വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃത്രിമ
ശീതളപാനീയങ്ങള്‍ കുടിച്ച് ആരോഗ്യം കളയേണ്ട. വീട്ടില്‍ തന്നെ നല്ല ശീതളപാനീയങ്ങള്‍ എളുപ്പത്തില്‍ തയാറാക്കാം.
പുറത്തു പോകുമ്പോള്‍ ചെറിയൊരു കുപ്പിയില്‍ ഇത് കൈയില്‍ കരുതുന്നതും നല്ലതാണ്. അധികം ബുദ്ധിമുട്ടാതെ ആരോഗ്യപ്രദമായ ശീതളപാനീയങ്ങളെങ്ങിനെ തയാറാക്കാം...
നാരങ്ങ ഇഞ്ചി ജ്യൂസ്
ഇഞ്ചി ഒരു ചെറിയ കഷണം
ചെറുനാരങ്ങ - ഒരെണ്ണം
പഞ്ചസാര - അഞ്ചു ടീസ്പൂണ്‍
തണുത്ത വെള്ളം - ഒരുഗ്ലാസ്സ്
ഐസ്ക്യുബ് - രണ്ടെണ്ണം
തയാറാക്കുന്ന വിധം:
ചെറുനാരങ്ങ കുരുവില്ലാതെ നീര് പിഴിഞ്ഞെടുക്കുക. ഇഞ്ചി തൊലികളഞ്ഞ് വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക. ഇഞ്ചി, ചെരുനാരങ്ങാ നീര്, പഞ്ചസാര എന്നിവ തണുത്തവെള്ളം ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുക്കുക.
ശേഷം അരിപ്പയില്‍ ജ്യൂസ് അരിച്ചെടുക്കത്ത് ഐസ് ക്യൂബ് ചേര്‍ത്ത് ഉപയോഗിക്കുക. ദാഹശമനത്തിന് മാത്രമല്ല ശരീരഭാരം കുറയ്ക്കാനും ഇഞ്ചി നാരങ്ങാ ജ്യൂസ് ഉത്തമമാണ്.
പച്ചമാങ്ങാജ്യൂസ്
പച്ചമാങ്ങ കഴുകി മുറിച്ച് ചെറിയ കഷ്ണങ്ങളാക്കി നുറുക്കി മിക്സിയില്‍ ഒരു ചെറിയ കഷ്ണം ഇഞ്ചിയും ആവശ്യത്തിന് പഞ്ചസാരയും ചേര്‍ത്ത് നന്നായി അടിച്ച് ഉപയോഗിക്കുക.
പഞ്ചസാര ഇഷ്ടമില്ലാത്തവര്‍ക്ക് ഉപ്പും ഉപയോഗിക്കാം.
നെല്ലിക്ക ജ്യൂസ്
ഇഞ്ചി, ചെറുനാരങ്ങയുടെ നീര്, പച്ചമുളക്, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്താണ് നെല്ലിക്ക ജ്യൂസ് തയാറാക്കേണ്ടത്. ഒരു കഷ്ണം ഇഞ്ചിയും ഒരു ചെറു നാരങ്ങയുടെ നീരുമാണ് ചേര്‍ക്കേണ്ടത്.
ഇവ കുരുകളഞ്ഞ നെല്ലിക്കയോടൊപ്പം ചേര്‍ത്ത് നന്നായി ജ്യൂസാക്കുക. അല്പം ഉപ്പും ചേര്‍ക്കുക.
വിവിധ തരം നെല്ലിക്ക ജ്യൂസുകള്‍ പഞ്ചസാരയും തേനും എല്ലാം ചേര്‍ത്തുണ്ടാക്കാവുന്നതാണ്.
തക്കാളി ജ്യൂസ്
തക്കാളി - രണ്ടെണ്ണം
ഉപ്പ് - പാകത്തിന്
കുരുമുളക്പൊടി - 1/2 ടീസ്പൂണ്‍
ഐസ് ക്യൂബ് - ആവശ്യത്തിന്
നാരങ്ങാനീര് - ഒരു ടീസ്പൂണ്‍
തയാറാക്കുന്ന വിധം:
തക്കാളി ഫ്രീസറില്‍ വെച്ച് നന്നായി തണുപ്പിക്കുക. ശേഷം തക്കാളി മിക്സിയില്‍ അടിച്ചെടുക്കുക. ഇതിലേക്ക് കുരുമുളക് പൊടി, ഉപ്പ്, ഐസ്ക്യൂബ്, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് വീണ്ടും അടിച്ചെടുക്കുക. ശേഷം ഉപയോഗിക്കാം.
പപ്പായ ജ്യൂസ്
പപ്പായ - ഒരെണ്ണം
തേന്‍ - രണ്ടു ടീ സ്പൂണ്‍
പഞ്ചസാര - ഒരു കപ്പ്
ഏലക്കായ പൊടിച്ചത് - ഒരു നുള്ള്
തണുത്ത പാല് - രണ്ടു കപ്പ്
തയാറാക്കുന്ന വിധം:
പപ്പായ ചെറുതായി അരിഞ്ഞ ശേഷം ബാക്കി ചേരുവകള്‍ ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുക്കാം. ഐസ് ക്യൂബുകളിട്ട് തണുപ്പിച്ച ശേഷം വിളമ്പാം.
സംഭാരം
തൈര് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നേര്മിപ്പിക്കുക. ഒരു മിക്സിയില്‍ ഇഞ്ചിയും പച്ചമുളകും ഇത്തിരി വെള്ളവും ചേര്‍ത്ത് മിക്സ് ചെയ്തെടുക്കുക. ഇത് മോരും വെള്ളത്തില്‍ ചേര്‍ക്കുക. കറിവേപ്പിലയും ഉപ്പും ചേര്‍ത്തിളക്കുക. സംഭാരം റെഡി.
നെല്ലിക്കാ സംഭാരം
10 നെല്ലിക്ക അടര്‍ത്തി കുരു കളഞ്ഞ് ഒരു മുറി തേങ്ങ ചെരണ്ടി ഒരു പച്ചമുളകും ഒരു കഷണം ഇഞ്ചിയും കറിവേപ്പിലയും ചേര്‍ത്തു അരച്ചു ജ്യൂസാക്കി വെള്ളം ചേര്‍ത്തു അരിച്ചെടുക്കുക. നെല്ലിക്കയ്ക്കു പകരം മാങ്ങയും ഇതേ രീതിയില്‍ സംഭാരമായി മാറ്റാം.
മുരിങ്ങയില സംഭാരം ആവശ്യമുള്ള സാധനങ്ങള്‍:
വെള്ളം - രണ്ടു കപ്പ്
മുരിങ്ങയില - അര കപ്പ്
തൈര് - അര കപ്പ്
ഇഞ്ചി - ഒരു കഷ്ണം
ഉള്ളി - മൂന്നെണ്ണം
കാന്താരി - മൂന്നെണ്ണം
കറിവേപ്പില - ഒരു തണ്ട്
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം:
മുരിങ്ങയില രണ്ടു കപ്പ് വെള്ളം ഒഴിച്ച് പത്തു മിനിറ്റ് തിളപ്പിക്കുക. ഇത് അരിച്ച് തണുപ്പിക്കുക. ഇതിലേക്ക് തൈര് ഉടച്ചത്, ഉപ്പ്, മറ്റു ചേരുവകള്‍ ചതച്ചത്
ചേര്‍ത്തിളക്കുക.
കുക്കുമ്പര്‍ - ഇഞ്ചി ജ്യൂസ്
കുക്കുമ്പര്‍ - 1
ഇഞ്ചി - ഇടത്തരം കഷ്ണം
പഞ്ചസാര - മൂന്നു ടീസ്പൂണ്‍
ജീരകപൊടി - അര ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
വെള്ളം - ഒരു കപ്പ്
തയാറാക്കേണ്ട വിധം:
കുക്കുമ്പര്‍ തൊലികളഞ്ഞ് കഷ്ണങ്ങളാക്കുക. ഇഞ്ചിയും തൊലികളയുക. കുക്കുമ്പര്‍, ഇഞ്ചി എന്നിവ വെള്ളം ചേര്‍ത്തടിച്ച് ജ്യൂസാക്കുക. ഇതിലേക്ക് ജീരകപൊടി, പഞ്ചസാര, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക.
കരിക്ക് ജ്യൂസ്
കരിക്കിന്റെ വെള്ളവും അകക്കാമ്പും മിക്സിയിലിട്ട് നല്ല പോലെ അടിക്കുക. ഇതിലേക്ക് പഞ്ചസാര നാല് ടീസ്പൂണ്‍, ഏലയ്ക്ക് പൊടിച്ചത്, പാല് എന്നിവ ചേര്‍ത്ത് ഉപയോഗിക്കാം.
വെള്ളരി ജ്യൂസ്
സാലഡ് വെള്ളരി - രണ്ട്
നാരങ്ങാനീരും പഞ്ചസാരയും ആവശ്യത്തിന്
വെള്ളരി തൊലി ചെത്തി കുരുനീക്കി ചെറിയ കഷ്ണങ്ങളാക്കി ഇതില്‍ പഞ്ചസാരയും നാരങ്ങാനീരും ചേര്‍ത്ത് മിക്സിയിലടിച്ച് ഐസ് ക്യൂബിട്ട് ഉപയോഗിക്കുക.
ലസി
അധികം പുളിക്കാത്ത കട്ടത്തൈര് - രണ്ടു കപ്പ്
പഞ്ചസാര - നാല് ടേബിള്‍ സ്പൂണ്‍
ഇഞ്ചി ചതച്ചത് - ഒരു കഷ്ണം
നാരങ്ങാനീര് - മൂന്നു ടീസ്പൂണ്‍
വെള്ളം - ഒന്നേകാല്‍ കപ്പ്
ഉപ്പ് - പാകത്തിന്
ചേരുവകളെല്ലാം ചേര്‍ത്ത് മിക്സിയില്‍ അടിച്ച് ഉപയോഗിക്കുക.
തണ്ണിമത്തന് പുതിന ജ്യൂസ്
തണ്ണിമത്തന് - ഒരു കപ്പ്
നാരാങ്ങാനീര് - അര ടീസ്പൂണ്‍
തേന്‍ - അര ടീസ്പൂണ്‍
ഐസ് ക്യൂബ് - ആവശ്യത്തിന്
പുതിനയില - മൂന്നെണ്ണം
തയാറാക്കുന്ന വിധം:
തണ്ണിമത്തന്, നാരങ്ങ നീര്, ഐസ് ക്യൂബ് എന്നിവ മിക്സിയില്‍ നന്നായി യോജിപ്പിക്കുക. ഇതിലേക്ക് തേന്‍ ചേര്‍ത്ത് നന്നായി ചേര്‍ത്തിളക്കുക. ശേഷം ഗ്ലാസിലാക്കി പുതിനയില ചേര്‍ത്ത് അലങ്കരിക്കുക.