ദീപികയ്ക്കു നന്ദി അറിയിച്ച് മുനമ്പം ജനത
Tuesday, October 14, 2025 1:23 AM IST
മുനമ്പം: വഖഫ് അവകാശവാദത്തിന്റെ പേരിൽ തങ്ങളുടെ ഭൂമിയിലുള്ള റവന്യു അവകാശങ്ങൾ നിഷേധിക്കപ്പെട്ട തീരജനതയ്ക്കൊപ്പം ശക്തമായ മാധ്യമ നിലപാടെടുത്ത് ഒപ്പം നിന്ന ദീപികയ്ക്കു നന്ദി അറിയിച്ച് മുനമ്പം ഭൂസംരക്ഷണ സമിതിയും പ്രദേശവാസികളും. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന സുപ്രധാനമായ ഹൈക്കോടതി ഉത്തരവ് വന്നതിന്റെ പശ്ചാത്തലത്തിലാണ്, ഭൂസംരക്ഷണ സമിതി നേതാക്കൾ ദീപികയ്ക്കു കത്തിലൂടെ നന്ദി അറിയിച്ചത്.
കത്തിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ:
നൂറ്റാണ്ടുകളായി മത്സ്യബന്ധനത്തെ പ്രധാന ഉപജീവനമാർഗമായി സ്വീകരിച്ച് ജീവിച്ചുവരുന്ന ഒരു സമൂഹമാണ് മുനമ്പം തീരദേശത്ത് വസിക്കുന്നവർ. നിരവധി കോടതി നടപടികൾക്കൊടുവിൽ, 1990കളിൽ മുനമ്പം തീരവാസികൾ ഫാറൂഖ് കോളജിൽനിന്ന് വിലകൊടുത്ത് ഭൂമി വാങ്ങി ആധാരം രജിസ്റ്റർ ചെയ്തു.
എന്നാൽ, താമസക്കാർ അറിയാതെ 2019ൽ വഖഫ് ബോർഡ് ഈ ഭൂമി വഖഫ് രജിസ്റ്ററിൽ ഉൾപ്പെടുത്തുകയും 2022 ജനുവരി 13ന് വില്ലേജ് ഓഫീസ് കരം അടയ്ക്കൽ നിർത്തിവയ്ക്കുകയും ചെയ്തു. തീരദേശത്ത് മാത്രം ഒതുങ്ങിനിന്നിരുന്ന ഈ വിഷയം മാധ്യമങ്ങൾ ഏറ്റെടുത്തതോടെ ഇന്ത്യയൊട്ടാകെ ശ്രദ്ധേയമായ ഒരു വിഷയമായി മാറി.
ഇക്കാര്യത്തിൽ ഏറ്റവും ആദ്യമായും വലിയ തോതിലും പിന്തുണ ഞങ്ങൾക്ക് ലഭിച്ചത് ദീപികയിലൂടെയാണ്. നിരാഹാരസമരം ആരംഭിക്കുന്നതിന് മുമ്പുതന്നെ ദീപിക റിപ്പോർട്ടർമാർ മുനമ്പം തീരത്തെത്തി, കുടുംബങ്ങളെ സന്ദർശിച്ച് വിശദമായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു.
ദീപികയുടെ മാനേജിംഗ് ഡയറക്ടർ, വൈദികർ, മറ്റു ചുമതലക്കാർ എന്നിവരും മുനമ്പം സന്ദർശിച്ച് ഈ വിഷയത്തിന് പിന്തുണ നൽകി. മുനമ്പം വിഷയത്തിനു സ്ഥിരമായ പരിഹാരം ഉണ്ടാകണമെന്നാവശ്യപ്പെട്ട് ഗവൺമെന്റിനോട് ആവശ്യപ്പെട്ടു ദീപിക ശക്തമായി എഡിറ്റോറിയലുകൾ എഴുതിയതും ഞങ്ങൾക്ക് വലിയ അനുഗ്രഹമായി.
മുനമ്പം ഭൂസംരക്ഷണ സമിതി ദീപികയോട് ഏറെ കടപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ഹൃദയപൂർവമായ നന്ദി അറിയിക്കുന്നു. ദീപികയിലെ എല്ലാ ജീവനക്കാർക്കും ഞങ്ങൾ നന്ദി രേഖപ്പെടുത്തുന്നു.
മുനമ്പം ഭൂസംരക്ഷണസമിതി രക്ഷാധികാരി ഫാ. ആന്റണി സേവ്യർ തറയിൽ, ചെയർമാൻ ജോസഫ് റോക്കി പാലയ്ക്കൽ, വൈസ് ചെയർമാൻ ജോസഫ് ബെന്നി കുറുപ്പശേരി എന്നിവർ ചേർന്നാണു കത്ത് നൽകിയത്.
മുനമ്പത്തെ വഖഫ് അവകാശവാദം അന്യായമാണെന്നും ഇവിടത്തെ സാധാരണ ജനതയുടെ ജീവിതത്തിനു വെല്ലുവിളിയാണെന്നും സർക്കാരും കോടതിയും ഇടപെട്ടു ശാശ്വത പരിഹാരമുണ്ടാക്കണമെന്നും വിഷയത്തിന്റെ ആദ്യഘട്ടം മുതൽ ദീപിക നിലപാടെടുത്തു. മുനമ്പം ജനത അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും ആവലാതികളും സംബന്ധിച്ചു നിരവധി വാർത്തകളും ഫീച്ചറുകളും ലേഖനങ്ങളും ദീപിക പ്രസിദ്ധീകരിച്ചിരുന്നു.