ഗവർണറെ കണ്ട് ബിജെപി നേതാക്കൾ
Tuesday, October 14, 2025 1:20 AM IST
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ടു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലാണു നേതാക്കൾ ഗവർണറെ കണ്ടത്.
ദേവസ്വം ബോർഡിന്റെ കഴിഞ്ഞ മുപ്പതു വർഷത്തെ ഇടപാടുകൾ കേന്ദ്ര ഏജൻസിയെകൊണ്ട് അന്വേഷിപ്പിക്കണമെന്നു ഗവർണറോട് ആവശ്യപ്പെട്ടതായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കഴിഞ്ഞദിവസം കോട്ടയത്ത് സമരംചെയ്ത ബിജെപി പ്രവർത്തകർക്കു നേരേ സിപിഎം നടത്തിയ ആക്രമണത്തിൽ അന്വേഷണം നടത്തണമെന്നും അവശ്യപ്പെട്ടു.
നേതാക്കളായ വി. മുരളീധരൻ, കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, അനൂപ് ആന്റണി, എസ്. സുരേഷ്, ആർ. ശ്രീലേഖ എന്നിവരും സംസ്ഥാന അധ്യക്ഷനൊപ്പം ഉണ്ടായിരുന്നു.