കേരളതീരത്തെ ചെറുമത്തി പിടിക്കരുത്; മുന്നറിയിപ്പുമായി കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനം
Tuesday, October 14, 2025 1:20 AM IST
കൊച്ചി: കേരള തീരത്തെ മത്തിക്കുഞ്ഞുങ്ങളെ പിടിക്കരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ).
ചെറുമത്തികള്‍ ധാരാളമായി പ്രത്യക്ഷപ്പെടുന്ന സാഹചര്യത്തില്‍, പിടിക്കാവുന്ന നിയമപരമായ വലുപ്പമായ (എംഎല്‍എസ്) 10 സെന്റിമീറ്ററിൽ താഴെയുള്ള കുഞ്ഞുങ്ങളെ പിടിക്കുന്നത് കര്‍ശനമായി ഒഴിവാക്കണമെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.
മഴയെത്തുടര്‍ന്ന് കടലിന്റെ മേല്‍ത്തട്ട് കൂടുതല്‍ ഉത്പാദനക്ഷമമായതാണ് കേരളതീരത്ത് മത്തി വന്‍തോതില്‍ ലഭ്യമാകാന്‍ കാരണമെന്ന് അടുത്തിടെ സിഎംഎംഎഫ്ആര്‍ഐ പഠനം വ്യക്തമാക്കിയിരുന്നു. എണ്ണത്തില്‍ വര്‍ധനയുണ്ടായതോടെ ഭക്ഷ്യലഭ്യതയില്‍ ക്രമേണ കുറവുണ്ടായതയും അത് വളര്‍ച്ചയെ ബാധിച്ചതായും പഠനം കണ്ടെത്തിയിരുന്നു.
മത്തിയുടെ ലഭ്യതയും വളര്‍ച്ചയും പ്രധാനമായും പാരിസ്ഥിതിക മാറ്റങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഇവയുടെ ലഭ്യതയില്‍ തകര്‍ച്ച നേരിടാതിരിക്കാന്‍ സുസ്ഥിരമായ മത്സ്യബന്ധന രീതികള്‍ സ്വീകരിക്കണം.
ചെറുമത്സ്യബന്ധനം ഒരു തരത്തിലും പ്രോത്സാഹിപ്പിക്കരുത്. സുസ്ഥിരത ഉറപ്പാക്കാനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനം സംരക്ഷിക്കാനും ഇതാവശ്യമാണെന്നും സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ പറഞ്ഞു.
തീരെ ചെറിയ മത്തി പിടിക്കുന്നത് മത്തിലഭ്യതയെ ദോഷകരമായി ബാധിക്കാന്‍ കാരണമാകുമെന്ന് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. യു. ഗംഗയും പറഞ്ഞു.