രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും പൊതുവേദിയിൽ
Tuesday, October 14, 2025 1:20 AM IST
പാലക്കാട്: പിരായിരിയില്‍ റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തടഞ്ഞ് ഡിവൈഎഫ്ഐ പ്രതിഷേധം. പിരായിരി പഞ്ചായത്തിലെ പൂളിക്കുന്നം കോണ്‍ക്രീറ്റ് റോഡിന്റെ ഉദ്ഘാടനത്തിനെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു.
കാറിനുമുകളില്‍ ഡിവൈഎഫ്ഐയുടെ പതാക പുതച്ച് മുദ്രാവാക്യം വിളിച്ചാണു പ്രതിഷേധിച്ചത്. വിവാദങ്ങള്‍ക്കുശേഷം പാലക്കാട് മണ്ഡലത്തിലെത്തിയ രാഹുല്‍ ഇതാദ്യമായാണ് നേരത്തേ അറിയിച്ചുകൊണ്ടുള്ള പരിപാടിയില്‍ പങ്കെടുത്തത്. ഇതിനുമുമ്പ് പങ്കെടുത്ത നാല് പൊതുപരിപാടികളിലും രഹസ്യമായി എത്തുകയായിരുന്നു.
എംഎല്‍എ ഫണ്ടില്‍നിന്നു പത്തുലക്ഷംരൂപ ഉപയോഗിച്ചാണ് പിരായിരിയില്‍ റോഡ് നവീകരിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തുമെന്ന് നേരത്തേ അറിഞ്ഞ് ഡിവൈഎഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തി. എംഎല്‍എക്കെതിരേ ഗോ ബാക്ക് വിളികളുമായി പ്രവര്‍ത്തകർ പ്രതിഷേധിച്ചു.
അതേസമയം ഡിവൈഎഫ്ഐ, ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ രാഹുലിനു പിന്തുണയുമായി കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകരും സ്ഥലത്തെത്തി. പ്രതിഷേധം വകവയ്ക്കാതെ രാഹുലിനെ കാറില്‍നിന്നിറക്കി എടുത്തുയര്‍ത്തി മുദ്രാവാക്യം വിളിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വേദിയിലേക്കെത്തിച്ചത്.
തുടര്‍ന്ന് എംഎൽഎ നാടമുറിച്ച് റോഡ് ഉദ്ഘാടനം ചെയ്തു. എടുത്തുയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ പൊതുപരിപാടി നടക്കുന്ന വേദിയിലേക്കും കൊണ്ടുപോയത്. എംഎല്‍എയ്ക്ക് ആശംസ അറിയിച്ച് പിരായിരി ആറാംവാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി സ്ഥലത്ത് ഫ്ളക്സ് ബോർഡും സ്ഥാപിച്ചിരുന്നു.
പരിപാടിയില്‍ പ്രതിഷേധവുമായി എത്തുമെന്ന് ബിജെപിയും ഡിവൈഎഫ്ഐയും നേരത്തേ അറിയിച്ചിരുന്നു. എംഎല്‍എ ഫണ്ട് കൊണ്ടാണ് റോഡ് നിര്‍മിച്ചിരിക്കുന്നതെന്നും, എംഎല്‍എയാണ് റോഡ് ഉദ്ഘാടനം ചെയ്യേണ്ടതെന്ന ജനങ്ങള്‍ അഭിപ്രായപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തതെന്നു വാര്‍ഡ് മെംബർ എച്ച്. ഷമീര്‍ പ്രതികരിച്ചു.