നവകേരള നിർമിതി: ജനങ്ങളിൽനിന്ന് വിവരശേഖരണം നടത്തുമെന്ന് മുഖ്യമന്ത്രി
Tuesday, October 14, 2025 1:20 AM IST
തിരുവനന്തപുരം: കേരളത്തെ വികസിതരാജ്യങ്ങളിലെ ജനങ്ങൾക്ക് തുല്യമായ ജീവിത നിലവാരമുള്ള നാടാക്കി ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ’നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം’ എന്ന പേരിൽ പഠനപരിപാടിക്ക് തുടക്കം കുറിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
സംസ്ഥാനത്ത് ജനാധിപത്യത്തിന്റെ ഒരു പുതിയ മാതൃക ലോകത്തിനു സമ്മാനിക്കാനുള്ള താറെടുപ്പാണ് നടന്നുകൊണ്ടിരിക്കുന്നത്. നാടിന്റെ വികസനം എന്നത് ജനങ്ങളുടെ ആവശ്യവും അനിവാര്യതയും പ്രതിസന്ധികളും മനസിലാക്കി സമൂഹത്തിലെ ഓരോരുത്തരുടെയും പങ്കാളിത്തം ഉറപ്പു വരുത്തേണ്ട പ്രവർത്തനമാണ്.
ഓരോ ഘട്ടത്തിലും ജനങ്ങളുമായി സംവദിച്ചു കൊണ്ടാണ് സംസ്ഥാന സർക്കാർ നാടിന്റെ പുരോഗതി ഉറപ്പാക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയത്. ഇനിയുള്ള നാളുകളിലും കൂടുതൽ ക്രിയാത്മകമായി അതുറപ്പുവരുത്താൻ സഹായകമായ ബൃഹത്തും സമഗ്രവുമായ ഒരു പഠനപദ്ധതിക്ക് സംസ്ഥാന സർക്കാർ തുടക്കം കുറിക്കുകയാണ്.
നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം എന്ന പേരിൽ നടപ്പാക്കുന്ന ഈ നവകേരള വികസനക്ഷേമ പഠനപരിപാടി കേരളത്തിന്റെ പുരോഗതിക്കും വികസനത്തിനും പുതിയ കരുത്തും ദിശാബോധവും സമ്മാനിക്കുമെന്നത് സുനിശ്ചിതമാണ്. സംസ്ഥാനത്താകെ സന്നദ്ധ സേനാഗംങ്ങൾ ജനങ്ങൾക്ക് അരികിലെത്തിയാണ് ഈ പഠനം നടത്തുക.
ജനങ്ങൾക്ക് പറയാനുള്ളതെല്ലാം സൂക്ഷ്മാംശത്തിൽ കേൾക്കുകയും അഭിപ്രായങ്ങളും നിർദേശങ്ങളും ശേഖരിക്കുകയും ചെയ്യും. അതിന്റെ തുടർച്ചയായി സമഗ്രമായ പഠനറിപ്പോർട്ട് തയാറാക്കും.
അത് ക്രോഡീകരിച്ചും അപഗ്രഥിച്ചും വരുംകാലത്തേക്കുള്ള നാടിന്റെ പുരോഗതി എങ്ങനെയാകണം എന്ന രൂപരേഖയുണ്ടാക്കും. ഇതിലൂടെ നവകേരളത്തിലേക്കുള്ള പാതയിൽ കൂടുതൽ വെളിച്ചവും പ്രതീക്ഷയും പകരാൻ സാധിക്കുമെന്ന് സർക്കാർ പ്രത്യാശിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.