സ്ഥലമേതായാലും എയിംസ് വന്നാൽ മതി
Saturday, September 27, 2025 12:00 AM IST
രാഷ്ട്രീയക്കാരോടുള്ള അഭ്യർഥനയാണ്, സ്ഥലമേതായാലും എയിംസ് വന്നാൽ മതി. എവിടെ വരുമെന്നല്ല വരുമോയെന്നു മാത്രം പറയൂ.
കേരളത്തിൽ എയിംസിന് (ഓൾ ഇന്ത്യ മെഡിക്കൽ സയൻസസ്) തറക്കല്ലിടാതെ താൻ ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇറങ്ങുകയോ ചെയ്യില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കലുങ്ക് സംവാദത്തിൽ പറഞ്ഞത് അഭിനന്ദനാർഹമാണ്. അദ്ദേഹത്തിന് കേന്ദ്രസർക്കാരിൽനിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടായിരിക്കാം.
അല്ലെങ്കിൽ അതിവിടെ കൊണ്ടുവരുന്ന കാര്യത്തിൽ അത്ര നിശ്ചയദാർഢ്യം ഉണ്ടായിരിക്കാം. എന്തായാലും മലയാളിക്ക് അതിന്റെ രാഷ്ട്രീയം പ്രശ്നമല്ല. ചികിത്സയുടെയും ആരോഗ്യ ഗവേഷണത്തിന്റെയും ഈ മികച്ച സ്ഥാപനം വരുന്നത് കേരളത്തിന്റെ ഏറെനാളായുള്ള കാത്തിരിപ്പാണ്. അതുകൊണ്ട്, രാഷ്ട്രീയക്കാരോടുള്ള അഭ്യർഥനയാണ്, സ്ഥലമേതായാലും എയിംസ് വന്നാൽ മതി.
രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഏറ്റവും മികച്ച കേന്ദ്രമാണ് എയിംസ്. അഖിലേന്ത്യാ പ്രവേശനപരീക്ഷയിലൂടെ വിവിധ എയിംസുകളിലായി മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിനു വിദ്യാർഥികൾ പരിമിതമായ ഫീസിൽ മെഡിക്കൽ വിദ്യാഭ്യാസം നടത്തുന്നുണ്ട്. ഏറ്റവും മികച്ച ചികിത്സയും ലഭ്യമാണ്. രാജ്യത്തെ എറ്റവും മികച്ച ഗവേഷണങ്ങൾ എയിംസിൽനിന്നാണ് പുറത്തുവരുന്നത്.
അക്യൂട്ട് ലിംബോബ്ലാസ്റ്റിക് ലുക്കീമിയ ബാധിച്ച കുട്ടികളിൽ 30 ശതമാനമായിരുന്നു അതിജീവനത്തിന്റെ നിരക്കെങ്കിൽ നിലവിലത് 88 ശതമാനമായി ഉയർന്നെന്ന ആശ്വാസകരമായ റിപ്പോർട്ട് ദിവസങ്ങൾക്കുമുന്പ് പുറത്തുവിട്ടത് എയിംസാണ്. ഇത്തരമൊരു സ്ഥാപനം കേരളത്തിൽ എവിടെ സ്ഥാപിക്കണമെന്ന തർക്കം കേട്ട് പലരും ആശയക്കുഴപ്പത്തിലാണ്. കാരണം, എയിംസ് അനുവദിച്ചതുകൊണ്ടാകാം ഈ തർക്കമെന്നാണ് പലരും കരുതിയിരിക്കുന്നത്.
അങ്ങനെയൊരു സംഭവമേയില്ല. ഇതാണ് തെരഞ്ഞെടുപ്പു രാഷ്ട്രീയം. എയിംസ് കേരളത്തിന് അനുവദിക്കുമോ എന്നതിനെക്കുറിച്ച് ഔദ്യോഗികമായ ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല. പക്ഷേ, അതെവിടെ സ്ഥാപിക്കുമെന്നതിനെക്കുറിച്ചു തർക്കം ഉച്ചസ്ഥായിയിലാണ്. ഈ രാഷ്ട്രീയ തർക്കം എയിംസിന്റെ സാധ്യതകളെപ്പോലും ഇല്ലാതാക്കുമെങ്കിൽ അത് അവസാനിപ്പിക്കണം.
മെഡിക്കൽ വിദ്യാഭ്യാസത്തിനായി ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലും പഠിക്കാൻ വിദ്യാർഥികൾ ക്യൂ നിൽക്കുന്പോൾ സ്ഥലത്തെക്കുറിച്ചുള്ള തർക്കം എയിംസിലും ചികിത്സയില്ലാത്ത രാഷ്ട്രീയരോഗമാണ്. ഇത്തരം തർക്കങ്ങൾ പുതിയതല്ല; പക്ഷേ, ഈ രാഷ്ട്രീയം പുതിയതാണ്. ഇന്ത്യയിലെ ആദ്യത്തെ എയിംസ് 1956ൽ ഡൽഹിയിൽ സ്ഥാപിതമായി.
അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ആഗ്രഹം അതു കോൽക്കത്തയിൽ സ്ഥാപിക്കണമെന്നായിരുന്നു. പക്ഷേ, പശ്ചിമബംഗാൾ മുഖ്യമന്ത്രിയും ഡോക്ടറുമായിരുന്ന ബി.സി. റോയ് നിരസിച്ചതിനെത്തുടർന്ന് ന്യൂഡൽഹിയിൽ സ്ഥാപിക്കുകയായിരുന്നു എന്നാണ് ചില രേഖകൾ പറയുന്നത്. നെഹ്റുവിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ-പ്രാദേശിക പരിഗണനകൾക്കപ്പുറമായിരുന്നു രാജ്യം.
രാജ്യത്തിന്റെ വികസനത്തെ ശാസ്ത്രവുമായി ബന്ധപ്പെടുത്തണമെന്ന നിർബന്ധബുദ്ധിയുണ്ടായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ആ കാഴ്ചപ്പാടിന്റെ സ്മാരകമാണ് എയിംസ്. ഏകദേശം ഏഴു പതിറ്റാണ്ടിനുശേഷം ആലപ്പുഴയിലാണോ തൃശൂരാണോ തിരുവനന്തപുരത്താണോ കാസർഗോട്ടാണോ കോഴിക്കോട്ടാണോ വേണ്ടതെന്ന തർക്കത്തിലാണ് നമ്മൾ.
അതിലേറെയും, എയിംസ് തങ്ങളുടെ മണ്ഡലത്തിലെത്തിക്കാൻവേണ്ടി തങ്ങൾ ശ്രമിച്ചിരുന്നു എന്ന് വോട്ടർമാരെ ബോധ്യപ്പെടുത്താനുള്ള വെറും അഭ്യാസങ്ങളാണ്. രാജ്യത്ത് 22 എയിംസുകൾ അനുവദിച്ചെങ്കിലും കേരളത്തിൽ അനുമതിയായിട്ടില്ലെന്നുകൂടി ഓർമിക്കണം. രാജ്യത്തും വിദേശത്തും ഏറ്റവുമധികം ഡോക്ടർമാരെയും നഴ്സുമാരെയും സംഭാവന ചെയ്യുന്ന കേരളത്തിൽ ഇതു സ്ഥാപിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
പലപ്പോഴും ബജറ്റുകളിൽ അതു ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഏതോ രാഷ്ട്രീയം അതിനെയൊക്കെ കടപുഴക്കിക്കളഞ്ഞു. ഇപ്പോൾ ആ ചർച്ച വീണ്ടും സജീവമായിരിക്കുകയാണ്. കേരളത്തിന് എയിംസ് അനുവദിച്ചതായി കേന്ദ്രം ഇന്നു പറഞ്ഞാൽ നാളെ രാവിലെ സ്ഥലം നൽകാൻ സർക്കാർ സജ്ജമാണെന്നാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്.
ഒരുപക്ഷേ, എയിംസ് കിട്ടാനിടയില്ലെന്ന തോന്നലാകാം അദ്ദേഹത്തെക്കൊണ്ട് അതു പറയിച്ചത്. അതുകൊണ്ട്, സ്ഥലത്തെക്കുറിച്ച് തർക്കിക്കുന്ന ജനപ്രതിനിധികളും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ആദ്യം കേരളത്തിന് എയിംസ് നേടിയെടുക്കൂ. ചാൾസ് ഡിക്കൻസിന്റെ ഒരു കഥാപാത്രം പറയുന്നുണ്ട്: “വസ്തുതകൾ... വസ്തുതകൾ മാത്രമേ ജീവിതത്തിൽ ആവശ്യമായിട്ടുള്ളൂ.” എയിംസിന്റെ കാര്യത്തിൽ നാം അതുമാത്രം കാണുന്നില്ല.