കാലിത്തൊഴുത്തിലെ ഇരുകാലി ഗദ്ഗദം
Saturday, September 13, 2025 12:00 AM IST
അകിടുവീക്കം വന്ന കാലികളെപ്പോലെയായി സർക്കാരിന്റെ ക്ഷീരവികസന പദ്ധതികൾ.
കർഷകർക്കു കറന്നെടുക്കാൻ കാര്യമായി ഒന്നുമില്ല.
“കഞ്ഞി കുടിക്കാൻ വേറെ വക കിട്ടിയാൽ ഇനിയുള്ള നാലു പശുക്കളെക്കൂടി വിറ്റു ഞാൻ വേറെ പണി നോക്കും.” ഇടുക്കി നാരകക്കാനത്തെ ബോബി ജോസിന്റെ ഈ വാക്കുകളോടെയാണ് കേരളത്തിലെ ക്ഷീരകർഷകരുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചുള്ള ‘ക്ഷീണിക്കുന്ന ക്ഷീരജീവിതം’ പരന്പര ദീപിക തുടങ്ങിയത്. ഇന്നലെ അത് അവസാനിച്ചു.
പക്ഷേ, സർക്കാർ മനസു വച്ചാലല്ലാതെ ആ കർഷകരുടെ യാതനകൾ അവസാനിക്കില്ല. ഒന്നോർത്താൽ, ചെലവിനും അധ്വാനത്തിനുമനുസരിച്ച് പ്രതിഫലം കിട്ടാത്ത ആ മനുഷ്യരുടെ കണ്ണീരല്ലേ ഓരോ പ്രഭാതത്തിലും അധികാരികളും അധികൃതരുമുൾപ്പെടെ നാമെല്ലാം ഊതിയൂതി കുടിക്കുന്നത്?
മൂന്നു വർഷത്തെ പരിപാലത്തിനു മാത്രം 80,000 രൂപ ചെലവായ പശുവിനെ, രോഗം ബാധിച്ചു പാൽ കുറഞ്ഞതോടെ 23,000 രൂപയ്ക്കു വിൽക്കേണ്ടി വന്ന ബോബിയുടെ വാക്കുകളാണ് മുകളിൽ പറഞ്ഞത്. കഞ്ഞികുടിച്ചുപോകാവുന്ന ചെറിയവരുമാനവും കാലികളോടുള്ള ഇഷ്ടവുമാണ് ഈ രംഗത്ത് ബോബിയെപ്പോലെ ആയിരങ്ങളെ പിടിച്ചുനിർത്തുന്നത്.
പക്ഷേ, അതിനൊക്കെ ഒരു പരിധിയില്ലേ? കാലികൾക്കു രോഗം ബാധിച്ചാൽ വർഷങ്ങളുടെ അധ്വാനം ഉരുൾപൊട്ടലിലെന്നപോലെ കൺമുന്നിലൂടെ ഒലിച്ചുപോകും. രോഗമൊന്നും ഇല്ലെങ്കിലും കാര്യങ്ങൾ അത്ര പന്തിയല്ല. കടകളിൽ വിവിധ ബ്രാൻഡുകളിലുള്ള പാലിന് 56 മുതൽ 67ഉം അതിനു മുകളിലും വിലയുണ്ട്.
പക്ഷേ, പ്രാഥമിക സഹകരണസംഘങ്ങളിൽ പാൽ വിൽക്കുന്ന കർഷകനു കിട്ടുന്നത് 38-40 രൂപയാണ്. തങ്ങൾക്ക് 60-65 രൂപ വരെ ചെലവുണ്ടെന്നാണു ചെറുകിട കർഷകർ പറയുന്നത്. കേരള ക്ഷീരവിപണന ഫെഡറേഷന്റെ 2019ലെ കണക്കുവച്ചുപോലും ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കാൻ 48.68 രൂപ ചെലവുണ്ട്. നഷ്ടം 15.01 രൂപ. ഇതു കണക്കാക്കിയതിനുശേഷമുള്ള ആറു വർഷത്തിനിടെ പുല്ലിനും കാലിത്തീറ്റയ്ക്കുമൊക്കെ വില വർധിച്ചു.
കാലിത്തീറ്റയ്ക്കു മാത്രം 10 രൂപയോളം വർധിച്ചു. പുല്ല്, വൈക്കോൽ, കൃത്രിമബീജസങ്കലനം, മരുന്ന്, ഡോക്ടർക്കുള്ള ഫീസ്... എല്ലാത്തിനും ചെലവേറി. അതിരാവിലെ നാട്ടിൻപുറത്തെ പാൽ സംഭരണ കേന്ദ്രങ്ങളിൽ പാലുമായെത്തുന്ന കർഷകരെ നോക്കൂ. കാലിവളർത്തൽ അത്രയ്ക്കങ്ങ് ഇഷ്ടപ്പെടുന്നവരെ ഒഴിവാക്കിയാൽ ജീവിക്കാൻ മറ്റു വരുമാനമുള്ള ഒരാളും അക്കൂട്ടത്തിലുണ്ടാകില്ല.
അത്രയധികം കാലികളില്ലെങ്കിൽ ക്ഷീര കർഷകർ ജോലിക്കാരെ വയ്ക്കുന്നതിനെക്കുറിച്ചു ചിന്തിക്കുക പോലുമില്ല. പുലർച്ചെ മൂന്നരയോടെ എഴുന്നേൽക്കുന്നവർക്കു പാതിരാവോളം തൊഴുത്തിൽനിന്നും പറന്പിൽനിന്നും കയറാൻ സമയമുണ്ടാകില്ല. ചാണകവും മൂത്രവുമൊക്കെ വളമായെടുക്കുകയോ വിൽക്കുകയോ ചെയ്യുന്നതിന്റെ വരുമാനമാണ് ലാഭമില്ലെങ്കിലും ഇതിൽതന്നെ തുടരാൻ പലരെയും പ്രേരിപ്പിക്കുന്നത്.
ഈ രംഗത്തേക്ക് ആവേശപൂർവമെത്തിയ യുവാക്കളുടെ പ്രതിനിധിയാണ് പത്തനംതിട്ട, കുറ്റൂരിലുള്ള അഭിജിത് എന്ന ബിരുദധാരി. 22 പശുക്കളെ വരെ വളർത്തി രാപകൾ അധ്വാനിച്ച അയാൾ ഈ തൊഴിലിൽതന്നെ തുടരാൻ ഏഴു വർഷം ശ്രമിച്ചു. ഒടുവിൽ, ഒരു രീതിയിലും മുന്നോട്ടുപോകാനാകാതെ തൊഴുത്ത് പൂട്ടിയപ്പോഴേക്കും ബാധ്യത ഒന്പതു ലക്ഷം! അതു തീർക്കാൻ വേറെ പണിക്കു പോകേണ്ടിവന്നു.
മൃഗസംരക്ഷണ വകുപ്പിന്റെ ഇക്കൊല്ലം പൂർത്തിയാക്കിയ ലൈവ് സ്റ്റോക്ക് കണക്കനുസരിച്ച് 2019നെ അപേക്ഷിച്ച് കാലികളുടെ എണ്ണം 32.15 ശതമാനം കുറഞ്ഞു. കാർഷികമേഖലയായ ഇടുക്കിയിൽ ഈ കുറവ് 42.05 ശതമാനമാണ്. അതിനർഥം ഈ പണി ഉപേക്ഷിക്കുന്ന കർഷകരുടെ എണ്ണവും വർധിച്ചു എന്നാണ്.
വിവിധ പദ്ധതികളും സബ്സിഡികളുമൊക്കെ നൽകുന്നുണ്ടെന്നാണ് സർക്കാർ പറയുന്നത്. പക്ഷേ, അതൊന്നും ഫലം കണ്ടിട്ടില്ലെന്നു സർക്കാരിനു മനസിലായിട്ടില്ല. കർഷകരിൽ വലിയൊരു പങ്ക് പറയുന്നത്, സബ്സിഡിയല്ല, പാലിന്റെ ഉത്പാദനച്ചെലവിന് ആനുപാതികമായുള്ള വില കിട്ടിയാൽ മതിയെന്നാണ്. ക്ഷീരവികസനവകുപ്പും മൃഗസംരക്ഷണവകുപ്പും ഇടവും വലവുംനിന്നിട്ടും കർഷകർക്ക് അധോഗതിയാണ്.
അകിടുവീക്കം വന്ന കാലികളെപ്പോലെയാണ് സർക്കാരിന്റെ ക്ഷീരവികസന പദ്ധതികൾ. കർഷകർക്കു കറന്നെടുക്കാൻ കാര്യമായി ഒന്നുമില്ല. നഷ്ടത്തിലായ മറ്റെല്ലാ കൃഷിക്കുമൊപ്പം തൊഴുത്തിൽ തളയ്ക്കപ്പെട്ട കുറച്ച് ഇരുകാലികൾകൂടിയേ ബാക്കിയുള്ളൂ. അവരുടെ നന്മ കേരളം കണികണ്ടുണരുന്പോൾ, സർക്കാരിന്റെ ഇടപെടലുണ്ടാകുമെന്നു സ്വപ്നം കണ്ട് ഉറങ്ങാതിരിക്കുകയാണ് ആ ക്ഷീരകർഷകർ. എല്ലാം ശരിയാകുമായിരിക്കാം.