കണ്ണൂർ സ്വദേശിയായ മൂന്നുവയസുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു
Tuesday, October 14, 2025 1:20 AM IST
കണ്ണൂർ: തയ്യിൽ മൈതാനപ്പള്ളി സ്വദേശിയായ മൂന്നുവയസുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. കുട്ടി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സെപ്റ്റംബർ 26നാണ് കുട്ടിക്കു പനി ബാധിച്ചത്. ജില്ലാ ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും കുട്ടി ചികിത്സ തേടി.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രണ്ടു തവണ അപസ്മാരം റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു.
കോഴിക്കോട്ടു നിന്നു തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബിൽ അയച്ച സിഎസ്എഫ് (സെറി ബ്രോ സ്പൈനൽ ഫ്ലൂയിഡ്)ന്റെ പിസിആർ സാമ്പിൾ പരിശോധനയിലാണ് കുട്ടിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. അക്കാന്ത മീബ വിഭാഗത്തിൽപ്പെട്ട അമീബയാണ് രോഗകാരിയായി കണ്ടെത്തിയിട്ടുള്ളത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
രോഗത്തിന്റെ സ്രോതസ് ആരോഗ്യവകുപ്പ് അന്വേഷിച്ചുവരികയാണ്. കുട്ടിയുടെ വീടും പരിസരവും ജില്ലാ ആരോഗ്യവകുപ്പിൽനിന്നുള്ള സംഘം സന്ദർശിച്ചു. വീട്ടിലെയും തൊട്ടടുത്ത വീടുകളിലെയും പ്രദേശത്തെയും വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചു. പ്രദേശത്ത് പനിസർവേ നടത്തും.
അമീബയുടെ സാന്നിധ്യം ഇല്ലാതാക്കാനുള്ള ഫലപ്രദമായ വഴി കിണറുകളുടെ ക്ലോറിനേഷനാണെന്നും കുളിക്കാൻ ഉപയോഗിക്കുന്ന കിണർവെള്ളം ക്ലോറിനേറ്റ് ചെയ്യണമെന്നും അതോടൊപ്പം ശുദ്ധീകരിക്കാത്ത കുളങ്ങളിൽ പൊതുജനങ്ങൾ കുളിക്കുന്നത് ഒഴിവാക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.