കമ്മീഷനു മറുപടിയില്ലെങ്കിൽ സർക്കാർ പ്രതികരിക്കണം
Friday, September 19, 2025 12:00 AM IST
പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഇന്നലെയും ആവർത്തിച്ച വോട്ടുമോഷണ ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷനു മറുപടിയില്ലെങ്കിൽ കേന്ദ്രസർക്കാർ വായ തുറക്കണം. പ്രതിപക്ഷത്തിന്റെയോ ചീഫ് ജസ്റ്റീസിന്റെയോ ഇടപെടലില്ലാതെ സർക്കാർ ഏകപക്ഷീയമായി നിയോഗിച്ച കമ്മീഷനാണിത്. കമ്മീഷന്റെ നിലപാടിനെ മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാരും വിമർശിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ സഹായിച്ചില്ലായിരുന്നെങ്കിൽ ഈ സർക്കാർ അധികാരത്തിലെത്തില്ലായിരുന്നോ എന്ന ചോദ്യമാണ് അന്തരീക്ഷത്തിൽ നിൽക്കുന്നത്. രാഹുലിന്റെ ഇന്നലത്തെ ആരോപണത്തിന്, ആർക്കും ആരെയും ഓൺലൈനായി വോട്ടർപട്ടികയിൽനിന്നു നീക്കാനാവില്ലെന്ന സമാധാനിപ്പിക്കലല്ല, അന്വേഷണസംഘത്തിനു രേഖകൾ കൊടുക്കുകയാണു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ചെയ്യേണ്ടത്.
വോട്ടുതട്ടിപ്പിൽ രണ്ടാമത്തെ വാർത്താസമ്മേളനമാണ് ഇന്നലെ രാഹുൽ ഗാന്ധി ന്യൂഡൽഹിയിൽ നടത്തിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വോട്ടുകൊള്ളക്കാരെ സംരക്ഷിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. “നൂറു ശതമാനം തെളിവുകൾ മുന്നിൽ വച്ചിട്ടും കമ്മീഷൻ ഉറങ്ങുകയാണ്. കോൺഗ്രസിനു കൂടുതൽ വോട്ടുള്ള ബൂത്തുകളിൽ കൂട്ടമായി വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കി. കർണാടകത്തിലെ അലന്ദ് മണ്ഡലത്തിൽ 6,018 വോട്ടുകൾ, വ്യാജ അപേക്ഷകൾ നൽകി വെട്ടിക്കളഞ്ഞു.
വോട്ട് നീക്കംചെയ്യാൻ അപേക്ഷിച്ചെന്നു പറയുന്ന ആൾക്കോ, വോട്ട് നഷ്ടപ്പെട്ട ആൾക്കോ ഇതേക്കുറിച്ച് അറിയില്ല. മറ്റേതോ ശക്തി ഈ നടപടിക്രമത്തെ ഹൈജാക്ക് ചെയ്ത് വോട്ട് നീക്കംചെയ്തു. വോട്ട് വെട്ടാൻ പ്രത്യേക സോഫ്റ്റ്വെയറുകളും സംസ്ഥാനത്തിനു പുറത്തുനിന്നുള്ള മൊബൈൽ ഫോണുകളും ഉപയോഗിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി കർണാടക സിഐഡി 18 മാസത്തിനിടെ 18 കത്തയച്ചിട്ടും കമ്മീഷൻ ഇതു സംബന്ധിച്ച പൂർണവിവരങ്ങൾ കൈമാറുന്നില്ല. മഹാരാഷ്ട്രയിലെ രജൗരയിൽ 6,850 വോട്ടുകൾ കൂട്ടിച്ചേർത്തതും സമാന രീതിയിലായിരുന്നു. ഹരിയാനയിലും യുപിയിലും ഇതു സംഭവിച്ചു.” താൻ പറഞ്ഞിരുന്ന ഹൈഡ്രജൻ ബോംബ് ഇതല്ലെന്നും അതു വരാനിരിക്കുന്നതേയുള്ളുവെന്നും രാഹുൽ പറഞ്ഞു.
കർണാടക മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ 6.5 ലക്ഷം വോട്ടുകളിൽ ഒരു ലക്ഷത്തിലധികം വ്യാജവോട്ടുകളായിരുന്നെന്നു രാഹുൽ ഗാന്ധി ആരോപിച്ചത് കഴിഞ്ഞ മാസമാണ്. മറുപടി പറയുന്നതിനു പകരം, രാഹുൽ മാപ്പു പറയണമെന്നായിരുന്നു കമ്മീഷന്റെ രോഷത്തോടെയുള്ള പ്രതികരണം. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലും ആരോപണം ഉയർന്നതോടെ സുപ്രീംകോടതി ഇടപെട്ട് കുറച്ചെങ്കിലും മാറ്റം വരുത്തി.
രാഹുലിന്റെ ആരോപണത്തിൽ കമ്മീഷൻ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നു മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ എസ്.വൈ. ഖുറേഷി, ഒ.പി. റാവത്ത്, മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ എന്നിവരും പ്രതികരിച്ചിരുന്നു. പക്ഷേ, കമ്മീഷന്റെ മൗനം ദുരൂഹമായൊരു നിസഹായാവസ്ഥയുടെ പ്രതിഫലനമെന്നോണം തുടരുകയാണ്.
തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കാനുള്ള അവകാശം തങ്ങൾക്കു മാത്രമായിരിക്കണമെന്നു ബിജെപി സർക്കാർ വാശി പിടിച്ചതോടെ സംശയം മണത്തെങ്കിലും ആദ്യമായാണ് ശക്തമായ തെളിവുകൾ കമ്മീഷനെതിരേ നിരത്തപ്പെടുന്നത്. സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനു നിയമസംരക്ഷണം ഉറപ്പാക്കിക്കൊടുത്ത Appointment, Conditions of Service and Term of Office Act, 2023 അനുസരിച്ച്, ചീഫ് ഇലക്ഷൻ കമ്മീണറോ മറ്റു കമ്മീഷണർമാരോ ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനത്തിന്റെ പേരിൽ സിവിലോ ക്രിമിനലോ ആയ നിയമനടപടികളിൽനിന്ന് സംരക്ഷിതരാണ്.
ഇപ്പോഴിതെല്ലാം പരസ്പരം ചേർത്തു വായിക്കേണ്ടി വന്നിരിക്കുന്നു. ഇന്നലെ സമൂഹമാധ്യമത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രതികരിച്ചു: “അലന്ദ് നിയമസഭാ മണ്ഡലത്തിൽ വോട്ടർമാരെ നീക്കാനുള്ള ശ്രമം ചിലയിടങ്ങളിൽനിന്നുണ്ടായെങ്കിലും വിജയിച്ചില്ല. ഇത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അവിടെ 2018ൽ ബിജെപിയുടെ സുഭാധ് ഗട്ടീദാറാണ് വിജയിച്ചതെങ്കിലും 2023ൽ കോൺഗ്രസിലെ ബി.ആർ. പാട്ടീലാണ് വിജയിച്ചത്.
വോട്ടർമാരെ പൊതുജനത്തിനു പട്ടികയിൽനിന്നു നീക്കാനാകുമെന്നത് രാഹുലിന്റെ തെറ്റിദ്ധാരണയാണ്.” പക്ഷേ, തെറ്റിദ്ധാരണ നീക്കാൻ ആവശ്യമായ രേഖകൾ കമ്മീഷൻ കൊടുക്കുകയുമില്ല. മാത്രമല്ല, കോൺഗ്രസ് ജയിച്ചതുകൊണ്ട്, അവിടെ തട്ടിപ്പു നടന്നിട്ടില്ലെന്നും വോട്ട് വെട്ടിയ ജനാധിപത്യ ഘാതകരെ വെറുതേ വിട്ടേക്കാമെന്നും കരുതാനാവില്ലല്ലോ.
കാര്യങ്ങൾ സുതാര്യമല്ലെന്ന പ്രതീതി മാനംമുട്ടെ ഉയർന്നിരിക്കുന്നു. അത്, രാഹുൽ ഗാന്ധി ബോധപൂർവം സൃഷ്ടിച്ചതാണെങ്കിൽ നടപടിയെടുക്കണം. അല്ലെങ്കിൽ കമ്മീഷന്റെയും സർക്കാരിന്റെയും വിശ്വാസ്യത പുനഃസ്ഥാപിക്കണം. രാഹുൽ കത്തിച്ചത് ഹൈഡ്രജൻ ബോംബല്ല പൂത്തിരിയാണെന്നു ബിജെപി നേതാവ് അനുരാഗ് താക്കൂറിനു പരിഹസിക്കാം. പക്ഷേ, ജനാധിപത്യത്തിന്റെ അടിത്തറ ഇളക്കുന്ന വോട്ടുതട്ടിപ്പ് പുറത്തു കൊണ്ടുവരുന്പോൾ കോമാളിത്തം പറയാൻ, ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും സൗജന്യമായി കിട്ടിയതല്ലെന്നു കരുതുന്നവർക്ക് ആവില്ല.