വാൽപ്പാറയിൽ കാട്ടാന ആക്രമണം; മുത്തശിയും കുഞ്ഞും മരിച്ചു
Tuesday, October 14, 2025 3:06 AM IST
വാൽപ്പാറ: വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ മുത്തശിയും രണ്ടര വയസുകാരിയും മരിച്ചു. ഉമ്മാണ്ടി മുടക്ക് എസ്റ്റേറ്റിനു സമീപം ഇന്നലെ പുലർച്ചെ രണ്ടരയ്ക്കാണ് സംഭവം.
അസല (55), ഹേമശ്രീ എന്നിവരാണു മരിച്ചത്. ഇന്നലെ പുലർച്ചെ രണ്ടു കാട്ടാനകൾ വീടിന്റെ ജനൽ തകർത്തതോടെ കുഞ്ഞുമായി രക്ഷപ്പെടാൻ പുറത്തിറങ്ങിയതായിരുന്നു മുത്തശി. ഈ സമയം വീടിന്റെ മുൻഭാഗത്ത് നിൽക്കുകയായിരുന്ന മറ്റൊരു കാട്ടാന ഇരുവരെയും ആക്രമിക്കുകയായിരുന്നു. കുഞ്ഞ് തത്ക്ഷണം മരിച്ചു.
പരിക്കേറ്റ അസലയെ വാൽപ്പാറ സർക്കാർ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി വാൽപ്പാറ സർക്കാർ ആശുപത്രിയിലേക്കു മാറ്റി. പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യം പതിവാണെന്ന് നാട്ടുകാര് പറയുന്നു.