പുതുസംരംഭകരിലേക്ക് ആത്മവിശ്വാസം പകരാം
Tuesday, August 19, 2025 12:00 AM IST
ഒരു ഭാഗത്ത് സർക്കാർ പ്രോത്സാഹനം നൽകുന്പോഴും മറുഭാഗത്ത് വ്യവസായ-തൊഴിൽ മേഖലയിലെ നിഷേധാത്മകമായ രാഷ്ട്രീയ ഇടപെടലാണ് എക്കാലവും കേരളത്തിന്റെ വ്യവസായ പുരോഗതിയെ പിറകോട്ടടിച്ചിട്ടുള്ളത്. രാഷ്ട്രീയ പാർട്ടികളുടെ മനോഭാവത്തിലും കാഴ്ചപ്പാടിലും മാറ്റംവന്നാലേ ഉദ്ദേശിക്കുന്ന ഗുണഫലം നേടാനാകൂ.
“സ്വയംപര്യാപ്തത എന്നത് കേവലം സാമ്പത്തിക സ്വാതന്ത്ര്യമല്ല, അത് വ്യക്തികളുടെ ആത്മവിശ്വാസവും ആത്മാഭിമാനവും വളർത്തുന്നതാണ്.” ഇതു പറഞ്ഞത് രാഷ്ട്രപിതാവായ ഗാന്ധിജിയാണ്. അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു ഗ്രാമസ്വരാജ്.
സ്വയംപര്യാപ്തമായ ഗ്രാമങ്ങളാകണം ഇന്ത്യയുടെ ആത്മാവെന്ന് അദ്ദേഹം കരുതി. സ്വാശ്രയ ഭാരതം എന്ന ആശയം വെറും സാമ്പത്തിക ലക്ഷ്യത്തിനപ്പുറം, രാജ്യത്തിന്റെ സ്വയംപര്യാപ്തത ഉറപ്പാക്കുന്ന ഒരു ജീവിതശൈലിയാണെന്ന ബോധ്യത്തോടെതന്നെയാണ് സ്വാതന്ത്ര്യാനന്തര ഭരണകൂടങ്ങൾ ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചത്.
അപ്പോഴും, അഴിക്കുന്തോറും മുറുകുന്ന ചുവപ്പുനാടയുടെ കുരുക്കുകളും ‘ലൈസൻസ് രാജി’ന്റെ താങ്ങാനാകാത്ത സമ്മർദവും വ്യവസായ സംരംഭകരെ വലച്ചു.
തുടർന്നുള്ള വർഷങ്ങളിൽ വ്യവസായ സംരംഭം തുടങ്ങുന്നതിനുള്ള കടുത്ത നൂലാമാലകളും മറ്റു കടന്പകളും ലഘൂകരിക്കാനുള്ള ശ്രമമുണ്ടായി. ഇത്തരം നടപടികളിൽ ഏറ്റവും ഒടുവിലത്തേതാണ് വീടുകളുടെ ആകെ വിസ്തീർണത്തിന്റെ പകുതിസ്ഥലത്ത് വ്യവസായസംരംഭങ്ങൾ തുടങ്ങാനാകുംവിധം ലൈസൻസ് വ്യവസ്ഥകൾ പരിഷ്കരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം.
ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നിട്ടുണ്ട്. മൂലധന നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ ലൈസൻസ്, അനുമതി, രജിസ്ട്രേഷൻ ഫീസുകളും വിജ്ഞാപനം ചെയ്തിട്ടുണ്ട്. പുതിയ സംരംഭങ്ങളിൽ പലതിനും ലൈസൻസ് കിട്ടില്ലെന്ന അവസ്ഥ നിലനിൽക്കുന്നുണ്ട്.
ഈ പരിഷ്കരണത്തോടെ അതിന് അറുതിവരും. കേരളത്തിന്റെ വ്യാവസായിക പുരോഗതിക്കും പുതിയ സംരംഭകരെ ഉയർത്തിക്കൊണ്ടുവരുന്നതിനും ഈ തീരുമാനം ഏറെ ഫലപ്രദമാകുമെന്നു പ്രതീക്ഷിക്കാം.
ചെറുകിട വ്യവസായങ്ങളുടെ വളർച്ചയിലാണ് സ്വാശ്രയ ഭാരതത്തിന്റെ ഭാവി എന്നതിൽ സംശയമില്ല. ഈ സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതിലൂടെ, തൊഴിലില്ലായ്മ കുറയ്ക്കാനും സാമ്പത്തിക അസമത്വം ഇല്ലാതാക്കാനും ഇന്ത്യയെ ലോകത്തിന്റെ ഉത്പാദന ശക്തികേന്ദ്രമാക്കി മാറ്റാനും സാധിക്കും. ഈ യാത്രയിലുള്ള കടന്പകളോരോന്നായി ഒഴിവാക്കേണ്ടത് ഭരണകൂടങ്ങളുടെ ഉത്തരവാദിത്വമാണ്.
ചെറുകിട വ്യവസായങ്ങൾക്കു സ്ഥലം കണ്ടെത്തുന്നതാണ് ഏറ്റവും വലിയ തടസമായി പറയാറുള്ളത്. സ്വന്തമായി സ്ഥലം വാങ്ങുകയോ വാടകയ്ക്ക് എടുക്കുകയോ ആണല്ലോ പരിഹാരം. എന്നാൽ സ്വന്തമായി സ്ഥലം കണ്ടെത്താനും വാങ്ങാനുമുള്ള ബുദ്ധിമുട്ട് കേരളത്തെപ്പോലുള്ള സംസ്ഥാനത്ത് ചെറുതല്ല.
പോരാത്തതിന് വലിയ മുടക്കുമുതലും വേണ്ടിവരും. വായ്പകളിലൂടെ സംരംഭകർ കടക്കെണിയുടെ ഭീഷണിയിലാകുകയും ചെയ്യും. അതോടെ വ്യവസായ സംരംഭത്തിന്റെ മുന്നോട്ടുള്ള ഗതി ഞാണിൻമേൽകളിയുമാകും.
സ്ഥലം വാടകയ്ക്കെടുക്കാൻ ശ്രമിക്കുന്പോഴും തടസങ്ങളേറെയുണ്ട്. വ്യവസായങ്ങൾക്കു സ്ഥലം വിട്ടുകൊടുക്കാൻ ഉടമകളിൽ പലരും മടിക്കും. കൂടാതെ ദീർഘകാല കരാറിനു താത്പര്യവുമുണ്ടാകില്ല. കരാർ വ്യവസ്ഥകൾ സംബന്ധിച്ചുള്ള തർക്കങ്ങൾ ഒഴിയാബാധയാകാനും ഇടയുണ്ട്. സംരംഭകന്റെ സ്വസ്ഥതയും ആത്മവിശ്വാസവും നഷ്ടപ്പെടുന്നത് സംരംഭത്തിന്റെ വിജയത്തെയും പ്രതികൂലമായി ബാധിക്കും.
ഇതിനു പുറമെയാണ് നിയമപരമായ മറ്റു ചുറ്റിക്കെട്ടുകൾ. ഇതിനൊരു പരിഹാരമാകും പുതിയ വ്യവസ്ഥകൾ. നന്പർ കിട്ടിയ കെട്ടിടങ്ങളിൽ വിനിയോഗ വ്യവസ്ഥകൾ പരിഗണിക്കാതെ മലിനീകരണ നിയന്ത്രണബോർഡിന്റെ വൈറ്റ്, ഗ്രീൻ വിഭാഗത്തിലെ കാറ്റഗറി രണ്ട് സംരംഭങ്ങൾക്ക് ലൈസൻസ് നല്കുമെന്നാണു സർക്കാർ വിജ്ഞാപനത്തിലുള്ളത്.
കാറ്റഗറി രണ്ടിൽ വ്യാപാര, വാണിജ്യ സംരംഭങ്ങളാണുള്ളത്. എന്നാൽ, അപ്പാർട്ട്മെന്റുകൾ, ഫ്ളാറ്റുകൾ, ലോഡ്ജുകൾ, സെമിനാരികൾ, അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, ഡോർമിറ്ററികൾ, ടൂറിസ്റ്റ്ഹോമുകൾ, സർവീസ് വില്ലകൾ, ഹോസ്റ്റലുകൾ, കോൺഫറൻസ് ഹാളുകൾ എന്നിവയിൽ ലൈസൻസ് ലഭിക്കില്ല. സംരംഭങ്ങൾക്ക് ആയിരം രൂപ മുതൽ 30,000 രൂപവരെയാണ് അനുമതിഫീസ്.
രജിസ്ട്രേഷൻ ഫീസ് 100 മുതൽ 15,000 രൂപ വരെയും. കെട്ടിടത്തിന്റെ അന്പതു ശതമാനത്തിൽ കൂടുതൽ സ്ഥലം സംരംഭത്തിന് ഉപയോഗിക്കാനാകില്ല.
സംരംഭകർ എന്ന നിലയിൽ സ്ത്രീകളുടെ സജീവപങ്കാളിത്തം കേരളത്തിലുണ്ടെന്നാണ് 2024ലെ സാന്പത്തികാവലോകനത്തിൽ പറയുന്നത്. 2022-23ലെ സംരംഭകവർഷം എന്ന പ്രത്യേക പ്രചാരണപരിപാടിയിൽ തുടങ്ങിയ യൂണിറ്റുകളിൽ മൂന്നിലൊന്നും സ്ത്രീകളുടേതാണ്. 37 യൂണിറ്റുകൾ ട്രാൻസ്ജെൻഡർമാരുടെയും.
ഇത് ഏറെ പ്രതീക്ഷയ്ക്കു വകനല്കുന്നതാണ്. ചില സംസ്ഥാന ലൈസൻസുകൾ നേടുന്നതിന് ഇപ്പോൾത്തന്നെ ഇളവുകളുണ്ട്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ലൈസൻസുകൾ നേടുന്നതിൽനിന്ന് മൂന്നര വർഷം ഒഴിവാക്കുന്നതാണ് ഈ നിയമം. സംരംഭകർ മൂന്നര വർഷത്തിനുള്ളിൽ ആവശ്യമായ ലൈസൻസുകൾ നേടിയാൽ മതി. അംഗീകാര സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിന് ഓൺലൈൻ പോർട്ടലായ കെ-സ്വിഫ്റ്റ് ഉപയോഗിക്കാനുമാകും.
ഇങ്ങനെ ഒരു ഭാഗത്ത് സർക്കാർ പ്രോത്സാഹനം നൽകുന്പോഴും മറുഭാഗത്ത് വ്യവസായ-തൊഴിൽ മേഖലയിലെ നിഷേധാത്മകമായ രാഷ്ട്രീയ ഇടപെടലാണ് എക്കാലവും കേരളത്തിന്റെ വ്യവസായ പുരോഗതിയെ പിറകോട്ടടിച്ചിട്ടുള്ളത്.
രാഷ്ട്രീയ പാർട്ടികളുടെ മനോഭാവത്തിലും കാഴ്ചപ്പാടിലും മാറ്റംവന്നാലേ ഉദ്ദേശിക്കുന്ന ഗുണഫലം നേടാനാകൂ. പുതിയ സംരംഭകർക്ക് ആത്മവിശ്വാസം നല്കാനായി നിരന്തര ബോധവത്കരണവും ആവശ്യമാണ്. സ്കൂൾ, കോളജ് പാഠ്യപദ്ധതിയിൽ സ്വാശ്രയത്വം എന്നതിന് ഊന്നൽ നൽകുന്നതു വഴിയേ രാഷ്ട്രപിതാവിന്റെ സ്വപ്നം ഭൂമിയിൽ തെളിഞ്ഞുകത്തൂ.