മഹാബലിയെ വന്നപോലെ മടങ്ങാൻ അനുവദിക്കണം
Friday, September 5, 2025 12:00 AM IST
ഉണരുക! നാടുകാണാൻ ചക്രവർത്തി എത്തിയിരിക്കുന്നു. ആഘോഷങ്ങൾക്കൊടുവിൽ വന്യജീവികളോ തെരുവുനായകളോ മയക്കുമരുന്നടിമകളോ വർഗീയ ആൾക്കൂട്ടങ്ങളോ പോലീസോ ആക്രമിക്കാതെ പാതാളത്തിലേക്കു മടങ്ങാൻ അനുവദിക്കാം.
എല്ലാ വിഷമങ്ങളും മറന്ന് ആ മാവേലിപ്പാട്ട് പാടാനിരിക്കേയാണ് കേരളത്തിൽ ഇടിനാദം മുഴങ്ങിയത്. കുറ്റവാളിയല്ലാത്ത ഒരാളെ പോലീസുകാർ കുനിച്ചുനിർത്തി ഇടിക്കുന്ന ശബ്ദം! വെറുപ്പിന്റെ പ്രസംഗകരെ സുഖിപ്പിക്കുന്ന തെരഞ്ഞെടുപ്പ് രാഷ്ട്രീയവും കൊഴുത്തു.
പീഡനങ്ങളും വ്യാജപീഡനക്കേസുകളും വെളിച്ചം കെടുത്തുന്നു. എങ്കിലും നമുക്കിന്ന് ഓണമാഘോഷിച്ചേ പറ്റൂ. വിശപ്പില്ലാത്ത, സമാധാനവും സമത്വവുമുള്ള നാടു പണിയൂ എന്നു വീണ്ടും പറയാൻ ദൈവത്തിന്റെ സ്വന്തം നാടെന്ന കെട്ടുകാഴ്ചയിലേക്ക് മഹാബലി പാതാളത്തിൽനിന്നെത്തിയിരിക്കുന്നു.
ജാതി-മത ഭേദമില്ലാതെ നാനാത്വത്തിന്റെ മണ്ണിൽ ഒന്നിച്ചൊരു പൂക്കളമിടാം. ചക്രവർത്തിയായിരുന്നെങ്കിലും അകന്പടിയില്ലാതെത്തിയ മഹാബലിയെ വന്യജീവികളോ തെരുവുനായകളോ മയക്കുമരുന്നടിമകളോ വർഗീയ ആൾക്കൂട്ടങ്ങളോ പോലീസോ ആക്രമിക്കാതെ തിരിച്ചുപോകാൻ അനുവദിക്കാം. എല്ലാവർക്കും ഓണാശംസകൾ!
ഓണത്തിന്റെ സന്ദേശം രാഷ്ട്രീയമാണ്. എല്ലാ വർഷവും അതൊരു ക്ഷേമരാഷ്ട്രത്തെക്കുറിച്ച് ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു. പരാജയപ്പെട്ട ഭരണാധികാരികളെ അതു തുറന്നുകാണിക്കുന്നു. ജനാധിപത്യത്തിന്റെ കൊടിയേന്തിയവരെ മഹാബലിയെന്ന ചക്രവർത്തി ജനക്ഷേമം പഠിപ്പിക്കുന്നു.
അധികാരികൾക്ക് മാവേലി ശല്യമാണ്. അദ്ദേഹത്തിന്റെ ഭരണകാലത്തെക്കുറിച്ചുള്ള ആ പാട്ടും അവരുടെ സമാധാനം കെടുത്തും. ഓരോ ദിവസവും കഴിയുന്തോറും അസാധ്യമായിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രസങ്കൽപം ആ പാട്ടിലുണ്ട്.
സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച ‘സഹോദര സംഘ’ത്തിന്റെ മുഖപത്രമായ ‘സഹോദര’നിൽ 1921 ജനുവരി-ഫെബ്രുവരി പതിപ്പിൽ ‘മാവേലി നാടു വാണീടും കാലം’ എന്ന ഓണപ്പാട്ട് പ്രസിദ്ധീകരിച്ചിരുന്നു. അയ്യപ്പന്റെ പേരിലായിരുന്നു അത്. എന്നാൽ, അജ്ഞാത കവി എഴുതിയതാകാമെന്നും പരിഷ്കരിക്കപ്പെട്ടതാണെന്നുമുള്ള വാദമുണ്ട്.
പാട്ടിലുള്ളതു സങ്കൽപമായിരിക്കാം. പക്ഷേ, നാം കെട്ടിപ്പടുക്കേണ്ടതായ മാതൃകാ രാഷ്ട്രത്തിന്റെ കരടുരൂപം അതിലുണ്ട്. ‘ഇന്ത്യയിലെ ജനങ്ങളായ നാം’ എന്നു തുടങ്ങുന്ന ഭരണഘടനയുടെ അടിസ്ഥാനമായ തുല്യതാ സങ്കൽപം അതിലുണ്ട്. അതും ഇന്ത്യൻ ഭരണഘടന നിലവിൽവരുന്നതിനു മുന്പ് എഴുതപ്പെട്ട ഒരു പാട്ടിൽ. ഓണം ഒരു ഐതിഹ്യമല്ല, നവലോകത്തിന്റെ പ്രകടനപത്രികയാണ്. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു:
“മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാർക്കുമൊട്ടില്ലതാനും
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള് മറ്റൊന്നുമില്ല
ആധികള് വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾപ്പാനില്ല
ദുഷ്ടരെ കൺകൊണ്ടു കാണ്മാനില്ല
നല്ലവരല്ലാതെയില്ല പാരിൽ...
തുടർന്നുള്ള വരികളിൽ സ്ത്രീ സ്വാതന്ത്ര്യം, തുല്യത, ജാതിവിരുദ്ധത തുടങ്ങിയവയെല്ലാമുണ്ട്. ഇത്തരമൊരു ഓണസങ്കൽപവുമായി ചേർന്നുപോകാൻ സമകാലിക ഭരണകൂടങ്ങൾക്കു കഴിയുന്നില്ല. പൗരന്മാർക്കും കഴിയുന്നില്ല.
വർഗീയത, തീവ്രവാദം, അഴിമതി, നാട്ടിലിറങ്ങിയ വന്യജീവികൾ, പേ പിടിച്ച തെരുവുനായകൾ, ഗുണ്ടായിസം, പോലീസ് അതിക്രമം, ഭരണകൂട-മുതലാളിത്ത കൂട്ടുകെട്ട്, മയക്കുമരുന്ന്, മദ്യം, ദളിത്-ആദിവാസി-സ്ത്രീവിരുദ്ധതകൾ... എല്ലാം ഭയപ്പെടുത്തുന്നു.
മൂന്നാറിൽ കോപ്പിയടി പിടിച്ച അധ്യാപകനെ വിദ്യാർഥിനികൾ പീഡനക്കേസിൽ കുടുക്കിയിരിക്കുന്നു. കുന്നംകുളത്ത് പോലീസ് നടപടി ചോദ്യം ചെയ്ത യുവാവിനെ സ്റ്റേഷനിൽ വളഞ്ഞിട്ടു മർദിച്ചു. ദൃശ്യങ്ങൾ ഉന്നത ഉദ്യോഗസ്ഥരൊക്കെ കണ്ടിരുന്നു. എന്നിട്ടും കുറ്റവാളികളികൾ ‘നിയമപാലനം’ തുടരുകയാണ്.
ഈ ഭീരുക്കൾ, ഭരിക്കുന്ന പാർട്ടിയുടെ പ്രാദേശിക നേതാവിന്റെ മുന്നിൽപോലും മുട്ടിടിച്ചുനിൽക്കും. മയക്കുമരുന്നു മാഫിയയെ തൊടില്ല, ഗുണ്ടകളെ കണ്ടില്ലെന്നു നടിക്കും... 10 കൊല്ലമായിട്ടും നവകേരളമെന്നു വായിട്ടലയ്ക്കുന്നതല്ലാതെ സഞ്ചാരം പിന്നോട്ടുതന്നെയാണ്. മഹാബലിയെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ.
നാടു നന്നാക്കേണ്ടത് ഭരിക്കുന്നവരുടെയും രാഷ്ട്രീയക്കാരുടെയും മാത്രം ഉത്തരവാദിത്വമല്ല. അതുകൊണ്ടാണ് നല്ലവരല്ലാതെയില്ല പാരിൽ എന്ന വരികളും ഓണപ്പാട്ടിൽ ചേർത്തിരിക്കുന്നത്. മറക്കരുത്, നല്ലവരുടെ ചക്രവർത്തിയായിരുന്നു മഹാബലി. ഈ പകലൊടുങ്ങുന്പോൾ മഹാബലി മടങ്ങും. പാതാളം അടയ്ക്കും. പഴയ കേരളത്തിലേക്ക് നാം ഉറങ്ങിയെണീൽക്കും.
ഓണം കളറാക്കാൻ സർക്കാരെടുത്ത വായ്പയുടെ പലിശയും പുതിയ ബാധ്യതകളിലുണ്ടാകും. പാട്ടു പാടിക്കൊണ്ടേയിരിക്കാം. ഇനിയും മഹാബലി വരും. ഇത്രകാലം പാതാളത്തിൽനിന്നെത്തി പറഞ്ഞിട്ടും ഒരു മാവേലിനാടു സൃഷ്ടിക്കാതെ പണ്ടത്തെ പാട്ടുംപാടി നടക്കുകയാണോ എന്നറിയാൻ.