ശബരിമല സ്വർണക്കവർച്ച: എഫ്ഐആർ സമർപ്പിച്ചു
Tuesday, October 14, 2025 3:06 AM IST
പത്തനംതിട്ട: ശബരിമല സ്വർണക്കവർച്ചയിൽ പ്രത്യേക അന്വേഷണസംഘം റാന്നി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു.
ദ്വാരപാലക ശിൽപ പാളിയിലെ സ്വർണക്കവർച്ച, കട്ടിളയിലെ സ്വർണക്കവർച്ച എന്നിങ്ങനെ രണ്ട് കേസുകളാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. ഇതാണ് ഇന്നലെ ശബരിമലയുടെ നിയമപരിധിയിലുള്ള റാന്നി കോടതിയിൽ എഫ്ഐആറായി എത്തിയത്.
ഏഴ് വർഷംവരെ ശിക്ഷ ലഭിക്കാവുന്ന കവർച്ച, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസവഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ എഫ്ഐആറിൽ ചുമത്തിയിരിക്കുന്നത്. ദ്വാരപാലക ശിൽപപാളി സ്വർണക്കവർച്ചയിൽ 10 പ്രതികളും കട്ടിള അട്ടിമറിയിൽ ഏട്ട് പ്രതികളുമാണുള്ളത്. രണ്ട് എഫ്ഐആറുകളിലും ഉണ്ണിക്കൃഷ്ണൻ പോറ്റിയാണ് ഒന്നാംപ്രതി. രണ്ടു കേസുകളിലും അക്കാലയളവിൽ ചുമതലയിലുണ്ടായിരുന്ന ദേവസ്വം ഉദ്യോഗസ്ഥരെ കുറ്റാരോപിതരാക്കിയിട്ടുണ്ട്.
ശ്രീകോവിൽ വാതിൽ കട്ടിളയിലെ സ്വർണം നഷ്ടമായ കേസിൽ പോറ്റിയുടെ കൂട്ടാളിയായിരുന്ന കല്‍പേഷ് രണ്ടാം പ്രതിയാണ്. 2019ലെ ദേവസ്വം ബോർഡ് ഈ കേസിലെ എട്ടാം പ്രതിയാണ്. ഇതിന്റെ തുടർച്ചയായി പ്രതികളെ നോട്ടീസ് നൽകി വിളിച്ചുവരുത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
ദേവസ്വം ഉദ്യോഗസ്ഥരെയടക്കം ചോദ്യം ചെയ്തശേഷമാകും ദേവസ്വം ബോർഡ് അംഗങ്ങൾക്ക് നോട്ടീസ് കൈമാറുകയെന്നാണ് വിവരം. സിപിഎം പത്തനംതിട്ട ജില്ലാ മുൻ സെക്രട്ടേറിയറ്റംഗവും മുൻ എംഎൽഎയുമായ എ. പത്മകുമാർ പ്രസിഡന്റായിരുന്ന 2019 കാലയളവിലെ ദേവസ്വം ബോർഡിൽ എൻ. വിജയകുമാർ, കെ.പി. ശങ്കർദാസ് എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ. സ്വർണ കട്ടിളപ്പാളി ചെന്പെന്നു വിശേഷിപ്പിച്ച് വീണ്ടും സ്വർണം പൂശാൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ടാണ് ദേവസ്വം ബോർഡ് പ്രതിപ്പട്ടികയിൽ വരുന്നത്.
പ്രതികൾ സ്വാർഥലാഭത്തിനുവേണ്ടി അമൂല്യ ഉരുപ്പടികൾ കടത്തിയെന്നാണ് കേസ്. സ്വർണം പൂശിയ ചെന്പുപാളികൾ എന്നത് ഒഴിവാക്കി, രേഖകളിൽ ചെന്പ് പാളികൾ എന്നു മാത്രം എഴുതി കൈമാറിയതിനു പിന്നിലെ ഗൂഢാലോചനയും എഫ്ഐആറിൽ എടുത്തു കാട്ടുന്നു. 2019 മാർച്ച് 19ന് ദ്വാരപാലക ശില്പ പാളികൾ ദേവസ്വം കമ്മീഷണറുടെ ശിപാർശയിൽ കൈമാറുകയായിരുന്നു. സ്വർണം പൂശിയ ചെന്പുപാളികൾ എന്ന വിവരം മറച്ചുവച്ച ദേവസ്വം കമ്മീഷണർ കേസിൽ മുഖ്യപ്രതി സ്ഥാനത്തുണ്ടാകും.
ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിലെ അംഗങ്ങൾ രണ്ടുദിവസം ശബരിമലയിൽ തങ്ങി പ്രാഥമിക തെളിവെടുപ്പുകളും നടത്തിയിട്ടുണ്ട്. ദ്വാരപാലക ശില്പം, കട്ടിള എന്നിവ അന്വേഷണസംഘം പരിശോധിച്ചു. സ്വര്‍ണം പൂശുന്നതിനായി ഹൈദരാബാദിലേക്കു കൊണ്ടുപോയി തിരികെ കൊണ്ടുവന്ന ദ്വാരപാലക ശില്പപാളികള് ഡ്യൂപ്ലിക്കേറ്റാണെന്ന സംശയം വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ശബരിമലയില്‍നിന്നു കൊണ്ടുപോയ ദ്വാരപാലക ശില്പപാളികള് ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെത്തിച്ചശേഷമാണ് ഉണ്ണിക്കൃഷ്ണന് പോറ്റി ഇവ ചെന്നൈയിലെത്തിച്ചതെന്ന് പറയുന്നു.
2019 ജൂലൈ 19ന് ശബരിമലയിൽനിന്ന് അഴിച്ചെടുത്ത പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലെത്തിയത് 2019 ഓഗസ്റ്റ് 29നാണ്.
പാളികളില്‍ സ്വര്‍ണം പൂശിയ ചെന്നൈ സ്മാര്‍ട്ട്സ് ക്രിയേഷന് അധികൃതരെയും സന്നിധാനത്തു വിളിച്ചുവരുത്തിയിരുന്നു. ചെമ്പ് പാളികളിലാണ് തങ്ങള്‍ സ്വര്‍ണം പൂശിയതെന്നു പറയുന്നു. ഇവരുടെ മൊഴി സംബന്ധിച്ചും അന്വേഷണമുണ്ട്.
പ്രാഥമികാന്വേഷണത്തില്‍ 4.541 കിലോഗ്രാം സ്വര്‍ണത്തിന്റെ കുറവ് ദ്വാരപാലക ശില്പ പാളികളില്‍ വ്യക്തമായിട്ടുണ്ട്. 2019ലേക്ക് പുറത്തേക്കു കൊണ്ടുപോയ സ്വര്‍ണപ്പാളികള്‍ സംബന്ധിച്ച കൃത്യമായ വിവരശേഖരണത്തിനാണ് എസ്ഐടിയും ശ്രമിക്കുന്നത്. തനി തങ്കമായിരുന്ന സ്വര്‍ണപ്പാളികള്‍ ചെമ്പായത് എങ്ങനെയെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് അന്വേഷണം.
അമിക്കസ് ക്യൂറി മടങ്ങി; വീണ്ടും എത്തും
ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച ജസ്റ്റീസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിലുള്ള അമിക്കസ് ക്യൂറി സന്നിധാനത്തെ പരിശോധന താത്കാലികമായി നിർത്തി.
ജസ്റ്റീസ് കെ.ടി. ശങ്കരന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെയാണ് സംഘം മടങ്ങിയത്. ചൊവ്വാഴ്ച ഉച്ചവരെ പരിശോധിച്ചശേഷം സംഘം മലയിറങ്ങി. ഇനി മാസപൂജയ്ക്കുശേഷം ഇവർ വീണ്ടും പരിശോധനകൾക്കായി സന്നിധാനത്തെത്തും. ഇതിനുശേഷമാകും ശബരിമലയിലെ വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന ആറന്മുളയിലെ പ്രധാന സ്ട്രോംഗ് റൂമിലെ കണക്കെടുപ്പ്.
ശനിയാഴ്ചയാണ് ജസ്റ്റീസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന ആരംഭിച്ചത്. ഞായറാഴ്ചയോടെ ഇതു പൂർത്തിയാക്കാനാണ് ആദ്യം ലക്ഷ്യമിട്ടിരുന്നെങ്കിലും ഭക്തർ വഴിപാടായി നൽകിയ പല വസ്തുക്കളുടെയും കൃത്യമായ രേഖകളില്ലാത്തത് കണക്കെടുപ്പിനെ ബാധിച്ചു. രജിസ്റ്ററും മഹസറും സ്റ്റോക്കും തമ്മിൽ വൈരുധ്യമുള്ളതും ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചു.
മഹസറും രജിസ്റ്ററും അനുസരിച്ച് സ്വർണം, വെള്ളി, ചെമ്പ് എന്നിങ്ങനെ തരം തിരിച്ചശേഷം ഇവയുടെ മൂല്യം നിർണയിച്ച് പട്ടിക തയാറാക്കുകയാണ് സംഘം ചെയ്തത്. മഹസറിൽ മാത്രം രേഖപ്പെടുത്തിയിട്ടുള്ളവ, രജിസ്റ്ററിൽ മാത്രമായുള്ളവ, ഇവ രണ്ടിലും ഇല്ലാത്തവ, തൂക്കത്തിൽ വ്യത്യാസമുള്ളവ എന്നിങ്ങനെ തരം തിരിച്ചാണ് പട്ടിക. എല്ലാ വസ്തുക്കളുടെയും തൂക്കവും രേഖപ്പെടുത്തിയിട്ടുണ്ട്.
അന്വേഷണം നടക്കട്ടെ, ബാക്കി പിന്നീട്
തിരുവനന്തപുരം: ശബരിമല സ്വർണവിവാദവുമായി ബന്ധപ്പെട്ട് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ അന്വേഷണം നടക്കുകയാണെന്നും ഈ സാഹചര്യത്തിൽ ഈ വിഷയത്തിൽ പ്രതികരണത്തിനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
കോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണം സംബന്ധിച്ച് ഒരാശങ്കയും വേണ്ട. അന്വേഷണം നടന്നതിനു ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കാം. അന്വേഷണത്തിനു മുന്‍പ് നമ്മൾ എന്തിനാണ് വിധിയെഴുതുന്നത്? അന്വേഷണത്തിൽ സർക്കാർ അല്ല ഇപ്പോൾ വിലയിരുത്തൽ പറയേണ്ടതെന്നും, അന്വേഷണത്തെ ഏതെങ്കിലും വിധത്തിൽ ബാധിക്കുന്ന ഒരു പ്രതികരണവും തന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.