വിലക്കുറവിലൊതുങ്ങരുത് ജിഎസ്ടി ഇളവ്
Saturday, August 30, 2025 12:00 AM IST
ജിഎസ്ടി ഇളവിലൂടെയുള്ള സാന്പത്തിക വളർച്ച ജനങ്ങൾക്കും സംസ്ഥാനസർക്കാരുകൾക്കും ഗുണകരമാകണം. ആഗോള സാന്പത്തികപ്പട്ടം ചൂടുന്നതുപോലെ എളുപ്പമല്ല ആഭ്യന്തര സാന്പത്തിക സ്വയംപര്യാപ്തത കൈവരിക്കുന്നത്.
കേന്ദ്ര-സംസ്ഥാന ബജറ്റുകൾക്കു പിന്നാലെ വില കൂടുന്നവ, കുറയുന്നവ എന്നിവയുടെ പട്ടിക മാധ്യമങ്ങൾ പ്രസിദ്ധീകരിക്കാറുണ്ട്. പക്ഷേ, കൂടുമെന്നു പറഞ്ഞതിനു കൂടുമെങ്കിലും കുറയുമെന്നു പറയുന്നതിനു കുറയുകയോ, കുറഞ്ഞാലും ബജറ്റിലെ ഇളവിന് ആനുപാതികമാകുകയോ ചെയ്യാറില്ല. ഇതേ വിധി, കേന്ദ്രം ഉടൻ നടപ്പാക്കുമെന്നു പ്രഖ്യാപിച്ച ജിഎസ്ടി ഇളവുകളെയും കാത്തിരിക്കുന്നുണ്ട്.
ഇതിന്റെ ഗുണം ജനങ്ങൾക്കല്ല, വൻകിട ഉത്പാദകർക്കും കന്പനികൾക്കുമാണെന്നാണ് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിരീക്ഷിക്കുന്നത്. പക്ഷേ, അതായിരിക്കില്ല ബാലഗോപാലിന്റെ ആശങ്ക; ജിഎസ്ടി കുറയ്ക്കുന്നതിലൂടെ സംസ്ഥാനത്തിനുണ്ടാകുന്ന വരുമാനനഷ്ടമാണ്. അതുകൊണ്ടാണ്, ജനങ്ങൾക്കു ഗുണമുണ്ടാകില്ലെന്നു പറഞ്ഞതിനുശേഷം, സംസ്ഥാനത്തിനു നഷ്ടമുണ്ടാകുമെന്ന യഥാർഥ ആശങ്കയിലേക്കു വന്നത്. തീർച്ചയായും രണ്ടും പ്രതിസന്ധിയാണ്; കേന്ദ്രം അഭിസംബോധന ചെയ്യേണ്ടതുമാണ്.
ദീപാവലിക്ക് ജിഎസ്ടിയിൽ വലിയ ഇളവ് ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിച്ചത്. നിലവിലുള്ള നാല് ജിഎസ്ടി നിരക്കുകൾ രണ്ടായി കുറയ്ക്കും. അതായത്, അഞ്ച്, 12,18, 28 എന്നീ നികുതിനിരക്കുകൾ അഞ്ച്, 18 എന്നീ സ്ലാബുകളിലേക്കു നിജപ്പെടുത്തും. ലോട്ടറിനികുതി 28ൽനിന്നു 40 ശതമാനം ആക്കുകയും ചെയ്യും. ജിഎസ്ടി കുറയ്ക്കുന്നതിന്റെ വലിയ ഇളവ് പ്രതീക്ഷിക്കുന്നത് കാറുകളിലാണ്.
നിലവിൽ കാറുകളുടെ നികുതി 28 ശതമാനമാണ്. ഇത് 18ലേക്കു കുറയുന്പോൾ 10 ലക്ഷത്തിന്റെ കാറിന് ഒരു ലക്ഷം രൂപവരെ വില കുറയുമെന്നാണ് അവലോകനങ്ങൾ. മറ്റ് ഉപഭോക്തൃവസ്തുക്കളുടെ വിലയേക്കാൾ കാറുകളുടേതു കൂടുതലായതുകൊണ്ടും ഓണത്തിനും ദീപാവലിക്കും അതിന്റെ വില്പന ഉയരുന്നതിനാലുമാണ് ഇതു കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്.
കന്പനികൾ മറ്റെന്തെങ്കിലും കാരണങ്ങൾ പറഞ്ഞ്, ഉപഭോക്താവിനു കിട്ടേണ്ട ഇളവ് തട്ടിയെടുക്കുമോയെന്നറിയില്ല. സ്വർണത്തിന്റെ ജിഎസ്ടി നിലവിലെ മൂന്നു ശതമാനത്തിൽനിന്ന് ഒന്നോ രണ്ടോ ആയി കുറയ്ക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ജിഎസ്ടി കുറയ്ക്കുന്നതിലൂടെ വർധിക്കുന്ന വില്പന, നികുതി വരുമാനം കൂട്ടുമെങ്കിലും സംസ്ഥാനങ്ങളുടെ വരുമാനം കുറയുമെന്നുതന്നെയാണ് വിദഗ്ധാഭിപ്രായം.
പക്ഷേ, ജിഎസ്ടി കുറയ്ക്കുന്നതിലൂടെ ജനങ്ങൾക്കുണ്ടാകുന്ന ആശ്വാസം ഒഴിവാക്കണമെന്ന് ആവശ്യപ്പെടാനും ആകില്ല. അതുകൊണ്ടാണ്, ജനങ്ങൾക്കല്ല കന്പനികൾക്കാണ് ഗുണം, അമേരിക്കയുടെ താത്പര്യാർഥമാണ് ജിഎസ്ടിയിൽ അഴിച്ചുപണി നടത്തുന്നത് എന്നീ കാരണങ്ങൾകൂടി ധനമന്ത്രി ബാലഗോപാൽ ഇതോടു ചേർത്തുവയ്ക്കുന്നത്.
ജിഎസ്ടി കുറച്ചാൽ സാധനങ്ങളുടെ വില കുറയുമെന്ന വാദം അസ്ഥാനത്താണെന്ന്, 2017-18ൽ 224 ആഡംബരവസ്തുക്കളുടെ നികുതി 28ൽനിന്ന് 18ലേക്കു കുറച്ചിട്ടും മാർക്കറ്റിൽ വില കുറയാതിരുന്നതു ചൂണ്ടിക്കാട്ടി അദ്ദേഹം സ്ഥാപിക്കുന്നുമുണ്ട്. റഫ്രിജറേറ്റർ ഉൾപ്പെടെ 25 ഇനങ്ങൾ ഉൾപ്പെടുത്തി ഇക്കാര്യം പരിശോധിച്ചപ്പോൾ ഒന്നിനും വില കുറഞ്ഞില്ലെന്നും ജിഎസ്ടി ഇളവിന്റെ ഗണം ഉണ്ടായത് കന്പനികൾക്കാണെന്നും കേരളം കണ്ടെത്തിയെന്നാണ് മന്ത്രി പറഞ്ഞത്.
തൊട്ടടുത്ത വർഷം കേന്ദ്രം സംസ്ഥാനത്തിനു കൂടുതൽ ജിഎസ്ടി നഷ്ടപരിഹാരം കൊടുക്കേണ്ടിയും വന്നു. നടപ്പാക്കാനിരിക്കുന്ന ജിഎസ്ടി ഇളവിലൂടെ കേരളത്തിന് 8,000 മുതൽ 9,000 കോടി രൂപയുടെ അധിക വരുമാനനഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഓട്ടോമൊബൈൽ മേഖലയിൽ മാത്രം 1100 കോടിയുടെ നഷ്ടം. ഇൻഷ്വറസ് പ്രീമിയത്തിൽ 500 കോടി.
അതേസമയം, ലോട്ടറിയുടെ നികുതി 28ൽനിന്നു 40 ശതമാനമാക്കിയാൽ ലോട്ടറിക്കച്ചവടം തകരും. അതിനെ ആശ്രയിച്ചു ജീവിക്കുന്ന രണ്ടു ലക്ഷം പേരുടെ കുടുംബങ്ങളെ ബാധിക്കും. സംസ്ഥാന സർക്കാരിന്റെ വരുമാനനഷ്ടം സൗജന്യ ചികിത്സ, ക്ഷേമ പെൻഷൻ തുടങ്ങിയ പദ്ധതികളെ കൂടുതൽ പരിതാപകരമാക്കും.
ഇന്ത്യക്കുമേൽ അമേരിക്ക ഏർപ്പടുത്തിയ അധികതീരുവയുടെ ആഘാതം കുറയ്ക്കുക എന്നതും കേന്ദ്രസർക്കാരിന്റെ വെല്ലുവിളിയാണ്. അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി മൂല്യം 7.3 ലക്ഷം കോടി രൂപയുടേതാണ്. അതേസമയം, ഇറക്കുമതി മൂല്യം 3.94 ലക്ഷം കോടി രൂപ മാത്രം. ഈ അന്തരം ഇല്ലാതാക്കാൻ അമേരിക്ക 50 ശതമാനം തീരുവ ഏർപ്പെടുത്തിയതോടെ ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയിൽ 70 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഇന്ത്യയിൽ നിർമാണപങ്കാളിത്തമുള്ള ട്രംപിന്റെ സ്ഥാപനങ്ങളെ സഹായിക്കാൻകൂടിയാണ് ജിഎസ്ടി ഇളവെന്നും ആരോപണമുണ്ട്. ജിഎസ്ടി കൗൺസിൽ അടുത്തമാസം മൂന്ന്, നാല് തീയതികളിൽ ഡൽഹിയിൽ ചേരും. നികുതിവരുമാനത്തിൽ വലിയ ഇടിവുണ്ടാകുന്ന കേരളം, പഞ്ചാബ്, പശ്ചിമബംഗാൾ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളെ കേന്ദ്രം സഹായിച്ചില്ലെങ്കിൽ സാന്പത്തികസ്ഥിതി ഗുരുതരമാകുമെന്ന് സാന്പത്തിക വിദഗ്ധർ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.
ജിഎസ്ടിയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്ന സാന്പത്തികവളർച്ച സംസ്ഥാന സർക്കാരുകളുടെ നടുവൊടിക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഒരു ഫ്രണ്ടും സഹായിക്കാനില്ലാത്ത കാലത്ത്, ആഗോളസാന്പത്തികനയമാറ്റങ്ങളെ അതിജീവിക്കാൻ തക്കവിധം നമ്മുടെ രാജ്യത്തിന്റെ സാന്പത്തിക അടിത്തറ ഭദ്രമാണോയെന്നു പരിശോധിക്കാനുള്ള സമയംകൂടിയാണിത്. ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിൽ പെട്ടപ്പോൾ ഇന്ത്യയെ ഇടറാതെ നിർത്തിയ പ്രധാനമന്ത്രിയായിരുന്നു മൻമോഹൻ സിംഗ്.
അദ്ദേഹം സാന്പത്തികകരുത്ത് ഉറപ്പാക്കിയത് ജനങ്ങളെ ഒരുപോലെ ബലപ്പെടുത്തിക്കൊണ്ടാണ്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, ഭക്ഷ്യഭദ്രതാ നിയമം, വിദ്യാഭ്യാസ-വിവരാവകാശ നിയമങ്ങൾ എന്നിവയൊക്കെ ഇന്നും രാജ്യത്തിന്റെ നട്ടെല്ലായി നിലനിൽക്കുകയാണ്. ആഗോള സാന്പത്തികപ്പട്ടം ചൂടുന്നതുപോലെ എളുപ്പമല്ല ആഭ്യന്തര സാന്പത്തിക സ്വയംപര്യാപ്തത കൈവരിക്കുന്നത്.
സംസ്ഥാനത്തേക്കു വന്നാൽ, പ്രധാനമായും നികുതിയെയും അടിക്കടി വാങ്ങുന്ന വായ്പകളെയും ആശ്രയിക്കുന്ന സാന്പത്തിക കെടുകാര്യസ്ഥത ജിഎസ്ടി ചർച്ചയിൽ പ്രതിഫലിക്കുന്നുണ്ട്. മറ്റു വരുമാനങ്ങൾക്കുവേണ്ടിയുള്ള ഉച്ചകോടികളും ആഗോള സംഗമങ്ങളുമൊക്കെ ഇന്നുവരെ പണം കളഞ്ഞതല്ലാതെ കൊണ്ടുവന്നിട്ടില്ല.
പൊതുമേഖലാ സ്ഥാപനങ്ങളിലെ രാഷ്ട്രീയവത്കരണവും പിൻവാതിൽ നിയമനങ്ങളും സ്വജനപക്ഷപാതവും അഴിമതിയുമൊക്കെ അധഃപതനത്തിന്റെ ആക്കം കൂട്ടുകയും ചെയ്തു. നികുതിയുടെ അർഹമായ വിഹിതം കേന്ദ്രത്തിൽനിന്നു ചോദിച്ചുവാങ്ങുകതന്നെ വേണം. ഒപ്പം, അതുകൊണ്ടുമാത്രം നവകേരളം സാധ്യമല്ലെന്നു വൈകിയ വേളയിലെങ്കിലും തിരിച്ചറിയുകയും വേണം.