മുനമ്പം ഭൂമി: തുടർനടപടി ആലോചിക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചതായി മന്ത്രി രാജീവ്
Tuesday, October 14, 2025 1:23 AM IST
കളമശേരി: മുനമ്പം ഭൂമി വിഷയത്തിൽ ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷൻ ശിപാർശകളിൽ തുടർനടപടി സ്വീകരിക്കുന്നത് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഇന്നലെ യോഗം വിളിച്ചു ചേർത്തതായി നിയമ മന്ത്രി പി.രാജീവ് പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാരിനും മന്ത്രി പി.രാജീവിനും മുനമ്പം സമരസമിതി കഴിഞ്ഞ ശനിയാഴ്ച കളമശേരിയിലെത്തി അഭിനന്ദനം അറിയിച്ചിരുന്നു. കളമശേരി എംഎൽഎ ഓഫീസിൽ എത്തിയാണ് സമരസമിതി ഭാരവാഹികൾ സംസ്ഥാനസർക്കാരിനുള്ള നന്ദി അറിയിച്ചത്. സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികളിൽ സമരസമിതി പൂർണ തൃപ്തി പ്രകടിപ്പിച്ചു. ഫാ. ആന്റണി സേവ്യർ തറയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയെ സന്ദർശിച്ചത്.
മുനമ്പം ഭൂപ്രശ്നപരിഹാരത്തിനായി സംസ്ഥാന സർക്കാർ കമ്മീഷനെ നിയോഗിക്കുകയും ഡിവിഷൻ ബെഞ്ചിൽ അപ്പിൽ പോവുകയും ചെയ്തതുകൊണ്ടാണ് ശാശ്വതപരിഹാരത്തിന് വഴിയൊരുക്കുന്ന കോടതി ഉത്തരവുണ്ടായത് എന്ന സന്തോഷം സമരസമിതി പ്രകടിപ്പിച്ചതായി മന്ത്രി പി .രാജീവ് പറഞ്ഞു.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ ശിപാർശകൾ നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിക്കുന്നത് സംബന്ധിച്ച് ഉടനെ ചർച്ച ചെയ്യും. മുനമ്പം വിഷയത്തിൽ ശാശ്വത പരിഹാരത്തിനാണ് ജസ്റ്റീസ് സി. എൻ രാമചന്ദ്രൻ നായർ കമ്മീഷനെ നിയോഗിച്ചത്. കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.