പലസ്തീനികളെല്ലാം ഹമാസ് ഭീകരരല്ല
Wednesday, September 24, 2025 12:00 AM IST
ഹമാസ് എന്ന ഭീകരപ്രസ്ഥാനത്തെ വച്ചുപൊറുപ്പിക്കാൻ ഇസ്രയേലിനു ബാധ്യതയില്ല. പക്ഷേ, തിരിച്ചടി പരിധി ലംഘിക്കുന്പോൾ ജനാധിപത്യലോകത്തിന്റെ സമാധാനശ്രമങ്ങളെ വെല്ലുവിളിക്കുകയുമരുത്.
ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിന്റെ പരിഹാരമായി ഏതാണ്ട് ലോകം മുഴുവൻ അംഗീകരിച്ച ദ്വിരാഷ്ട്ര പരിഹാരത്തെ തള്ളിക്കളയുകയോ ദുർബലപ്പെടുത്തുകയോ ചെയ്യുന്നത് ബെഞ്ചമിൻ നെതന്യാഹുവിനല്ലാതെ ഇസ്രയേൽ എന്ന ജനാധിപത്യ രാഷ്ട്രത്തിന് ഗുണകരമാകില്ല. ഹമാസ് ഭീകരർ മാത്രമേ ഗാസയിലുള്ളൂ എന്ന മട്ടിലുള്ള ആക്രമണങ്ങൾക്കെതിരേ കൂടുതൽ രാജ്യങ്ങൾ രംഗത്തു വന്നുകഴിഞ്ഞു.
ഇസ്രയേലിൽനിന്നു തട്ടിക്കൊണ്ടുപോയവരെ മാത്രമല്ല, കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള ഗാസ നിവാസികളെയും ബന്ദികളാക്കി ഹമാസ് നടത്തുന്ന ഭീകരാക്രമണത്തിന് തിരശീല വീഴ്ത്തേണ്ടതു തന്നെയാണ്. പക്ഷേ, ജനാധിപത്യ രാജ്യങ്ങളെയും മാർപാപ്പ ഉൾപ്പെടെയുള്ള മതനേതാക്കളെയുമൊക്കെ അവഗണിച്ച് ജോർദാൻ നദിക്കു പടിഞ്ഞാറ് പലസ്തീൻ എന്ന രാഷ്ട്രം ഇനിയില്ല എന്ന നെതന്യാഹുവിന്റെ മറുപടി ജനാധിപത്യ ലോകക്രമത്തോടുള്ള നിന്ദയും വെല്ലുവിളിയുമാണ്.
ഇസ്രയേലിന്റെ യുദ്ധം ഹമാസിന്റെ വേരറക്കുകയുമില്ല. കാരണം, അതിന്റെ തായ്വേരുകൾ ഗാസയിലല്ല, തീവ്രവാദ മനസുകളിലും വിവിധ ഇസ്ലാമിക രാജ്യങ്ങളുടെ പണത്തിലും മണ്ണിലുമാണ്. ലോകസമാധാനത്തിന്റെ മുഖ്യതടസങ്ങളിലൊന്ന് ഇസ്ലാമിക തീവ്രവാദമാണ്. പക്ഷേ, തീവ്രവാദികളെ ഉന്മൂലനം ചെയ്യാനെന്ന പേരിൽ അവർ പിടിമുറുക്കിയ രാജ്യങ്ങളിലെ ജനങ്ങളെ അപ്പാടെ ശിക്ഷിക്കാനോ ആട്ടിപ്പായിക്കാനോ ആകില്ല.
തീവ്രവാദ സംഘടനകളെ തീറ്റിപ്പോറ്റി ഇന്ത്യയിൽ കൊലപാതകത്തിനിറക്കുന്ന അയൽരാജ്യമായ പാക്കിസ്ഥാനോട് ഇന്ത്യ അങ്ങനെയൊരു സമീപനമല്ല സ്വീകരിച്ചിട്ടുള്ളത്. നിയന്ത്രിത തിരിച്ചടികളെയും നയതന്ത്രങ്ങളെയും ജനാധിപത്യ കൂട്ടുകെട്ടുകളെയുമാണ് അവലംബിക്കുന്നത്. യഹൂദരെയും ക്രിസ്ത്യാനികളെയും ലോകത്തുനിന്ന് ഉന്മൂലനം ചെയ്യുന്നതാണു പരമലക്ഷ്യമെന്നു കരുതുന്ന ഹമാസ് എന്ന മുസ്ലിം ബ്രദർഹുഡ് പോഷകസംഘടനയെയും ഒറ്റക്കെട്ടായി നേരിടാൻ ലോകം ഇനിയെങ്കിലും തയാറാകണം.
ഒപ്പം, ഗാസയെന്നാൽ ഹമാസ് മാത്രമല്ലെന്നും ദ്വിരാഷ്ട്ര പരിഹാരത്തെ തള്ളിക്കളയരുതെന്നുമുള്ള മറ്റു രാജ്യങ്ങളുടെ മുന്നറിയിപ്പുകൾ ഇസ്രയേൽ ചെവിക്കൊള്ളുകയും വേണം. ഒരിക്കൽ പലസ്തീൻ നേതാക്കളും അറബ് ലീഗും തള്ളിക്കളഞ്ഞ ദ്വിരാഷ്ട്ര രൂപീകരണത്തിന് ഇസ്രയേൽ തയാറായാൽ അത്തരമൊരു പലസ്തീനിൽനിന്നു ഹമാസിനെ പുറത്താക്കാനുള്ള പിന്തുണ ഇപ്പോൾ അവർക്കു ലഭിക്കും. പക്ഷേ, ഇസ്രയേൽ വഴങ്ങുന്നില്ല.
നികുതിയുദ്ധത്തിലൂടെ ലോകത്തെ വെറുപ്പിക്കുന്ന ട്രംപിന്റെ പാതയിലാണ് നെതന്യാഹുവും. ഗാസയിലെ മരണം 65,000 കടന്നു. അതിന്റെ ഉത്തരവാദിത്വം ഇസ്രയേലിനു മാത്രമല്ല. 2023 ഒകടോബർ ഏഴിന് ഭീകരാക്രമണം നടത്തി 1,200ലധികം നിരപരാധികളെ കൊല്ലുകയും അതിലേറെപ്പേരെ പരിക്കേൽപ്പിക്കുകയും ഇരുനൂറിലധികം പേരെ ബന്ദികളാക്കി കൊണ്ടുപോകുകയും അവരെ മോചിപ്പിക്കാനുള്ള ആഹ്വാനങ്ങളെ നിരസിക്കുകയും ഗാസ നിവാസികളെ പരിചകളാക്കുകയും ചെയ്ത ഹമാസിനുമുണ്ട്.
ഇന്നലെ ഐക്യരാഷ്ട്രസഭാ ഉച്ചകോടിയിൽ പലസ്തീനെ സ്വതന്ത്രരാജ്യമായി അംഗീകരിച്ച ഫ്രാൻസ് പറഞ്ഞത്, ഈ അംഗീകാരം ഹമാസിനുള്ള തിരിച്ചടിയാണെന്നാണ്. പലസ്തീനുള്ള അംഗീകാരം ഒരിക്കലും ഹമാസിനുള്ളതല്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും പറഞ്ഞു. അതുപോലെ, കാനഡയും ഓസ്ട്രേലിയയുമൊന്നും ഹമാസിനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കാനല്ല പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചത്.
കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ മരണവും പട്ടിണിയും ഒഴിവാക്കാനാണ്. പലസ്തീനെ ഐക്യരാഷ്ട്രസഭയിൽ അംഗീകരിക്കുന്നത് യുദ്ധവിരുദ്ധ സന്ദേശമല്ലാതെ ഒന്നുമല്ല. പൊതുസഭയിലെ ഈ അംഗീകാരത്തിന് അമേരിക്കയുൾപ്പെടുന്ന രക്ഷാസമിതിയിൽ അംഗീകാരം ലഭിക്കുകയുമില്ല. പക്ഷേ, ആ പ്രതികരണത്തെ ഇസ്രയേൽ മാനിക്കേണ്ടതുണ്ടായിരുന്നു.
ഹമാസിന്റെ ഭീകരാക്രമണത്തിൽ ഇസ്രയേലിനൊപ്പം നിന്ന രാജ്യങ്ങളാണ് ഇപ്പോൾ അരുതെന്നു പറയുന്നത്. ബന്ദികളെ മോചിപ്പിക്കണമെന്നും ദ്വിരാഷ്ട്ര പരിഹാരത്തിനു തയാറാകണമെന്നുമാണ് ഫ്രാൻസിസ് മാർപാപ്പയും ഇപ്പോൾ ലെയോ മാർപാപ്പയും ആവശ്യപ്പെട്ടിട്ടുള്ളത്.
തീവ്രവാദം ഒരാശയമാണ്; ഇരവാദംകൊണ്ട് ജനാധിപത്യ പൊതുബോധത്തിൽപോലും സ്ഥാനം പിടിച്ച മാരക വൈറസ്.
ഹമാസും ഇസ്ലാമിക് സ്റ്റേറ്റും പോപ്പുലർ ഫ്രണ്ടും ഉൾപ്പെടെയുള്ള ഭീകരപ്രസ്ഥാനങ്ങളെ വിമോചനപ്പോരാളികളാക്കുന്ന വോട്ട് രാഷ്ട്രീയം ഇന്ത്യയിൽ ഉൾപ്പെടെ വിലപ്പോകുന്നുമുണ്ട്. ഇസ്ലാമിക തീവ്രവാദികൾ കൊന്നൊടുക്കുകയും ജന്മനാടുകളിൽനിന്ന് ആട്ടിപ്പായിക്കുകയും ചെയ്യുന്ന ക്രൈസ്തവരെ കണ്ടില്ലെന്നു നടിക്കുന്ന ആ ‘മനുഷ്യാവകാശ’ നാട്യക്കാരെ കേരളത്തിലും തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്.
ഹമാസിന്റെ സഹസംഘടനകൾ നൈജീരിയയിൽ ദിവസവും കൊന്നൊടുക്കുന്നത് ശരാശരി 30 ക്രിസ്ത്യാനികളെയാണ്. ഈ വർഷം ആദ്യ ഏഴു മാസങ്ങളിൽ ഏഴായിരത്തിലധികം ക്രിസ്ത്യാനികൾ നൈജീരിയയിൽ മാത്രം കൊല്ലപ്പെട്ടെന്നാണ് ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ (ഇന്റർ സൊസൈറ്റി) എന്ന സംഘടനയുടെ കണക്ക്.
പക്ഷേ, ഇതു ചൂണ്ടിക്കാണിച്ച് ഗാസയിലെ മനുഷ്യക്കുരുതി ന്യായീകരിക്കാൻ യഥാർഥ ക്രൈസ്തവർ തയാറാകില്ല. തങ്ങൾക്കു കിട്ടാത്ത നീതി മറ്റുള്ളവർക്ക് കൊടുക്കരുതെന്നു ശഠിക്കുകയുമില്ല. ദിവസങ്ങൾക്കുമുന്പ് ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെസോഗുമായുള്ള കൂടിക്കാഴ്ചയിൽ ബന്ദികളെ മോചിപ്പിക്കണമെന്ന ആഹ്വാനത്തിനൊപ്പം ലെയോ മാർപാപ്പ ഊന്നൽ നൽകിയത് ദ്വിരാഷ്ട്ര പരിഹാരത്തിനാണ്.
സ്വന്തം ജനത ലോകമെങ്ങും ഇസ്ലാമിക തീവ്രവാദികളാൽ കൊല്ലപ്പെടുന്പോഴും ഗാസയിൽ മനുഷ്യത്വത്തിന്റെ കൊടി താഴെയിടാൻ വിസമ്മതിക്കുന്ന നിലപാടാണ് മാർപാപ്പയുടേത്. തീവ്രവാദികൾ പഠിച്ചിട്ടില്ലാത്ത ജനാധിപത്യ മതേതര സന്ദേശങ്ങൾ നെതന്യാഹുവും വായിക്കുന്നില്ലെങ്കിൽ ഗാസയ്ക്കു നേരേ മാത്രമല്ല അനിവാര്യമായ സമാധാനശ്രമങ്ങൾക്കു നേരേയും നെതന്യാഹു തോക്കു ചൂണ്ടുകയാണ്.
ഒരിക്കൽ ഫാസിസത്തിന്റെ മരണച്ചൂളയിൽനിന്ന് അതിജീവനത്തിന്റെ അദ്ഭുതസാക്ഷ്യമായി പുറത്തുവന്ന യഹൂദരെ സുരക്ഷയുടെ പേരു പറഞ്ഞ് നെതന്യാഹു മനുഷ്യത്വമില്ലാത്തവരായി ചിത്രീകരിക്കരുത്.