതിരപ്പുറത്തു പാഞ്ഞെത്തുന്നില്ല. പക്ഷേ, ഹൈവേ കൊള്ളക്കാരുടെ സങ്കേതത്തിലെന്നപോലെ പാലിയേക്കരയിൽ യാത്രക്കാരെ തടഞ്ഞുവച്ചിരിക്കുകയാണ്. സർക്കാർ രക്ഷിക്കാനെത്തുന്നില്ല. പക്ഷേ, കരാർ കന്പനിയായ ജിഐപിഎല്ലിനെ സഹായിക്കുന്നുമുണ്ട്. സർക്കാരിന്റെ ഭാഗമായ ദേശീയപാതാ അഥോറിറ്റി പിരിവിന്റെ കാലാവധി കന്പനിക്കു നീട്ടിക്കൊടുത്തു.
തകർന്ന റോഡുകളും അഴിയാത്ത ഗതാഗതക്കുരുക്കും അസഹ്യമായപ്പോൾ ഹൈക്കോടതി ടോൾ പിരിവ് താത്കാലികമായി നിർത്തിവച്ചെങ്കിലും അതൊഴിവാക്കാൻ അഥോറിറ്റി സുപ്രീംകോടതിയിലെത്തി. കോടതിയുടെ വിമർശനമേറ്റെങ്കിലും ഇപ്പോഴിതാ സെപ്റ്റംബർ ഒന്നുമുതൽ ടോൾ നിരക്ക് വർധിപ്പിക്കാൻ ഉത്തരവുമായി. ഇതേ ദേശീയപാതാ അഥോറിറ്റി കോടികളെറിഞ്ഞ് പ്രിയപ്പെട്ട കരാറുകാരെക്കൊണ്ട് പണിയിച്ച പാതകളാണ് അടുത്തയിടെ പാതാളത്തിലേക്കു പോയത്.
കരാറുകാരെയും ടോൾ പിരിവുകാരെയുമൊക്കെ നിയന്ത്രിക്കാനാവാത്ത എന്തു ബന്ധമാണ് ഇവരുമായി സർക്കാരിനുള്ളത്?2011 ഫെബ്രുവരി മുതൽ 2024 ഡിസംബർ 31 വരെ 1,506.28 കോടി രൂപ പാലിയേക്കരയിൽ പിരിച്ചെന്നാണ് ദേശീയപാതാ അഥോറിറ്റിയുടെ കണക്ക്. ഓഗസ്റ്റ് വരെയുള്ള കണക്കെടുത്താൽ അത് 1,700 കോടിയോളമാകും. നിർമാണച്ചെലവ് 723 കോടി. മറ്റു ചെലവുകൾ കൂട്ടിയാലും ഇരട്ടിയിലേറെ സന്പാദിച്ചു.
പക്ഷേ, റോഡുകൾ പലയിടത്തും താറുമാറായി. ഗതാഗതക്കുരുക്ക് ചിലപ്പോൾ 12 മണിക്കൂർ വരെയായി. പുതിയ അടിപ്പാതകളുടെ നിര്‍മാണം തുടങ്ങിയപ്പോള്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ബദല്‍ സംവിധാനം ഒരുക്കിയിരുന്നില്ല. ഇത് സര്‍വീസ് റോഡുകളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. തുടർന്ന് ദേശീയപാത 544ൽ ഇടപ്പള്ളി - മണ്ണുത്തി ഭാഗത്തെ ടോൾപിരിവ് നാലാഴ്ചത്തേക്കു നിര്‍ത്തിവയ്ക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവായി.
ഇതിനെതിരേ കന്പനി മാത്രമല്ല ദേശീയപാതാ അഥോറിറ്റിയും സുപ്രീംകോടതിയിലെത്തി. അടിപ്പാതകളുടെ നിര്‍മാണം നടത്തിയത് മറ്റൊരു കമ്പനിക്കാരായതിനാൽ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കു കാരണം തങ്ങളല്ല എന്ന ജിഐപിഎലിന്റെ വാദം വിലപ്പോയില്ല. മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കിടക്കാൻ യാത്രക്കാർ എന്തിനാണ് പണം കൊടുക്കുന്നതെന്നു ചോദിച്ച സുപ്രീംകോടതി, ഹൈക്കോടതിവിധി ശരിവച്ചു.
കേരളത്തിൽ ഇത്തവണ കാലവർഷം തുടങ്ങിയതോടെ ദേശീയപാതയുടെ പുത്തൻ നിർമിതികൾ പലയിടത്തും ഒലിച്ചുപോയത് കേരളം നടുക്കത്തോടെയാണു കണ്ടത്. കുന്നുകളോടു ചേർന്നും ചതുപ്പുനിലങ്ങളിലും റോഡ് പണിയുന്പോൾ മണ്ണിന്റെ ഉറപ്പിനെക്കുറിച്ചും മണ്ണിടിച്ചിൽ സാധ്യതകളെക്കുറിച്ചും നാട്ടുകാർക്കു തോന്നിയ സംശയങ്ങൾപോലും കരാറുകാർക്കും ദേശീയപാതാ അഥോറിറ്റി എൻജിനിയർമാർക്കും തോന്നിയിരുന്നില്ല.
ഏതാണ്ട് ഇതേയവസ്ഥയാണ് ടോൾ പ്ലാസയോട് അനുബന്ധിച്ചും ഉണ്ടായിരിക്കുന്നത്. ഹൈവേയിൽ അറ്റകുറ്റപ്പണിയില്ല, സർവീസ് റോഡുകൾക്കൊന്നും നിലവാരമില്ല, അവിടേക്കു പ്രവേശിക്കുന്നിടത്ത് വീതി കൂട്ടുകയോ ഉയരം ക്രമീകരിക്കുകയോ ചെയ്തില്ല, വാഹനങ്ങൾ വഴിതിരിച്ചുവിടാനുള്ള സമാന്തര റോഡുകൾ ഗതാഗതയോഗ്യമാക്കിയില്ല, വെള്ളം ഒഴുകിപ്പോകാൻ കാനകളില്ല... പരാതികളൊന്നും കന്പനി ഗൗനിച്ചില്ല.
കരാർ ലംഘനത്തിന്റെ പേരിൽ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്താൻ നോട്ടീസ് നൽകിയ ദേശീയപാതാ അഥോറിറ്റി 2,243.53 കോടി രൂപ പിഴയും ചുമത്തിയിരുന്നു. ഇതിനെതിരേ കന്പനി കോടതിയെ സമീപിച്ചിട്ടുമുണ്ട്. എന്നിട്ടും കോടതിയിൽ കന്പനിക്കുവേണ്ടി അഥോറിറ്റി നിലകൊണ്ടു. ആകെയൊരു പൊരുത്തക്കേടാണ്. സംസ്ഥാന സര്‍ക്കാരും ജനങ്ങളെ വഞ്ചിക്കുകയാണെന്നാണ് വിഷയം ഹൈക്കോടതിയിലെത്തിച്ച ഹർജിക്കാരനായ കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് പറഞ്ഞത്.
ടോൾപിരിവ് തടഞ്ഞ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരേ ദേശീയപാതാ അഥോറിറ്റിയും കരാർ കന്പനിയും സുപ്രീംകോടതിയിലെത്തിയപ്പോൾ എതിർകക്ഷികളിൽ ഉണ്ടായിരുന്ന സംസ്ഥാന സർക്കാർ ജനങ്ങളുടെ ദുരിതം ശ്രദ്ധയിൽ കൊണ്ടുവന്നില്ല. സര്‍ക്കാരിന്റെ സ്റ്റാൻഡിംഗ് കൗണ്‍സല്‍മാര്‍ വാദം നടന്ന രണ്ടുദിവസവും കോടതിയിൽ എത്തിയുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
തമിഴ്നാട് സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്താന്‍ നോട്ടീസ് നല്കിയ കമ്പനിയാണ് ദേശീയപാതയില്‍ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നതും മറക്കരുത്. കേന്ദ്രമായാലും സംസ്ഥാനമായാലും ഇത്തരം വിട്ടുവീഴ്ചകൾ വിശദീകരിച്ചില്ലെങ്കിൽ അഴിമതി മണക്കും. തടസമില്ലാത്തതും വേഗത്തിലുള്ളതും സുഖകരവുമായ സഞ്ചാരത്തിനാണ് ചോദിക്കുന്ന പണം യാത്രക്കാർ കൊടുക്കുന്നത്.
അത് ഉറപ്പാക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. വഴി നന്നാക്കാതെ പിരിവെടുക്കുന്നതു കൊള്ളയാണ്. എന്നിട്ടും അതിനുള്ള കാലാവധി നീട്ടിക്കൊടുക്കുന്നത് കള്ളനു കാവൽ നിൽക്കലാണ്. സർക്കാരുകൾ ഉത്തരവാദിത്വം നിർവഹിച്ചിരുന്നെങ്കിൽ വ്യക്തികൾക്കു കോടതിയെ സമീപിക്കേണ്ടിവരില്ലായിരുന്നു. നിങ്ങളുടെ പേര് കേന്ദ്രമെന്നോ സംസ്ഥാനമെന്നോ ആയിക്കൊള്ളട്ടെ; പാലിയേക്കരയിൽ കുടുങ്ങിയ യാത്രക്കാർ അന്വേഷിച്ചിട്ടു കാണുന്നില്ല.