കോണ്‍ഗ്രസ് വിശ്വാസ സംരക്ഷണ യാത്രയ്ക്ക് ഇന്ന് തുടക്കം
Tuesday, October 14, 2025 3:06 AM IST
കോഴിക്കോട്: ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്കും വിശ്വാസ വഞ്ചനയ്ക്കുമെതിരേ മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന് കാസര്‍ഗോഡ് മുതല്‍ ചെങ്ങന്നൂര്‍ വരെ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയ്ക്ക് ഇന്ന് കാഞ്ഞങ്ങാട്ട് തുടക്കമാകും.
രാവിലെ പത്തിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് യാത്രയുടെ ഉദ്ഘാടനം നിര്‍വഹിക്കും. വൈകുന്നേരം മൂന്നിന് കണ്ണൂരില്‍ നടക്കുന്ന ആദ്യ സ്വീകരണ പരിപാടി കെ. സുധാകരന് എംപി ഉദ്ഘാടനം ചെയ്യും.
ഇരിട്ടിയില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എയും കല്പറ്റയില് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ എംഎല്‍എയും ഉദ്ഘാടനം ചെയ്യും.
കൊയിലാണ്ടിയില്‍ മുല്ലപ്പള്ളി രാമചന്ദ്രനും കോഴിക്കോട് മുതലക്കുളത്ത് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും നിലമ്പൂരില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ എ.പി. അനില്‍കുമാര്‍ എംഎല്‍എയും മലപ്പുറത്ത് സയിദ് സാദിഖലി ശിഹാബ് തങ്ങളും ഏറ്റൂമാനൂരില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയും ഉദ്ഘാടനം നിര്‍വഹിക്കും.
17ന് വൈകുന്നേരം അഞ്ചിന് ചെങ്ങന്നൂരില്‍ നാല് മേഖല ജാഥകള്‍ സംഗമിച്ച് 18ന് കാരക്കാട് മുതല്‍ പന്തളം വരെ യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തില്‍ പദയാത്രയും നടത്തുമെന്ന് ജാഥാ വൈസ് ക്യാപ്റ്റന്‍ ടി.സിദ്ദിഖ് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജാഥ മാനേജര്‍ കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസ്, ഡിസിസി പ്രസിഡന്റ കെ. പ്രവീണ്‍കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.