ആരോഗ്യസുരക്ഷയിൽ അക്രമത്തിന് സ്ഥാനമില്ല
Friday, October 10, 2025 12:00 AM IST
ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും മഹത്തായ സേവനമാണു ചെയ്യുന്നത്. ബോധപൂർവമായ തെറ്റുകളുണ്ടായാൽ നിയമവ്യവസ്ഥ കർശനമായി ഇടപെടണം. ഓരോ രോഗിയുടെയും ജീവൻ വിലപ്പെട്ടതാണ്. അതുപോലെതന്നെയാണ് ആരോഗ്യപ്രവർത്തകരുടെ ജീവനും എന്ന കാര്യം ആരും മറക്കരുത്.
ഞെട്ടിക്കുന്നതാണ് ബുധനാഴ്ച കോഴിക്കോട് ജില്ലയിലെ താമരശേരി താലൂക്ക് ആശുപത്രിയിൽ നടന്നത്. ഡ്യൂട്ടിയിലായിരുന്ന ഡോക്ടർക്കു വെട്ടേറ്റു. അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു മരിച്ച കുട്ടിയുടെ അച്ഛനാണ് ചികിത്സാപ്പിഴവ് ആരോപിച്ച് കൊടുവാൾകൊണ്ട് ഡോ. ടി.പി. വിപിനെ വെട്ടിയത്. വെട്ടേറ്റ ഡോക്ടർക്ക് കുട്ടിയുടെ ചികിത്സയിൽ നേരിട്ട് പങ്കൊന്നും ഉണ്ടായിരുന്നില്ല.
മകൾ നഷ്ടപ്പെട്ട അച്ഛന്റെ വേദനയ്ക്ക് പരിധിയില്ല എന്നതു ശരിതന്നെ. എങ്കിലും താമരശേരിയിൽ നടന്ന സംഭവം ആശങ്കയുളവാക്കുന്ന ഒട്ടേറെ ചോദ്യങ്ങളുയർത്തുന്നുണ്ട്. 2023 മേയ് പത്തിനു പുലർച്ചെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ചതിനുശേഷം ഒരുപാടു കാര്യങ്ങൾ നമ്മൾ കേട്ടു.
കേരളത്തിൽ ആദ്യമായിട്ടായിരുന്നു ഒരു ഡോക്ടർ ആശുപത്രിയിൽവച്ചു കൊല്ലപ്പെടുന്നത്. ഈ കൊലപാതകം നടന്ന് ഒരാഴ്ചയ്ക്കകം ആശുപത്രി സുരക്ഷാ ബില്ലിന് മന്ത്രിസഭ അംഗീകാരം നല്കി. പക്ഷേ, തുടർന്നു ചെയ്യേണ്ട ഒന്നും ചെയ്തില്ലെന്നതിന്റെ തെളിവാണ് താമരശേരിയിൽ നടന്ന സംഭവം. പക്ഷേ, സംവിധാനത്തിന്റെ തകർച്ചയെ മാത്രം പഴിപറഞ്ഞു കൈകഴുകിയിരിക്കാനാകില്ല.
സോഷ്യൽ മീഡിയ വഴി അതിവേഗം പ്രചരിക്കുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രം, പവിത്രമായിരുന്ന ഡോക്ടർ-രോഗി ബന്ധത്തിനു വന്ന അപചയം, വൈദ്യശാസ്ത്രം പഠിച്ച ഡോക്ടറവിടെ നിൽക്കട്ടെ, സോഷ്യൽ മീഡിയ അല്പജ്ഞാനിയായ ഞാൻ പറയാം കാര്യങ്ങൾഎന്ന മനോഭാവം, അപക്വമായ മാധ്യമവിചാരണ, ആൾക്കൂട്ടത്തിലൊളിച്ചു പുറത്തുവിടുന്ന അക്രമവാസന, നിയമവ്യവസ്ഥയിലും നീതിപീഠങ്ങളിലുമുള്ള വിശ്വാസമില്ലായ്മ, വർധിച്ചുവരുന്ന ആശുപത്രിച്ചെലവ്, ബഹുജന നേതൃത്വത്തിന്റെ വിവേകമില്ലായ്മ തുടങ്ങി എത്രയോ കാരണങ്ങൾ ആരോഗ്യപ്രവർത്തകർക്കു നേരേയുണ്ടാകുന്ന അക്രമങ്ങൾക്കു പിറകിൽ ചൂണ്ടിക്കാട്ടാനാകും.
ഒന്നുകിൽ കളരിക്കു പുറത്ത്, അല്ലെങ്കിൽ ആശാന്റെ നെഞ്ചത്ത് എന്ന പഴയ ചൊല്ല് പുതിയ കാലത്തെ സോഷ്യൽ മീഡിയയ്ക്കാണ് ഏറ്റവും യോജിക്കുക. ഒന്നുകിൽ വെട്ടിയ ആളെ അടപടലം പിന്തുണച്ച്, അല്ലെങ്കിൽ ഡോക്ടർമാരെ മുച്ചൂടും എതിർത്ത്... അതാണ് സമൂഹമാധ്യമങ്ങളിൽ കാണുന്നത്. പോരാത്തതിന്, വെറുപ്പിന്റെ ക്രൂരമായ വാക്കുകളാണ് വിഷംചീറ്റി പുറത്തുവരുന്നത്. തികച്ചും ഏകപക്ഷീയവും അക്രമാസക്തവുമായ പ്രതികരണങ്ങൾ.
വസ്തുതകളുടെ സൂക്ഷ്മമായ വിലയിരുത്തലില്ല, ഔചിത്യം തൊട്ടുതേച്ചിട്ടില്ല, ആക്രോശങ്ങൾ മാത്രം. ഇന്റർനെറ്റിൽനിന്നു കിട്ടുന്ന അറിവുകൾ വച്ച് എല്ലാറ്റിന്റെയും അവസാനവാക്ക് തങ്ങളാണെന്നു കരുതുന്നവരുടെ എണ്ണം കൂടിവരുന്നതും എരിതീയിൽ എണ്ണയൊഴിക്കുന്നുണ്ട്. ഇതിനു ചൂട്ടുപിടിക്കുന്നതാണ് ഇതേ മനോഭാവത്തോടെ അറിവില്ലായ്മയും അപക്വതയും ചേർത്ത് ചില മാധ്യമങ്ങൾ നടത്തുന്ന വിചാരണകൾ.
ഒരു രോഗിക്കെന്തെങ്കിലും സംഭവിച്ചാൽ അതെല്ലാം ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും ആശുപത്രികളുടെയും കുഴപ്പമാണെന്ന മുൻവിധി ഏറിവരുന്നതും അക്രമസംഭവങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. ഏറ്റവും ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യമാണ് പരന്പരാഗത ഡോക്ടർ-രോഗി ബന്ധത്തിൽ വന്ന തകർച്ച.
രോഗികളോടും പരിചാരകരോടും ഒന്നും പറയേണ്ടതില്ലെന്ന ചില ഡോക്ടർമാരുടെ ധാർഷ്ട്യവും ഡോക്ടർ പറയുന്നതൊന്നും കേൾക്കാൻ തയാറാകാത്ത രോഗിയും പരിചാരകരും പ്രശ്നങ്ങൾ സങ്കീർണമാക്കുന്നു. ഇക്കാര്യത്തിൽ ഐഎംഎ പോലുള്ള പ്രഫഷണൽ സംഘടനകൾക്ക് കാര്യമായി ചെയ്യാൻ കഴിയും. തനിക്കു ലഭിക്കുന്ന ചികിത്സയെക്കുറിച്ചും താൻ കഴിക്കുന്ന മരുന്നുകളെക്കുറിച്ചും അറിയുകയെന്നത് രോഗിയുടെ അവകാശമാണ്.
അതുപോലെതന്നെ പ്രധാനമാണ് അറിവും പരിചയസന്പത്തുമുള്ള ഡോക്ടറുടെ വാക്കുകളെ വിശ്വാസത്തിലെടുക്കുകയെന്നതും. ഇന്റർനെറ്റും മറ്റും നല്കുന്ന യാഥാർഥ്യമല്ലാത്ത പ്രതീക്ഷകൾ നിരാശയിലേക്കും അക്രമത്തിലേക്കും നയിക്കാറുണ്ട്. സംവിധാനത്തിലെ പോരായ്മകളും സംഘർഷത്തിനു കാരണമാകുന്നു. ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും എണ്ണത്തിലുണ്ടാകുന്ന കുറവ് ചികിത്സയുടെ ഗുണമേന്മയെ പ്രതികൂലമായി ബാധിക്കും.
അധികസമ്മർദത്തിനടിപ്പെട്ടു ജോലി ചെയ്യേണ്ടിവരുന്നവർ സ്വന്തം ജീവനും കാക്കണമെന്ന അവസ്ഥ കാര്യങ്ങൾ കൈവിട്ടുപോകുന്നിടത്തെത്തിക്കും. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ ഇനിയെങ്കിലും പൂർണമനസോടെ പ്രവർത്തിക്കണം. നിയമം കർശനമാക്കണം. ആശുപത്രികളിലെ സൗകര്യം മെച്ചപ്പെടുത്തണം. ആരോഗ്യപ്രവർത്തകരുടെ എണ്ണത്തിലുള്ള കുറവ് നികത്തണം.
അതുപോലെ ആരോഗ്യപ്രവർത്തകരും മാറിയ കാലത്തിനനുസരിച്ച് പക്വതയോടെ രോഗികളും പരിചാരകരുമായി ഇടപെടണം. ഇരുകൂട്ടർക്കുമിടയിൽ വ്യക്തമായ ആശയവിനിമയം നടക്കണം. സംഘർഷങ്ങളുണ്ടാകുന്പോൾ അതു വഷളാകാതെ നോക്കാൻ സാമൂഹ്യപ്രവർത്തകരും ജനപ്രതിനിധികളും നേതാക്കളും കരുതലോടെ ഇടപെടണം. ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും മഹത്തായ സേവനമാണ് ചെയ്യുന്നത്.
തങ്ങൾ ചികിത്സിക്കുന്ന രോഗിയുടെ ജീവൻ നഷ്ടപ്പെടാൻ ബോധപൂർവം ആരും ആഗ്രഹിക്കില്ലല്ലോ. ബോധപൂർവമായ തെറ്റുകളുണ്ടായാൽ നിയമവ്യവസ്ഥ കർശനമായി ഇടപെടണം. ഓരോ രോഗിയുടെയും ജീവൻ വിലപ്പെട്ടതാണ്. അതുപോലെതന്നെയാണ് ആരോഗ്യപ്രവർത്തകരുടെ ജീവനും എന്ന കാര്യം ആരും മറക്കരുത്.