ഗതിയില്ലാതെ അഗതിമന്ദിരങ്ങൾ
ഫാ. മൈക്കിൾ പുളിക്കൽ സിഎംഐ
കേരളത്തിൽ അഗതിമന്ദിരങ്ങളിലും അനാഥമന്ദിരങ്ങളിലും കഴിയുന്ന ഒരുലക്ഷത്തോളം വരുന്ന അന്തേവാസികൾക്കു റേഷൻ കൊടുക്കേണ്ടതില്ല എന്ന നിർദേശം പൊതുവിതരണ ഉപഭോക്തൃ കാര്യാലയത്തിൽനിന്നു ജില്ലാ സപ്ലൈ ഓഫീസർമാർക്കു നൽകിയിരിക്കുകയാണ്. അത്തരം മന്ദിരങ്ങളിൽ കഴിയുന്നവർക്കു സാമൂഹ്യസുരക്ഷാ പെൻഷൻ നൽകിവന്നിരുന്നതും കഴിഞ്ഞവർഷം നിർത്തലാക്കിയിരുന്നു. അനാഥരും രോഗികളുമായ പതിനായിരക്കണക്കിന് പേർക്കു യാതൊരുവിധ ആനുകൂല്യങ്ങളും നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം വിചിത്രമാണ്. അതു പൗരനീതിക്കും ഭരണഘടനയ്ക്കും വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണ്.
സർക്കാർ എന്തിന്?
സർക്കാരിന്റെ പ്രഥമ പരിഗണന പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നുള്ളതിനാവണം. ലോകത്ത് ഏതു സർക്കാരും അടിസ്ഥാനപരമായി സ്വീകരിക്കുന്ന നിലപാടാണത്. സ്വാഭാവികമായും, സുരക്ഷിതത്വം കുറവുള്ളവർക്കാണ് അതിൽത്തന്നെ പ്രഥമ പരിഗണന നൽകേണ്ടതും. ദുർബലരായവർ, വിവിധ വെല്ലുവിളികളെ നേരിടുന്നവർ, അനാഥരായവർ, ഉപേക്ഷിക്കപ്പെട്ട ബാല്യങ്ങൾ എന്നിങ്ങനെയുള്ള ഒരു ഗണമാണ് ഏതു സമൂഹത്തിലും സുരക്ഷിതത്വത്തെക്കുറിച്ച് ഏറ്റവുമധികം ആശങ്കയുള്ളവർ. ആരുടെയെങ്കിലും സഹായവും പരിപാലനയവും ഇല്ലാതെ ജീവിക്കാൻ കഴിയാത്തവരായിരിക്കും അവരിൽ ബഹുഭൂരിപക്ഷവും. അതിനാൽത്തന്നെ, ഏതെങ്കിലും അഭയസങ്കേതങ്ങളിലായിരിക്കും അത്തരക്കാരുണ്ടായിരിക്കുക. ഈ കൂട്ടർ കേരളത്തിൽ എവിടെയാണെന്നു നോക്കാം.
ഓർഫനേജ് കൺട്രോൾ ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്ന 1800ൽപ്പരം സ്ഥാപനങ്ങളാണ് ഇന്നു കേരളത്തിലുള്ളത്. ഒരുലക്ഷത്തിലേറെപ്പേർ അത്തരം സ്ഥാപനങ്ങളിൽ കഴിയുന്നുണ്ട് എന്നാണു കണക്കുകൾ. ആരാണ് ഈ സ്ഥാപനങ്ങൾ നടത്തുന്നത്? 80 ശതമാനത്തോളം സ്ഥാപനങ്ങളും ക്രൈസ്തവ സ്ഥാപനങ്ങളാണ്. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് കടത്തിണ്ണകളിലും പാതയോരത്തും രോഗികളായി കഴിഞ്ഞിരുന്നവരെ, അവരുടെ രൂപഭാവങ്ങളോ, മതവിശ്വാസമോ, മറ്റു പശ്ചാത്തലങ്ങളോ പരിഗണിക്കാതെ മനുഷ്യനായി മാത്രംകണ്ടു മാന്യമായ ജീവിതാന്തരീക്ഷത്തിൽ ശുശ്രൂഷിക്കുകയാണ് അത്തരം സ്ഥാപനങ്ങളിലെല്ലാം ചെയ്തുവരുന്നത്. മനസികരോഗികളും വിവിധ മാരക രോഗങ്ങൾക്ക് അടിപ്പെട്ട് അവശത അനുഭവിക്കുന്നവരും തുടങ്ങി സാധാരണക്കാരായ ആർക്കെങ്കിലും ശുശ്രൂഷിക്കാൻ കഴിയാത്തവരാണ് ആ സ്ഥാപനങ്ങളിലെ അന്തേവാസികളിൽ ഏറെയും. ഏതൊരു മനുഷ്യനും അടുക്കാൻ മടിക്കുന്ന സാഹചര്യങ്ങളിൽപ്പോലും നിസ്വാർഥമായി സേവനം ചെയ്യുകയും ആരെന്നറിയാത്തവർക്കുവേണ്ടിപ്പോലും ജീവിതം മാറ്റിവയ്ക്കുകയും ചെയ്തു രാവും പകലും അവർക്കൊപ്പമായിരിക്കുന്നവരിൽ ഏറിയപങ്കും കത്തോലിക്കാ സന്യസ്തരാണ്. കേവലം ഒരാളെ പരിരക്ഷിക്കാൻ കഴിയാത്ത കുടുംബങ്ങൾ പുറന്തള്ളിയ വൃദ്ധ മാതാപിതാക്കളും മാനസിക പ്രതിസന്ധികൾ ഉള്ളവരുമായ അനേകരെയാണ് ഒരേസമയം അവർ ശുശ്രൂഷിച്ചുകൊണ്ടിരിക്കുന്നത്. വിരലിലെണ്ണാവുന്ന ചില സ്ഥാപനങ്ങൾ മാത്രമാണ് ഇത്തരത്തിൽ സർക്കാരിനുള്ളത്. അതിൽ പലതും താത്കാലിക ഷെൽട്ടർ ഹോമുകളാണ്.
ഈ കാഴ്ചകൾ കാണാതെ പോകരുത്
സേവനതത്പരതയും ശുശ്രൂഷാ മനോഭാവവുംകൊണ്ടുമാത്രം മുന്നിട്ടിറങ്ങി ഇത്തരം സേവനമേഖലകളിൽ സജീവമായിട്ടുള്ളവരാണു ജീവിതംതന്നെ അതിനായി മാറ്റിവച്ച് അഗതിമന്ദിരങ്ങളിൽ സേവനം ചെയ്യുന്നവർ. സന്യാസസമൂഹങ്ങളും സംഘടനകളും രൂപതകളും അതിനായി ധാരാളം പണം ചെലവഴിച്ച് കെട്ടിടങ്ങളും അനുബന്ധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഒരേസമയം നൂറുകണക്കിന് അന്തേവാസികൾ അധിവസിക്കുന്ന വലിയ ഭവനങ്ങൾ തന്നെ ഇത്തരത്തിൽ കേരളത്തിൽ പലതുണ്ട്. വിവിധ സേവന പ്രവർത്തനങ്ങൾക്ക് ആവശ്യമുള്ള ജോലിക്കാർ, ചികിത്സാ ചെലവുകൾ, മെയിന്റനൻസ്, മറ്റു ചെലവുകൾ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി സ്ഥാപന നടത്തിപ്പുകാർ തന്നെ വലിയ തുക ഓരോ മാസവും കണ്ടെത്തേണ്ടതായുണ്ട്. ഇത്തരത്തിലുള്ള അന്തേവാസികളിൽ ഏറിയപങ്കും രോഗികളായിരിക്കും എന്നതിനാൽ ചികിത്സാ ചെലവ് വളരെ പ്രധാനപ്പെട്ടതാണ്. കഴിഞ്ഞവർഷം വരെ മോശമല്ലാത്ത ഒരു വിഭാഗത്തിന് സാമൂഹിക സുരക്ഷാ പെൻഷൻ ലഭിച്ചിരുന്നതിനാൽ, ഓരോരുത്തരുടെയും ചികിത്സാ ചെലവുകൾക്ക് അതൊരു പിന്തുണയായിരുന്നു. എന്നാൽ, 2021 ജൂലൈയിൽ ഇറക്കിയ ഒരു ഉത്തരവ് പ്രകാരം, അഗതിമന്ദിരങ്ങളിൽ ജീവിക്കുന്നവർക്കു നൽകിയിരുന്ന സാമൂഹിക സുരക്ഷാ പെൻഷൻ നിർത്തലാക്കി.
വിചിത്രമായ വിശദീകരണങ്ങൾ
അഗതിമന്ദിരങ്ങൾക്കു ഗ്രാന്റ് ലഭിക്കുന്നതിനാൽ, അവിടെ ജീവിക്കുന്നവർക്കു പെൻഷൻ നൽകേണ്ടതില്ല എന്ന വിശദീകരണമാണ് സർക്കാർ നൽകിയത്. എന്നാൽ, 1800 സ്ഥാപനങ്ങളിൽ കേവലം 20 ശതമാനത്തിനു മാത്രമാണ് ഗ്രാന്റ് അനുവദിക്കപ്പെട്ടിരുന്നത് എന്നുള്ളതാണു വാസ്തവം. അവർക്കുപോലും ലഭിച്ചിരുന്ന ഗ്രാന്റ് തീർത്തും അപര്യാപ്തമായ തുകയായിരുന്നു എന്നുള്ളതു മാത്രമല്ല, മാസങ്ങൾ കൂടുമ്പോൾ നിരവധി തവണ ഓഫീസുകൾ കയറിയിറങ്ങിയാൽ മാത്രമാണു പലർക്കും അതു ലഭിച്ചിരുന്നതും. അത്തരമൊരു നാമമാത്ര സാമ്പത്തികസഹായത്തിന്റെ പേരിലാണ് ആയിരക്കണക്കിനു പേർ ന്യായമായും അർഹിക്കുന്ന പെൻഷൻ നിർദാക്ഷിണ്യം നിർത്തലാക്കപ്പെട്ടത്. നിരവധി കോണുകളിൽനിന്നു പ്രതിഷേധം ഉയർന്നെങ്കിലും ആ തീരുമാനം പുനഃപരിശോധിക്കാൻ ഇനിയും സർക്കാർ തയാറായിട്ടില്ല.
പെൻഷൻ നിർത്തലാക്കി ഒരു വർഷം പിന്നിടുന്നതിനു മുമ്പാണ്, അനാഥാലയങ്ങൾക്കും വൃദ്ധസദനങ്ങൾക്കും റേഷൻ നൽകേണ്ടതില്ല എന്ന നിലപാട് ഇപ്പോൾ സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഒരു അന്തേവാസിക്കു പ്രതിമാസം 10.5 കിലോ അരിയും 4.5 കിലോ ഗോതമ്പുമാണ് റേഷൻ പെർമിറ്റ് പ്രകാരം ലഭിച്ചിരുന്നത്. 2015 വരെ ഒരു രൂപയ്ക്കു നൽകിയിരുന്ന അരിക്ക് പിന്നീട് 5.65 രൂപയായി. എങ്കിലും അഗതിമന്ദിരങ്ങളുടെ ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ആ റേഷൻ നിർണായകമായ ഒരു പിൻബലമായിരുന്നു. വാസ്തവത്തിൽ ഒരുരൂപപോലും വിലയായി വാങ്ങാതെ ഉപാധിരഹിതമായി സർക്കാർ അനുവദിക്കേണ്ടിയിരിക്കുന്ന ഭക്ഷ്യ ധാന്യങ്ങളാണ് ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത്. ഭക്ഷണവും പാർപ്പിടവും പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങളായിരിക്കെ, ദുർബല വിഭാഗങ്ങളോടുള്ള സർക്കാരിന്റെ ഇത്തരം ജനവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നതു ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ചിലരുടെ കഠിനാധ്വാനംകൊണ്ടു മാത്രം പ്രവർത്തിച്ചുവരുന്ന നിരാശ്രയ ഭവനങ്ങളിൽ പലതും അന്തേവാസികൾക്കു ഭക്ഷണം നല്കാനില്ല എന്ന കാരണത്താൽ പൂട്ടേണ്ടതായി വരാനിടയുണ്ട്. അത്തരത്തിൽ തെരുവിലേക്കിറങ്ങേണ്ടിവന്നേക്കാവുന്ന ആയിരങ്ങളുടെ കാര്യത്തിൽ സർക്കാരിന്റെ നിലപാട് എന്തായിരിക്കും?
അംഗീകരിക്കാനാവാത്ത നിലപാടുകൾ
സാമ്പത്തിക പ്രതിസന്ധിമൂലം ചെലവ് ചുരുക്കേണ്ടതുള്ളതിനാലാണ് ഇത്തരം തീരുമാനങ്ങൾ സ്വീകരിക്കുന്നതെന്ന ന്യായീകരണം ബാലിശമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും തുടങ്ങിയ ഭരണ സംവിധാനം പുതിയ വാഹനങ്ങൾ വാങ്ങുന്നതും മന്ദിരങ്ങൾ മോടിപിടിപ്പിക്കുന്നതും തുടങ്ങി ഒഴിവാക്കാമായിരുന്ന പലതിനും കൂടുതൽ പണം ചെലവഴിക്കുന്ന ഇതേകാലത്തു തന്നെയാണ് വോട്ടുബാങ്ക് അല്ല എന്ന ഒറ്റക്കാരണത്താൽ ഒരു വലിയ വിഭാഗം നിരാശ്രയർ കുറ്റകരമായ രീതിയിൽ അവഗണിക്കപ്പെടുന്നതും. ഫലശൂന്യമായ ഇന്റർനാഷണൽ കോൺഫറൻസുകൾക്കും വിദേശയാത്രകൾക്കും ഭരണ നേട്ടങ്ങളുടെ പരസ്യത്തിനും കോടികൾ ചെലവഴിക്കാൻ മടിക്കാത്ത സർക്കാർ ദരിദ്രരും രോഗികളുമായ കുറേപ്പേർ എങ്ങനെയെങ്കിലും ജീവിച്ചുകൊള്ളട്ടെ എന്ന നിലപാട് സ്വീകരിക്കുന്നതിനെ എങ്ങനെ ഉൾക്കൊള്ളാനാവും.
കേന്ദ്ര-കേരളസർക്കാരുകളുടെ നിയമനിർമാണങ്ങളും നിലപാടുകളും ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പുകാർക്ക് അനുകൂലമോ, അവരോട് അനുഭവം പുലർത്തുന്നതോ അല്ല. തികഞ്ഞ സുരക്ഷിത അന്തരീക്ഷത്തിൽ കുട്ടികളെ പരിപാലിച്ചിരുന്ന നിരവധി സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളാണ് ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ അടിച്ചേൽപ്പിക്കലിലൂടെ അവസാനിപ്പിക്കേണ്ടതായി വന്നത്. മികച്ചൊരു ഭവനാന്തരീക്ഷത്തിൽ വളർന്നിരുന്ന കുഞ്ഞുങ്ങളിൽ അനേകർ കേവലം ‘സ്ഥാപനങ്ങളിലെ’ അന്തേവാസികളായിമാറി. അവർക്കുണ്ടായിരുന്ന അമ്മമാർ നഷ്ടപ്പെട്ട് നിശ്ചിത ഡ്യൂട്ടി ടൈം പാലിക്കുന്ന ആയമാർ ആ സ്ഥാനത്തെത്തി. നിയമങ്ങളിലൂടെയും നയംമാറ്റങ്ങളിലൂടെയും നഷ്ടപ്പെടുന്നത് എന്തൊക്കെയാണെന്നുള്ള നിരീക്ഷണം ഈ കാലഘട്ടത്തിൽ ഭരണകൂടങ്ങൾക്ക് ആവശ്യമാണ്. നഷ്ടങ്ങൾ പൊതുസമൂഹത്തിന്റെയാണ് എന്ന തിരിച്ചറിവ് ഒരുപക്ഷേ മാറ്റങ്ങൾക്കു കാരണമായേക്കാം.
അഭയമേകുന്നവർക്ക് അഭയമാകണം
ക്രൈസ്തവ സന്യസ്തരും കത്തോലിക്കാ സഭയും നൂറ്റാണ്ടുകളായി നടത്തിവരുന്ന ഈ സേവനപ്രവൃത്തിയുടെ മാതൃക ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. വിവിധ ലോകരാജ്യങ്ങളിൽ മാത്രമല്ല, ഇന്ത്യയിലെമ്പാടും പ്രവർത്തിക്കുന്ന ആയിരക്കണക്കിന് അഗതിമന്ദിരങ്ങളും അനാഥാലയങ്ങളും വഴി അഭയം ലഭിച്ചിട്ടുള്ളവരും മനുഷ്യോചിതമായി സമാധാനത്തോടെ മരിക്കാൻ കഴിഞ്ഞിട്ടുള്ളവരും തെറ്റുകൾ തിരുത്തി നന്മയിലേക്കു കടന്നുവന്നിട്ടുള്ളവരും രോഗവിമുക്തിനേടിയിട്ടുള്ളവരും എണ്ണമറ്റ സംഖ്യയുണ്ട്. അടിസ്ഥാന ഉത്തരവാദിത്തങ്ങളിൽ സർക്കാരുകളെ ഇത്രമാത്രം പിന്തുണയ്ക്കുന്ന മറ്റൊരു സമൂഹമുണ്ടാവില്ല. അതിനുതക്ക പിന്തുണ അവർക്കും ഉറപ്പുവരുത്തേണ്ടതു തങ്ങളുടെ തന്നെ ഉത്തരവാദിത്തമാണെന്നു ഭരണാധികാരികൾ തിരിച്ചറിയണം.
സ്ഥാപനങ്ങളുടെയോ സ്ഥാപനങ്ങൾ നടത്തുന്ന വ്യക്തികളുടെയോ അല്ല, അവിടങ്ങളിൽ സുരക്ഷിതമായി ജീവിക്കുന്ന കുറേയേറെപ്പേരുടെ ഭാവിയാണ് ഇന്നു ചോദ്യംചെയ്യപ്പെടുന്നത്. നിസാരവും ഭരണഘടനാവിരുദ്ധവുമായ ന്യായീകരണങ്ങൾ നിരത്തി അപക്വമായ തീരുമാനങ്ങൾ പതിവായി സ്വീകരിച്ച് അനേകരെ ആശങ്കയിലാഴ്ത്തുന്ന ശൈലി സർക്കാർ ഉപേക്ഷിക്കുകതന്നെ വേണം. യഥാർഥത്തിൽ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടവരെ തിരിച്ചറിഞ്ഞു നയങ്ങൾ തിരുത്താൻ തയാറാകണം. കോവിഡ് കാലത്ത് അതിഥി തൊഴിലാളികൾക്കുപോലും അഭയവും ആശ്രയവും ഒരുക്കി അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ കേരള സർക്കാർ, ദുർബലരും നിരാലംബരുമായ പാവങ്ങളെ ദ്രോഹിക്കുന്ന, ഒരുതരത്തിലും ന്യായീകരിക്കാനാവാത്ത നയങ്ങളിൽനിന്നും നിലപാടുകളിൽനിന്നും അടിയന്തരമായി പിന്മാറുക തന്നെ ചെയ്യണം.
(കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറിയാണു ലേഖകൻ)
ജന്തുജന്യ രോഗങ്ങൾ നിസാരമല്ല
ലീമ തോമസ്
പേ വിഷബാധയേറ്റാല് മരണമല്ലാതെ മറ്റൊന്നുമില്ല എന്ന് ഉറപ്പിച്ചിരുന്ന കാലം. 1885 ജൂലൈ ആറിന് പേ വിഷബാധയേറ്റ ജോസഫ് മിസ്റ്റര് എന്ന ബാലനില് ലൂയി പാസ്ചര് പേ വിഷത്തിനെതിരായ വാക്സിന് കുത്തിവച്ചു. ആ ബാലന്റെ രക്ഷപ്പെടല് വൈദ്യശാസ്ത്രത്തിലെ നാഴികക്കല്ലായിരുന്നു. ലൂയി പാസ്ചറുടെ ബഹുമാനാര്ഥമാണ് ജൂലൈ ആറിന് ലോക ജന്തുജന്യരോഗദിനമായി ആചരിക്കുന്നത്.
ജന്തുജന്യ രോഗങ്ങള്
മനുഷ്യരില്നിന്നു മൃഗങ്ങളിലേക്കും മൃഗങ്ങളില്നിന്നു മനുഷ്യരിലേക്കും നേരിട്ടോ അല്ലാതേയോ പകരുന്ന രോഗങ്ങളാണ് ജന്തുജന്യ രോഗങ്ങള്. 250ൽ അധികം ജന്തുജന്യ രോഗങ്ങള് ഉള്ളതായി കണക്കാക്കപ്പെടുന്നു. ചെറിയ അലര്ജികള് മുതല് മരണത്തിനു കാരണമാകുന്ന വലിയ പകര്ച്ചവ്യാധികള് വരെ ഈ ഗണത്തില് പെടുന്നു. മനുഷ്യന് മാത്രമല്ല ഭൂമിയുടെ അവകാശികള് എന്നതുകൊണ്ടും മറ്റു ജീവജാലങ്ങള് നമ്മുടെ ജീവിതത്തിന്റെ ഭാഗമായതു കൊണ്ടും മൃഗങ്ങളെ ഇല്ലാതാക്കി ജന്തു ജന്യ രോഗങ്ങളില്നിന്നു രക്ഷപ്പെടാം എന്നു ചിന്തിക്കാന് കഴിയില്ല. വന്യമൃഗങ്ങളില്നിന്നും പക്ഷികളില്നിന്നും വളര്ത്തുമൃഗങ്ങളില്നിന്നും നമുക്ക് രോഗങ്ങള് ഏതു സമയത്തും പകര്ന്നു കിട്ടാം. വേണ്ടതു മുന്കരുതലുകളാണ്.
പേവിഷ ബാധ
അടുത്താനാളുകളിൽ കേരളത്തിൽ വിദ്യാർഥിനിയടക്കം പേവിഷബാധയേറ്റു മരിച്ച സംഭവങ്ങൾ റിപ്പോർട്ടുചെയ്യപ്പെടുകയുണ്ടായി. കുത്തിവയ്പ് എടുത്ത വിദ്യാർഥിനിയായിരുന്നു പേവിഷബാധയേറ്റു മരിച്ചത് എന്നത് ആശങ്ക ഉയർത്തുകയും ചെയ്തു. റാബ്ഡോ വൈറസ് എന്ന രോഗാണു ആണ് പേവിഷബാധയുടെ കാരണം. സംസ്ഥാനത്തു പേവിഷബാധ ഉണ്ടാകുന്നതു പ്രധാനമായും പേവിഷബാധയേറ്റ നായയുടെ കടിയിലൂടെയാണ്. രണ്ടാമതായി പൂച്ചയില്നിന്നും. രോഗം ബാധിച്ച മൃഗത്തിന്റെ ഉമിനീരിലൂടെ രോഗാണുക്കള് പുറത്തുവരുന്നു. രോഗം ബാധിച്ചാല് മരണം ഉറപ്പ്. ഇന്ത്യയില് ഓരോ രണ്ടു സെക്കൻഡിലും ഒരാള്ക്ക് നായയുടെ കടിയേല്ക്കുന്നു എന്നാണു കണക്ക്. ഏറ്റവും ദുഃഖകരമായ കാര്യം കടിയേല്ക്കുന്നവരില് പകുതിയിലേറെ പേരും പതിനഞ്ച് വയസിനു താഴെയുള്ള കുട്ടികളാണ് എന്നതാണ്. ഓരോ മണിക്കൂറിലും ഒരു കുട്ടി റാബിസ് ബാധിച്ച് മരണത്തിന് കീഴടങ്ങുന്നു.
പ്രതിരോധ കുത്തിവയ്പ്പാണ് നായ്ക്കള്ക്കു രോഗം വരാതിരിക്കാനുള്ള ഏക മാര്ഗം. രണ്ടു മാസം പ്രായമുള്ളപ്പോള് ആദ്യ കുത്തിവയ്പ് എടുക്കണം. ഒരു മാസം കഴിയുമ്പോള് ഒരു ബൂസ്റ്റര് കുത്തിവയ്പും പിന്നീടു വര്ഷം തോറും ഓരോ കുത്തിവയ്പും നല്കണം. വളർത്തു നായ്ക്കളെ വാക്സിനേറ്റ് ചെയ്യാന് മിക്കവരും ശ്രദ്ധിക്കാറുണ്ടെങ്കിലും തെരുവുനായ്ക്കൾ വലിയ ഭീഷണിയാണ്. തെരുവുനായ്ക്കളുടെ ആക്രമണം രാജ്യത്താകമാനവും കേരളത്തിലും നാൾക്കുനാൾ വർധിച്ചുവരുന്നു.
പേവിഷബാധ പരത്തുന്നതിൽ പൂച്ചകൾക്കും പങ്കുണ്ട്. വളർത്തു നായ്ക്കളെ വാക്സിനേറ്റ് ചെയ്യുന്നവർപോലും പൂച്ചകളുടെ കാര്യത്തില് അലംഭാവം കാണിക്കുകയാണ് പതിവ്. എപ്പോഴും മുഖം കൈകൊണ്ട് മിനുക്കുന്ന പൂച്ചയുടെ സ്രവങ്ങള് നഖങ്ങളില് പറ്റിപ്പിടിച്ചിട്ടുണ്ടാവും. പൂച്ചയുടെ നഖം കൊണ്ടുണ്ടാക്കുന്ന ചെറിയ പോറല് പോലും പേ വിഷബാധയ്ക്കു കാരണമാകാം. നായയുടെ കടിയേറ്റാല് മുറിവേറ്റ ഭാഗം സോപ്പും വെള്ളവുമുപയോഗിച്ചു നന്നായി കഴുകണം. എത്രയും പെട്ടന്നു പ്രതിരോധ കുത്തിവയ്പ് എടുക്കണം. പുറമെ ആന്റി റാബിസ് ഇമ്യൂണോഗ്ലോബുലിന് നല്കണം.
ഹൈഡാട്ടിസ് രോഗം
മറ്റൊരു പ്രധാന ജന്തുജന്യരോഗമാണ് ഹൈഡാട്ടിസ്. എക്കിനോകോക്കസ് ഗ്രാനുലോസസ് എന്ന നാടവിരയാണ് രോഗകാരണം. രോഗം ബാധിച്ച നായയുടെ കുടലില് ഈ വിരകള് ദശലക്ഷക്കണക്കിന് ഉണ്ടാകും. ഇവയുടെ മലത്തിലൂടെ പുറത്തുവരുന്ന വിരയുടെ മുട്ട മനുഷ്യരുടെ ശരീരത്തില് ഭക്ഷണത്തിലൂടെ പ്രവേശിച്ച് ശ്വാസകോശ രോഗങ്ങള്, കരള്, തലച്ചോര് എന്നിവിടങ്ങളില് നീര്ക്കെട്ട് ഉണ്ടാക്കുന്നു. രോഗം മരണത്തിലേക്കുവരെ നയിച്ചേക്കാം.
വ്യക്തിശുചിത്വം പാലിക്കൽ, നായ്ക്കളില് കൃത്യമായ വിരയിളക്കല് എന്നിവയാണ് പ്രതിരോധമാര്ഗം ക്യൂട്ടേനിയാസ് ലാര്വ മൈഗ്രാന്സ് അന്കൈലോസ്രാമ ഇനത്തില്പ്പെട്ട വിരകളാണ് രോഗ കാരണം. കുട്ടികളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. രോഗം ബാധിച്ച വളര്ത്തുമൃഗങ്ങളുമായി കുട്ടികള് ഇടപഴകുമ്പോഴോ മണ്ണുവാരി കളിക്കുമ്പോഴോ ത്വക്കിലൂടെ ലാര്വകള് മനുഷ്യരിലേക്കു പ്രവേശിക്കുന്നു. നായകളുടെയും പൂച്ചകളുടെയും വിസര്ജ്യവസ്തുക്കള് വീണുനനഞ്ഞ മണ്ണിലൂടെ ചെരുപ്പിടാതെ നടന്നാലും രോഗം വരാം.
വിസറല് ലാര്വ മൈഗ്രന്സ്
വിസറല് ലാര്വ മൈഗ്രന്സ് എന്ന രോഗവും ജന്തുക്കളിൽനിന്നാണ് മനുഷ്യരിലേക്കെത്തുന്നത്. ടോക്സോകാര കാനിസ് എന്ന വിരയുടെ ലാര്വയാണ് ഈ അസുഖത്തിനു കാരണം. മൃഗവിസര്ജ്യത്തില്നിന്നു മനുഷ്യശരീരത്തില് എത്തിച്ചേരുന്ന ലാര്വകള,് മനുഷ്യരില് കുടല് ഭിത്തികള് തുരന്ന് കരളിലും ശ്വാസകോശത്തിലും കണ്ണിലും പറ്റിച്ചേര്ന്ന് ഗുരുതരമായി ബാധിക്കുന്നു.
എലിപ്പനി
നിരവധിപ്പേരുടെ മരണത്തിനിടയാക്കുന്ന ജന്തുജന്യ രോഗമാണ് എലിപ്പനി. ലെപ്റ്റോസ്പൈറോസിസ്, വെയ്ലസ് രോഗം, ഗ്രിപ്പോടൈഫോസ, കാനിക്കോള എന്നിങ്ങനെ വിവിധ പേരുകളില് എലിപ്പനി അറിയപ്പെടുന്നു. ലെപ്റ്റോസ്പൈറ ഇന്ററോഗന്സ് എന്ന ബാക്ടീരിയകള് മൂലം ഉണ്ടാകുന്ന ഒരു രോഗമാണിത്. വൃക്കകളുടെയും കരളിന്റെയും പ്രവര്ത്തനം തകരാറിലാക്കുക, ശ്വാസം നിന്നുപോകുക, മസ്തിഷ്കജ്വരം എന്നിവ രോഗികള്ക്ക് ഉണ്ടാകാം. ഗുരുതരമായാല് മരണം സംഭവിക്കാം.
നായ, കുതിര തുടങ്ങിയ വളര്ത്തുമൃഗങ്ങള്, എലികള്, കാട്ടുപന്നികള് മുതലായ വന്യജീവികള് എന്നിവയുടെ രോഗാണുസാന്നിധ്യമുള്ള വിസര്ജ്യങ്ങളിലൂടെ, പ്രത്യേകിച്ചും മൂത്രത്തിലൂടെയാണ് ഈ രോഗാണുക്കള് പകരുന്നത്. ശുദ്ധജലത്തിലും മണ്ണിലും മാസങ്ങളോളം അതിജീവിച്ച് നിലകൊള്ളുവാന് ലെപ്റ്റോസ്പൈറ ഇന്ററോഗന്സ് ബാക്ടീരിയങ്ങള്ക്ക് കഴിയും.
മുന്കരുതലുകള്
മൃഗങ്ങളുമായി നേരിട്ടും അല്ലാതെയുമുള്ള സമ്പര്ക്കം, അവയുടെ ശരീര സ്രവങ്ങളുമായുള്ള സമ്പര്ക്കം, വളര്ത്തുമൃഗങ്ങളുടെ പരിപാലനം ഇവയിലെല്ലാം ആവശ്യമായ മുന്കരുതലുകള് സ്വീകരിക്കണം.വളര്ത്തുമൃഗങ്ങളുടെ വാസസ്ഥലം വൃത്തിയായി സൂക്ഷിക്കണം.
• മൃഗങ്ങളുമായി ഇടപെട്ടു കഴിഞ്ഞാല് ഉടന് തന്നെ കൈകള് സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം. മുഖത്തോടു ചേര്ത്തു മൃഗങ്ങളെ ഓമനിക്കരുത്. മുഖത്തോ ചുണ്ടിലോ നക്കാന് അവയെ അനുവദിക്കരുത്. അഞ്ചു വയസില് താഴെയും 65 വയസിനു മുകളിലുമുള്ളവര്, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്, ഗര്ഭിണികള് എന്നിവര് മൃഗങ്ങളോട് അടുത്തു പെരുമാറുമ്പോള് ശ്രദ്ധ പുലര്ത്തണം.
• മൃഗങ്ങളില്നിന്നു മുറിവോ പോറലുകളോ ഉണ്ടായാല് ഉടന് തന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുകയും വൈദ്യസഹായം തേടുകയും വേണം. വളര്ത്തുമൃഗങ്ങള്ക്കുള്ള പ്രതിരോധ കുത്തിവയ്പുകള് കൃത്യമായി എടുക്കണം. വനമേഖലയില് തൊഴിലിനും വിനോദത്തിനുമായി പോകുമ്പോള് ആവശ്യമായ വ്യക്തിഗത സുരക്ഷാമാര്ഗങ്ങള് സ്വീകരിക്കണം. മൃഗങ്ങളും പക്ഷികളും കടിച്ച പഴങ്ങളും മറ്റു ഭക്ഷ്യ വസ്തുക്കളും ഉപയോഗിക്കരുത്.
ഫാ. സ്റ്റാന് സ്വാമി ഓര്മയായിട്ട് ഇന്ന് ഒരു വര്ഷം
റവ. ഡോ. ബിനോയ് പിച്ചളക്കാട്ട്, എസ്ജെ
ജാര്ഖണ്ഡിലെ ആദിവാസികള്ക്കുവേണ്ടി ശബ്ദിച്ചതിന്റെ പേരില് വിചാരണത്തടവുകാരനായിരിക്കെ അന്തരിച്ച ഫാ. സ്റ്റാന് സ്വാമി ഓര്മയായിട്ട് ഇന്ന് ഒരു വര്ഷം. സാധാരണമയായി വിചാരണത്തടവുകാരന് മരണപ്പെട്ടാല് കേസ് അവസാനിച്ചതായി കണക്കാക്കപ്പെടും. അങ്ങനെ തീര്ന്നാല് നിരപരാധിയായ ഫാ. സ്റ്റാനിന്റെ സല്പ്പേരിനും അദ്ദേഹം അംഗമായ ഈശോസഭയുടെ മഹത്തായ സേവനപാരമ്പര്യത്തിനും തീരാക്കളങ്കമാകുമെന്നതിനാല് ഈ കേസ് ഇന്നും സജീവമായി നിലനിർത്തിയിരിക്കുകയാണ്. 2022 ജൂണ് രണ്ടിന് ജനീവ ആസ്ഥാനമായുള്ള മാര്ട്ടിന് എന്നല്സ് ഫൗണ്ടേഷന് എന്ന വിശ്വപ്രസിദ്ധ മനുഷ്യാവകാശ സംഘടന പാര്ശ്വവത്കരിക്കപ്പെട്ടവര്ക്കായി ജീവിതം സമര്പ്പിച്ച ഫാ. സ്റ്റാനിന് മരണാനന്തര ബഹുമതി നല്കി ആദരിക്കുകയുണ്ടായി. ഉത്തരേന്ത്യയിലെ ആദിവാസികളുടെ അവകാശങ്ങള്ക്കായി പോരാടിയ സ്റ്റാന് സ്വാമിക്ക് തന്റെ മാതൃരാജ്യത്ത് മരണാനന്തര നീതിയെങ്കിലും ലഭിക്കുമോ?
ഫാ. സ്റ്റാന് സ്വാമി ചെയ്ത കൃത്യം
1975 മുതല് പതിനഞ്ചു വര്ഷത്തോളം ബംഗളൂരുവിലെ ഇന്ത്യന് സോഷ്യല് ഇന്സ്റ്റിറ്റ്യൂട്ടില് ട്രെയിനറായും ഡയറക്ടറായും സേവനമനുഷ്ഠിച്ചതിനുശേഷം ഫാ. സ്റ്റാന് 1990ല് ജാര്ഖണ്ഡിലെത്തി. വനവാസികളുടെ അവകാശ സംരക്ഷണത്തിനായി ജസ്യൂട്ട് സഭ സ്ഥാപിച്ച ‘ജോഹാര’ എന്ന സംഘടനയുടെ നേതൃത്വം ഏറ്റെടുത്തു. ആദിവാസി സമൂഹങ്ങളുടെ ഭൂമി-വനം-തൊഴില് അവകാശങ്ങള്ക്കായി അന്നുമുതല് അദേഹം ശബ്ദമുയര്ത്തിയിരുന്നു. ജാര്ഖണ്ഡിന്റെ ധാതുസമ്പത്ത് അനേകം വ്യവസായികളെയും ഖനനകമ്പനികളെയും അവിടേക്ക് ആകര്ഷിച്ചു. തൊണ്ണൂറുകളിലെ ആഗോളവത്കരണ നയവും തുടര്പദ്ധതികളും പ്രകൃതിചൂഷണത്തിനു വഴിയൊരുക്കി. അതോടെ ആദിവാസിക്ഷേമം ഉറപ്പിക്കുന്നതിനായി കാലാകാലങ്ങളില് കൊണ്ടുവന്ന നിയമങ്ങളും പ്രഖ്യാപനങ്ങളും പ്രഹസനമായി.
രണ്ടായിരാമാണ്ടില് ജാര്ഖണ്ഡ് സംസ്ഥാനമായതോടെ തലസ്ഥാനനഗരമായ റാഞ്ചിയില് പാര്ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യംവച്ച് ‘ബഗെയ്ച’ എന്ന പേരില് ഒരു ഇന്സ്റ്റിറ്റ്യൂട്ട് ആരംഭിച്ചു. ആദിവാസികളുടെയും ദളിതരുടെയും പ്രശ്നങ്ങള് പഠിക്കുന്നതിനും അവ ഗവണ്മെന്റിന്റെ ശ്രദ്ധയില്പ്പെടുത്തുന്നതിനും, പരിഹാരം ലഭിച്ചില്ലെങ്കില് നിയമവഴികള് തേടുന്നതിനും ‘ബഗെയ്ച’ വേദിയൊരുക്കി.
ഇതോടെ ആദിവാസികള്ക്കും സര്ക്കാരിനുമിടയില് ആശയവിനിമയം നടത്താനും നീതി നിഷേധിക്കപ്പെട്ടവരുടെ അവകാശസമരങ്ങളില് പങ്കുചേരാനും ഫാ. സ്റ്റാനിന് കഴിഞ്ഞു. അവകാശങ്ങള്ക്കുവേണ്ടി പോരാടിയതിന്റെ പേരില് അകാരണമായി ജയിലിലടയ്ക്കപ്പെട്ട് വിധി കാത്തുകിടക്കുന്ന ആദിവാസി-ദളിത് യുവാക്കള്ക്കായി ഫാ. സ്റ്റാന് സ്വാമിയുടെ നേതൃത്വത്തില് ആരംഭിച്ച സംഘടനയാണ് ‘പേഴ്സിക്യൂട്ടഡ് പ്രിസണേര്സ് സോളിഡാരിറ്റി ഫോറം’. കേസ് വിസ്താരം ദ്രുതഗതിയിലാക്കുന്നതിനും ജാമ്യം അനുവദിക്കുന്നതിനും നിയമപരമായ പോരാട്ടം നടത്തുകയായിരുന്നു ഈ ഫോറത്തിന്റെ ഉദ്ദേശ്യം. 2018ല് കുന്ദി ജില്ലയിലെ ആദിവാസികള് ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂള് പ്രകാരവും 1996ലെ പെസ ആക്ട് പ്രകാരവും തങ്ങളുടെ സ്വയംഭരണാവകാശങ്ങള് കല്ലുഫലകങ്ങളിലെഴുതി പ്രതിഷ്ഠിച്ച പതല്ഗഡി പ്രസ്ഥാനത്തെയും ഫാ. സ്റ്റാന് സ്വാമി പിന്തുണച്ചു. സംസ്ഥാന ഗവണ്മെന്റ് അതു വിപ്ലവമാണെന്നാരോപിച്ച് സൈന്യത്തെയിറക്കി ആദിവാസികളെ അടിച്ചമര്ത്തി. ഭരണകൂടത്തിന്റെ ഈ ഭീകരതാണ്ഡവത്തെ സ്റ്റാന് തന്റെ ഫേസ്ബുക്ക് പേജിലൂടെ അപലപിച്ചിരുന്നു. ഇതേത്തുടര്ന്ന്, മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവ് ലഹള നടത്തിയ മാവോയിസ്റ്റുകളുമായി ഫാ. സ്റ്റാനിന് ബന്ധമുണ്ടെന്ന വ്യാജ ആരോപണത്തിന്റെ പിന്ബലത്തില് 2020 ഒക്ടോബര് എട്ടിന് ആസൂത്രിതമായ നീക്കങ്ങളിലൂടെ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് മുംബൈ ജയിലിലടച്ചു. അപ്പോള് ഫാ. സ്റ്റാന് സ്വാമിയുടെ പ്രായം 83 വയസായിരുന്നു.
പോരാട്ടത്തിന്റെ നാള്വഴികള്
പാര്ക്കിന്സൻസ് രോഗബാധിതനായിരുന്ന വന്ദ്യവയോധികനെ കോവിഡ് മാനദണ്ഡങ്ങള് അവഗണിച്ച് അറസ്റ്റ് ചെയ്തത് രാഷ്ട്രീയമായ ദുരുദ്ദേശ്യത്തോടെയാണെന്ന് മനസിലാക്കിയ ഈശോസഭക്കാര്, അദേഹത്തിന്റെ അനാരോഗ്യം ചൂണ്ടിക്കാട്ടി ജാമ്യത്തിന് അപേക്ഷ നല്കി. നീണ്ട നാലു മാസത്തിനുശേഷം സെഷന്സ് കോടതി ഈ മെഡിക്കല് ബെയില് നിരസിച്ചു. ഇതിനെതിരേ മുംബൈ ഹൈക്കോടതിയില് അപ്പീല് നല്കി.
അക്കാലത്ത് തലോജ ജയിലില് കോവിഡ് പടര്ന്നുപിടിച്ചിരുന്നു. സ്റ്റാനിന്റെ ആരോഗ്യസ്ഥിതി വഷളായത് കോവിഡ് മൂലമെന്ന് ഡോക്ടര്മാര് സ്ഥിരീകരിച്ചു. വിചാരണത്തടവുകാരനായിരിക്കെ, 2021 ജൂലൈ അഞ്ചിനു ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിൽ ഫാ. സ്റ്റാന് സ്വാമി മരണപ്പെട്ടു. ഫാ. സ്റ്റാനിന്റെ മരണാനന്തര നീതിക്കായി എന്തു വിലകൊടുത്തും പോരാടാനുറച്ച ഈശോസഭക്കാര് കേസ് സജീവമായി നിലനിർത്തിക്കൊണ്ട് അദേഹത്തിന്റെ നിരപരാധിത്വം കോടതിയില് തെളിയിക്കാനുള്ള മാര്ഗം ആരാഞ്ഞു. മരണാനന്തര നിയമനടപടികള്ക്കു സ്വാഭാവികമായും ഒരു അനന്തരാവകാശി ഉണ്ടാവണം. ഒരു സന്യാസസഭയില് അംഗമായ സ്റ്റാനിന്റെ അനന്തരാവകാശികള് അദ്ദേഹത്തിന്റെ സഹപ്രവര്ത്തകര് തന്നെയാണ്. വക്കീല് ഇക്കാര്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്തി. പ്രസ്തുത പെറ്റീഷന് ഫയലില് സ്വീകരിച്ച കോടതി മുംബൈ സെന്റ് സേവ്യഴ്സ് കോളജ് പ്രിന്സിപ്പല് ഫാ. ഫ്രേസര് മസ്കര്നെസ് എസ്ജെയെ ഫാ. സ്റ്റാനിന്റെ നിയമപരമായ അനന്തരാവകാശിയായി പ്രവര്ത്തിക്കാനും വക്കാലത്ത് ഒപ്പുവയ്ക്കാനും അധികാരപ്പെടുത്തി. ഈ നടപടികള്ക്കെല്ലാം മാസങ്ങള് വേണ്ടിവന്നു. തുടര്ന്ന് ഫാ. സ്റ്റാന് സ്വാമിയുടെ കേസിന്റെ വിചാരണ തുടരാനുള്ള അനുമതി തേടിക്കൊണ്ടുള്ള ഹർജി ഫയല് ചെയ്തു. ഹൈക്കോടതി തുടര്നടപടികള്ക്കായി ഹർജി ഫയലില് സ്വീകരിച്ചെങ്കിലും പ്രതികാര രാഷ്ട്രീയമെന്നോണം എന്ഐഎ മറ്റൊരു കുറ്റപത്രം കൂടി മരണപ്പെട്ട ഫാ. സ്റ്റാൻ സ്വാമിക്കെതിരേ സമര്പ്പിച്ചു.
വേനല് അവധിക്കുശേഷം ഇപ്പോള് കോടതി തുറന്നിരിക്കുകയാണ്. ഹൈക്കോടതിയില് നല്കിയ പരാതി ഉടന്തന്നെ ഹിയറിംഗിന് വന്നേക്കാം. പരാതി കോടതിച്ചാൽ ഭീമ-കൊറേഗാവ് - 16 കേസില്, സാങ്കേതികമായി ഫാ. സ്റ്റാന് സ്വാമിയും പ്രതിചേര്ക്കപ്പെട്ടവരില് ഒരാളായി, വിചാരണ പ്രക്രിയയുടെ ഭാഗമാകും. ആരോപണങ്ങള് അടിസ്ഥാനരഹിതമെന്നു തെളിഞ്ഞ് അനുകൂലമായ വിധി വന്നാല് ഫാ. സ്റ്റാനിന്റെ നിരപരാധിത്വം കോടതിയില് സ്ഥാപിക്കാന് ഈശോസഭയ്ക്ക് കഴിയും.
നിലപാടുകള് മരിക്കില്ല
ഫാ. സ്റ്റാന് സ്വാമിയുടെ വീരോചിത മരണം, ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നീതിക്കുവേണ്ടി പോരാടിക്കൊണ്ടിരിക്കുന്ന എല്ലാ മനുഷ്യാവകാശ പ്രവര്ത്തകര്ക്കും ഉദാത്തമായ മാതൃകയും പ്രചോദനവുമാണ്. അദ്ദേഹം ചൂണ്ടിക്കാണിച്ച പ്രശ്നങ്ങള് ഇന്നും സജീവമായി ആദിവാസി സമൂഹങ്ങള്ക്കിടയിലുണ്ട്. ബഗെയ്ചയിലെ ഗവേഷണവും രീതിശാസ്ത്രവും പാര്ശ്വവത്കരിക്കപ്പെട്ടവരുമായി ആഴത്തിലുള്ള ഇടപെടല് ആവശ്യപ്പെടുന്നുണ്ട്. ഫാ. സ്റ്റാനിന്റെ മരണശേഷം സാമൂഹികനീതി പ്രവര്ത്തനങ്ങള്ക്കായി അനേകം യുവതീയുവാക്കള് മുന്നിട്ടിറങ്ങിയിട്ടുണ്ട്. അവരെയും അടിച്ചമര്ത്താനുള്ള ശ്രമങ്ങൾ ഭരണകൂടം നടത്തുന്നുണ്ട്.
മനുഷ്യാവകാശ പ്രവര്ത്തകരുടെ സമീപകാല അറസ്റ്റുകളില് പലതും ഇതിലേക്കു വിരല്ചൂണ്ടുന്നു. എന്നാല് ഫാ. സ്റ്റാന് സ്വാമിയുടെ നിലപാടുകളും ജീവിതസമര്പ്പണവും അവർക്ക് നവചൈതന്യമാണ് പകരുന്നത്. സാമൂഹ്യനീതിക്കു വേണ്ടിയുള്ള പ്രയാണം ഫാ. സ്റ്റാനിനെ സംബന്ധിച്ചിടത്തോളം സന്ധിയില്ലാത്ത പ്രതിബദ്ധതയായിരുന്നു. പാര്ശ്വവത്കരിക്കപ്പെട്ടവരോടു പക്ഷം ചേരാനുള്ള ഈശോസഭാ ദര്ശനമായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകള്ക്കാധാരം.
ഫാ. സ്റ്റാന് സ്വാമിയുടെയും ഇതേ കാരണത്താല് ജയിലിലടയ്ക്കപ്പെട്ട സഹതടവുകാരുടെയും മനുഷ്യാവകാശ പ്രവര്ത്തകരുടെയും നീതിക്കുവേണ്ടിയുള്ള കാത്തിരിപ്പിനു വിരാമമിടാന് ഭാരതമനസ്സാക്ഷി ഉണര്ന്നു പ്രവര്ത്തിക്കേണ്ടിയിരിക്കുന്നു.
(ഫാ. സ്റ്റാന് സ്വാമിയുടെ കേസിന്റെ നിയമനടപടികള്ക്ക് നേതൃത്വം നല്കുന്ന ബംഗളൂരു ഇന്ത്യന് സോഷ്യല് ഇന്സ്റ്റിറ്റ്യൂട്ടിലെ ജോസഫ് സേവ്യര് എസ്ജെ, ബഗെയ്ച ഇന്സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര് ആന്റണി പുതുമറ്റത്തില് എസ്ജെ എന്നിവരുമായി നടത്തിയ സംഭാഷണങ്ങളുടെ വെളിച്ചത്തില് തയാറാക്കിയ ലേഖനം)
നെൽകർഷകന്റെ കണ്ണീർ തുടയ്ക്കണം
എ. എം. എ. ചമ്പക്കുളം
“തുന്നക്കാരന്റെ മകന്റെ കുപ്പായത്തിനു കുടുക്കു കാണില്ല’’ എന്നൊരു പഴഞ്ചൊല്ലുണ്ട്. അത് ഏറ്റവും യോജിക്കുന്നത് കേരളത്തിലെ നെൽകൃഷിക്കാരുടെ കാര്യത്തിലാണ്. കർഷകനു കഞ്ഞിക്കു വകയില്ലാത്ത അവസ്ഥയാണിന്ന്. സമുദ്രനിരപ്പിൽനിന്നു മൂന്നു -നാലു മീറ്റർ താഴ്ചയിൽ കൃഷിയിറക്കുന്ന കുട്ടനാട് മുതൽ ഹൈറേഞ്ചിലെ വട്ടവടവരെ നെൽകൃഷി ചെയ്തുവരുന്നു. എന്നാൽ നെൽകർഷകന്റെ അവസ്ഥ എല്ലായിടത്തും ദയനീയം തന്നെ.
താങ്ങുവില എന്ത് എന്തിന്?
ഒരു കാർഷികോത്പന്നത്തിന് കേന്ദ്ര സർക്കാർ താങ്ങുവില പ്രഖ്യാപിക്കുന്നതു ചില മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. വിളയുടെ ഉത്പാദനത്തിനു വേണ്ടിവരുന്ന ന്യായമായ ചെലവും കർഷകനെ ആ കൃഷിയിൽ നിലനിർത്താൻ വേണ്ട മിനിമം വരുമാനവും ലഭിക്കണം എന്നു കണക്കുകൂട്ടിയാണ് താങ്ങുവില നിശ്ചയിക്കുന്നത്. ദേശീയതലത്തിൽ നോക്കിയാൽ ഒരു കിലോ നെല്ലിനു താങ്ങുവിലയായി പ്രഖ്യാപിച്ചിരിക്കുന്നത് 28.72 രൂപയാണ്. അതു മുഴുവനും കേരളത്തിലെ നെൽകർഷകന് ഈ കൃഷിക്കു കിട്ടിയിട്ടില്ല എന്നതാണ് യാഥാർഥ്യം. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ മേൽപ്പറയുന്ന താങ്ങുവില ഒരു പരിധിവരെ ന്യായമാണെന്നു പറയാം.
ഇന്ത്യ പോലെ ഒരു വലിയ രാജ്യത്തിൽ വിസ്തൃതമായ കൃഷിയിടങ്ങളുള്ള മറ്റു സംസ്ഥാനങ്ങൾക്കു മുന്നിൽ കേരളം തീരെ ചെറുതാണ്. കേന്ദ്രം നെല്ലിനു താങ്ങുവില പ്രഖ്യാപിക്കുമ്പോൾ ഭൂരിപക്ഷ പ്രദേശത്തെ കൃഷിയുടെ വരവ് -ചെലവുകൾ മാനദണ്ഡമാക്കിയാണു താങ്ങുവില നിശ്ചയിക്കുന്നത്. അത് ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന നെൽകർഷകർക്കു ഗുണമാകുന്നു.
എന്നാൽ, അതു കേരളത്തിലെ നെൽകർഷകർക്കു ഗുണമാകുന്ന തരത്തിൽ നെല്ലിന് കേരളത്തിനു മാത്രമായി ഒരു താങ്ങുവില പ്രഖ്യാപിക്കുവാൻ വേണ്ട നടപടിയുണ്ടായില്ലെങ്കിൽ ഇവിടുത്തെ കർഷകർ എന്നും നഷ്ടക്കൊയ്ത്തായിരിക്കും. കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ നെല്ലിന് കിലോയ്ക്ക് 35 മുതൽ 40 രൂപ വരെയെങ്കിലും താങ്ങുവില ലഭിക്കേണ്ടിയിരിക്കുന്നു. എങ്കിലേ കർഷകന്റെ നടു നിവരൂ.
കേരളത്തിന് എന്തുകൊണ്ട്?
കേരളത്തിൽ നെൽകൃഷി ചെയ്യുന്ന ഇടങ്ങൾ സാധാരണ ഭൂമിയേക്കാൾ താഴ്ന്നു നില്ക്കുന്നു. ഇവിടെ വെള്ളം വറ്റിച്ച് കൃഷിയിറക്കുമ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നെൽ വയലുകളിലേക്കു വെള്ളം പമ്പു ചെയ്യുന്ന രീതിയാണു നിലവിലുള്ളത്. ഇവിടെ വെള്ളം പുറത്തേക്കു പമ്പ് ചെയ്യുന്നതിനു വരുന്ന ചെലവ് മറ്റിടങ്ങളിലേതിനേക്കാൾ പതിന്മടങ്ങ് കൂടുതലാണ്.
പുറംബണ്ടും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുവാൻ കേരളത്തിലെ നെൽകൃഷിക്കാർക്ക് ഓരോ കൃഷിക്കും ലക്ഷങ്ങൾ മുടക്കേണ്ടിവരുമ്പോൾ മറ്റിടങ്ങളിൽ ചെലവ് തീരെ കുറവാണ്. മടവീഴ്ചയും വെള്ളപ്പൊക്കവും മറ്റു കൃഷികളെ ബാധിക്കുന്നതിനു മുൻപേ നെൽകൃഷിയെ ബാധിക്കുന്നു. ഇത് നെൽകൃഷിയെ പലപ്പോഴും പൂർണ നഷ്ടത്തിലാക്കുന്നു. കേരളത്തിലെ നെൽവയലുകളിൽ യന്ത്രവത്കരണത്തിനു വേഗം കുറവായിരുന്നു. അത് നാം സമുദ്രനിരപ്പിനു താഴെ കൃഷി ചെയ്യുന്നതുകൊണ്ടാണ്. കൊയ്ത്തുയന്ത്രവും ട്രാക്ടറും കേരളത്തിൽ ഇന്നു ലഭ്യമാണെങ്കിലും അവയ്ക്കു മറ്റ് സംസ്ഥാനങ്ങളിൽ നല്കുന്ന വാടകയേക്കാൾ പതിന്മടങ്ങു നല്കേണ്ടിവരുന്നതും കൃഷിച്ചെലവ് കൂട്ടുന്നു.
കാലാവസ്ഥാമാറ്റം കേരളത്തിലെ നെൽകൃഷിയെ ആണ് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്. അതു വേനൽമഴയായും കീടങ്ങളായും കർഷകനെ വേട്ടയാടുന്നു. അങ്ങനെ വരുമ്പോൾ വിളവിലുണ്ടാകുന്ന നഷ്ടത്തിന്റെ അളവ് താങ്ങുവില വർധനകൊണ്ടു കുറയ്ക്കാൻ കഴിയും. ഗുണനിലവാരമനുസരിച്ച് താങ്ങുവിലയേക്കാൾ ഉയർന്ന വിലയാണ് മറ്റ് ഉത്പന്നങ്ങൾക്ക് കമ്പോളത്തിൽ ലഭിക്കുക.
അതേസമയം കേരളത്തിൽ പ്രത്യേകിച്ച് കുട്ടനാട്ടിൽ, നെല്ല് എത്ര നന്നായിരുന്നാലും താങ്ങുവിലയേക്കാൾ കൂടുതൽ ഒരിക്കലും ലഭിക്കില്ല എന്നു മാത്രമല്ല, മില്ലുകാരും ഇടനിലക്കാരും ചില ഉദ്യോഗസ്ഥരും ചേർന്ന് ‘കിഴിവ്’ എന്ന ഓമനപ്പേരിൽ രണ്ടു മുതൽ പത്തുവരെ കിലോ ഒരു ക്വിന്റലിൽ കുറവു വരുത്തുമ്പോൾ താങ്ങുവിലയുടെ പ്രസക്തിതന്നെ നഷ്ടമാകുന്നു. ഗുണമേന്മ അനുസരിച്ചു താങ്ങുവില മുകളിലേയ്ക്കു കച്ചവടം നടത്താൻ സൗകര്യമുണ്ടാവണം.
കൂലിയും നട്ടംതിരിക്കുന്നു
സംഭരണവും കയറ്റിറക്കു കൂലിയും കർഷകനെ നട്ടം തിരിക്കുന്ന മറ്റു ഘടകങ്ങളാണ്. മറ്റു സംസ്ഥാനങ്ങളിൽ വിളവെടുത്തു കഴിഞ്ഞാൽ ആഴ്ചകളും മാസങ്ങളും വയലിൽ തന്നെ നെല്ല് കേടു കൂടാതെ സൂക്ഷിക്കുന്നതിനും ഉത്പന്നത്തിനു താങ്ങുവിലയേക്കാൾ ഉയർന്ന വില വരുമ്പോൾ വില്ക്കാനും സൗകര്യമുണ്ട്. എന്നാൽ, കേരളത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകത മൂലം വയലിലോ അതിനോടു ചേർന്നോ നെല്ലു സംഭരിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. കൊയ്ത്തു കഴിഞ്ഞാലുടൻ മഴയെ പേടിച്ച് എങ്ങനെയെങ്കിലും എത്ര ‘കിഴിവ്’ കൊടുക്കേണ്ടിവന്നാലും നഷ്ടം സഹിച്ചും കർഷകൻ ഉത്പന്നം വിറ്റു മാറ്റും. അതനുസരിച്ച് നഷ്ടത്തിന്റെ വ്യാപ്തിയും കൂടിക്കൊണ്ടിരിക്കും.
അത്യുത്പാദനശേഷിയുള്ള പല വിത്തിനങ്ങളും മറ്റു സംസ്ഥാനങ്ങളിൽ ഉപയോഗിക്കുന്നതുപോലെ കുട്ടനാട്ടിൽ ഉപയോഗിക്കാൻ പറ്റാതെ വരുന്നതുകൊണ്ടു മറ്റു സംസ്ഥാനങ്ങളിലേതു പോലെയുള്ള വിളവ് കേരളത്തിൽ കിട്ടാതെ വരുന്നതും കർഷകന്റെ നഷ്ടത്തിന് ആക്കം കൂട്ടുന്നു. ഒരാൾക്ക് തന്റെ ഭൂമിയിൽ ഒരു മരമുണ്ടെന്നു കരുതുക. അയാൾ അതു കച്ചവടം ചെയ്താൽ പറഞ്ഞുറപ്പിച്ച വില കൈപ്പറ്റിയാൽ മതി. വാങ്ങിയ ആൾ അതു വെട്ടി വണ്ടിയിൽ കയറ്റിക്കൊണ്ടു പൊയ്ക്കോളും. കയറ്റിയിറക്കു കൂലിയും വാങ്ങിയ ആൾ നല്കും. എന്നാൽ നെൽകൃഷിയിടത്തിൽ മാത്രം വിളയിച്ച കർഷകൻ തന്നെ കയറ്റിറക്കു കൂലി നല്കണം. അതാകട്ടെ മറ്റു സാധനസാമഗ്രികളുടെ കയറ്റിയിറക്കു കൂലിയുടെ എട്ടും പത്തും ഇരട്ടിയാണു നല്കേണ്ടി വരുന്നത്.
അമിത കൂലി നല്കി തൊഴിലാളികളെ കൃഷിഭൂമിയിൽ ഇറക്കേണ്ടിവരുന്ന സാധാരണ നെൽകർഷകന്റെ ഗതികേട് ആരും മനസിലാക്കുന്നില്ല. കൃത്യമായ ഇടവേളകളിൽ കയറ്റിയിറക്കു കൂലികൾ (ചുമട്ടുകൂലി ക്വിന്റലിന് 150 ൽ അധികം മിക്ക ഇടങ്ങളിലും) കൂട്ടാറുണ്ടെങ്കിലും രണ്ടു ദശാബ്ദങ്ങൾക്കപ്പുറത്ത് നിശ്ചയിച്ച കർഷകനു നല്കുന്ന കൈകാര്യ ചെലവ്(ക്വിന്റലിന് 20 രൂപയിൽതാഴെ) അതിൽതന്നെ നിർത്താൻ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു എന്നതാണ് അതിശയകരം.
നെല്ലിനു താങ്ങുവില പ്രഖ്യാപിക്കുമ്പോൾ കേരളത്തിന്റെ പ്രത്യേക സാഹചര്യംകൂടി കണക്കിലെടുത്തു വേണം തീരുമാനമെടുക്കാൻ. കൂടുതൽ നല്ല ഉത്പന്നത്തിനു താങ്ങുവിലയേക്കാൾ കൂടിയ വില ലഭ്യമാക്കുകയും ചെയ്താൽ കൂടുതൽ കൂടുതൽ ആളുകളെ കൃഷിയിലേക്ക് ആകർഷിക്കാൻ സാധിക്കും. മുഖ്യധാരാ രാഷ്്്ട്രീയ പാർട്ടികൾക്ക് കർഷക സംഘടനകൾ ഉണ്ടെങ്കിലും കേരളത്തിലെ കർഷകർക്ക് തങ്ങളുടെ ആവശ്യം യഥാവിധി ഉയർത്താൻ അതിനായൊരു സംഘടന ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.