നദി മുതൽ കടൽ വരെ സമാധാനം പുലരട്ടെ
Friday, October 3, 2025 12:00 AM IST
പലസ്തീനികളും യഹൂദരും വെറുക്കപ്പെട്ടവരല്ലെന്നു ബോധ്യമുള്ള ഒരു തലമുറ ഗാസയിലും വളർന്നുവരട്ടെ. നദി മുതൽ കടൽ വരെ സമാധാനമെത്തട്ടെ.
എന്നേക്കുമായി പലസ്തീനികളുടെ കണ്ണീരുണങ്ങുമെന്നും യഹൂദരുടെ സുരക്ഷാഭീതി ശമിക്കുമെന്നും പറയാറായിട്ടില്ലെങ്കിലും ഒരു സമാധാനപദ്ധതി രൂപംകൊണ്ടിരിക്കുന്നു. അമേരിക്കയുടെ മുൻകൈയിൽ തയാറാക്കപ്പെട്ടതെങ്കിലും അറബ് രാജ്യങ്ങളും പിന്തുണയ്ക്കുന്ന പദ്ധതി നടപ്പായാൽ പലസ്തീനികൾക്കും യഹൂദർക്കും സമാധാനത്തോടെ ജീവിക്കാനുള്ള പുതിയൊരു യുഗത്തിന്റെ ഉദ്ഘാടനമായേക്കാം.
ഭീകരപ്രസ്ഥാനമായ ഹമാസിന് ഭരണപങ്കാളിത്തമില്ലാത്ത പദ്ധതി, ഗാസയെ പൊളിറ്റിക്കൽ ഇസ്ലാമിന്റെ ഇരവാദത്തിനുള്ള ഷോകേസായി ഉപയോഗിക്കുന്നവർക്കും ഇസ്രയേൽ വിരുദ്ധതയാൽ അന്ധരായവർക്കും വോട്ട് രാഷ്ട്രീയക്കാർക്കും ഒഴികെയുള്ള ജനാധിപത്യലോകത്തിന് ആശ്വാസകരമായിരിക്കും.
വൈറ്റ് ഹൗസ് പുറത്തിറക്കിയ സമാധാനപദ്ധതിയിൽ 20 നിർദേശങ്ങളാണുള്ളത്. വെടിനിർത്തൽ, ബന്ദികളുടെയും തടവുകാരുടെയും മോചനം, ഘട്ടങ്ങളായി ഇസ്രയേൽ സൈന്യത്തിന്റെ പിൻവാങ്ങൽ, അടിയന്തര സഹായങ്ങളെത്തിക്കൽ, ഐക്യരാഷ്ട്രസഭ, സന്നദ്ധസംഘടനകൾ എന്നിവയിലൂടെയുള്ള പുനർനിർമാണം തുടങ്ങിയവ ഇതിലുണ്ട്. ഭരണമാറ്റമാണ് പദ്ധതിയുടെ കാതൽ.
ട്രംപ് അധ്യക്ഷനായ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറെ പോലുള്ള വ്യക്തികൾ ഉൾപ്പെടുന്ന, ‘ബോർഡ് ഓഫ് പീസ്’ എന്ന അന്താരാഷ്ട്ര സമിതിയുടെ മേൽനോട്ടത്തിൽ ഒരു പലസ്തീൻ സമിതി ഗാസ ഭരിക്കും. ഹമാസിനെ നിരായുധീകരിക്കുകയും സംഘത്തിലുള്ളവർക്ക് പൊതുമാപ്പ് നൽകുകയും ചെയ്യും. ഹമാസ് കേന്ദ്രങ്ങളും ടണലുകളും ഇല്ലാതാക്കി ഗാസയെ പുനർനിർമിക്കും.
അമേരിക്ക, അറബ്, പ്രാദേശിക പങ്കാളികൾ അടങ്ങുന്ന ഒരു ഇന്റർനാഷണൽ സ്റ്റെബിലൈസേഷൻ ഫോഴ്സ് (ഐഎസ്എഫ്) പലസ്തീൻ പോലീസിനൊപ്പം സുരക്ഷാപ്രവർത്തനങ്ങൾ നയിക്കും. ക്രമേണ, ഗാസയുടെ ഭരണം പരിഷ്കരിച്ച പലസ്തീൻ അഥോറിറ്റിക്ക് (പിഎ) കൈമാറും. അഥോറിറ്റിയുടെ പരിഷ്കാരനിർദേശങ്ങളും ട്രംപിന്റെ 2020ലെ ‘വികസനത്തിനു സമാധാനം’ പദ്ധതിയും അടിസ്ഥാനമാക്കി പലസ്തീൻ സ്വയംനിർണയത്തിലേക്കും പരമാധികാര രാഷ്ട്രത്തിലേക്കും നീങ്ങും.
നെതന്യാഹു അമേരിക്കൻ പദ്ധതി അംഗീകരിച്ചെങ്കിലും പലസ്തീൻ രാഷ്ട്രം അംഗീകരിക്കില്ലെന്ന നിലപാടിലാണെന്നു റിപ്പോർട്ടുണ്ട്. മധ്യസ്ഥരാജ്യങ്ങളായ ഖത്തറും ഈജിപ്തും നിർദേശങ്ങൾ ഹമാസ് പ്രതിനിധികൾക്കു കൈമാറി. 3-4 ദിവസങ്ങൾക്കകം ഇത് അംഗീകരിച്ചില്ലെങ്കിൽ ദുഃഖകരമായ അന്ത്യമാകും ഫലമെന്ന് ട്രംപ് ഹമാസിന് അന്ത്യശാസനം നൽകിയിട്ടുമുണ്ട്.
1948ൽ ഐക്യരാഷ്ട്രസഭ മുന്നോട്ടുവച്ച ദ്വിരാഷ്ട്രവാദത്തെ തള്ളിക്കളഞ്ഞ പലസ്തീൻ സംഘടനകളുടെയും അറബ് രാഷ്ട്രങ്ങളുടെയും ചരിത്രപരമായ മണ്ടത്തരം തിരുത്താനുള്ള അവസരമായി പദ്ധതിയെ സ്വീകരിക്കാവുന്നതാണ്.‘നദി മുതൽ കടൽ വരെ’ എന്ന മുദ്രാവാക്യം പലസ്തീനികളും യഹൂദരും ഉപേക്ഷിച്ച് പരസ്പരം അംഗീകരിച്ചാൽ ഏറെ സാധ്യതകളുള്ള പദ്ധതിയാണിത്.
1948ൽ പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിനു രണ്ടു വർഷം മുന്പ് പിഎൽഒ നേതാവ് യാസർ അരാഫത്ത്, ഇസ്രയേൽ ഇല്ലാത്ത പലസ്തീനെ സ്വപ്നം കണ്ട് ഉയർത്തിയ മുദ്രാവാക്യമാണ് ‘നദി മുതൽ കടൽ വരെ’, അഥവാ ജോർദാൻ നദി മുതൽ മെഡിറ്ററേനിയൻ കടൽ വരെ എന്നത്. ഇതിനു തിരിച്ചടിയായി 1977ൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി, “കടലിനും ജോർദാനുമിടയിൽ ഇസ്രേലി പരമാധികാരം മാത്രമേ ഉണ്ടാകൂ” എന്നു പ്രഖ്യാപിച്ചു.
കഴിഞ്ഞദിവസം, ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിൽ നെതന്യാഹു ഇത് ആവർത്തിക്കുകയും ചെയ്തു. പല രാജ്യങ്ങളും നിരോധിച്ച ഈ മുദ്രാവാക്യം ബ്രിട്ടനിലെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ഉയർത്തിയതിനാണ് ആൻഡി മക് ഡൊണാൾഡ് എംപിയെ കഴിഞ്ഞദിവസം ലേബർ പാർട്ടി പുറത്താക്കിയത്. ഇന്ത്യയിലെ, പ്രത്യേകിച്ചു കേരളത്തിലെ പലസ്തീൻ അനുകൂല റാലിക്കാരും മുഖ്യമന്ത്രി പിണറായി വിജയനും ഈ മുദ്രാവാക്യം ഉയർത്തിയിരുന്നു.
സിപിഎമ്മിനും കോൺഗ്രസിനും ഇസ്രയേൽ പ്രശ്നം നിലനിൽക്കണമെന്ന് വാശിയൊന്നും ഉണ്ടാകാനിടയില്ലെങ്കിലും, അതിന്റെ പേരിൽ ലഭിക്കാനിടയുള്ള വോട്ടുകൾ ഉപേക്ഷിക്കാനാകില്ല. പലസ്തീൻ പരിഹാരം എന്നതിലുപരി ഇസ്രയേൽ വിരുദ്ധതയുടെ വിൽപ്പന സാധ്യത അവർക്കറിയാം. ഹമാസ് ഇല്ലാത്ത പലസ്തീൻ പരിഹാരത്തിനു പിന്തുണയേറുന്നുണ്ടെന്നത് ആശാവഹമാണ്; ഇസ്ലാമിക തീവ്രവാദത്തിനു തിരിച്ചടിയും.
തങ്ങൾ വംശഹത്യയാണു നടത്തുന്നതെങ്കിൽ ജറുസലെമിലും വെസ്റ്റ് ബാങ്കിലും പലസ്തീൻ നാഷണൽ അഥോറിറ്റിയുടെ കീഴിലുള്ള പ്രദേശങ്ങളിലും എങ്ങനെയാണ് പലസ്തീനികൾ സുരക്ഷിതരായി കഴിയുന്നത്, എന്തിനാണ് ഗാസയിലേക്കുള്ള ഓരോ ആക്രമണത്തിനും മുന്പ് പലസ്തീനികളെ ഒഴിപ്പിക്കുന്നത്, എന്തിനാണ് ഹമാസ് തട്ടിയെടുക്കുന്നതിനിടയിലും പലസ്തീനികൾക്കു ഭക്ഷണവും മരുന്നുമെത്തിച്ചുകൊണ്ടിരിക്കുന്നത്, എന്തിനാണ് സ്വന്തം സുരക്ഷയ്ക്കുവേണ്ടി ഹമാസിനോട് പോരാടുന്നതൊഴിച്ചാൽ ലോകത്ത് ഒരിടത്തും ഒരു മുസ്ലിമിനെയും തങ്ങൾ ലക്ഷ്യമിടാത്തത്? നെതന്യാഹു ഉൾപ്പെടെയുള്ള യഹൂദരുടെ ഈ ചോദ്യങ്ങൾക്ക് കൂക്കിവിളി മറുപടിയാകില്ല.
ലോകത്തിന്റെ അങ്ങേയറ്റം വരെ ജൂതനും ക്രിസ്ത്യാനിക്കും ജീവിക്കാൻ അവകാശമില്ലെന്നു കരുതുന്ന ഹമാസ് ഉൾപ്പെടെയുള്ള ഇസ്ലാമിക തീവ്രവാദികളിൽ വംശീയതയുടെ ലക്ഷണങ്ങൾ കാണാത്തവർക്കു മുന്നിൽ ചോദ്യം ചാകാതെ നിൽക്കും. ഒരു ബോട്ട് യാത്രയുടെ കഥകൂടി പറയാം. ഗാസയിലെ വേദനിക്കുന്ന മനുഷ്യർക്കുള്ള ഭക്ഷണവും മരുന്നുമായി ഗ്രേറ്റ തുംബെർഗ് ഗാസയിലേക്കു പോയത് മനുഷ്യത്വത്തിന്റെ ഭാഗമാണ്.
പക്ഷേ, ഹമാസിന്റെ സഹോദരസ്ഥാപനങ്ങളായ ഇസ്ലാമിക് സ്റ്റേറ്റും ബൊക്കോ ഹറാമും ഉൾപ്പെടെയുള്ള ഭീകരപ്രസ്ഥാനങ്ങൾ വർഷങ്ങളായി നിരവധി രാജ്യങ്ങളിൽ വെടിവച്ചും കഴുത്തറത്തും കൊല്ലുകയും, ക്രൂരമായി ബലാത്സംഗം ചെയ്യുകയും, ജന്മനാടുകളിൽനിന്ന് ആട്ടിപ്പായിക്കുകയും ചെയ്ത ലക്ഷക്കണക്കിനു ക്രൈസ്തവർക്ക് ആശ്വാസമെത്തിക്കുന്നതു പോയിട്ട് അതൊക്കെ ചെയ്തുകൊണ്ടേയിരിക്കുന്ന ഭീകരർക്കെതിരേ ഗ്രേറ്റ ഒരു വാക്കെങ്കിലും ഉരിയാടുന്നതു കേട്ടവരുണ്ടോ?
ഗ്രേറ്റയുടെ ബോട്ടുകളിൽ ഭക്ഷണവും മരുന്നുമാണെങ്കിൽ അതൊഴുകുന്ന കടലിൽ ലിബിയയിലെ സെർത്ത് കടപ്പുറത്ത് ഇസ്ലാമിക തീവ്രവാദികൾ കഴുത്തറത്ത 20 പേരുടേത് ഉൾപ്പെടെ ആയിരക്കണക്കിനു ക്രിസ്ത്യാനികളുടെ ചോരയുണ്ട്. ഗാസയിലെ പലസ്തീനികളുടെ പലായനകാലത്തുതന്നെ അസർബൈജാനിൽനിന്ന് തല്ലിയോടിക്കപ്പെട്ട അർമേനിയൻ ക്രിസ്ത്യാനികളോട് നിങ്ങളൊരു ഐക്യദാർഢ്യവും പ്രകടിപ്പിച്ചിട്ടില്ല.
നൈജീരിയയിലുൾപ്പെടെ നിരവധി രാജ്യങ്ങളിൽ വീണുകൊണ്ടിരിക്കുന്ന ചോര നിങ്ങളുടെയൊക്കെ മൗനംകൊണ്ട് നിലവിളിക്കുകയാണ്. ഗ്രേറ്റയുടേതു ജീവകാരുണ്യപ്രവൃത്തി തന്നെയാണ്. പക്ഷേ, എല്ലാ മനുഷ്യർക്കും അനുവദിച്ചിട്ടില്ലാത്ത ഇത്തരം ജീവകാരുണ്യ ബോട്ടുകൾ മനുഷ്യത്വത്തിന്റെയോ വിശ്വസാഹോദര്യത്തിന്റെയോ തുറമുഖങ്ങളിൽനിന്നു പുറപ്പെട്ടതല്ലെന്ന യാഥാർഥ്യം തുറന്നുപറയേണ്ടതുണ്ട്.
ഇസ്ലാമിക തീവ്രവാദത്തിന്റെ വംശവെറിയും മനുഷ്യാവകാശത്തിന്റെയും വിമോചനപ്പോരാട്ടങ്ങളുടെയും മറയിലുള്ള അതിന്റെ പരകായപ്രവേശവും അവസാനിക്കട്ടെ, ജനാധിപത്യത്തിന്റെയും തീവ്രവാദ പ്രീണനത്തിന്റെയും കൊടി ഒന്നിച്ചു പിടിക്കുന്ന തട്ടിപ്പുരാഷ്ട്രീയം തുലയട്ടെ.
പലസ്തീനികളും യഹൂദരും പരസ്പരം വെറുക്കേണ്ടവരല്ലെന്നു ബോധ്യമുള്ള ഒരു തലമുറ ഗാസയിലും വളർന്നുവരട്ടെ. നദി മുതൽ കടൽ വരെ സമാധാനമെത്തട്ടെ. ഗാസയിലെ ഒടുവിലത്തെ സൈത്തുമരവും മണ്ണടിയുംമുന്പ് മനുഷ്യരാശി അതിന്റെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കട്ടെ.