ഓപ്പറേഷൻ അഹിംസയുടെ വിജയദിനം
Friday, August 15, 2025 12:00 AM IST
79-ാം സ്വാതന്ത്ര്യദിനാചരണമാണ്. പ്രസംഗങ്ങളിൽനിന്നും അവകാശവാദങ്ങളിൽനിന്നും
മാറിനിന്നു ചെവിയോർത്താൽ ഒരു ചങ്ങലകിലുക്കം ബാക്കിയുണ്ട്.
ഒരു പതാക ഉയർത്തൽ, പ്രസംഗം, വന്ദേമാതരം, ദേശീയഗാനം... നാടൊട്ടുക്കും സ്വാതന്ത്ര്യദിനം സമുചിതം ആഘോഷിച്ചുതുടങ്ങിയിരിക്കുന്നു.
സമാനമായ മറ്റൊരു അഹിംസാ മുന്നേറ്റവും ചരിത്രത്തിലില്ല. വിദേശ ഭരണകൂടത്തെ കെട്ടുകെട്ടിച്ചവരുടെ പിൻമുറക്കാരാണു നമ്മൾ. നാമിത് ആഘോഷിക്കുകതന്നെ വേണം.
പക്ഷേ, നിങ്ങളിൽ സ്വതന്ത്രരായവർ, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും വേഷം ധരിക്കാനും ആരെയും ഭയക്കേണ്ടാത്തവർ, ആൾക്കൂട്ടങ്ങളെ ഭയക്കാതെ യാത്ര ചെയ്യാമെന്നുറപ്പുള്ളവർ, ദളിതരോ ആദിവാസികളോ ന്യൂനപക്ഷമോ ആയതുകൊണ്ടു മാത്രം ഒരു വിവേചനവും നേരിടില്ലെന്നുറപ്പുള്ളവർ, ഭരണഘടനാ സ്ഥാപനങ്ങളും ഭരണകൂട സംവിധാനങ്ങളും നിഷ്പക്ഷമാണെന്നു കരുതുന്നവർ, അന്തസോടെ ജീവിക്കാനുള്ളത്ര സാന്പത്തിക സ്വാതന്ത്ര്യമുള്ളവർ... കൈ പൊക്കേണ്ടിവന്നാൽ എല്ലാവരുടേതുമുണ്ടാകുമോ? 79-ാം സ്വാതന്ത്ര്യദിനാചരണമാണ്. പ്രസംഗങ്ങളിൽനിന്നും അവകാശവാദങ്ങളിൽനിന്നും മാറിനിന്നു ചെവിയോർത്താൽ ഒരു ചങ്ങലകിലുക്കം ബാക്കിയുണ്ട്.
ഒരു സ്വാതന്ത്ര്യവും സൗജന്യമല്ലെന്നു മറക്കരുത്; അതൊരു ദാനവുമല്ല. ഗാന്ധിജിയും നെഹ്റുവും ഉൾപ്പെടെയുള്ള മഹാനേതാക്കളെ മുന്നിൽ നിർത്തി ഒരു ജനത ബ്രിട്ടീഷുകാരിൽനിന്നു പിടിച്ചുവാങ്ങിയതാണ് അത്.
പക്ഷേ, അർധനഗ്നനായ സൈന്യാധിപനെ തൊടാൻ സാമ്രാജ്യത്വത്തിനു കൈ പൊങ്ങില്ലായിരുന്നെങ്കിലും ഹിന്ദുത്വ തീവ്രവാദി നഥുറാം ഗോഡ്സെ മുഖത്തു നോക്കി വെടിവച്ചു വീഴ്ത്തി. ഉപസൈന്യാധിപനെ ചരിത്രത്തിലിട്ടു വ്യക്തിഹത്യ ചെയ്യുന്നു. പതിറ്റാണ്ടുകൾക്കു മുന്പ് അന്നത്തെ സാഹചര്യത്തിലെടുത്ത തീരുമാനങ്ങളെ ഇന്നത്തെ സാഹചര്യത്തിലും രാഷ്ട്രീയത്തിലും വിലയിരുത്തി തെറ്റുകളുടെ പട്ടികയുണ്ടാക്കുന്നു.
ഗാന്ധിയെയും നെഹ്റുവിനെയും കൈവിട്ടാൽ പിന്നെ ഇന്ത്യയില്ല. രാജ്യത്തെ സ്വാതന്ത്ര്യസമരത്തിനൊരുക്കിയതിലും ആധുനിക ഇന്ത്യയെ കെട്ടിപ്പടുത്തതിലും അവർക്കുള്ള പങ്ക്, അവരുടെ ന്യൂനതകളെക്കുറിച്ച് ഗവേഷണങ്ങളിലേർപ്പെട്ടിരിക്കുന്നവർ എത്ര നിർബന്ധിച്ചാലും നാം തള്ളിക്കളയരുത്.
ഗാന്ധിജിയെയും നെഹ്റുവിനെയും നിന്ദിക്കുകയെന്നാൽ, അവർക്കു പിന്നിൽ അണിനിരന്നതിന്റെ പേരിൽ രക്തസാക്ഷികളാകേണ്ടിവന്നവരെയും ലക്ഷോപലക്ഷം സ്വാതന്ത്ര്യസമര സേനാനികളെയും നിന്ദിക്കുകയെന്നാണ്.
ഹിന്ദുത്വയുടെ വർഗീയാശയങ്ങളാണ് ഗോഡ്സെയെ തോക്കു കൊടുത്ത് യഥാർഥ ഹിന്ദുവായിരുന്ന ഗാന്ധിജിയെ വധിക്കാനിറക്കിയത്. അതേ ഹിന്ദുത്വയുടെ ജനാധിപത്യ-മതേതര വിരുദ്ധതയാണ് നെഹ്റുവിനെ പാഠപുസ്തകങ്ങളിൽനിന്നും സാധ്യമായ എല്ലാ ചരിത്രഗ്രന്ഥങ്ങളിൽനിന്നും ആട്ടിപ്പായിക്കാൻ പ്രേരിപ്പിക്കുന്നത്.
പക്ഷേ, മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ കോട്ടയിലെ തടവിൽ കിടന്ന് അദ്ദേഹമെഴുതിയ ‘ഇന്ത്യയെ കണ്ടെത്തൽ’ എന്ന ചരിത്രഗ്രന്ഥത്തിലേതുപോലെയുള്ള ഒരു അധ്യായമെങ്കിലുമെഴുതാൻ അവർക്കൊട്ടു ശേഷിയുമില്ല.
ഈ രാജ്യത്തിന്റെ മഹത്തായ നാഗരികത മാത്രമല്ല; മതവൈവിധ്യങ്ങൾ, നിഷ്ഠുരമായ ജാതിവിവേചനങ്ങൾ, സാന്പത്തിക പിന്നാക്കാവസ്ഥ... എല്ലാറ്റിനെയും ഉൾക്കൊണ്ട് ഗാന്ധിജി എല്ലാവരെയും ഒരൊറ്റ ലക്ഷ്യത്തിന്റെ നൂലിൽ കോർത്തു. പക്ഷേ, അതിശയകരമാണ്, ചിലർ വിട്ടുനിന്നു. സ്വതന്ത്ര മതേതര രാഷ്ട്രത്തേക്കാൾ അവരെ പ്രലോഭിപ്പിച്ചതു ഹിന്ദുരാഷ്ട്രമായിരുന്നു.
എന്നിട്ടും ഗാന്ധിജി, നെഹ്റു, സർദാർ വല്ലഭ്ഭായ് പട്ടേൽ, ബാലഗംഗാധര തിലകൻ, ലാലാ ലജ്പത് റായി, സുഭാഷ് ചന്ദ്രബോസ്, ഭഗത്സിംഗ് തുടങ്ങിയവർ ലക്ഷ്യമിട്ട സ്വാതന്ത്ര്യം യാഥാർഥ്യമായി. ഇന്ത്യയുടെ മഹത്തായ അഹിംസാപോരാട്ടത്തിൽ പങ്കെടുക്കാത്തവർക്കായി, സ്വാതന്ത്ര്യസമര ചരിത്രമെന്നു കേൾക്കുന്പോൾപോലും അസ്വസ്ഥതയുണ്ടാകുന്ന ആത്മനിന്ദയുടെ ഒരു ശിക്ഷാവിധി ചരിത്രം നീക്കിവയ്ക്കുകയും ചെയ്തു.
നാമെന്താണു പറഞ്ഞുവന്നത്? എല്ലാ പൗരന്മാർക്കും ലഭ്യമല്ലാത്ത സ്വാതന്ത്ര്യം രാജ്യത്തിന്റേതല്ലെന്നുതന്നെ. ആദ്യ ഉദാഹരണം 1975-ലേതാണ്. സ്വാതന്ത്ര്യം കിട്ടി 28 വർഷത്തിനകം അടിയന്തരാവസ്ഥക്കാലത്ത് ഈ രാജ്യത്തെ ജനതയ്ക്ക് അതു നിഷേധിക്കപ്പെട്ടു. എല്ലാ പൗരന്മാർക്കും അന്ന് ഒരേ ദുർവിധിയായിരുന്നു.
ഇന്നു പ്രഖ്യാപിത അടിയന്തരാവസ്ഥയില്ലെങ്കിലും രാജ്യത്തെ ന്യൂനപക്ഷങ്ങൾ അതനുഭവിക്കുന്നുണ്ട്. 1975-ൽ ഇല്ലാതിരുന്ന ഒരു ഘടകം അതിൽ ചേർക്കപ്പെട്ടിരിക്കുന്നു; കൂടുതൽ ആപത്കരമായ മതം. അതുകൊണ്ടാണ്, ഭരണഘടനയുടെ ആമുഖത്തിൽനിന്നു മതേതരത്വം മാറ്റണമെന്ന ആക്രോശമുയരുന്നത്.
അതുകൊണ്ടാണ്, പതിറ്റാണ്ടുകൾക്കു മുന്പും ഉണ്ടായിരുന്ന മതപരിവർത്തന നിരോധന നിയമവും ഗോവധ നിരോധന നിയമവുമൊക്കെ ഇന്ന് മൂർച്ചയുള്ള ഉപകരണങ്ങളായി മാറിയത്. വർഗീയവിചാരധാരകൾ, മറ്റുള്ളവരെ രണ്ടാംതരം പൗരന്മാരായി കാണാൻ ചിലരെ പ്രേരിപ്പിക്കുന്നു. അത്തരം നീച പെരുമാറ്റങ്ങളിൽ ഈ രാജ്യത്തെ ഭൂരിപക്ഷത്തിന് ഒരു പങ്കുമില്ലെന്നു മാത്രമല്ല, രക്ഷകരായി ഒടിയെത്തുന്നതും അവരാണ്.
പക്ഷേ, സ്വാതന്ത്ര്യസമരത്തിലൂടെ സംജാതമായ ദേശീയബോധത്തിലും സാഹോദര്യത്തിലും പങ്കില്ലാത്തവർ വിദ്വേഷത്തിന്റെ ആൾക്കൂട്ടങ്ങളായി ഇന്നും അലയുന്പോൾ പ്രസംഗത്തിലൂടെ മാത്രം നാമെങ്ങനെയാണ് സ്വാതന്ത്ര്യദിനമാചരിക്കുന്നത്?
അതിനുത്തരം പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ഭരണഘടനാ അസംബ്ലിയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലുണ്ട്: “നമ്മൾ ഒരു മഹത്തായ രാജ്യത്തിന്റെ പൗരന്മാരാണ്, ഏതു മതത്തിൽപ്പെട്ടവരായാലും, തുല്യ അവകാശങ്ങളും പദവികളും കടമകളുമുള്ള ഇന്ത്യയുടെ മക്കൾ.
വർഗീയതയെയോ ഇടുങ്ങിയ ചിന്താഗതിയെയോ നമുക്ക് പ്രോത്സാഹിപ്പിക്കാൻ കഴിയില്ല. കാരണം, ചിന്തയിലോ പ്രവൃത്തിയിലോ ഇടുങ്ങിയ പൗരന്മാരുള്ള ഒരു രാഷ്ട്രത്തിനും മഹത്തരമാകാൻ കഴിയില്ല.”
ഇന്നു ദേശീയപതാക കൈയിലേന്തുന്നവർ രാജ്യമൊട്ടാകെ നോക്കൂ. നമ്മുടെ സ്വാതന്ത്ര്യസമര സേനാനികൾ ഉപയോഗിച്ച ഒരൊറ്റ ആയുധപ്പുരകളുമില്ല. അവരെപ്പോലെ ആയുധമെടുക്കാതെ ആത്മബലമാർജിക്കാത്ത ദുർബലർ സ്വാതന്ത്ര്യസമരത്തിന്റെ പൈതൃകത്തിൽ കൈ വയ്ക്കരുത്. നമ്മുടെ സ്വാതന്ത്ര്യം എല്ലാവരുടേതുമാകട്ടെ.
കൊടിമരങ്ങൾക്കപ്പുറം ആത്മാവിലുമൊരു ദേശീയപതാക ഉയർത്താം. ഐക്യത്തിന്റെ, സാഹോദര്യത്തിന്റെ, ഓപ്പറേഷൻ അഹിംസയുടെ വിജയദിനമാണിന്ന്. എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ!