ഇനി ഭരണക്കാരും നമ്മളുമാണ് ഉത്തരവാദികൾ
Wednesday, August 13, 2025 12:00 AM IST
“കുട്ടികൾ ഒരു കാരണവശാലും പേവിഷബാധയ്ക്ക് ഇരയാകരുത്. തെരുവുനായ്ക്കളെ പേടിക്കാതെ അവർക്കു സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം വളർത്തുന്നതാകണം നടപടി. ഇതിൽ ഒരു വികാരത്തിനും സ്ഥാനമില്ല” -വിധിയിൽ സുപ്രീംകോടതി വ്യക്തമായി പറഞ്ഞു. ഇനി ഭരണാധികാരികളും നമ്മളുമാണ് ഉത്തരവാദിത്വം കാണിക്കേണ്ടത്.
ഒടുവിൽ സുപ്രീംകോടതിയും അംഗീകരിച്ചു. തെരുവുനായ്ക്കളുടെ പ്രശ്നം അതീവരൂക്ഷമാണ്. രാജ്യതലസ്ഥാനത്തെ എല്ലായിടത്തുനിന്നും തെരുവുനായ്ക്കളെ പൂർണമായും നീക്കംചെയ്യണമെന്ന് ഡൽഹി സർക്കാരിനോട് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കർശനനിർദേശം നല്കിയിരിക്കുന്നു.
ഇതു നടപ്പാക്കാൻ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും കോടതി പറഞ്ഞു. ഏതെങ്കിലും വ്യക്തിയോ സംഘടനയോ നടപടിക്രമങ്ങൾ തടസപ്പെടുത്തിയാൽ നിയമനടപടി ഉറപ്പാണെന്നും പറഞ്ഞതോടെ പരമോന്നത നീതിപീഠത്തിന്റെ നിലപാട് സുവ്യക്തം. ഡൽഹിയിൽ മാത്രമല്ല, രാജ്യമെങ്ങും തെരുവുനായ്ക്കളുടെ പ്രശ്നം രൂക്ഷമാണ്. പിഞ്ചുകുഞ്ഞുങ്ങളും വൃദ്ധരും തെരുവുനായ്ക്കളുടെ കടിയേറ്റു മരിക്കുന്നു. എത്രയോ പേർ കടിയേറ്റു വിഷമതകൾ സഹിക്കുന്നു.
വാക്സിനെടുത്തിട്ടും പേവിഷബാധയേൽക്കുന്ന ഭീതിദമായ അവസ്ഥ. രാജ്യമാസകലം ഈ വിധിയുടെ തുടർച്ചയും നടപടിയുമുണ്ടാകുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്ന കാര്യം. വിധി നടപ്പാക്കാനുള്ള നടപടികൾ അധികാരികൾക്കു തീരുമാനിക്കാമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. അതിനായി ഒരു സേനയെ നിയോഗിക്കണമെങ്കിൽ അതും ചെയ്യാം. തെരുവുനായ്ക്കളെ ഡോഗ് ഷെൽട്ടറുകളിലേക്കു മാറ്റണം. പിന്നെയുമുണ്ടു പല നടപടിക്രമങ്ങളും.
അതേസമയം, മുന്നോട്ടുള്ള കാര്യങ്ങൾ അത്ര എളുപ്പമല്ല. ഇക്കാര്യങ്ങൾ നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ നിരത്തി ഭരണരംഗത്തുള്ളവരും, അനുകന്പയുടെ പേരിൽ മറ്റു പലരും രംഗത്തുവന്നിട്ടുണ്ട്. ഇവരിൽ മന്ത്രി എം.ബി. രാജേഷും ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുമുണ്ട്. ഷെൽട്ടറുകളിൽ അടയ്ക്കുക എന്നതു നാളെ കേരളത്തിനു ബാധകമാക്കിയാലും പ്രായോഗികമാകുമെന്നു തോന്നുന്നില്ല എന്നാണു മന്ത്രി എം.ബി. രാജേഷ് പറഞ്ഞത്.
എബിസി കേന്ദ്രം തുടങ്ങാൻപോലും നാട്ടുകാർ എതിർക്കുകയാണ് എന്നു മന്ത്രി പറയുന്നു. അപ്പോൾ നൂറുകണക്കിനു നായ്ക്കളെ പാർപ്പിക്കുന്ന ഷെൽട്ടർ പണിയാൻ പോയാലോ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. പട്ടി കടിക്കാനും പാടില്ല, ഷെൽട്ടറോ എബിസി കേന്ദ്രമോ തുടങ്ങാനും പാടില്ല എന്ന പലരുടെയും മനോഭാവത്തെയും മന്ത്രി വിമർശിച്ചു. കേരളത്തിലെ സ്ഥലലഭ്യതയുടെ പ്രശ്നവും മന്ത്രി രാജേഷ് ചൂണ്ടിക്കാട്ടുന്നു.
ഇപ്പറഞ്ഞതിൽ വാസ്തവമുണ്ട്. പക്ഷേ, പ്രശ്നം രൂക്ഷമാണെന്നു മന്ത്രിയും സമ്മതിക്കുന്നുണ്ട്. പ്രശ്നമുണ്ടെന്നുറപ്പിച്ചാൽ പരിഹാരം കണ്ടെത്തിയേ തീരൂ. അതിനാണല്ലോ ഭരണകൂടവും സംവിധാനങ്ങളും. ഈ വിഷയത്തിലാകട്ടെ സമവായത്തിനു വലിയ ബുദ്ധിമുട്ടുമില്ല. പാർട്ടിയും ജാതിയും മതവുമൊന്നും നോക്കിയല്ലല്ലോ പട്ടി കടിക്കുന്നത്.
എല്ലാവരെയും സഹകരിപ്പിച്ച് പരിഹാരം കണ്ടെത്തുകയാണു വേണ്ടത്. മന്ത്രിയല്ലാതെ മറ്റാരാണ് അതിനു മുൻകൈയെടുക്കേണ്ടത്? കോടതി കണ്ട ഗൗരവം ഭരണനിർവഹണം നടത്തുന്നവരും പ്രശ്നത്തിനു കൊടുത്തേ മതിയാകൂ. നായ്ക്കളെയെല്ലാം കൊന്നൊടുക്കാൻ കോടതി പറഞ്ഞിട്ടില്ല. മനുഷ്യരുടെ ജീവനും ജീവിതത്തിനും അല്പംകൂടി പ്രാധാന്യം കൊടുക്കുന്നു എന്നേയുള്ളൂ. ആ നിലയ്ക്ക് മൃഗസ്നേഹികൾക്കും അവരുടേതായ നിലയ്ക്ക് ഈ യജ്ഞത്തിൽ സഹകരിക്കാവുന്നതേയുള്ളൂ.
ഇതുമായി ബന്ധപ്പെട്ട മറ്റൊരു വിഷയവുമുണ്ട്. വളർത്തുനായ്ക്കളുടെ ഉടമസ്ഥരുടെ ഉത്തരവാദിത്വമില്ലായ്മയാണത്. ഇന്ത്യയിൽ ആറു കോടിയിലധികം തെരുവുനായ്ക്കളുണ്ടെന്നാണ് ഏകദേശ കണക്ക്. 2024ൽ ഇന്ത്യയിലെ വളർത്തുനായ്ക്കളുടെ എണ്ണം ഏകദേശം മൂന്നു കോടിയായിരുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വളർത്തുനായ്ക്കളുടെ എണ്ണവും നായകൾക്കുള്ള ഭക്ഷണത്തിന്റെ വിപണിയും പ്രതിവർഷം 10-15% നിരക്കിൽ വർധിക്കുന്നുമുണ്ട്.
ഇന്ത്യയിൽ വളർത്തുനായ്ക്കൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കുന്ന ദേശീയ നിയമങ്ങളില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നിയമങ്ങളുള്ള ചില നഗരങ്ങളിലാണെങ്കിൽ നടപ്പാക്കൽ ഫലപ്രദവുമല്ല. നായ്ക്കളെ വന്ധ്യംകരിക്കുകയോ വാക്സിൻ നൽകുകയോ ചെയ്യുന്നതും നിർബന്ധമല്ല.
ഉടമകൾക്ക് ഉത്തരവാദിത്വമില്ലാത്തതിനാൽ, ദിവസവും നൂറുകണക്കിന് വളർത്തുനായ്ക്കളെയും കുഞ്ഞുങ്ങളെയും തെരുവുകളിൽ ഉപേക്ഷിക്കുന്നുണ്ട്. കൂടാതെ, ആയിരക്കണക്കിനു വളർത്തുനായ്ക്കളെ തെരുവിൽ അലയാൻ വിടുകയോ കൂട്ടിൽനിന്നു രക്ഷപ്പെട്ട് തെരുവുനായ്ക്കളുമായി ഇണചേരാൻ അനുവദിക്കുകയോ ചെയ്യുന്നു.
അതുകൊണ്ട്, സർക്കാരുകളും എൻജിഒകളും തെരുവിലുള്ള നായ്ക്കളെ വന്ധ്യംകരിക്കുമ്പോൾതന്നെ, അശ്രദ്ധരായ ഉടമകൾ കാരണവും തെരുവുനായ്ക്കളുടെ എണ്ണം കൂടുന്നു. ഈ സാഹചര്യത്തിൽ, ഉയർന്ന പ്രജനനശേഷിയുള്ള വളർത്തുനായ്ക്കളെ എബിസി പദ്ധതികളിൽ ഉൾപ്പെടുത്തണമെന്നാണ് വിദഗ്ധർ പറയുന്നത്. വളർത്തുനായ്ക്കളെ രജിസ്റ്റർ ചെയ്യാനും വന്ധ്യംകരിക്കാനും ഉടമകൾക്ക് സർക്കാർ ആനുകൂല്യങ്ങൾ നൽകണമെന്നും നിർദേശമുണ്ട്. പ്രജനനം നടത്തുന്ന നായകൾക്ക് ഉയർന്ന നികുതിയും ചുമത്താവുന്നതാണ്.
“കുട്ടികൾ ഒരു കാരണവശാലും പേവിഷബാധയ്ക്ക് ഇരയാകരുത്. തെരുവുനായ്ക്കളെ പേടിക്കാതെ അവർക്കു സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം വളർത്തുന്നതാകണം നടപടി. ഇതിൽ ഒരു വികാരത്തിനും സ്ഥാനമില്ല” -വിധിയിൽ സുപ്രീംകോടതി വ്യക്തമായി പറഞ്ഞു. ഇനി ഭരണാധികാരികളും നമ്മളുമാണ് ഉത്തരവാദിത്വം കാണിക്കേണ്ടത്.