സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസമേഖല രാജ്യത്തിനു മാതൃക: മുഖ്യമന്ത്രി
Tuesday, October 14, 2025 1:20 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിനു മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2031 ന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളം വിദ്യാഭ്യാസ മേഖലയിൽ വൻതോതിലുള്ള മുന്നേറ്റം നടത്തിയ സംസ്ഥാനമാണ്. അതിൽനിന്ന് ഇന്നു കാണുന്ന സമൂഹമായി മാറ്റിയെടുക്കുന്നതിന് ബോധപൂർവമായ ഇടപെടലുകളുണ്ടായി.
അതിൽ നവോത്ഥാന പ്രസ്ഥാനവും നവോത്ഥാന നായകരും വഹിച്ച പങ്ക് വളരെ വലുതാണ്. പഴയ തലമുറയിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർക്കു വേണ്ടി പിന്നീട് സാക്ഷരതാ പ്രസ്ഥാനം ആരംഭിച്ചു. രാജ്യത്തെ വിസ്മയിപ്പിച്ചുകൊണ്ട് സന്പൂർണ സാക്ഷരതാ പ്രഖ്യാപനം നടത്താൻ സാധിച്ചു.
കേരളത്തിന്റെ വിദ്യാഭ്യാസരംഗം രാജ്യം ശ്രദ്ധിക്കുന്ന തലത്തിൽ ഉയർന്നു. സാമൂഹിക പ്രതിബദ്ധതയുള്ള സമൂഹം മുന്നോട്ടു പോകേണ്ടതെങ്ങനെയെന്ന് ധാരണയുള്ള സർക്കാർ അധികാരത്തിൽ വന്നതിന്റെ ഉദാഹരണമായി പൊതുവിദ്യാഭ്യാസ മേഖല മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ആന്റണി രാജു എംഎൽഎ, പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകി, ഡയറക്ടർ എൻ.എസ്.കെ. ഉമേഷ്, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം പ്രഫ. മിനി സുകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.