മുനന്പം ഭൂമി തട്ടിപ്പിനെ ഇനിയും വെള്ളപൂശരുത്
Monday, October 13, 2025 12:00 AM IST
ഭരണഘടനയുടെ മതേതര സ്വർണപ്പാളികളെ സംരക്ഷിക്കേണ്ടവരിൽ ചിലർ പാർലമെന്റ് സന്നിധാനത്തിരുന്ന് അതു പൊളിച്ചടുക്കിയ ചരിത്രമാണ് വഖഫ് നിയമത്തിന്റേത്. വഖഫ് ബോർഡിന്റെ മുനന്പത്തെ തട്ടിപ്പുശ്രമം കോടതി കണ്ടെത്തി. ഇതു നീതി നടപ്പാക്കാൻ സർക്കാരിനു കിട്ടിയ സുവർണാവസരമാണ്. വച്ചുതാമസിപ്പിക്കരുത്.
മുനന്പത്തെ മനുഷ്യരുടെ നിലവിളിക്കു കോടതി കാത് നൽകിയിരിക്കുന്നു. 610 കുടുംബങ്ങൾ വിലകൊടുത്തു വാങ്ങിയ കിടപ്പാടത്തിൽ കൈയേറ്റത്തിന്റെ കൊടി കുത്തിയ വഖഫ് ബോർഡിനു മുന്നിൽ ഇന്ത്യൻ രാഷ്ട്രീയം കുന്പിട്ടുനിൽക്കവേയാണ് ഇരകൾക്ക് ആശ്വാസമായി കോടതി നിരീക്ഷണം. മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്നും വഖഫ് ബോർഡിന്റേതു ഭൂമി തട്ടിയെടുക്കാനുള്ള തന്ത്രമാണെന്നുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരാമർശം.
വഖഫ് ട്രൈബ്യൂണലിൽ കേസ് തുടരുന്നതിനാലാണ് മുനന്പത്തേതു വഖഫ് ഭൂമി അല്ലെന്ന് ഉത്തരവിടാത്തതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മുനന്പത്ത് കണ്ണീർ വാർത്തിട്ട്, നിയമസഭയിലും പാർലമെന്റിലും വഖഫ് നിയമ സംരക്ഷണത്തിനു കൈകോർത്തവർക്കുകൂടിയുള്ളതാണ് ഈ കോടതി നിരീക്ഷണം. ഇനി കമ്മീഷനും പഠനവും ചർച്ചയുമല്ല, അനധികൃതമായി വഖഫ് ബോർഡ് കവർന്ന റവന്യു അവകാശങ്ങൾ ഉടമകൾക്കു തിരിച്ചുകൊടുക്കുകയാണു സർക്കാർ ചെയ്യേണ്ടത്.
കോടതി വളച്ചുകെട്ടില്ലാതെ ചൂണ്ടിക്കാട്ടിയ സത്യത്തെ രാഷ്ട്രീയ വ്യാഖ്യാനങ്ങൾകൊണ്ട് അട്ടിമറിക്കരുത്. ഇതാണു സമയം! മുനമ്പത്തേത് വഖഫ് ഭൂമിയായി കണക്കാക്കാന് കഴിയില്ല. 1950ലെ ആധാരപ്രകാരം മുഹമ്മദ് സിദ്ദിഖ് സേട്ട്, കോഴിക്കോട് ഫാറൂഖ് കോളജിന് ഇഷ്ടദാനമായി നൽകിയതാണത്. ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ അത് വഖഫ് അല്ലാതായി മാറി.
ഇതു വഖഫ് ആയി പ്രഖ്യാപിച്ച വഖഫ് ബോർഡിന്റെ 2019ലെ നീക്കം ഏകപക്ഷീയവും നിയമവിരുദ്ധവുമാണ്. ഭൂമി കൈമാറി 69 വർഷത്തിനുശേഷമുള്ള നടപടിയിൽ നീതീകരിക്കാനാകാത്ത കാലതാമസമുണ്ട്. വഖഫ് ട്രൈബ്യൂണലിൽ കേസ് തുടരുന്നതിനാലാണ് മുനന്പത്തേതു വഖഫ് ഭൂമി അല്ലെന്ന് ഉത്തരവിടാത്തത് -ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ കമ്മീഷനെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് കോടതി വിധിക്കുകയും ചെയ്തു.
കഴിഞ്ഞ നവംബറിൽ പ്രശ്നപരിഹാരത്തിനായി സർക്കാർ നിയോഗിച്ച ജുഡീഷൽ കമ്മീഷനെ ഇക്കൊല്ലം മാർച്ചിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. 1954ലാണ് വഖഫ് നിയമം പാസാക്കിയത്. കോൺഗ്രസ് സർക്കാർ 1995ൽ വരുത്തിയ ഭേദഗതിയിലെ 40-ാം അനുഛേദ പ്രകാരം ഏതെങ്കിലും സ്വത്ത് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് വഖഫ് ബോർഡ് കരുതിയാൽ നിലവിലുള്ള ഏതു രജിസ്ട്രേഷൻ ആക്ടിനെയും മറികടന്ന് അതു സ്വന്തമാക്കാം.
ഇരകൾ കോടതിയെ അല്ല, വഖഫ് ട്രൈബ്യൂണലിനെ സമീപിക്കണം. അങ്ങനെ 2019ൽ കൊച്ചി വൈപ്പിൻ ദ്വീപിലെ മുനന്പം വേളാങ്കണ്ണി കടപ്പുറത്തെ 610 കുടുംബങ്ങളുടെ 404 ഏക്കർ ഭൂമിയും വഖഫ് ബോർഡിന്റെ ആസ്തി വിവരത്തിൽ ഉൾപ്പെടുത്തി. 2022 ജനുവരി 13ന് വഖഫ് ബോർഡ് റവന്യു വകുപ്പിനു (കൊച്ചി തഹസീൽദാർക്ക്) നോട്ടീസയച്ചു.
അതോടെ മുനന്പംകാർക്ക് തങ്ങളുടെ ഭൂമിക്കു കരമടയ്ക്കാൻ സാധിക്കാതെയായി. കേസ് ഹൈക്കോടതി സിംഗിൾ ബെഞ്ചിലെത്തിയപ്പോൾ സർക്കാർ തീരുമാനമനുസരിച്ച്, കുടുംബങ്ങൾക്കു കരം അടയ്ക്കാമെന്നു പബ്ലിക് പ്രോസിക്യൂട്ടർ പറയുകയും റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്തു.
പക്ഷേ, 2022 ഡിസംബർ 27ന് ഡിവിഷൻ ബെഞ്ചിലെത്തിയപ്പോൾ, വഖഫ് ഭൂമി കൈവശപ്പെടുത്തിയവർക്കാണ് കരമടയ്ക്കാൻ അനുവാദം കൊടുത്തതെന്ന് പ്രോസിക്യൂട്ടർ നിലപാടു മാറ്റി. ഇതു സർക്കാർ അറിയാതെയാണോ? അതോടെ കരമടയ്ക്കൽ കോടതി റദ്ദാക്കി. അതു പുനഃസ്ഥാപിക്കാനുള്ള അവസരമാണ് 10-ാം തീയതിയിലെ കോടതി പരാമർശത്തിലൂടെ സർക്കാരിനു കൈവന്നിരിക്കുന്നത്.
മതേതരത്വത്തിന്റെ മൂടുപടമിട്ട് ഇന്ത്യൻ രാഷ്ട്രീയം മതമൗലികവാദപ്പുരകളിലേക്കു നടത്തിയ അപഥസഞ്ചാരങ്ങളുടെ സൃഷ്ടിയായിരുന്നു വഖഫ് നിയമം. നിരവധി മനുഷ്യരെ അതു വഴിയാധാരമാക്കുകയും പൊതുമുതലുകൾ കവരുകയും ചെയ്തു. ഒടുവിൽ, മുനന്പത്തെ ഇരകൾ സ്വന്തം മണ്ണിനുവേണ്ടി നിലവിളിക്കുന്പോഴും ആ മതേതരവിരുദ്ധ നിയമത്തിന്റെ ഒന്നാം ഉത്തരവാദിയായ കോൺഗ്രസ് പാർട്ടി തങ്ങളുടെ സൃഷ്ടിയെ ന്യായീകരിക്കാൻ ശ്രമിക്കുകയായിരുന്നു.
വഖഫ് നിയമത്തിലെ കൈയേറ്റാവകാശത്തിന്റെ വാറോലയുമായി മുനന്പത്തെത്തിയ വഖഫ് ബോർഡിനെ നിയന്ത്രിക്കാത്ത സിപിഎം ഉൾപ്പെടെയുള്ള മറ്റു പാർട്ടികളും ഇരയ്ക്കൊപ്പമെന്നു തെറ്റിദ്ധരിപ്പിച്ചു വേട്ടക്കാരനൊപ്പം ഓടി. സമരപ്പന്തലിലേക്കു ബിജെപി എത്തിയത്, രാഷ്ട്രീയ സാധ്യതകളുടെ ആഹ്ലാദത്തെ ഉള്ളിലൊളിപ്പിച്ചു മാത്രമായിരുന്നെന്ന് മുനന്പത്തെ തൊടാതെ അവർ പാസാക്കിയ വഖഫ് ഭേദഗതി നിയമം വെളിപ്പെടുത്തി.
പതിയെപ്പതിയെ ‘മതേതര-ജനാധിപത്യ ജോലികൾ’ തുടരാൻ പാർട്ടിക്കാർ മുനന്പം വിട്ടു. പക്ഷേ, വഖഫ് ഇരകൾക്കു പോകാനിടമില്ലായിരുന്നു. രാഷ്ട്രീയ പിന്തുണയുള്ള വഖഫ് ബോർഡ് പ്രാകൃതനിയമത്തിന്റെ കുതിരപ്പുറത്തേറി വന്നെങ്കിലോയെന്ന ആധിയിൽ അവർ സമരപ്പന്തലിൽ ഉറങ്ങാതിരുന്നു. ഈ കോടതിവിധി, നികൃഷ്ടനിയമം കവർന്ന മുനന്പംജനതയുടെ നഷ്ടജീവിതത്തെ തിരിച്ചുപിടിക്കാനുള്ളതാണ്.
ഇതിനിടെ, കൈയേറ്റ വകുപ്പുകൾ ഉൾപ്പെടെ റദ്ദാക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തെ കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെ അടച്ച് എതിർത്തു. മുനന്പത്ത് അവർ വാരിപ്പൂശിയ മതേതരത്വത്തിന്റെ നിറങ്ങൾ പാർലമെന്റിൽ ഒലിച്ചുപോയി. ബിജെപിക്ക് അവരുടേതായ താത്പര്യങ്ങളുണ്ടാകാം.
പക്ഷേ, ഒരു മുസ്ലിം രാജ്യത്തുപോലും ന്യായീകരിക്കാനാവാത്ത കൈയേറ്റ വകുപ്പുകളാണ് അവർ ഭേദഗതി ചെയ്തതിൽ ഏറെയും. ഇതിനെതിരേ 140 ഹർജികളാണ് സുപ്രീംകോടതിയിലെത്തിയത്. പക്ഷേ, മുനന്പത്ത് ഭൂമി തട്ടിയെടുക്കാൻ സഹായിച്ച 40-ാം വകുപ്പിന്റെ ഭേദഗതിയുൾപ്പെടെയുള്ളവ കോടതി റദ്ദാക്കിയില്ല. വർഗീയ ധ്രുവീകരണത്തെപ്പോലെ തന്നെ, വോട്ടിനുവേണ്ടിയുള്ള പ്രീണനരാഷ്ട്രീയവും ഇന്ത്യൻ രാഷ്ട്രീയത്തെ മലിനമാക്കിയെന്നു തെളിയിക്കുന്നതാണ് മുനന്പം ഭൂമി തട്ടിപ്പുകേസ്.
വഖഫ് നിയമം ഭേദഗതി ചെയ്തതോടെ രാജ്യത്തൊരിടത്തും മുനന്പം ആവർത്തിക്കില്ല. പക്ഷേ, അതിനു മുൻകാല പ്രാബല്യമില്ലാതെ വന്നതോടെ മുനന്പം ഇരകൾ നിരാശയിലായിരുന്നു. അപ്പോഴാണ് രാഷ്ട്രീയം തടഞ്ഞ നീതിയെ കോടതി ഉയർത്തിപ്പിടിച്ചിരിക്കുന്നത്. അന്തിമമായി പറഞ്ഞാൽ, ഇന്ത്യയിലെ ചില രാഷ്ട്രീയ പാർട്ടികളെ സ്വന്തം ആസ്തിപ്പട്ടികയിൽ ഉൾപ്പെടുത്തിയശേഷമാണ് വഖഫ് ബോർഡ് മുനന്പത്തെത്തിയത്.
അല്ലായിരുന്നെങ്കിൽ മുനന്പത്തിന്റെ കണ്ണീരിൽ ചവിട്ടിയെത്തിയ രാഷ്ട്രീയ പാർട്ടികൾ പാർലമെന്റിൽ വഖഫിലെ കൈയേറ്റവകുപ്പുകളെയെങ്കിലും തള്ളിപ്പറയുമായിരുന്നു. ഭരണഘടനയുടെ മതേതര സ്വർണപ്പാളികളെ സംരക്ഷിക്കേണ്ടവരാണ് പാർലമെന്റ് സന്നിധാനത്തിരുന്ന് അതു പൊളിച്ചടുക്കിയത്. ഏതായാലും ഭേദഗതിയുടെ പിൻബലമില്ലാതെതന്നെ വഖഫ് ബോർഡിന്റെ മുനന്പത്തെ തട്ടിപ്പുശ്രമം കോടതി കണ്ടെത്തി. ഇതു നീതി നടപ്പാക്കാൻ സർക്കാരിനു കിട്ടിയ സുവർണാവസരമാണ്. വച്ചുതാമസിപ്പിക്കരുത്.