ജറൂസലെമിൽ ഭീകരാക്രമണം; ആറ് ഇസ്രേലികൾ കൊല്ലപ്പെട്ടു
Monday, September 8, 2025 10:36 PM IST
ടെൽ അവീവ്: ജറൂസലെം നഗരപ്രാന്തത്തിലെ ബസ് സ്റ്റോപ്പിൽ രണ്ടു പലസ്തീനികൾ നടത്തിയ വെടിവയ്പിൽ ആറ് ഇസ്രേലികൾ കൊല്ലപ്പെട്ടു. പരിക്കേറ്റ 12 പേരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്.
അധിനിവേശ കിഴക്കൻ ജറൂസലെമിലെ റമോത്ത് ജംഗ്ഷനിലായിരുന്നു സംഭവം. കാറിൽ വന്നിറങ്ങിയ രണ്ടു ഭീകരരർ, ബസ് സ്റ്റോപ്പിൽ കാത്തുനിന്നിരുന്നവരുടെ നേർക്കു വെടിയുതിർക്കുകയായിരുന്നുവെന്ന് ഇസ്രേലി പോലീസ് അറിയിച്ചു.
സമീപത്തുണ്ടായിരുന്ന ഒരു ഇസ്രേലി ഭടനും സവിലിയനും തിരിച്ചു നടത്തിയ വെടിവയ്പിൽ ഭീകരർ കൊല്ലപ്പെട്ടു. തോക്ക്, വെടിയുണ്ട, കത്തി മുതലായ ആയുധങ്ങൾ ഇവരിൽനിന്നു കണ്ടെടുത്തു.
ഗാസയിലെ ഹമാസ്, ഇസ്ലാമിക് ജിഹാദ് ഭീകര സംഘടനകൾ ആക്രമണത്തെ പ്രശംസിച്ചെങ്കിലും ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറായില്ല.
ആക്രമണത്തിനു പിന്നാലെ ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവിന്റെ നേതൃത്വത്തിൽ സുരക്ഷാ യോഗം ചേർന്നു. മേഖലയിൽ വൻതോതിൽ പോലീസിനെ വിന്യസിച്ചു. പോലീസിനെ സഹായിക്കാൻ പട്ടാളത്തെയും ഇറക്കി. വെസ്റ്റ് ബാങ്കിലെ റമള്ള അടക്കമുള്ള സ്ഥലങ്ങളിൽ ഇസ്രേലി സുരക്ഷാഭടന്മാർ പരിശോധന നടത്തി.
ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം ആക്രമണങ്ങൾ ഇസ്രയേലിൽ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ രണ്ടു പലസ്തീനികൾ തോക്കും കത്തിയും ഉപയോഗിച്ചു ടെൽ അവീവിൽ നടത്തിയ ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടിരുന്നു.