ഹൈറേഞ്ച് ജനത കുറ്റവാളികളോ?
സർക്കാർ നടപ്പാക്കുന്ന ഭൂപതിവ് ചട്ടഭേദഗതി ഹൈറേഞ്ച് ജനതയെ ഒന്നടങ്കം കുറ്റവാളികളായി ചിത്രീകരിക്കുന്നതിനു തുല്യമാണെന്ന് ആക്ഷേപം ശക്തമാകുന്നു. സർക്കാർ പതിച്ചുനൽകിയ ഭൂമിയിൽ കെട്ടിടവും വീടുമൊക്കെ നിർമിച്ച ജനങ്ങൾ എന്തോ കുറ്റം ചെയ്തു എന്ന മട്ടിലാണ് ഇപ്പോൾ ക്രമവത്കരിക്കാൻ നിർദേശം വന്നിരിക്കുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. മറ്റു ജില്ലകളിലെപ്പോലെ എല്ലാവിധ അവകാശങ്ങൾക്കും അർഹതപ്പെട്ട ജനതയെയാണ് സർക്കാർ ഇങ്ങനെ തരം താഴ്ത്തിയിരിക്കുന്നതെന്നാണ് വിമർശനം.
1958ലും 1960ലും 1964ലും ഇന്ത്യൻ നിയമവ്യവസ്ഥ അനുസരിച്ച് നിയമവും ചട്ടവും അനുസരിച്ച് മാറ്റിപ്പാർപ്പിച്ചവരെ അല്ലെങ്കിൽ ഇവിടെ ജീവിക്കാനെത്തിയവരെ സർക്കാർ സ്ഥിരപ്പെടുത്തി. ഇവരാണ് ഇപ്പോൾ സർക്കാരിനു മുന്നിൽ അപരാധികളായിരിക്കുന്നത്.
എന്നാൽ, ഈ നൂലാമാലകൾക്കെല്ലാം തുടക്കമിട്ടത് സർക്കാരിന്റെ തന്നെ പിടിപ്പുകേടും. 2010ലെ ഒരു കേസും 2016ൽ അതിലുണ്ടായ കോടതിവിധിയുമാണ് നിർമാണങ്ങളെ കുരുക്കിലാക്കിയത്. 1964ൽ സംസ്ഥാനത്തെ ഉദ്യോഗസ്ഥർ ചമച്ചു മന്ത്രിസഭയുടെ അംഗീകാരം നേടിയ ചട്ടത്തിലെ വ്യവസ്ഥകൾ ഹൈറേഞ്ചുകാർ ലംഘിച്ചുവെന്നാണ് 2016ൽ സർക്കാർ കോടതിയിൽ അറിയിച്ചത്. പട്ടയഭൂമി കൃഷിക്കും വീടിനുമല്ലാതെ ഉപയോഗിക്കാൻ അനുവാദമില്ലെന്നായിരുന്നു സർക്കാർ വാദം. നിയമങ്ങളും ചട്ടങ്ങളും വ്യവസ്ഥകളും അനുസരിച്ച് ബന്ധപ്പെട്ട ഓഫീസുകളിൽ അപേക്ഷയും ഫീസും പ്ലാനും ചെലാനും പണവും അടച്ച് അധികാരിയുടെ പരിശോധനകളും എല്ലാം പൂർത്തിയാക്കി വീടും കെട്ടിടങ്ങളും നിർമിച്ചവരെ കോടതിയിലെ ഒറ്റ വാദംകൊണ്ട് സർക്കാർ പ്രതിക്കൂട്ടിലാക്കി. റവന്യു വകുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ധനകാര്യ വകുപ്പിനും ചുങ്കവും പതാരവും നൽകിയിരുന്നവരെയാണ് ഇങ്ങനെ കുഴപ്പത്തിലാക്കിയത്.
പുതിയ ചട്ടം ദുരുദ്ദേശ്യമോ?
1964ലെ ഭൂപതിവുചട്ടമനുസരിച്ച് കേരളത്തിൽ വ്യാപകമായി സർക്കാർ ഭൂമി പതിച്ചു നൽകിയിട്ടുണ്ട്. ഹൈറേഞ്ചിലാണ് കൂടുതൽ ഭൂമി പതിച്ചു നൽകിയിട്ടുള്ളത്. അതിന് പ്രത്യേക സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളുണ്ട്. രാജ്യത്ത് നിലനിന്നിരുന്ന ഭക്ഷ്യക്ഷാമം പരിഹരിക്കുകയെന്ന മുഖ്യ ഉദ്ദേശ്യം ഈ ഭൂപതിവിനുണ്ടായിരുന്നു. ലക്ഷ്യം വ്യക്തമാക്കുന്നതുപോലെ കൃഷിക്കും അവർക്കു താമസിക്കാൻ വീടു വയ്ക്കാനുമാണ് അന്ന് ഭൂമി നൽകിയത്. അപ്പോൾ ഈ ഭൂമിയുടെ ഗുണകരമായ ഉപയോഗത്തിനു വ്യാപാരശാലകളും പള്ളിക്കൂടങ്ങളും ആശുപത്രിയും ഫാക്ടറിയും മറ്റും വേണ്ടിവരുമെന്ന് കാണാനുള്ള ദീർഘവീക്ഷണം അന്നുണ്ടായിരുന്നവർക്ക് ഇല്ലാതെപോയതു തെറ്റായെങ്കിൽ മാപ്പുകൊടുക്കാമല്ലോ. അതിനുശേഷം പ്രദേശം നഗരമായും ടൗണുകളായും വളർന്നപ്പോൾ ആവശ്യമായ കൂട്ടിച്ചേർക്കലുകൾ നടത്തി ജനങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനുള്ളതാണ്. അല്ലാതെ നിയമത്തിന്റെ മറപിടിച്ച് ജനങ്ങളെ വേട്ടയാടാനുള്ള അധികാരമല്ല ജനങ്ങൾ നൽകിയിരിക്കുന്നത്.
താരിഫ് വിലയുടെ 50 ശതമാനം വരെ പിഴ ഈടാക്കി നിർമാണം ക്രമവത്കരിക്കാനുള്ള നീക്കം കൊള്ളയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഭൂ പതിവു ചട്ടത്തിലെ ഭേദഗതി അനുസരിച്ച് 7-6- 2024 വരെയുള്ള നിർമാണങ്ങൾ ഭൂമിയുടെ താരിഫ് വിലയുടെ 50 ശതമാനം വരെ പിഴ ചുമത്തി ക്രമവത്കരിക്കുമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്. സെന്റിന് ഏഴു മുതൽ 15 ലക്ഷം രൂപ വരെ താരിഫ് വിലയുള്ള ഭൂമി ഹൈറേഞ്ചിലുണ്ട്.
താരിഫ് വില നിശ്ചയിച്ചത് സർക്കാരാണ്. അതിന്റെ മാനദണ്ഡം ടൗണുകളുടെ വ്യാപാരസാധ്യതയാണ്. ടൗണുകൾ ഉണ്ടായത് സർക്കാരിന്റെ ഇപ്പോഴത്തെ വിവക്ഷ അനുസരിച്ച അനധികൃത നിർമാണങ്ങളിലൂടെയാണ്. ഉദാഹരണത്തിന്, കട്ടപ്പന ടൗണിൽ വ്യാപാരസാധ്യത വർധിച്ചതനുസരിച്ച് സെന്റിനു 10 ലക്ഷം രൂപ താരിഫ് വില ഉണ്ട്. സർക്കാർ പറയുന്നതുപോല അനധികൃത നിർമാണങ്ങൾ ഉണ്ടായതിനാലാണ് അതു സംഭവിച്ചത്. അതിന്റെ ഗുണം സർക്കാർ ഏറ്റെടുക്കുന്നത് വഞ്ചനയാണ്. ചട്ടമനുസരിച്ച് കെട്ടിടം നിലനില്ക്കുന്ന സ്ഥലവും കെട്ടിടം നിർമിക്കാതെ വ്യവസായത്തിനായി ഉപയോഗിക്കുന്ന തുറസായ സ്ഥലവും വ്യാപാരനിർമിതിയിൽ പെടും.
അതായത്, 20 സെന്റിലുള്ള കെട്ടിടത്തിന് 50 സെന്റ് മൈതാനമായോ വാഹന പാർക്കിംഗിനായോ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതും വ്യാപാരനിർമതിയായി കണക്കാക്കും. അങ്ങനെ കണക്കാക്കുന്പോൾ 70 സെന്റിന്റെ താരിഫ് വിലയുടെ 50 ശതമാനം പിഴയടച്ചു വേണം നിർമാണം ക്രമവത്കരിക്കാൻ. സെന്റിനു പത്തു ലക്ഷം രൂപ വിലയുള്ള 70 സെന്റ് ഭൂമി ക്രമവത്കരിക്കണമെങ്കിൽ ഏഴുകോടി രൂപയുടെ 50 ശതമാനം മൂന്നര കോടി രൂപ അടയ്ക്കണം. 7-6-2024നു ശേഷം നിർമിച്ചിട്ടുള്ള കെട്ടിടങ്ങളുടെ ഭാവിയും ഇരുളടഞ്ഞതാണ്. 3,000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടുകളും ക്രമീകരിക്കേണ്ടതാണെങ്കിൽ അപേക്ഷ വാങ്ങി ഫീസില്ലാതെ ക്രമവത്കരിക്കുമെന്നും ചട്ടത്തിൽ പറയുന്നു. ഇതിലെ യുക്തി ദുരൂഹമാണ്. 1964ലെ ചട്ടത്തിൽ വീടു വയ്ക്കാൻ അനുമതിയുണ്ടെന്നു പറയുന്ന സർക്കാർ 3,000 ചതുരശ്ര അടിയിൽ കൂടുതൽ വലിപ്പുമുള്ള വീട് വെറുതെ ക്രമവത്കരിക്കുമെന്നു പറയുന്നതിൽ യുക്തിരാഹിത്യമുണ്ട്. 1964ലെ ചട്ടത്തിൽ വീടിന്റെ വലിപ്പം പറഞ്ഞിട്ടില്ല.
സർക്കാരിനു ചാകര
വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കാനുള്ള അപേക്ഷ സമർപ്പിക്കാൻ ഒരുവർഷം വരെ സമയം അനുവദിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ഇതു നീട്ടി നൽകുകയും ചെയ്യും. പരമാവധി എട്ടുമാസമാണ് ഈ സർക്കാരിനുള്ളത്. അടുത്ത തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തുന്നവരാണ് ഇതു കൈകാര്യം ചെയ്യേണ്ടത്. ഭേദഗതിയെ എതിർക്കുന്ന ഇപ്പോഴത്തെ പ്രതിപക്ഷം അടുത്ത തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ ഈ ഭേദഗതി നടപ്പാക്കുമെന്നു വേണം അനുമാനിക്കാൻ. മറിച്ചൊന്ന് അവർ പറഞ്ഞിട്ടില്ല. ഇപ്പോഴത്തെ സർക്കാരിനു ജനങ്ങൾ തുടർച്ച നൽകിയാൽ നയങ്ങൾക്കുള്ള അംഗീകാരമായി കണക്കാക്കാം.
ദുരന്തം വന്നുകയറി; ഭൂവുടമകൾ പുറത്തായി
1964ലെ ഭൂപതിവു ചട്ടം നിലവിലായതോടെ ദുരന്തവും വന്നു കയറി. 1964ലെ ഭൂപതിവു ചട്ടപ്രകാരം സർക്കാർ ഭൂമി (കൈവശഭൂമി) പതിച്ചു നൽകി അതിൽ ജീവിക്കുന്നവർ മുഴുവൻ ഇപ്പോൾ പടിക്കു പുറത്തായി. പുതിയ നിയമം പ്രാബല്യത്തിലായെന്നു സർക്കാർ പറയുന്ന 07-06-2024വരെയുള്ള മുഴുവൻ നിർമാണങ്ങളും ക്രമവത്കരിക്കേണ്ടി വന്നിരിക്കുന്നു.
വീടുകൾ ഉൾപ്പെടെ നിർമിച്ചിട്ടുള്ളവർ ക്രമപ്പെടുത്തി ലഭിക്കാൻ 50 രൂപ മുദ്രപത്രത്തിൽ സത്യവാങ്മൂലം നൽകി അപേക്ഷിക്കണം. വീടുവയ്ക്കാൻവേണ്ടി മാത്രം പതിച്ചു നൽകിയിരിക്കുന്ന ഭൂവുടമകൾ അപേക്ഷ നൽകേണ്ടതില്ല. വീടുവയ്ക്കാൻ മാത്രം ഭൂമി പതിച്ചു നൽകിയിരിക്കുന്നത് ഭൂരഹിതർക്കും ആദിവാസി ജനവിഭാഗങ്ങൾക്കുമാണ്. മറ്റുള്ളവർക്ക് കൃഷിക്കും വീടിനും ഭൂമിയുടെ ഗുണകരമായ ഉപയോഗത്തിനുമാണ് ഭൂമി പതിച്ചു നൽകിയിട്ടുള്ളത്. അങ്ങനെയുള്ളവരുടെ വീടും ക്രമവത്കരിക്കണം. ഫീസ് ഇല്ല. 50 രൂപ മുദ്രപത്രത്തിൽ സത്യവാങ്മൂലം നൽകി അപേക്ഷിക്കണം. അതായത്, ഇന്നലെ വരെ ഇവിടെ ജീവിച്ചവർ എല്ലാം പുതിയ ജീവിതം തുടങ്ങണം. ക്രമപ്പെടുത്തൽ നിലവിൽ വരുന്നതോടെ ക്രമപ്പെടുത്താത്ത എല്ലാ നിർമിതികളും അനധികൃതമായി മാറും. ഇതോടെ അനധികൃത നിർമാണങ്ങൾ അതായത്, അനധികൃത നിർമാണങ്ങൾ നിലനിൽക്കുന്ന ഭൂമി ഉൾപ്പെടെ ക്രയവിക്രയം ചെയ്യാൻ സാധിക്കാത്ത അവസ്ഥയാകും. പട്ടയമില്ലാത്ത ഭൂമിയിൽ അനധകൃതമായി കെട്ടിടമോ വീടോ നിർമിച്ചവർക്കു മാത്രമേ പ്രതിസന്ധി ഉള്ളൂ എന്ന തെറ്റായ ധാരണ ആളുകൾക്കിടയിലുണ്ടായിട്ടുണ്ട്. അത്തരം നിർമിതികളെക്കുറിച്ച് പുതിയ ചട്ടത്തിൽ പ്രതിപാദ്യമില്ല. പട്ടയമുള്ള കെട്ടിടങ്ങളുടെ കാര്യത്തിലാണ് ഭേദഗതി നിയമം ബാധകമായിട്ടുള്ളത്.
പുതിയ പട്ടയക്കാർക്കും പണികിട്ടി
1964ലെ ചട്ടപ്രകാരം ഭൂമി ലഭിച്ചവർക്കായിരുന്നു ഇതുവരെ നിർമാണവിലക്ക് ഉണ്ടായിരുന്നത്. എന്നാൽ 7-6-24 മുതൽ 1993ലെ സ്പെഷൽ റൂൾ അനുസരിച്ചു (പുതിയ പട്ടയം) പതിച്ചു നൽകിയിട്ടുള്ള ഭൂമിക്കും നിയന്ത്രണം ബാധകമാക്കിയിട്ടുണ്ട്. ഭൂവിഷയം സങ്കീർണമാക്കപ്പെട്ടതോടെ ഭൂമിയുടെ കൊടുക്കൽ വാങ്ങലുകളും പണയപ്പെടുത്തലുകളും ഉൾപ്പെടെയുള്ള കാര്യങ്ങൾ അവതാളത്തിലാകും. കെട്ടിടവും ഭൂമിയും ഈടുനൽകി ധനകാര്യ സ്ഥാപനങ്ങളിൽനിന്നു വായ്പ എടുത്തിട്ടുള്ളവരുടെ വസ്തു ക്രമവത്കരിച്ചില്ലെങ്കിൽ മൂല്യം ഇല്ലാതാകും.
കോടതിവിധികളെക്കുറിച്ച് ഇങ്ങനെ പറയാമോ?
ഉപരാഷ്ട്രപതിസ്ഥാനക്കുള്ള പ്രതിപക്ഷസ്ഥാനാർഥിയായി മത്സരിക്കുന്ന മുൻ സുപ്രീംകോടതി ജഡ്ജി സുദർശൻ റെഡ്ഡി 2011ൽ പുറപ്പെടുവിച്ച സൽവാ ജുദും വിധി മാവോയിസ്റ്റുകളെ സഹായിക്കാനായിരുന്നു എന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ വിമർശനം വിവാദമായിരിക്കുന്നു.
കോടതി വിധികളെക്കുറിച്ച് ഇത്തരത്തിൽ പ്രതികരിക്കുന്നത് ജുഡീഷറിയുടെ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമായി കുറ്റപ്പെടുത്തിക്കൊണ്ട് 18 മുൻ ജഡ്ജിമാർ പ്രസ്താവനയിറക്കി. സുപ്രീംകോടതി ജഡ്ജിമാരായിരുന്ന കുര്യൻ ജോസഫ്, ജെ. ചെലമേശ്വർ, മദൻ ബി. ലോകുർ, എ.കെ. പട്നായിക്, അഭയ് ഓക, ഗോപാല ഗൗഡ, വിക്രംജിത് സെൻ തുടങ്ങി സ്വതന്ത്രമായ വിധിന്യായങ്ങളുടെ പേരിൽ അറിയപ്പെടുന്ന പ്രഗത്ഭരാണ് അമിത്ഷായുടെ പരാമർശത്തെ അപലപിച്ചത്. ബിജെപി തിരിച്ചടിച്ചു. പിറ്റേന്ന് അമിത് ഷായെ ന്യായീകരിച്ച് മുൻ കേരള ഗവർണറും സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസുമായ പി. സദാശിവം, രാജ്യസഭാ അംഗം രഞ്ജൻ ഗൊഗോയ് തുടങ്ങിയ 56 മുൻ ജഡ്ജിമാർ പ്രസ്താവനയിറക്കി. ബിജെപിയാണ് പ്രസ്താവന പരസ്യമാക്കിയത്.
അമിത്ഷാ അനുകൂലികളുടെ പ്രസ്താവന വലിയൊരു ചോദ്യമുയർത്തുന്നു. സുപ്രീംകോടതിയുടെ വിധികളെക്കുറിച്ച് ഇങ്ങനെ പറയാമോ? സുപ്രീംകോടതി ജഡ്ജി ആയിരിക്കെ സദാശിവം ഷറഫുദ്ദീൻ വധക്കേസിൽ അമിത് ഷായ്ക്കെതിരായ രണ്ടാമത്തെ എഫ്ഐആർ റദ്ദാക്കിയതിനെക്കുറിച്ചും ഇങ്ങനെ പറയാമോ? അതിനുമപ്പുറം അദ്ദേഹം 2002ലെ ഗുജറാത്ത് കലാപക്കേസിൽനിന്നു മുഖ്യമന്ത്രി നരേന്ദ്ര മോദിയെ രക്ഷിച്ചതിനെക്കുറിച്ചും ഇങ്ങനെ പറയാമോ? ബാബറി മസ്ജിദ് കേസിൽ രഞ്ജൻ ഗൊഗോയ് എഴുതിയ വിധികളെക്കുറിച്ചും, റിട്ടയർമെന്റിനു ശേഷം ബിജെപിയുടെ ഔദാര്യ നിയമനങ്ങൾ നേടിയ നിരവധി ജഡ്ജിമാർ എഴുതിയ വിധിന്യായങ്ങളെക്കുറിച്ചും ഇങ്ങനെ പറയാമോ? ഇത്തരം വിമർശനങ്ങൾ ഉണ്ടായാൽ ജുഡീഷറിയുടെ വിശ്വാസ്യത ഏതു തലത്തിലെത്തും?
ജഡ്ജിപദവിയിൽനിന്ന് വിരമിച്ചശേഷം രാഷ്ട്രീയ നിയമനങ്ങൾ സ്വീകരിക്കുന്നവരെക്കുറിച്ച് ഇത്തരം സംശയങ്ങൾ ഉണ്ടാവുക സ്വാഭാവികമാണെങ്കിലും ആരും അത്തരം പ്രതികരണങ്ങൾ നടത്താത്തത് കോടതിയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കപ്പെടണം എന്ന ആഗ്രഹംകൊണ്ടാണ്. ജഡ്ജിമാർ ഇത്തരം പദവികൾ സ്വീകരിക്കുന്നതു ശരിയോ എന്ന് അവർതന്നെ ആലോചിക്കണം.
ഭയപ്പെടുത്തുന്ന വാർത്തകൾ
ജഡ്ജിമാരെക്കുറിച്ച് അടുത്തകാലത്ത് ഉയരുന്ന വെളിപ്പെടുത്തലുകൾ ഭയപ്പെടുത്തുന്നവയാണ്. സുപ്രീംകോടതിയിലെ ഒരു സീനിയർ ജഡ്ജി ഒരു കന്പനിക്ക് അനുകൂലമായി വിധി പറയുവാൻ തന്നെ പ്രേരിപ്പിച്ചു എന്നു വെളിപ്പടുത്തി ദേശീയ കന്പനിനിയമ അപ്പലേറ്റ് ട്രൈബ്യൂണലിലെ ചെന്നൈ ബെഞ്ചിൽനിന്ന് ജസ്റ്റീസ് എസ്.കെ. ശർമ പിന്മാറിയത് സമൂഹത്തിന് കൊടുക്കുന്ന സന്ദേശം എന്താണ്?
ജഡ്ജിമാരുടെ നിയമനത്തിനുള്ള സുപ്രീംകോടതി കൊളീജിയത്തിലെ തീരുമാനങ്ങളെക്കുറിച്ച് അടുത്തകാലത്തു വരുന്ന വാർത്തകളും ചേർത്തുവായിക്കണം. ഇവരുടെ തീരുമാനങ്ങളിൽ സുതാര്യത ഇല്ലെന്നും പക്ഷപാതം ഉണ്ടാകുന്നു എന്നും വിമർശനമുണ്ട്. 2015ൽ ഇതിനായി ദേശീയ ജുഡീഷൽ കമ്മീഷൻ സ്ഥാപിക്കുന്നതിന് കേന്ദ്രസർക്കാർ നീക്കം നടത്തിയെങ്കിലും ആ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചു. ഹൈക്കോടതിയിലെ കൊളീജിയങ്ങളാണ് ഹൈക്കോടതി ജഡ്ജിമാരെ ശിപാർശ ചെയ്യുന്നത്. ഇവർ തങ്ങളുടെയും മറ്റു പ്രമുഖ ജഡ്ജിമാരുടെയും ബന്ധുക്കളെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കുന്നതായി ആക്ഷേപമുണ്ട്. ശിപാർശ ചെയ്യപ്പെടുന്നവരിൽ 30 ശതമാനം പലപ്പോഴും മുൻ ജഡ്ജിമാരുടെ ബന്ധുക്കളാണെന്നു കണക്കുകൾ പറയുന്നു.
ജഡ്ജിമാർ ബെഞ്ചിലിരുന്നും പുറത്തും നടത്തുന്ന പല നിരീക്ഷണങ്ങളും അഭിപ്രായപ്രകടനങ്ങളും ജുഡീഷറിയുടെ നിഷ്പക്ഷതയിൽ വല്ലാത്ത സംശയങ്ങൾ ഉയർത്തുന്ന കാലമാണിത്. അതുകൊണ്ട് ആ പദവിയിലേക്ക് എത്തുന്നവരെ സംബന്ധിച്ച് വളരെ കർശനമായ പഠനങ്ങൾ നടത്തേണ്ടതുണ്ട്.
2025 ഓഗസ്റ്റ് 19നു ചേർന്ന കൊളീജിയം ഇപ്പോഴത്തെ ചീഫ് ജസ്റ്റീസ് ഗവായിയുടെ അനന്തരവൻ 45കാരനായ അഭിഭാഷകൻ ആർ.ഡി. വകോഡയെ മുംബൈ ഹൈക്കോടതി ജഡ്ജിപദവിയിലേക്ക് ശിപാർശ ചെയ്തു. ശിപാർശ അംഗീകരിക്കപ്പെട്ടാൽ അദ്ദേഹത്തിന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് വരെ ആകാം. അടുത്തകാലത്താണ് ബിജെപിയുടെ മുൻ വക്താവ് ആരതി സാഥെയെ ഹൈക്കോടതി ജഡ്ജിയാക്കിയത്. ഗവായിയുടെ സീനിയർ ആയിരുന്ന രാജാ ബോണ്സലെയുടെ മകൻ രണ്ജിത്ത് സിംഗും ജൂണിയറായിരുന്ന അഷ്റഫ് ഖാൻ പഠാനും ലിസ്റ്റിലുണ്ട്. വിവിധ ഹൈക്കോടതികളിലേക്കായി ഇപ്പോൾ ശിപാർശ ചെയ്യപ്പെട്ടിരിക്കുന്ന 279 പേരിൽ 32 പേർ ജഡ്ജിമാരുടെ ബന്ധുക്കളാണ്.
2019 ഏപ്രിൽ 19ന് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ്ക്കെതിരേ സ്ത്രീപീഡന കേസുണ്ടായി. 2019 നവംബറിൽ അയോധ്യ കേസിൽ വിധി പറയാനിരുന്നപ്പോഴായിരുന്നു ഈ ആരോപണം. എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞതായി അധികൃതർ അറിയിച്ചു. ഇക്കാരണം പറഞ്ഞ് ജോലി രാജിവച്ച സ്ത്രീക്കു പുനർനിയമനവും നല്കി. ഗൊഗോയ് അയോധ്യക്കേസിൽ അതിവിപ്ലവകരമായ വിധിയും പ്രഖ്യാപിച്ചു. പിന്നാലെ രാജ്യസഭാംഗമായി. ബിജെപിയുടെ കളികളല്ലേ ഇതെല്ലാം.
അതുപോലെ പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റീസ് വിപുൽ മാനുഭായ് പഞ്ചോളിയയെ സുപ്രീംകോടതി ജഡ്ജിയായി ശിപാർശ ചെയ്യാനുള്ള നീക്കത്തെ കൊളീജിയം അംഗം ബി. നാഗരത്ന പരസ്യമായി എതിർത്ത കാര്യവും പുറത്തായി. ജഡ്ജിമാരുടെ സീനിയോറിറ്റി ക്രമത്തിൽ 57-ാമനാണ് ഗുജറാത്തുകാരനായ പഞ്ചോളിയ. സീനിയോറിറ്റി ലംഘിച്ചാണ് കൊളീജിയത്തിന്റെ ശിപാർശ. ശിപാർശ വന്ന ഉടനെ കേന്ദ്രസർക്കാർ നിയമനവും കൊടുത്തു. മോദി മുഖ്യമന്ത്രി ആയിരിക്കുന്പോൾ ഗുജറാത്തിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു പഞ്ചോളിയ. അദ്ദേഹത്തിന് സുപ്രീംകോടതി ജഡ്ജിയായി നിയമനം ലഭിച്ചതോടെ 2031 ഒക്ടോബർ മുതൽ 2033 മേയ് വരെ ഇന്ത്യയുടെ ചീഫ് ജസ്റ്റീസ് ആകും എന്നു വന്നിരിക്കുന്നു. മൂന്നു മാസം മുന്പാണ് ഗുജറാത്ത് കോടതിയിലെ ഒരു ജഡ്ജിക്ക് സുപ്രീംകോടതിയിൽ നിയമനം ലഭിച്ചത്. കോടതിയിലെ നിയമനങ്ങളിൽ ബിജെപി ശക്തമായി പിടിമുറുക്കുകയാണ്.
രാഹുൽ ക്രൂശിക്കപ്പെടുന്പോൾ
കേരളത്തിലെ യൂത്ത് കോണ്ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റും കോണ്ഗ്രസിന്റെ മുന്നണിപ്പോരാളിയും എതിരാളികളുടെ പേടിസ്വപ്നവും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഉയരുന്ന ആക്ഷേപങ്ങളും അതിനോട് പാർട്ടി കാണിച്ച പ്രതികരണവും ഡെന്മാർക്കിൽ എന്തെല്ലാമോ ചീയുന്നു എന്ന് വീണ്ടും അടിവരയിടുന്നു. കാണാൻ സുമുഖൻ. അവിവാഹിതൻ. ചാനൽ ചർച്ചകളിൽ തീപ്പൊരിപോലെ കത്തുന്നവൻ. എതിരാളികളെ നിരായുധനാക്കുന്നവൻ. ധാരളം പെണ്കുട്ടികൾ രാഹുലിന്റെ നന്പർ തേടിപ്പിടിച്ച് സന്ദേശങ്ങൾ അയച്ചിട്ടുണ്ടാവും. രാഹുലും അയച്ചിരിക്കും. രാഹുലിന് ഇതുവരെ വാട്സാപ്പ് സന്ദേശങ്ങൾ അയച്ചിട്ടുള്ളവരുടെ പേരുവിവരവും വാട്സാപ്പ് സന്ദേശങ്ങളും അദ്ദേഹംതന്നെ പ്രസിദ്ധീകരിച്ചാൽ ആരെല്ലാമാവും ഞെട്ടുക?
ഒരുങ്ങിവന്ന ആക്രമണം
ഒരു യുവതി രാഹുലിനെതിരേ പേരു പറയാതെ ചില ആരോപണങ്ങൾ ഉന്നയിച്ചു. ഫൈവ് സ്റ്റാർ ഹോട്ടലിലേക്കു തന്നെ ക്ഷണിച്ചെന്നായിരുന്നു വെളിപ്പെടുത്തൽ. വളരെ തയാറെടുത്താണ് അവർ ആരോപണം ഉന്നയിച്ചത്. അവരുടെ ആക്ഷേപം വന്ന ഉടനെ പലരും രാഹുലിനെതിരേ ആരോപണങ്ങൾ ഉയർത്തുകയായി. സംഭവത്തിനു പിന്നിൽ വൻ ഗൂഢാലോചന ഉണ്ടെന്ന് രാഹുൽതന്നെ കരുതുന്നുണ്ട്. അതിനുള്ള തെളിവുണ്ടാക്കുന്നതിനുള്ള ശ്രമം നടക്കുകയാണ്.
മൂന്നും നാലും വർഷം മുന്പുണ്ടായ വാട്സാപ്പ് സന്ദേശങ്ങൾ കാത്തുസൂക്ഷിക്കപ്പെടുന്നതും സംപ്രേഷണം ചെയ്യപ്പെടുന്നതും, ഈ സംഭാഷണങ്ങൾ നല്ല ഉദ്ദേശ്യത്തോടെ അല്ല തുടങ്ങിയതെന്നും തുടർന്നതെന്നും അവയുടെ തിരുശേഷിപ്പുകൾ സൂക്ഷിക്കപ്പെട്ടതെന്നും ഉള്ളതിനു തെളിവുകളല്ലേ?
ആരോപണങ്ങൾ മാധ്യമങ്ങൾ വല്ലാതെ കൊണ്ടാടിയതോടെ കോണ്ഗ്രസ് ഉണർന്നു. രാഹുൽ യൂത്ത് കോണ്ഗസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. സ്വാഭാവികമായും എംഎൽഎ സ്ഥാനം രാജിവയ്പിക്കാനായി നീക്കം. അതിന് അദ്ദേഹത്തെ നിർബന്ധിക്കാൻ ആർക്കും സാധിക്കില്ല. സാങ്കേതികമായി വകുപ്പും ഇല്ല. അവസാനം കോണ്ഗ്രസ് നിലപാടു മാറ്റി. പെണ്ണുകേസിൽ നേരത്തേ പ്രതികളായ എഎൽഎമാരായ എം. വിൻസന്റിനോടും എൽദോ കുന്നപ്പള്ളിയോടും കാണിച്ച അതേ നിലപാട് എടുത്തു. രാഹുലിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു.
രാഹുൽ രാജിവയ്ക്കണോ?
ഇത്തരമൊരു ആരോപണം വന്നതുകൊണ്ട് നിയമപരമായി നിയമസഭാംഗത്വം രാജിവയ്ക്കേണ്ടതില്ല. രാഹുൽ രാജിവയ്ക്കണമെന്ന കാര്യത്തിൽ ഇടതുപക്ഷക്കാർക്കെല്ലാം ഒരേ അഭിപ്രായമാണ്. എന്നാൽ, ഒരുകേസിലും പ്രതിയാകാത്ത രാഹുൽ രാജിവയ്ക്കണമെന്നു പറയുന്നത്, പല കേസിൽ പ്രതിയായ കൊല്ലം എംഎൽഎ മുകേഷ് രാജിവയ്ക്കേണ്ട എന്ന് നിലപാടെടുത്തവരാണ്. രാഹുൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോട് മുകേഷിന്റെ കാര്യത്തിൽ അതായിരുന്നില്ലല്ലോ സമീപനം എന്നു ചോദിച്ചപ്പോൾ രണ്ടും രണ്ടു സംഭവമാണെന്നായിരുന്നു വിശദീകരണം. ഇടതുപക്ഷക്കാരായ സ്ത്രീപീഡകർ രാജിവയ്ക്കേണ്ട. അല്ലാത്തവർ വേണം. വല്ലാത്ത തൊലിക്കട്ടി എന്നു പറഞ്ഞുപോകില്ലേ? കോണ്ഗ്രസിൽ പണ്ടേ ഞണ്ടുകളുടെ സ്വഭാവമാണ്. ഒരുത്തനെ വലിച്ചിട്ട് നേതാവാകാൻ നോക്കുന്നവരാണ് ഏറെ. കഴിവും യോഗ്യതയുമല്ല അവിടെ പലപ്പോഴും പ്രമാണം; മറ്റു പലതുമാണ്.
രാഹുൽ തീർന്നോ?
അന്പുകൊണ്ട എത്രയോ പേർ നിയമസഭയിലിരിക്കുന്നു. ആരോപണവിധേയരായ അവർ എത്രയോ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു? ജനങ്ങളുടെ കോടതിയിൽ വിചാരണ ചെയ്യപ്പെട്ടു. അവരെ ഇല്ലാതാക്കാനായോ? വ്യഭിചാരക്കഥകൾക്ക് ഒരു സ്ഥാനാർഥിയെ ജയിപ്പിക്കുന്നതിലും തോൽപ്പിക്കുന്നതിലും കാര്യമായ സ്വാധീനമൊന്നും ചെലുത്താനാകാത്ത കാലത്തിലല്ലേ നാം.
മാർ വള്ളോപ്പിള്ളിക്ക് അർഹിക്കുന്ന ആദരം
രാജ്യത്താദ്യമായി ഒരു കത്തോലിക്കാ ബിഷപ്പിന് സർക്കാരിന്റെ സ്മാരകം ഉയർന്നിരിക്കുന്നു. തലശേരി രൂപതയുടെ പ്രഥമ ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിക്കാണ് കേരള സർക്കാർ മ്യൂസിയം ഒരുക്കി സ്മാരകം തീർത്തിരിക്കുന്നത്. കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക മേഖലകളിൽ സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ മലബാർ കുടിയേറ്റത്തിന്റെ ചരിത്രശേഷിപ്പുകൾ സംരക്ഷിക്കുന്നതിനും വരുംതലമുറയ്ക്കു കൈമാറുന്നതിനുമായി തയാറാക്കിയ കുടിയേറ്റ മ്യൂസിയമാണ് ബിഷപ് വള്ളോപ്പിള്ളി സ്മാരകം.
കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട കുടിയേറ്റ പ്രദേശമായ ചെമ്പന്തൊട്ടിയിൽ കേരള പുരാവസ്തു വകുപ്പ് നിർമിച്ച ബിഷപ് വള്ളോപ്പിള്ളി സ്മാരകം കുടിയേറ്റ മ്യൂസിയം ഇന്ന് നാടിന് സമർപ്പിക്കും. ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫൊറോന ഇടവക ലഭ്യമാക്കിയ ഒരേക്കറിലാണ് 2.6 കോടി മുടക്കി സർക്കാർ മ്യൂസിയം നിർമിച്ചിരിക്കുന്നത്. ഐക്യകേരളത്തിന് ഊടും പാവും നെയ്യുന്നതിൽ നിർണായകമായിരുന്നു മലബാർ കുടിയേറ്റം. അതിസാഹസികമായി കുടിയേറ്റജനത മലബാറിനെ പുനർനിർമിച്ചു. നാനാജാതി മതസ്ഥരായ കുടിയേറ്റ ജനതയുടെ നേതാവും നായകനും ഉപദേശകനും ശുശ്രൂഷകനുമായി അവരോടൊപ്പം നിലകൊണ്ട മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി എന്തുകൊണ്ടും ഇത്തരമൊരു സ്മാരകത്തിന് അർഹനാണ്. തലശേരി രൂപതതന്നെ ഈ കുടിയേറ്റത്തിന്റെ സദ്ഫലമാണ്.
മലബാറിന്റെ വികസനത്തിലും വളർച്ചയിലും തലശേരി അതിരൂപതയുടെ പങ്ക് ആർക്കും നിഷേധിക്കാനാവില്ല. സർവരാലും ആദരിക്കപ്പെട്ടിരുന്ന മാർ വള്ളോപ്പിള്ളി കേരളത്തിലെ മദ്യവിരുദ്ധ പോരാട്ടത്തിന്റെ മുന്നണിപ്പോരാളികൂടിയായിരുന്നു. 2015ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന കെ.സി. ജോസഫാണ് മ്യൂസിയത്തിന്റെ സ്ഥാപനത്തിന് മുൻകൈയെടുത്തത്. ഇപ്പോഴത്തെ എംഎൽഎ സജീവ് ജോസഫും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും മ്യൂസിയം പൂർത്തിയാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു.
വോട്ടവകാശ കള്ളക്കളികൾ
ബിഹാർ രാഷ്ട്രീയം തിളച്ചുമറിയുകയാണ്. ഒക്ടോബറിലോ നവംബറിലോ നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പായി രാഷ്ട്രീയപോരാട്ടം പതിവിലേറെ മുറുകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും ബിഹാറിലെത്തി അങ്കം കുറിച്ചതോടെ കടുത്ത വീറും വാശിയും പ്രകടമാണ്. ജെഡിയു- ബിജെപി സഖ്യവും ആർജെഡി- കോണ്ഗ്രസ് സഖ്യവും ഇത്തവണ വിട്ടുകൊടുക്കാൻ തയാറല്ല.
ജാതി സെൻസസ് രാഷ്ട്രീയം
വോട്ടുകൊള്ള മുതൽ വോട്ടർപട്ടിക പരിഷ്കരണത്തിന്റെ പേരിൽ 65 ലക്ഷം പാവങ്ങളുടെ വോട്ടവകാശം റദ്ദാക്കാനുള്ള നീക്കം വരെ ബിഹാറിൽ വലിയ ചർച്ചയാണ്. എങ്കിലും ജാതി സെൻസസും പതിവ് ജാതി, മത സമവാക്യങ്ങളും തന്നെയാകും ജനവിധി നിർണയിക്കുക. രാഹുൽ ഗാന്ധി തുടർച്ചയായി ആവശ്യപ്പെട്ട ജാതി സെൻസസ് പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതമായത് ഇതു മനസിലാക്കിയാണ്.
ജാതി സെൻസസിനെ ആദ്യം എതിർക്കേണ്ടിയിരുന്നില്ലെന്നാകും ബിജെപി ഇപ്പോൾ ചിന്തിക്കുക. ജാതി സെൻസസിന്റെ പ്രധാന ക്രെഡിറ്റ് രാഹുലിന്റേതായതിൽ ബിജെപിക്കു സ്വയം പഴിക്കാനേ കഴിയൂ. രൂക്ഷമായ തൊഴിലില്ലായ്മ, വിലക്കയറ്റം, രൂപയുടെ റിക്കാർഡ് തകർച്ച, കാർഷിക പ്രതിസന്ധി അടക്കമുള്ള പ്രധാന പല പ്രശ്നങ്ങളും ബിഹാറിൽ മുഖ്യ ചർച്ചയാകാനിടയില്ല.
രാഹുലിന്റെ വോട്ടവകാശ യാത്ര
രാഹുൽ ഗാന്ധിയുടെ വോട്ടവകാശ യാത്ര (വോട്ട് അധികാർ യാത്ര) തിങ്കളാഴ്ച പാറ്റ്നയിൽ സമാപിക്കുന്നതോടെ കളം മുറുകും. പാറ്റ്നയിലെ ഗാന്ധി മൈതാനത്തുനിന്ന് അംബേദ്കറുടെ പ്രതിമയിലേക്കു മാർച്ച് ചെയ്യുന്ന ഘോഷയാത്രയോടെയാണു യാത്ര അവസാനിക്കുക. വോട്ടവകാശ യാത്രയുടെ സമാപനം വലിയൊരു രാഷ്ട്രീയ പോരാട്ടത്തിന്റെയും പ്രതിപക്ഷ മുന്നേറ്റത്തിന്റെയും തുടക്കമാകുമെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞത്.
സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും പ്രതീക്ഷിച്ചതിലേറെ ആവേശമുയർത്താൻ രാഹുലിനു കഴിഞ്ഞത് നരേന്ദ്ര മോദിയുടെയും നിതീഷ് കുമാറിന്റെയും ഉറക്കം കെടുത്തും. ഭരണവിരുദ്ധ വികാരവും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രായവും രാഷ്ട്രീയ ചാഞ്ചാട്ടങ്ങളും ഉയർത്തുന്ന വെല്ലുവിളിക്കു പുറമെയാണ് ഭരണസഖ്യത്തിനു മുന്നിൽ രാഹുലിന്റെ വോട്ടവകാശ യാത്രയുടെ തിരതള്ളൽ.
വോട്ട് ആയുധവും ശക്തിയും
ജനാധിപത്യഭരണത്തിൽ പൗരന്മാർക്കുള്ള ഏറ്റവും ശക്തമായ അക്രമരഹിത ആയുധമാണു വോട്ട്. തുല്യാവകാശവും തുല്യനീതിയും നേടിയെടുക്കാനുള്ള ആയുധം. വിലയേറിയ ഈ വോട്ടവകാശത്തിൽ കൃത്രിമം നടത്തി ജനവിധി അട്ടിമറിക്കപ്പെടുന്നുവെന്ന തോന്നൽപോലും ആപത്കരമാണ്.
വോട്ടുകൊള്ളയെക്കുറിച്ച് ഡിജിറ്റൽ പ്രസന്റേഷനോടെ പ്രതിപക്ഷനേതാവ് നടത്തിയ പത്രസമ്മേളനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഇന്നേവരെ ഒന്നും പറയാത്തതുതന്നെ കള്ളം വെളിപ്പെടുത്തുന്നുവെന്നാണ് രാഹുൽ ആരോപിച്ചത്.
വോട്ടുമോഷണം കെട്ടുകഥയല്ല
കർണാടകയിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ മാത്രം ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ തട്ടിപ്പാണ് ബിജെപിക്കുവേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയതെന്ന പ്രതിപക്ഷനേതാവിന്റെ വെളിപ്പെടുത്തലുകൾ ഉയർത്തിവിട്ട കോളിളക്കം അത്രവേഗം കെട്ടടങ്ങില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടികയിൽനിന്നു രാഹുൽ ചൂണ്ടിക്കാട്ടിയത് പലതും ശരിയാണെന്നു ഭൂരിപക്ഷം ജനങ്ങൾ മനസിലാക്കി.
രാഹുൽ ചൂണ്ടിക്കാട്ടിയ ക്രമക്കേടുകൾ തെരഞ്ഞെടുപ്പു കമ്മീഷൻ ഇനിയും നിഷേധിച്ചിട്ടില്ല. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെ ന്യായീകരിക്കാൻ ബിജെപി മന്ത്രിമാരും നേതാക്കളും വക്താക്കളും നിരയായി രംഗത്തിറങ്ങിയെന്നതും അപഹാസ്യമായി.
ഒരു വീട്ടിൽ 947 വോട്ടർമാർ!
ബിഹാറിലെ ബോധ് ഗയയിൽ നിഡാനി ഗ്രാമത്തിലെ ഒരു വീട്ടിൽ 947 വോട്ടർമാർ ഉണ്ടെന്നാണു രാഹുൽ ഗാന്ധി ഇന്നലെ ഉയർത്തിയ ആരോപണം. നിഡാനിയിലെ ഒരൊറ്റ വീട്ടുനന്പറിൽ (നന്പർ ആറ്) ആയിരത്തോളം പേരാണു വോട്ടർപട്ടികയിലുള്ളത്. നൂറുകണക്കിന് വീടുകളുള്ള ഗ്രാമമാണിത്. ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) വീടുതോറും നേരിട്ടു ചെന്നു പരിശോധിച്ചാണ് വോട്ടർപട്ടികയിലെ വീട്ടുനന്പർ അടക്കമുള്ള വിവരങ്ങൾ ചേർക്കുന്നതെന്നാണ് പറയുന്നത്. സ്ഥിരമായ വീട്ടുനന്പറുകൾ ഇല്ലാത്തതിനാൽ ആ ഗ്രാമത്തിലെ വോട്ടർമാർക്കെല്ലാം ഒരേ സാങ്കല്പിക വീട്ടുനന്പർ നൽകിയെന്നാണു തെരഞ്ഞെടുപ്പു കമ്മീഷൻ ഇന്നലെ വിശദീകരിച്ചത്.
മോദിയുടെ അമൃതകാല, ഡിജിറ്റൽ ഇന്ത്യയിൽ ബിജെപി ഭരണ സംസ്ഥാനത്തെ ഒരു ഗ്രാമത്തിൽ ആയിരത്തോളം പേർക്ക് ഇപ്പോഴും സ്വന്തമായി വീട്ടുനന്പർ പോലും ഇല്ലെന്നതു പരിഹാസ്യവും അവിശ്വസനീയവുമാണ്.
ഇനി അങ്കം സുപ്രീംകോടതിയിൽ
ബിഹാർ വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണത്തെക്കുറിച്ചുള്ള (സ്പെഷൽ ഇന്റൻസീവ് റിവിഷൻ - എസ്ഐആർ) എതിർപ്പുകളും അവകാശവാദങ്ങളും സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ഹർജിയിന്മേൽ സുപ്രീംകോടതി തിങ്കളാഴ്ച വാദം കേൾക്കും. ജസ്റ്റീസുമാരായ സൂര്യകാന്തും ജോയ്മല്യ ബാഗ്ചിയും അടങ്ങുന്ന ബെഞ്ചാണ് ഇന്നലെ ഇക്കാര്യം നിർദേശിച്ചത്.
ജുഡീഷൽ ഇടപെടലില്ലെങ്കിൽ ലക്ഷക്കണക്കിന് വോട്ടർമാർ സ്ഥിരമായി ഒഴിവാക്കപ്പെട്ടേക്കാമെന്ന് മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ് കോടതിയിൽ ചൂണ്ടിക്കാട്ടി. പരാതിയുമായി തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചവർക്കു തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവരും ന്യൂനപക്ഷങ്ങളുമായ 65 ലക്ഷം പേരുടെ വോട്ടവകാശമാണു കവർന്നതെന്ന് രാഹുൽ നേരത്തേ ആരോപിച്ചിരുന്നു.
സംശയനിഴലിൽ കമ്മീഷൻ
പാർശ്വവത്കരിക്കപ്പെട്ട ഗ്രാമീണസമൂഹങ്ങളിലെ യഥാർഥ വോട്ടർമാരുടെ വോട്ടവകാശം ശാശ്വതമായി നിഷേധിക്കപ്പെടാനുള്ള സാധ്യത ജനാധിപത്യത്തിന്റെ അടിവേരറക്കുന്നതാണ്. പത്തോ നൂറോ ആയിരമോ പേർക്കല്ല, ബിഹാറിൽ 65 ലക്ഷം പേർക്കാണ് തെരക്കിട്ടു വോട്ടവകാശം നിഷേധിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ ശ്രമിച്ചത്. പരിഷ്കരണ പ്രക്രിയയിലെ സുതാര്യതയുടെ അഭാവം വോട്ടർപട്ടികയുടെ സമഗ്രതയെക്കുറിച്ചുള്ള സംശയങ്ങൾ പലതും ശരിവയ്ക്കുന്നതാണ്.
സുപ്രീംകോടതി ഇടപെടുന്നതുവരെ ഒഴിവാക്കിയ വോട്ടർമാരുടെ വിവരം വെളിപ്പെടുത്താൻ തെരഞ്ഞെടുപ്പു കമ്മീഷൻ തയാറായില്ല. ഒഴിവാക്കപ്പെട്ട എല്ലാ വോട്ടർമാരുടെയും പേരുകൾ കമ്മീഷന്റെ വെബ്സൈറ്റിലും ബൂത്തുതല ഓഫീസുകളിലും പ്രസിദ്ധീകരിക്കുക, ഒഴിവാക്കപ്പെടാനുള്ള കാരണങ്ങൾ സുതാര്യമായി നൽകുക, ഒഴിവാക്കപ്പെട്ട വോട്ടർമാരെ അവരുടെ ആധാർ കാർഡ് ഉപയോഗിച്ച് ഓണ്ലൈനായി ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കാൻ അനുവദിക്കുക എന്നിവയാണ് കോടതി കഴിഞ്ഞ 22ന് നിർദേശിച്ചത്.
വേലിതന്നെ വിളവ് തിന്നുന്നു
എല്ലാ പൗരന്മാർക്കും വോട്ടവകാശം ഉറപ്പാക്കാനും കള്ളവോട്ടുകൾ തടയാനും ബാധ്യതപ്പെട്ട തെരഞ്ഞെടുപ്പു കമ്മീഷൻ ഇതിനു വിരുദ്ധമായ നടപടികളെടുക്കുന്നതാണ് ദുരന്തം. വേലിതന്നെ വിളവ് തിന്നുന്നു. കമ്മീഷന്റെ തൊടുന്യായങ്ങൾ സുപ്രീംകോടതി തള്ളിയതിൽ കാര്യം വ്യക്തം. തെരഞ്ഞെടുപ്പിനു തൊട്ടുമുന്പായി തീവ്രപരിഷ്കരണമെന്ന പേരിൽ നടപ്പാക്കിയത് ബിജെപിയുടെ രാഷ്ട്രീയ താത്പര്യമാണെന്ന പ്രതിപക്ഷ ആരോപണം തീർത്തും തെറ്റല്ലെന്നു സുപ്രീംകോടതിയുടെ നിർദേശങ്ങളിൽ തെളിയുന്നു. ബിഹാറിൽ കരട് വോട്ടർപട്ടികയിലുള്ള 98.2 ശതമാനം ആളുകളും അവരുടെ രേഖകൾ സമർപ്പിച്ചിട്ടുണ്ടെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവാദം വിശ്വസിക്കാൻ കഴിയില്ലെന്നു തെരഞ്ഞെടുപ്പു വിശകലന വിദഗ്ധനായ യോഗേന്ദ്ര യാദവ് പറയുന്നു. കമ്മീഷൻ ആവശ്യപ്പെടുന്ന 11 രേഖകളിൽ ഒന്നുപോലും ഏകദേശം 43 ശതമാനം പേർ സമർപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 11 ശതമാനം പേർ മാത്രമാണു രേഖകൾ നൽകിയത്. ബിഹാറിൽ രണ്ടു കോടിയോളം പാവങ്ങളുടെ വോട്ടവകാശം നഷ്ടപ്പെടുമെന്നാണു യാദവ് പറയുന്നത്.
ജനാധിപത്യം മോഷ്ടിക്കരുത്
ഒരാൾക്ക് ഒരു വോട്ട് എന്നതു ജനാധിപത്യത്തിന്റെ അടിസ്ഥാനമാണ്. പ്രായപൂർത്തിയായ ഒരു പൗരനുപോലും വോട്ടവകാശം നിഷേധിക്കരുത്. ഭരണഘടനയുടെ സമത്വത്തിനായുള്ള അനുച്ഛേദം 14, 18 വയസ് തികഞ്ഞവർക്കു സാർവത്രിക വോട്ടവകാശത്തിനുള്ള അനുച്ഛേദം 326 എന്നിവ പരമപ്രധാനമാണ്. രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയ വോട്ടർപട്ടിക ക്രമക്കേടുകളിൽ ഇവയെല്ലാം ലംഘിക്കപ്പെടുന്നു. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റിൽ ഈ വിഷയം ചർച്ച ചെയ്യാൻ സമ്മതിക്കാതിരുന്ന സർക്കാരിന് ചില ഭയപ്പാടുകളും മറയ്ക്കാൻ ചിലതും ഉണ്ടെന്നു വ്യക്തം. ജനവിധി അട്ടിമറിക്കാനും ജനാധിപത്യം മോഷ്ടിക്കാനും ആരെയും അനുവദിക്കാനാകില്ല. ജനാധിപത്യവും ഭരണഘടനയും പോറലേൽക്കാതെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ രാഷ്ട്രീയം പാടില്ല. കണ്ണിലെ കൃഷ്ണമണിപോലെ ജനാധിപത്യ, ഭരണഘടനാവകാശങ്ങൾ കാത്തു പരിപാലിക്കുക.