രാത്രിയിൽ കുറ്റവാളികളെത്തി വെളുത്തപ്പോൾ വർഗീയതയും
Thursday, September 25, 2025 12:00 AM IST
കോടതിയുടെ അവധിത്തലേന്ന് അനധികൃത കൈയേറ്റം നടത്തിയാൽ നിയമത്തെ അട്ടിമറിക്കാമെന്നു ക്രിമിനലുകൾക്കറിയാം. കളമശേരി മാർത്തോമ്മാ ഭവൻ കൈയേറിയതും അങ്ങനെയാണ്. ആ കൈയേറ്റങ്ങൾക്കു സർക്കാരിപ്പോൾ കാവലുമിട്ടു. സഭയും ദീപികയും പെട്ടെന്നു പ്രതികരിക്കാതിരുന്നത് എന്തെന്ന വർഗീയ കുത്തിത്തിരിപ്പിനുകൂടി മറുപടി പറയാം.
ഈ മുഖപ്രസംഗം ആപത്കരമായ രണ്ടു വിഷയങ്ങളെക്കുറിച്ചാണ്. ഒന്ന്, കളമശേരി മാർത്തോമ്മാ ഭവന്റെ മതിൽ പൊളിച്ച് കൈയേറ്റം നടത്തിയവരെക്കുറിച്ചും അതിനു കാവൽ നിൽക്കുന്ന സർക്കാർ സംവിധാനത്തെക്കുറിച്ചുമാണ്.
കോടതികളുടെ അവധിദിവസങ്ങൾക്കു തലേന്ന് കൈയേറ്റം നടത്തി നിയമത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കു മുന്നിൽ പരാതിക്കാരും നിയമസംവിധാനങ്ങളും നിസഹായരാകുന്ന സ്ഥിതിയാണിത്. രണ്ട്, രാത്രിയിലെത്തിയ കുറ്റവാളികൾക്കു പിന്നാലെ, ഈ സംഭവത്തെ കത്തോലിക്കാ സഭയ്ക്കും ദീപികയ്ക്കും എതിരേ ആയുധമാക്കാൻ അതിരാവിലെയെത്തിയ ചില വർഗീയ സംഘടനകളുടെ ഭിന്നിപ്പിക്കൽ തന്ത്രങ്ങളെക്കുറിച്ചാണ്. രണ്ടും നാടിനാപത്താണ്.
കളമശേരിയിൽ കൈയേറ്റം നടന്നത് ഓണത്തലേന്നാണ്. പുലർച്ചെ ഒന്നിനും നാലിനുമിടയ്ക്കാണ് ഏകദേശം 70 പേരടങ്ങുന്ന ക്രിമിനൽസംഘം കളമശേരി, എച്ച്എംടി കോളനിക്കടുത്ത് കന്യാസ്ത്രീ മഠം ഉൾപ്പെടെയുള്ള മാർത്തോമ്മാ ഭവനിലെത്തിയത്. വാഹനങ്ങളും ക്രെയിനും മാരകായുധങ്ങളുമായെത്തിയവർ ആദ്യമേതന്നെ മഠത്തിന്റെ സിസിടിവികൾ തകർത്തു.
100 മീറ്ററോളം മതിൽ തകർത്ത് റെഡിമെയ്ഡ് മുറികൾ മാർത്തോമ്മാ ഭവന്റെ വളപ്പിൽ സ്ഥാപിച്ചു. ജലവിതരണ പൈപ്പുകൾ തകർത്തു, കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് സഞ്ചാരസ്വാതന്ത്ര്യവും നിഷേധിച്ചു. ‘പ്രോപ്പർട്ടി ഓഫ് എം.എച്ച്. ബിൽഡേഴ്സ് ആന്ഡ് ഡെവലപ്പേഴ്സ്’ എന്നെഴുതിയ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. 45 വർഷമായി നിലവിലുള്ള സ്ഥാപനം കൈയേറിയവർക്കെതിരേ മാർത്തോമ്മാ ഭവൻ അധികൃതർ പരാതി കൊടുത്തിട്ടും ഈ നിമിഷം വരെ പോലീസ് കൈയേറ്റങ്ങൾ ഒഴിപ്പിച്ചിട്ടില്ല.
രണ്ടാമത്തെ കാര്യം, കോടതിയുടെ അവധിദിവസങ്ങൾക്കു തലേന്ന് ഇത്തരം കൈയേറ്റങ്ങൾ നടത്തിയാൽ പരാതിക്കാരൻ നിസഹായനാകും. അവധി തീർന്നു കോടതിയിലെത്തിയാൽ തത്സ്ഥിതി നിലനിർത്തി കേസ് തുടരാനാകും മിക്കവാറും വിധിയുണ്ടാകുക. കൈയൂക്കുള്ളവർ പതിറ്റാണ്ടുകളായി ഉപയോഗിക്കുന്ന ഈ പഴുതടയ്ക്കാൻ സർക്കാരിനോ കോടതികൾക്കോ സാധിച്ചിട്ടില്ല.
നിയമത്തെ നോക്കുകുത്തിയാക്കിയ ഈ സംഭവം വേദനാജനകമെങ്കിലും ഏതെങ്കിലും മതത്തിന്റെ സംഘടിതനീക്കമായി ചിത്രീകരിക്കരുതെന്നും അത്തരം ശ്രമങ്ങൾ തെറ്റാണെന്നും തത്കാലം വാർത്തപോലും കൊടുക്കേണ്ടതില്ലെന്നുമായിരുന്നു മാർത്തോമ്മാ ഭവന്റെയും സഭയുടെയും നിലപാട്. പക്ഷേ, കൈയേറ്റക്കാരെ ഒഴിപ്പിക്കാനോ അവരെ കണ്ടെത്തി കേസെടുക്കാനോ ഒരു നടപടിയുമില്ലെന്നു കണ്ടതോടെയാണ് മാർത്തോമ്മാ ഭവന്റെ സുപ്പീരിയർ ഫാ. ജോർജ് പാറയ്ക്ക ഒആർസി കൂടുതൽ പ്രതികരണത്തിനു തയാറായത്. ഉത്തരവാദിത്വത്തോടെയുള്ള ആ പ്രതികരണങ്ങൾ ദീപിക യഥാസമയം കൊടുത്തിട്ടുമുണ്ട്.
അതിൽ ഇങ്ങനെ പറയുന്നു: “1982ൽ മാർത്തോമ്മാ ഭവനു സ്ഥലം കൈമാറിയ ഉടമസ്ഥന്റെ മക്കൾ 2010ൽ വസ്തുതകൾക്കു നിരക്കാത്ത വാദങ്ങളുമായി മറ്റൊരാൾക്ക് അതേ സ്ഥലം വിറ്റു. സ്ഥലത്തിന്റെ യഥാർഥ ഉടമസ്ഥർ മാർത്തോമ്മാ ഭവന് തന്നെയെന്ന് എറണാകുളം സബ് കോടതി അംഗീകരിച്ചിട്ടുള്ളതും മറുപാർട്ടിയോ അവരുടെ പേരിൽ മറ്റാരുമോ പ്രസ്തുത ഭൂമിയിൽ പ്രവേശിക്കാൻ പാടുള്ളതല്ലെന്നും ഉത്തരവിട്ടിട്ടുള്ളതാണ്. എന്നിട്ടും കൈയേറി. ഇപ്പോഴും നിയമവിരുദ്ധമായ പ്രവൃത്തികൾ നടന്നുവരുന്നുണ്ടെങ്കിലും സുരക്ഷയ്ക്കായി സ്ഥലത്തുള്ള പോലീസ് ഇടപെടുന്നില്ല.
അതിക്രമിച്ചു കയറിയവരെ പുറത്താക്കാനും ആസൂത്രിതവും സംഘടിതവുമായ കുറ്റകൃത്യത്തിനു പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യാനും പോലീസ് തയാറാകണം. ജനപ്രതിനിധികളും ഇടപെടണം.”
സാമൂഹിക ഐക്യത്തിനു വിഘാതമാകാതെ പ്രശ്നം പരിഹരിക്കാനാണ്, ഇത്രയും ഗുരുതരമായ അതിക്രമം നടന്നിട്ടും ക്രൈസ്തവസമൂഹം പരസ്യമായ പ്രതികരണത്തിനോ പ്രതിഷേധത്തിനോ മുതിരാതിരുന്നതെന്നും ഇനിയും നിഷ്ക്രിയത്വം തുടരാനാണ് അധികാരികളുടെയും ജനപ്രതിനിധികളുടെയും മനോഭാവമെങ്കിൽ നിയമ, പ്രതിഷേധ നടപടികളിലേക്കു നീങ്ങാൻ നിർബന്ധിതരാകുമെന്നും ഫാ. ജോർജ് പാറയ്ക്ക പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
ഇക്കാരണങ്ങളാലാണ് സഭയോ ദീപികയോ എടുത്തുചാടി പ്രതികരിക്കാതിരുന്നത്. മുന്നോട്ടും ഇതേ സമീപനം തന്നെയായിരിക്കും. പക്ഷേ, വർഗീയ സാധ്യതകൾക്കു തക്കംപാർത്തിരിക്കുന്ന ക്രൈസ്തവ വർഗീയ സംഘടനയും കൂട്ടാളികളും രംഗത്തെത്തി. പ്രതിസ്ഥാനത്ത് മുസ്ലിം നാമധാരികളാണ് എന്നതു മാത്രമായിരുന്നു ധാർമികരോഷത്തിനു കാരണം. ആ രാഷ്ട്രീയം നാം ഏറ്റെടുക്കില്ല.
പുരോഹിതരും കന്യാസ്ത്രീകളും ഉൾപ്പെടെ ക്രൈസ്തവരെ ആൾക്കൂട്ട വിചാരണ നടത്തുകയും ആക്രമിക്കുകയും കള്ളക്കേസുകളിൽ കുടുക്കുകയും ചെയ്ത സംഘപരിവാറിനു മംഗളപത്രമെഴുതിക്കൊണ്ടിരിക്കുന്നവരും ചങ്ങാതിമാരായ രാഷ്ട്രീയ ഭിക്ഷാംദേഹികളുമാണ് സഭയെ സംരക്ഷിക്കാനും ദീപികയെ മാധ്യമപ്രവർത്തനം പഠിപ്പിക്കാനും ശ്രമിക്കുന്നത്. വർഗീയവിഷത്തിന്റെ ഈ കാസയിൽനിന്നു കുടിക്കരുതെന്ന് ജാതി-മത ഭേദമെന്യേ വിവേകമുള്ളവരെല്ലാം മുന്നറിയിപ്പു നൽകിയിട്ടുള്ളതാണ്.
ക്രൈസ്തവരെ ഏതോ ആലയിലേക്ക് ആട്ടിത്തെളിക്കാനുള്ള അച്ചാരം വാങ്ങി ക്രിസ്തുവിനെ ദുരുപയോഗിക്കുന്ന ഇത്തരം വ്യക്തിതാത്പര്യ-ഇതരമതവിദ്വേഷ സംഘങ്ങളെക്കുറിച്ച് ‘പാനപാത്രമേതായാലും വിഷം കുടിക്കരുത്’ എന്ന മുഖപ്രസംഗത്തിൽ ദീപിക മുന്നറിയിപ്പു നൽകിയിരുന്നു. അതു വീണ്ടും ഓർമിപ്പിക്കുന്നു.
മൂവാറ്റുപുഴ നിർമല കോളജിലുൾപ്പെടെ നിസ്കാരമുറി അനുവദിക്കണമെന്ന് ഒരു വിഭാഗം ആവശ്യമുയർത്തിയപ്പോൾ അവിടെയെന്നല്ല, കേരളത്തിലെ ഒരു ക്രൈസ്തവ സ്ഥാപനത്തിലും അത് അനുവദിക്കില്ലെന്ന് ദീപിക മുഖപ്രസംഗമെഴുതി. വഖഫ് നിയമത്തിന്റെ മതേതര-ഭരണഘടനാവിരുദ്ധ വകുപ്പുകളെ ഉൾപ്പെടെ ചെറുത്തിട്ടുണ്ട്.
ഗാസ വിഷയത്തിൽ യുദ്ധത്തെ എതിർക്കുന്നതിനൊപ്പം ആഗോള ഇസ്ലാമിക തീവ്രവാദത്തിന്റെ ഭാഗമായ ഹമാസിനെ തുറന്നുകാണിക്കുകയും ചെയ്തു. സംഘപരിവാർ ക്രൈസ്തവരെ ആക്രമിച്ചപ്പോൾ മാത്രമല്ല, മുസ്ലിംകളെ ആൾക്കൂട്ടക്കൊലപാതകം നടത്തിയപ്പോഴും ബിജെപി സംസ്ഥാനങ്ങളുടെ ബുൾഡോസർ രാജിനെതിരേയും തൂലിക ചലിപ്പിച്ചു.
കാഷ്മീർ വിഷയത്തിലെയും തീവ്രവാദ ആക്രമണങ്ങളിലെയുമൊക്കെ കേന്ദ്രസർക്കാരിന്റെ ധീരമായ നിലപാടിനെ പിന്തുണച്ചു. കോൺഗ്രസിനും സിപിഎമ്മിനുമെതിരേയും ശക്തമായെഴുതി. ഇതൊന്നും സർക്കാരുകളെയും രാഷ്ട്രീയ പാർട്ടികളെയും ഇല്ലാതാക്കാനല്ല; ജനാധിപത്യത്തെയും മതേതരത്വത്തെയും മാധ്യമധർമത്തെയും ഒറ്റിക്കൊടുക്കാതിരിക്കാനാണ്.
വളർന്നുവരുന്ന വർഗീയതയ്ക്കും വിഭാഗീയതയ്ക്കുമെതിരേ പ്രതികരിക്കാനുള്ള ശ്രമത്തിൽനിന്നു പിന്തിരിയില്ലെന്ന് ദീപിക വായനക്കാർക്കും കേരള സമൂഹത്തിനും ഉറപ്പ് നൽകുന്നു. അത് അനായാസ മാധ്യമപ്രവർത്തനമല്ലെന്നറിയാം. പക്ഷേ, മാതൃരാജ്യത്തോടും വിശ്വസാഹോദര്യത്തോടുമുള്ള ആ ഉത്തരവാദിത്വം കത്തോലിക്ക സഭയുടെ ക്രൈസ്തവ മൂല്യങ്ങളിൽ അധിഷ്ഠിതമാണെന്ന സ്ഥാപക പിതാക്കന്മാരുടെ നിലപാടുകൾ വഴിയിലുപേക്ഷിക്കില്ല.
ഈ നിലപാടിന്, അനുദിനം വർധിക്കുന്ന വരിക്കാരും വായനക്കാരും നൽകുന്ന പിന്തുണയാണ് ദീപികയുടെ പ്രചോദനം. ക്രിയാത്മക വിമർശനങ്ങൾക്കനുസരിച്ച് തിരുത്താനും മടിക്കാറില്ല. എന്നാൽ, ഈ പത്രത്തെ ഏതെങ്കിലും വർഗീയതയുടെയോ രാഷ്ട്രീയത്തിന്റെയോ തൊഴുത്തിൽ കെട്ടാനുള്ള ശ്രമങ്ങൾ സ്വീകാര്യമല്ല; അണിഞ്ഞിരിക്കുന്നത് ക്രൈസ്തവ മുഖംമൂടിയാണെങ്കിലും, വർഗീയത വിനാശമാണ്. നാം ഹിന്ദുക്കളും മുസ്ലിംകളും ക്രൈസ്തവരും ഉൾപ്പെടുന്ന യഥാർഥ വിശ്വാസികളും മതേതര വിശ്വാസികളും ഒന്നിച്ചുനിന്നു പറയണം ‘മാ നിഷാദ’.