പേരാമ്പ്രയിലെ പോലീസ് അതിക്രമം; ഷാഫി പറമ്പില്‍ ലോക്സഭാ സ്പീക്കര്‍ക്ക് വീണ്ടും കത്ത് നല്കി
Tuesday, October 14, 2025 1:20 AM IST
കോഴിക്കോട്: ഷാഫി പറമ്പില്‍ എംപിയെ പോലീസുകാര്‍ ലാത്തികൊണ്ട് അടിച്ചെന്ന് റൂറല്‍ എസ്പി സമ്മതിച്ച സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരേ അടിയന്തര നടപടി ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ ലോക്സഭാ സ്പീക്കര്‍ക്കു വീണ്ടും കത്തു നല്കി.
ഒക്ടോബര്‍ പത്തിനു രാത്രി തന്റെ നിയോജകമണ്ഡലത്തില്‍പ്പെട്ട പേരാമ്പ്രയില്വച്ച് യാതൊരു പ്രകോപനവും ഇല്ലാതെ പോലീസ് തന്നെ ക്രൂരമായി ആക്രമിച്ചെന്നും ലാത്തിയടിയേറ്റ് തന്റെ മുഖത്ത് ഗുരുതരമായ പരിക്കുകളെത്തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തേണ്ട സാഹചര്യമുണ്ടായി എന്നും കാണിച്ച് സ്പീക്കര്‍ക്കു കഴിഞ്ഞ ദിവസം കത്തു നല്‍കിയിരുന്നു. എന്നാല്‍ റൂറല്‍ എസ്പി കെ.ഇ. ബൈജു പോലീസ് അതിക്രമം നടന്നതായി ഞായറാഴ്ച വെളിപ്പെടുത്തിയ സാഹചര്യത്തിലാണു രണ്ടാമത് കത്തുനല്‍കിയത്.
കോളജ് യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് നടന്ന പ്രതിഷേധപ്രകടനങ്ങളാണു സംഘര്‍ഷത്തിലേക്കു നയിച്ചിരുന്നത്. സംഘര്‍ഷാവസ്ഥ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് പോലീസ് ലാത്തിച്ചാര്‍ജും ടിയര്‍ ഗ്യാസ് പ്രയോഗവും നടത്തിയത്.
എന്നാല്‍ ലാത്തിച്ചാര്‍ജ് നടത്തിയിട്ടില്ല എന്ന നിലപാടാണ് റൂറല്‍ എസ്പി ആദ്യം സ്വീകരിച്ചിരുന്നത്. എസ്പിയുടെ പ്രസ്താവന വാസ്തവവിരുദ്ധമാണെന്നും ആദ്യകത്തില്‍ എംപി പറഞ്ഞിരുന്നു. അതിനിടെയാണ്, ഞായറാഴ്ച നടന്ന പരിപാടിയില്‍ എംപിയെ പിന്നില്‍നിന്ന് പോലീസ് ലാത്തികൊണ്ട് അടിച്ചെന്ന് എസ്പി സമ്മതിച്ചത്. കുറ്റക്കാരെ കണ്ടെത്തുന്നതിനായി എഐ ടൂളുകള്‍ ഉപയോഗിച്ച് പരിശോധന നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ട പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാതെ പൊതുജനമധ്യത്തില്‍ വച്ച് ദുരുദ്ദേശ്യത്തോടെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തെ പ്പറ്റി സഭയുടെ പ്രിവിലേജ് കമ്മിറ്റി വിശദമായ അന്വേഷണം നടത്തി കുറ്റക്കാരായ പോലീസുകാര്‍ക്കെതിരേ കര്‍ശനമായ നടപടികള്‍ എടുക്കണമെന്ന് എംപി കത്തില്‍ ആവശ്യപ്പെട്ടു.
ജനപ്രതിനിധികള്‍ക്കു സംരക്ഷണം നല്‍കേണ്ട പോലീസ് തന്നെ ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് തടയാനും ജനപ്രതിനിധികളുടെയും പാര്‍ലമെന്റിന്റെയും അന്തസും യശസും നിലനിര്‍ത്താനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനും ഈ വിഷയം ഗൗരവമായി പരിഗണിക്കണമെന്നു കത്തില്‍ പറയുന്നു.