നുണയ്ക്കു പിന്നാലെ വർഗീയ കാർഡ്
Saturday, October 4, 2025 12:00 AM IST
ഭിന്നശേഷി സംവരണ ഒഴിവുകൾ സർക്കാർ നികത്തില്ല, മറ്റ് അധ്യാപകരുടെ നിയമനങ്ങൾ ക്രമപ്പെടുത്തുകയുമില്ല. കെടുകാര്യസ്ഥത മറയ്ക്കാൻ നുണ പോരാഞ്ഞ്, ഇപ്പോൾ വർഗീയ കാർഡും! മതിയാക്കൂ, ഈ രാഷ്ട്രീയാഭ്യാസം.
നുണ പറയുന്നവർക്കു വർഗീയത കളിക്കാനും മടിയുണ്ടാകില്ലെന്നു തോന്നും, വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിയുടെ വാക്കുകൾ കേട്ടാൽ. എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിക്കാരായ ആളുകൾക്കു നിയമനം നൽകുന്നതിൽ ക്രൈസ്തവ മാനേജ്മെന്റുകൾ തടസം നിൽക്കുന്നുവെന്നായിരുന്നു ആദ്യ പ്രസ്താവന. ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടും സർക്കാരിനു നിയമനം നടത്താൻ കഴിഞ്ഞിട്ടില്ലെന്നു തെളിഞ്ഞതോടെയാണ് രോഷാകുലനായ മന്ത്രി വർഗീയ കാർഡിറക്കിയത്. മതവും ജാതിയും നോക്കി വിരട്ടാന്‍ നോക്കേണ്ടെന്നും കോടതിവിധി അനുസരിക്കണമെന്നുമാണ് ഭീഷണി.
ഭിന്നശേഷി ഒഴിവുകൾ നികത്താൻ സർക്കാർ പരാജയപ്പെട്ടതിനാൽ സ്ഥിരനിയമനം മുടങ്ങിയ മറ്റ് അധ്യാപകർക്കുവേണ്ടി ശബ്ദിക്കുന്നതിൽ എന്തു മതവും ജാതിയുമാണ് ഉള്ളതെന്നു മനസിലാകുന്നില്ല. ഇങ്ങനെയൊക്കെ വസ്തുതകളെ വളച്ചൊടിക്കണമെങ്കിൽ വർഗീയതയുടെ കനലൊരുതരിയെങ്കിലും ഉള്ളിലുണ്ടാകണം. തീർച്ചയായും ആത്മപരിശോധന നടത്തണം. 16,000 അധ്യാപകരാണു മഴയത്തു നിൽക്കുന്നത്; പതിനായിരക്കണക്കിനു വിദ്യാർഥികളും. വർഗീയ ധ്രുവീകരണമല്ല സർ, വകതിരിവാണു വേണ്ടത്.
അഞ്ചു വർഷത്തിലധികമായി സർക്കാരിനു പരിഹരിക്കാൻ കഴിയാത്ത പ്രതിസന്ധിയാണ് എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപകരുടെ നിയമനം. ഈ നാലു ശതമാനം സംവരണം നടത്തിയില്ലെങ്കിൽ മറ്റ് അധ്യാപകരുടെ സ്ഥിരനിയമനം നടത്താനാവില്ല. സർക്കാരാണ് അധ്യാപകരെ കൊടുക്കേണ്ടതെങ്കിലും പൂർണമായും കഴിഞ്ഞിട്ടില്ല. മാനേജ്മെന്റുകൾ പത്രപ്പരസ്യത്തിലൂടെ ശ്രമിച്ചിട്ടും ആവശ്യത്തിനു ഭിന്നശേഷിക്കാരെ കിട്ടുന്നില്ല. ഇങ്ങനെ ഏകദേശം 16,000 അധ്യാപകർ ദിവസക്കൂലിക്കാരായി ആനുകൂല്യങ്ങളൊന്നുമില്ലാതെ നിൽക്കുകയാണ്.
ഒഴിവു നികത്താൻ സർക്കാർ അന്പേ പരാജയപ്പെട്ടതോടെ എൻഎസ്എസ് മാനേജ്മെന്റ് കോടതിയെ സമീപിച്ചു. സംവരണസീറ്റുകൾ ഒഴിച്ചിട്ടശേഷം മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകി അവയെ ക്രമവത്കരിക്കണമെന്ന് കഴിഞ്ഞ മാർച്ചിലെ വിധിയിൽ സുപ്രീംകോടതി തീർപ്പു കൽപ്പിക്കുകയും ചെയ്തു. സമാനസ്വഭാവമുള്ള സൊസൈറ്റികൾക്കും ഈ ഉത്തരവ് നടപ്പാക്കാമെന്നു സുപ്രീംകോടതിതന്നെ പറഞ്ഞിട്ടുള്ളതുമാണ്. പക്ഷേ, സർക്കാർ ഒഴിവു നികത്തില്ല, മറ്റു നിയമനങ്ങൾ ക്രമപ്പെടുത്തുകയുമില്ല. ഈ കെടുകാര്യസ്ഥത മറയ്ക്കാനാണ് നുണകളും ഒടുവിൽ വർഗീയ കാർഡും വീശുന്നത്.
ക്രൈസ്തവ മാനേജ്മെന്റുകളുടെ മാത്രം പ്രതിസന്ധിയല്ലെങ്കിലും വിഷയം ചൂണ്ടിക്കാണിച്ചതിനാൽ മന്ത്രിയുടെ കലി അവരോടായി. സർക്കാർ അനുശാസിക്കുന്ന വിധത്തിൽ ഭിന്നശേഷി നിയമനവും ആവശ്യമായ ഒഴിവുകളും നിലനിർത്തിയിട്ടുണ്ടെന്ന സത്യവാങ്മൂലം ക്രൈസ്തവ മാനേജ്മെന്റുകൾ സർക്കാരിനും കോടതിക്കും നൽകിയിട്ടുമുണ്ട്.
പക്ഷേ, വിഷയവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് മന്ത്രി പറയുന്നത്. “മതവും ജാതിയും നോക്കി വിരട്ടാന്‍ നോക്കേണ്ട. കോടതിവിധി അനുസരിക്കണം. എയ്ഡഡ് സ്കൂളുകളില്‍ അയ്യായിരത്തിലധികം ഒഴിവുകളുണ്ട്. അത് റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരേ നടപടിയുണ്ടാകും. എല്‍ഡിഎഫിനെതിരായി എക്കാലത്തും നിലപാട് സ്വീകരിച്ചവരാണ് സമരവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഗവണ്മെന്റ് കീഴടങ്ങില്ല. പണ്ട് വിമോചനസമരം നടത്താന്‍ സാധിച്ചിട്ടുണ്ടാകാം. ഇപ്പോള്‍ നടത്താന്‍ സാധിച്ചെന്നു വരില്ല. സ്വകാര്യ മാനേജ്മെന്റുകളുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളും അവര്‍ക്കുള്ള ആനുകൂല്യങ്ങളും വിദ്യാര്‍ഥികളുടെ കാര്യങ്ങളും ഗവണ്മെന്റ് സംരക്ഷിക്കും”. ആദ്യപ്രസ്താവന നുണയായിരുന്നെങ്കിൽ ഇത്തവണ വർഗീയതകൂടി തിരുകിക്കയറ്റി. പക്ഷേ, വെറുതെ വർഗീയത പറഞ്ഞ് ആടിനെ പട്ടിയാക്കാൻ പറ്റില്ലല്ലോ. ഇതു കേരളമല്ലേ.
ഈ മന്ത്രിയുടെ പെരുമാറ്റത്തിൽ സർക്കാരിന് ഒരു പ്രത്യേകതയും തോന്നുന്നില്ലേ? ആരാണ് മതവും ജാതിയും നോക്കി സർക്കാരിനെ വിരട്ടിയത്? ക്രൈസ്തവ മാനേജ്മെന്റുകളുടെ സ്കൂളുകളിൽ മാത്രമാണോ ഈ വിഷയമുള്ളത്? ഈ സർക്കാരിന്റെ കെടുകാര്യസ്ഥതയിൽ കുടുങ്ങിപ്പോയ 16,000 അധ്യാപകരും ക്രൈസ്തവരാണോ, അവർ പഠിപ്പിക്കുന്ന പതിനായിരക്കണക്കിനു വിദ്യാർഥികളെല്ലാം ക്രൈസ്തവരാണോ? ഇതൊന്നുമല്ലെങ്കിൽ തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ട് എന്തെങ്കിലും ജാതി-മത ധ്രുവീകരണമാണോ ലക്ഷ്യം?
എൽഡിഎഫിനെതിരായി എല്ലാക്കാലത്തും നിലപാട് സ്വീകരിച്ചവരാണ് ഇപ്പോൾ സമരവുമായി രംഗത്തെത്തിയതത്രേ! ക്രൈസ്തവ സഭകളുടേത് ഉൾപ്പെടെയുള്ള എയ്ഡഡ് സ്കൂൾ മാനേജ്മെന്റും 16,000 വരുന്ന അധ്യാപകരും അവരുടെ കുടുംബങ്ങളും ഈ അനീതിക്കെതിരേ പ്രതികരിക്കുന്നവരുമൊക്കെ എൽഡിഎഫിനെതിരേ നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ, ഈ സർക്കാർ വീണ്ടും അധികാരത്തിലെത്തുമായിരുന്നോ? അതോ എൽഡിഎഫിനെതിരേ നിലപാട് എടുത്താൽ, അധ്യാപകരെ ദ്രോഹിച്ചാണെങ്കിലും സമുദായത്തെ പാഠം പഠിപ്പിക്കുമെന്നാണോ? എങ്കിൽ തുറന്നുപറയണം.
പിന്നെയീ, ജനദ്രോഹസർക്കാരുകൾക്കെതിരേയുള്ള അവകാശസമരങ്ങളും വിമോചനസമരവുമൊക്കെ ജനാധിപത്യത്തിന്റെ ഭാഗമാണ്. കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ ഇല്ലെന്നേയുള്ളൂ. അതുപോലെ, ഭിന്നശേഷി സംവരണ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരേ നടപടിയെടുക്കരുതെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. കണക്കുകൾ പുറത്തു വരട്ടെ. ഈ സർക്കാർ നീതിയുടെ പക്ഷത്താണെങ്കിൽ, ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരേയും റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവിന്റെ പകുതിപോലും നികത്താനാകാതെ നുണപ്രചാരണവും വർഗീയാക്ഷേപവും നടത്തുന്നവർക്കെതിരേയും നടപടിയെടുക്കണം. അധ്യാപകരെ സ്ഥിരപ്പെടുത്തിയാൽ സർക്കാരിനുണ്ടാകുന്ന അധികച്ചെലവാണ് പ്രശ്നമെങ്കിൽ, അതിനുള്ള സാന്പത്തികഭദ്രതയില്ലെങ്കിൽ, മാനേജ്മെന്റുകൾ കോടതിയിൽ പോയാൽ വിഷയം നീട്ടിക്കൊണ്ടു പോകാമെന്നാണെങ്കിൽ... അതു പറയണം.
ഭിന്നശേഷിക്കാരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും സംരക്ഷണത്തിലാകട്ടെ, കേരളത്തിലെ വിദ്യാഭ്യാസരംഗത്തിന്റെ മികവിലാകട്ടെ ക്രൈസ്തവസഭകൾ തല ഉയർത്തിത്തന്നെയാണു നിൽക്കുന്നത്. സ്വാശ്രയ വിഷയങ്ങളിലുൾപ്പെടെ ഏറെ ചെളിവാരിയെറിഞ്ഞിട്ടുള്ളതും സിപിഎമ്മാണ്. പക്ഷേ, നിയമസംവിധാനങ്ങളുള്ളതുകൊണ്ട് തകർക്കാനായിട്ടില്ല. മന്ത്രീ, അങ്ങയുടെ പാർട്ടിയുടെ വിദ്യാർഥി സംഘടന ഇവിടത്തെ കലാലയങ്ങളിൽ ചെയ്യുന്ന അപനിർമിതിയാണ് നിങ്ങൾ വിദ്യാഭ്യാസമേഖലയോടു ചെയ്തുകൊണ്ടിരിക്കുന്നത്. റാഗിംഗ്, ആൾക്കൂട്ട വിചാരണകൾ, മാർക്ക് തട്ടിപ്പ്, നേതാവിന്റെ സ്ത്രീവിരുദ്ധത, സർവകലാശാലകളിലെ പിൻവാതിൽ നിയമനങ്ങൾ, അക്രമം, ഗുണ്ടായിസം... കേരളത്തിൽനിന്ന് ഇതര സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും യുവാക്കൾ രക്ഷപ്പെടുകയാണ്. മറക്കരുത്. വിദ്യാഭ്യാസത്തെ രാഷ്ട്രീയാഭ്യാസമാക്കരുത്.
ഇനിയും പറയും; ഭിന്നശേഷിക്കാരുടെ ഒഴിവു നികത്താനുള്ള കഴിവുകേടു മറച്ചുവച്ച് മറ്റ് അധ്യാപകരുടെ സ്ഥിരനിയമനം തടഞ്ഞ് അവരെ ബന്ദികളാക്കുന്ന കൊടിയ മനുഷ്യാവകാശലംഘനമാണ് ഈ സർക്കാർ നടത്തുന്നത്. മന്ത്രി ശിവൻകുട്ടി വർഗീയാരോപണം നടത്തിക്കളയുമോയെന്നു പേടിച്ച്, കേരളം കണ്ട ഏറ്റവും വലിയ കെടുകാര്യസ്ഥതയും അനീതിയും കണ്ടില്ലെന്നു നടിക്കാനാവില്ല. ഈ അധ്യാപകരുടെയും ആശമാരുടെയുമൊക്കെ കണ്ണീർ നിങ്ങളെ വേട്ടയാടില്ലെന്നാണോ കരുതുന്നത്?