അടിച്ചുവാരിക്കളയൂ വർഗീയമാലിന്യങ്ങളെ
Wednesday, October 1, 2025 12:00 AM IST
വർഗീയതയുടെ ചപ്പുചവറുകളെ രാഷ്ട്രീയത്തിൽനിന്നും മറ്റ് പൊതു-സ്വകാര്യ ഇടങ്ങളിൽനിന്നുമെല്ലാം നിർമാർജനം ചെയ്യേണ്ട രാജ്യസേവനദിനമാണ് നാളെ; ഗാന്ധിജയന്തി.
ഗാന്ധിഭക്തരിൽനിന്ന് ഗോഡ്സെ ഭക്തരിലേക്കുള്ള ഒരുപറ്റം ഇന്ത്യക്കാരുടെ പരിണാമത്തിന്റെ ചരിത്രംകൂടിയാണ് സമകാലിക ഇന്ത്യൻ രാഷ്ട്രീയം. അതു രാഷ്ട്രീയത്തിന്റെ പരാജയം എന്നതിനൊപ്പം അതിലേക്കു നുഴഞ്ഞുകയറിയ ഗോഡ്സെയുടെ വിജയമായിട്ടാണ് വിലയിരുത്തേണ്ടത്. ഗോഡ്സെ ഒരു ആശയമാണ്; മതരാഷ്ട്രീയത്തിന്റെ ഹിംസാത്മക ആശയം.
അതിനെ തൂക്കിലേറ്റാനാവില്ലെന്നു തിരിച്ചറിഞ്ഞ്, ജാഗ്രത പാലിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയോ പുതുക്കുകയോ ചെയ്യേണ്ട ദിവസമാണ് നാളെ. വർഗീയതയുടെ ചപ്പുചവറുകളെ രാഷ്ട്രീയത്തിൽനിന്നും മറ്റ് പൊതു-സ്വകാര്യ ഇടങ്ങളിൽനിന്നുമെല്ലാം നിർമാർജനം ചെയ്യേണ്ട രാജ്യസേവനദിനം; ഗാന്ധിജയന്തി.
ഗാന്ധിജയന്തിയിൽ എന്തുകൊണ്ട് നാം ഗാന്ധിവധത്തെ പരാമർശിച്ചു എന്നു ചോദിച്ചാൽ, മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മദിനത്തെ മഹത്വരമാക്കിയത് ജനനമല്ല, അദ്ദേഹം പിന്നീട് നയിച്ച ജീവിതമാണ്. സത്യത്തിലും അഹിംസയിലും അടിയുറച്ചുനിന്ന അവിശ്വസനീയമായ രാഷ്ട്രീയത്തിൽനിന്നാണ് മഹാത്മാഗാന്ധി പിറന്നത്.
ഈ രാജ്യത്തെ മുഴുവൻ മനുഷ്യരെയും ഒന്നിച്ചുണർത്തി ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേ നേർക്കുനേർ നിർത്തുകയെന്ന ഏറെക്കുറെ അസാധ്യമായിരുന്ന കാര്യമാണ് അദ്ദേഹം ചെയ്തത്. പക്ഷേ, ഗാന്ധിജി ഉണർത്തിയ ദേശീയബോധത്തോട് അടിയറവു പറഞ്ഞ് സാമ്രാജ്യത്വം പിൻവാങ്ങിയെങ്കിലും, മതമെന്നാൽ വിദ്വേഷവും അക്രമോത്സുകതയും വികലദേശീയതയുമാണെന്ന ആശയത്തെ പിന്തുടർന്ന നഥുറാം ഗോഡ്സെ, അഹിംസയെ അഥവാ ഗാന്ധിയെ പിന്തുടരുകയായിരുന്നു. ഗോഡ്സെ മാത്രമല്ല, ഗാന്ധിയും ആശയമാണ്.
നാം ഏതു തെരഞ്ഞെടുക്കുന്നു എന്നതാണ് ഇന്ത്യയെ കാലാകാലം നിർവചിക്കുന്നത്. സ്വാതന്ത്ര്യസമരകാലത്ത് ഉണ്ടായിരുന്ന രണ്ട് ആശയധാരകളെക്കുറിച്ച്, ‘എന്തുകൊണ്ട് ഞാൻ ഗാന്ധിയെ കൊന്നു’ എന്ന പുസ്തകത്തിൽ ഗോഡ്സെ പറയുന്നുണ്ട്. “എല്ലാത്തിലുമുപരി, വീർ സവർക്കറും ഗാന്ധിജിയും എഴുതുകയും പറയുകയും ചെയ്തതെല്ലാം ഞാൻ സൂക്ഷ്മമായി പഠിച്ചിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ, കഴിഞ്ഞ മുപ്പത് വർഷത്തിനിടയിൽ ഇന്ത്യക്കാരുടെ ചിന്തയെയും പ്രവൃത്തിയെയും രൂപപ്പെടുത്തുന്നതിൽ മറ്റേതൊരു ഘടകത്തേക്കാളും ഈ രണ്ട് പ്രത്യയശാസ്ത്രങ്ങൾ കൂടുതൽ സംഭാവന നൽകിയിട്ടുണ്ട്.
ഇത്തരത്തിലുള്ള വായനയും ചിന്തയുമെല്ലാം ഒരു ദേശസ്നേഹി എന്ന നിലയിലും ലോക പൗരൻ എന്ന നിലയിലും ഹിന്ദുത്വത്തെയും ഹിന്ദുക്കളെയും സേവിക്കുക എന്നതാണ് എന്റെ പ്രഥമ കടമയെന്ന് വിശ്വസിക്കാൻ എന്നെ പ്രേരിപ്പിച്ചു.”രാജ്യം ഒറ്റക്കെട്ടായി സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും നേതാക്കളുൾപ്പെടെ ജയിൽവാസം അനുഭവിക്കുകയും നിരവധിപേർ രക്തസാക്ഷികളാകുകയുമൊക്കെ ചെയ്തുകൊണ്ടിരിക്കേ, രാജ്യത്ത് സമാന്തരമായി വളർത്തപ്പെട്ടുകൊണ്ടിരുന്ന മറ്റൊരാശയം സവർക്കറിന്റേതായിരുന്നു എന്ന് ഗോഡ്സെ സാക്ഷ്യപ്പെടുത്തുകയാണ്.
1948 മേയ് 27 മുതൽ 1949 ഫെബ്രുവരി 10 വരെയായിരുന്നു ഗാന്ധിവധത്തിന്റെ വിചാരണ. വധശിക്ഷയ്ക്കുമേലുള്ള അപ്പീലിൽ 1949 മേയ് അഞ്ചിന് പഞ്ചാബ് ഹൈക്കോടതിയുടെ സിംല സെഷനിൽ നടത്തിയ പ്രസ്താവനയിലാണ് താൻ തെരഞ്ഞെടുത്ത സവർക്കർ ആശയത്തെക്കുറിച്ച് ഗോഡ്സെ പറഞ്ഞത്. 76 വർഷം പിന്നിട്ടു. രാഷ്ട്രപിതാവിനെ മുഖാമുഖം നിന്നു വെടിവച്ചുകൊല്ലാൻ തക്കവിധം ഗോഡ്സെയെ സ്വാധീനിച്ച ആശയം സജീവമാകുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമാണ്.
ഹിന്ദുത്വയെ സേവിക്കലാണ് ദേശസ്നേഹത്തിന്റെയും ലോകപൗരത്വത്തിന്റെയും കടമയെന്നു കരുതുന്ന ഗോഡ്സെയുടെ ഇടുങ്ങിയ വീക്ഷണം രാജ്യത്തെ യഥാർഥ വികസനത്തിൽനിന്നും പുരോഗതിയിൽനിന്നും പിന്നോട്ടടിക്കുകയാണ്. എല്ലാവരുടെയും പങ്ക് ആവശ്യമില്ലെന്നു തോന്നിപ്പിക്കുന്ന രാഷ്ട്രീയനടപടികളെ എങ്ങനെയാണ് രാഷ്ട്രനിർമാണമെന്നു വിവക്ഷിക്കാനാകുന്നത്?
മതം രാഷ്ട്രീയത്തിൽ പിടിമുറുക്കുന്പോൾ ഗാന്ധിജിയുടെ ആത്മകഥയിലെ ചില വാക്യങ്ങൾ ദുരുപയോഗിക്കപ്പെടാൻ സാധ്യതയുള്ളതാണ്. “സത്യമാണ് എന്നെ രാഷ്ട്രീയത്തിലേക്ക് ആകർഷിച്ചത്; മതത്തിന് രാഷ്ട്രീയത്തിൽ ഒരു കാര്യവുമില്ലെന്നു പറയുന്നവർക്ക് മതം എന്താണെന്ന് അറിയില്ലെന്ന് എനിക്ക് നേരിയ സന്ദേഹംപോലുമില്ലാതെ, എല്ലാ വിനയത്തോടെയും പറയാൻ കഴിയും.”
ആത്മകഥയിലെ ഗാന്ധിജിയുടെ വാക്കുകൾ രാഷ്ട്രീയത്തിലെ മതത്തിന്റെ ഇടപെടലുകളെ ന്യായീകരിക്കുന്നുവെന്നു തോന്നിക്കുന്നതാണ്. പക്ഷേ, ഗാന്ധിജി സത്യാന്വേഷണ പരീക്ഷണങ്ങളിലൂടെ സാധ്യമാക്കിയ മതം നാം കണ്ടുകൊണ്ടിരിക്കുന്ന ആചാരാനുഷ്ഠാന-പ്രകടന-വെട്ടിപ്പിടിക്കൽ കേന്ദ്രീകൃതമായ മതവുമായി ഒരു ബന്ധവുമുള്ളതല്ല. അതുകൊണ്ട്, അത്യന്തം മൂല്യാധിഷ്ഠിത ആശയതലത്തിൽ ഗാന്ധിജിയുടെ മത-രാഷ്ട്രീയബന്ധത്തെ നിലനിർത്തിക്കൊണ്ട്, പ്രായോഗിക തലത്തിൽ മതത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽനിന്നു മാറ്റിനിർത്തേണ്ടതുണ്ട്.
നമുക്ക് മതത്തെ സ്വകാര്യവിഷയമായി നിലനിർത്തണം. അധികാരലബ്ധിക്കുവേണ്ടിയുള്ള പോരാട്ടങ്ങളിൽ ഒതുങ്ങുന്നതല്ല രാഷ്ട്രീയമെന്നു മതേതര രാഷ്ട്രീയ പാർട്ടികൾ തിരിച്ചറിയണം. സമൂഹമാധ്യമങ്ങളിലുൾപ്പെടെ വളർന്നു പന്തലിക്കുന്ന മതധ്രുവീകരണത്തെ ചെറുക്കാൻ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർട്ടികളും മതസംഘടനകളും മുൻകൈയെടുക്കണം. മതങ്ങളുടെ നിശബ്ദത വർഗീയതയുടെ ശബ്ദമായി രൂപാന്തരപ്പെടരുത്.
വർഗീയതയുടെ നുഴഞ്ഞുകയറ്റം മതാധിഷ്ഠിത പാർട്ടികളിൽ മാത്രമല്ലെന്നും മറക്കരുത്. അതിനെ ഒഴിപ്പിക്കുന്നതിനു പകരം, പൗരന്റെ ന്യായമായ അവകാശങ്ങളെ മതാടിസ്ഥാനത്തിൽ പരിഹരിച്ചുകൊടുക്കാൻ ശ്രമിക്കുന്ന പാർട്ടികളും വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ്. വർഗീയത സ്വന്തം മതത്തിന്റേതായാൽ ന്യായീകരിക്കുന്ന പ്രലോഭനങ്ങൾക്ക് ആരും വഴങ്ങരുത്. മതേതര ചട്ടക്കൂടുകളെ ബലപ്പെടുത്തുന്ന എന്താണ് കരിക്കുലങ്ങളിലുള്ളതെന്നു നാം പരിശോധിക്കണം.
വിദ്യാർഥികളോടു പറയണം, സ്വന്തം മതത്തെ സേവിക്കുന്നതാണ് ദേശസ്നേഹമെന്നു കരുതുന്ന ഗോഡ്സെയുടേതല്ല, എല്ലാവരെയും ചേർത്തുനിർത്തുന്ന ഗാന്ധിജിയുടേതാണ് ഇന്ത്യയെന്ന്. മാധ്യമങ്ങളും വർഗീയമുക്തമായ രാഷ്ട്രീയത്തിനും രാഷ്ട്രത്തിനും വേണ്ടി പുതിയൊരു സ്വാതന്ത്ര്യസമരത്തിലെന്നപോലെ പങ്കെടുക്കണം.
വൈകിയെങ്കിലും തിരിച്ചറിയൂ, ഇന്ത്യൻ രാഷ്ട്രീയത്തിൽ പിടിമുറുക്കിയ ഗോഡ്സെ സമസ്തമേഖലകളിലേക്കും ചുവടുവയ്ക്കുന്നുണ്ട്. ഗോഡ്സെ തനിച്ചുവരില്ല; വെറുപ്പിന്റെയും ഇതരമത വിദ്വേഷത്തിന്റെയും അതിദേശീയവാദത്തിന്റെയും തോക്ക് അയാളുടെ മസ്തിഷ്കത്തിലും കൈയിലുമുണ്ടാകും. ഉചിതമായ സമയത്ത് അത് പുറത്തെടുക്കുകതന്നെ ചെയ്യും. ജാഗ്രത പാലിക്കുമെന്നു പ്രതിജ്ഞയെടുക്കാനുള്ള ദിവസമാണ് നാളെ; ഗാന്ധിജയന്തി.