പാമ്പുകൾക്കും പ്രാധാന്യമുണ്ട്
ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതില്‍ പാമ്പുകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതോടൊപ്പം പാരിസ്ഥിതിക സന്തുലിതാവസ്തയുടെ പ്രധാന സൂചകവുമാണ് പാമ്പുകള്‍.
എലി, പ്രാണികൾ, മറ്റ് ചെറിയ ജീവികള്‍ ഉള്‍പ്പെടെയുള്ളവയുടെ എണ്ണം പെരുകാതെ നിലനിര്‍ത്തുന്നതിലും രോഗങ്ങളുടെ വ്യാപനവും തടയുന്നതിലും പാമ്പുകളുടെ പങ്ക് നിർണായകമാണ്.
മറ്റു വലിയ ജീവികള്‍ക്ക് ഇരയായും പാമ്പുകൾ ഭക്ഷണ ശൃംഖലയുടെ ഭാഗമാകുന്നുണ്ട്. ഇതുവഴി ജൈവവൈവിധ്യം നിലനിർത്താനും സഹായിക്കുന്നു. വിളകളെ ബാധിക്കുന്ന നിരവധി കീടങ്ങളെ പാമ്പുകൾ തിന്നു നശിപ്പിക്കുന്നു.
114 ഇനത്തിൽ അപകടകാരികൾ 10
ഇന്ത്യയിൽ 340ലധികവും കേരളത്തിൽ 114 ഇനവും പാമ്പുകളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവയെല്ലാംതന്നെ 1972ലെ വന്യജീവി സംരക്ഷണ നിയമം പ്രകാരം സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
സംസ്ഥാനത്ത് കാണപ്പെടുന്ന 114 ഇനം പാമ്പുകളിൽ 10 എണ്ണമാണ് മനുഷ്യജീവന് അപകടകരം.അതിൽതന്നെ മൂർഖൻ, വെള്ളിക്കെട്ടൻ, അണലി (ചേനത്തണ്ടൻ), ചുരുട്ട മണ്ഡലി എന്നിങ്ങനെ നാലിനത്തിൽപെട്ട പാമ്പുകളെയാണ് ഏറ്റവും അപകടകാരികളായി കണക്കാക്കുന്നത്. ഇവയുടെ കടിയേറ്റുള്ള മരണവും സംസ്ഥാനത്ത് കൂടുതലാണ്.
കടിച്ച പാമ്പ് ഏതാണെന്നറിയാൻ സാധിക്കാത്ത സാഹചര്യത്തിൽ ഈ നാലിനം പാമ്പുകളുടെ വിഷത്തിനും എതിരേ പ്രവർത്തിക്കുന്ന മിശ്രിത ആന്റിവെനമാണ് ഉപയോഗിക്കുന്നത്.
സംസ്ഥാനത്തു ജനവാസമേഖലയിൽ കൂടുതലായും എത്തുന്നതു മൂർഖനും പെരുമ്പാമ്പുമാണ്.രാജവെമ്പാലയും ഇപ്പോൾ കൂടുതലായി കാണുന്നു. വനം വകുപ്പ് ഇടപെട്ടു രക്ഷിച്ച് വനമേഖലയിൽ തുറന്നു വിട്ടതിൽ കൂടുതലും മൂർഖനായിരുന്നു.
വിഷപ്പാമ്പുകളിൽ മുന്പൻ മൂർഖൻ
കേരളത്തിൽ കൂടുതലായി കണ്ടുവരുന്ന വിഷപ്പാമ്പുകളിൽ മുന്പിൽ നിൽക്കുന്നതു മൂർഖനാണ്. പിറകെയാണ് അണലിയും വെള്ളിക്കെട്ടനും. അടുത്തകാലത്തായി പല പ്രദേശങ്ങളിലും രാജവെമ്പാലകളെയും കാണാറുണ്ട്. നഗരപ്രദേശങ്ങളിൽപോലും മൂർഖനെ വ്യാപകമായി കാണുന്നുണ്ട്
കാഴ്ചയിൽ ഒരുപോലെ...
അണലി
ത്രികോണാകൃതിയിലുള്ള പരന്ന തല, പ്രകടമായി കാണാവുന്ന കഴുത്ത്, തടിച്ച ശരീരം, മെലിഞ്ഞ വാൽ, മറ്റു പാമ്പുകളെ അപേക്ഷിച്ച് വലിയ നാസാദ്വാരങ്ങൾ എന്നിവ പ്രത്യേകതയാണ്. തവിട്ടുനിറമോ വെള്ള കലർന്ന തവിട്ടുനിറമോ ആയ ശരീരത്തിൽ കഴുത്തിൽനിന്നു തുടങ്ങി കറുപ്പ് അതിരുകളോടെയുള്ള വലയങ്ങൾ ചങ്ങലയ്ക്കു സമാനമായി മുതുകിൽ കാണാം. വലയങ്ങളുടെ നേർപകുതി എന്നകണക്കേ ശരീരത്തിന്റെ ഇരുവശങ്ങളിലും കാണാം.
പെരുമ്പാമ്പ്
അണലിയേക്കാൾ വലിപ്പത്തിലും നീളത്തിലും രൂപത്തിലും പ്രകടമായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും പല സ്ഥലങ്ങളിലും ഇപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന പാമ്പാണ് മലമ്പാമ്പ് അഥവാ പെരുമ്പാമ്പ്.
സാമാന്യം നല്ല നീളവും വണ്ണവും തൂക്കവുമുള്ള ഇവയെ എളുപ്പത്തിൽ തിരിച്ചറിയാമെങ്കിലും ഇവയുടെ കുഞ്ഞുങ്ങളെ അണലിയെന്ന് ആളുകൾ തെറ്റിദ്ധരിക്കുകയും കൊല്ലുകയും പതിവാണ്.
തല ത്രികോണാകൃതിയിൽതന്നെ ആണെങ്കിലും ചില വ്യത്യാസങ്ങളുണ്ട്. മൂക്കിൽനിന്നു പിറകിലേക്ക് കണ്ണിനുമുകളിലൂടെ കഴുത്തുവരെ കാണുന്ന കറുത്ത വര, തലയിലെ പിങ്ക് നിറം, പ്രധാനമായും മൂക്കിനുതാഴെ മേൽച്ചുണ്ടിൽ കാണുന്ന ആറ് താപസംവേദനസുഷിരങ്ങൾ എന്നിവ പെരുമ്പാമ്പുകളെ തിരിച്ചറിയാൻ സഹായകമാണ്. കൃത്യമായ ക്രമീകരണത്തോടെയല്ലാത്ത കറുപ്പോ കറുപ്പുകലർന്ന പച്ചയോ നിറത്തോടെയുള്ള അടയാളങ്ങൾ ശരീരത്തിൽ കാണാം.അണലി, മണ്ണൂലി എന്നിവയിൽനിന്നു വളരെ വ്യത്യസ്തമായി, മിനുസമുള്ളതും തിളങ്ങുന്നതുമായ ശൽക്കങ്ങളാണ് ഇവയ്ക്കുള്ളത്.
മണ്ണൂലി
അണലിയോടു രൂപസാദൃശ്യം തോന്നിക്കുന്ന, കേരളത്തിൽ സാധാരണ എല്ലായിടത്തും കാണുന്ന ഒരു പാമ്പാണ് മണ്ണൂലി അഥവാ പൂഴിപ്പുളവൻ. അണലി എന്നു തെറ്റിദ്ധരിച്ച് ഏറ്റവും കൂടുതൽ കൊല്ലപ്പെടുന്ന, ഒട്ടും വിഷമില്ലാത്ത പാമ്പാണിത്.
തടിച്ച ശരീരം, അധികം പരന്നതല്ലാത്ത തല, ചെറിയ നാസാദ്വാരങ്ങൾ, തീരെ ചെറിയ കണ്ണുകൾ, തലയ്ക്കും ഉടലിനുമിടയിൽ പ്രകടമല്ലാത്ത കഴുത്ത്, വളരെ പരുപരുത്ത ശൽക്കങ്ങൾ, നീളമില്ലാത്ത കട്ടിയുള്ള വാൽ, വാലിൽ മുള്ളുകൾപോലെ കട്ടിയുള്ള ശൽക്കങ്ങൾ തുടങ്ങിയവയാണ് പ്രതേകതകൾ. ശരീരത്തിൽ അടയാളങ്ങൾ ഉണ്ടെങ്കിലും അണലിയുടേതുപോലെ കൃത്യമായും വരിയായും കാണാറില്ല, കറുപ്പ് അല്ലെങ്കിൽ തവിട്ടുകലർന്ന കറുപ്പ് അടയാളങ്ങൾ തല മുതൽ വാലറ്റം വരെ കാണാം.
കാട്ടിലെ പാമ്പുകളും നാട്ടിലേക്ക്
മുൻകാലങ്ങളിൽ വനപ്രദേശങ്ങളിൽ മാത്രം കണ്ടിരുന്ന മുഴമൂക്കൻ കുഴിമണ്ഡലി (ഹംപ് നോസ് പിറ്റ് വൈപ്പർ) പോലുള്ള പാന്പുകളുടെ സാന്നിധ്യം ജനവാസകേന്ദ്രങ്ങളിലും ഭീഷണിയാകുന്നുണ്ട്. കഴിഞ്ഞയാഴ്ച കാസർഗോഡ് ഇരിയ മുട്ടിച്ചരലിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുന്ന വഴിയിൽവച്ച് കുഴിമണ്ഡലിയുടെ കടിയേറ്റ് ഗുരുതര നിലയിലായ സ്വകാര്യ ബസ് ഡ്രൈവറായ യുവാവ് ഇപ്പോഴും ചികിത്സയിലാണ്.
നേരത്തേ വനപ്രദേശങ്ങളിൽ മാത്രം കണ്ടിരുന്ന പാമ്പായതിനാലും കടിയേൽക്കുന്നവരുടെ എണ്ണം കുറവായിരുന്നതിനാലും ഈ പാമ്പിന്റെ വിഷത്തിനുള്ള ആന്റിവെനം ഇതുവരെ നിർമിച്ചിട്ടില്ല. സാധാരണനിലയിൽ ഈ പാമ്പിന്റെ കടി അണലിയുടെയത്ര മാരകമല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.
അതേസമയം സാധാരണ അണലിയുടെ വിഷത്തിനുള്ള ആന്റിവെനം കുത്തിവച്ചാൽ പ്രതിപ്രവർത്തനത്തിലൂടെ വിഷബാധ കൂടാനിടയുണ്ട്. അതുകൊണ്ടുതന്നെ ആന്റിവെനം കുത്തിവയ്ക്കാതെ വിഷബാധയ്ക്കുള്ള മറ്റു മരുന്നുകൾ മാത്രമാണ് കടിയേൽക്കുന്നവർക്ക് നൽകുന്നത്.
കാസർഗോഡ് ജില്ലയുടെ മറ്റു ഭാഗങ്ങളിലും അടുത്തിടെ ആളുകൾക്ക് ഈ പാമ്പിന്റെ കടിയേറ്റ സംഭവങ്ങളുണ്ടായിരുന്നു.
മലമ്പാമ്പ് ആണെന്നു കരുതി പലരും അണലിയെ പിടികൂടുന്നതും അപകടങ്ങൾ സംഭവിക്കുന്നതും പതിവാണ്. മലമ്പാമ്പ് വിഷമില്ലാത്ത പാമ്പാണെങ്കിൽ ഏറ്റവും അപകടകാരികളിൽ ഒന്നാണ് അണലി. മലന്പാന്പാണെന്നു കരുതി അണലിയെ പിടികൂടാൻ ശ്രമിച്ചാൽ ദുരന്തമാകും ഫലം.
പാമ്പുകളെ ഒഴിവാക്കാൻ
ജോജു മുക്കാട്ടുകര
(മാസ്റ്റർ ട്രെയ്നർ, സർപ്പ, കേരള ഫോറസ്റ്റ് ഡിപ്പാർട്ടമെന്റ്)
►പാമ്പുകളെ ഒഴിവാക്കാൻ പ്രധാനം വീടും പരിസരവും വൃത്തിയാക്കുകയാണ്. ചൂടിൽനിന്നു രക്ഷനേടാൻ പാമ്പുകൾ തണുപ്പും ഈർപ്പവുമുള്ള സ്ഥലങ്ങൾ തേടിവരും.
►വിറകുകൾ, ചപ്പുചവറുകൾ എന്നിവ കൂട്ടിയിടുന്നത് ഒഴിവാക്കുക.
►വീടുകളുടെയും തറകളുടെയും വിടവുകൾ അടയ്ക്കുക.
►വാതിലുകളും ജനാലകളും അടച്ചിടുന്നതും നല്ലതാണ്.
►കുറ്റിക്കാടുകളും ചെടികളും ഒഴിവാക്കുക.
►അലക്ഷ്യമായി ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയാതിരിക്കുക.
ഇണചേരൽ മഞ്ഞുകാലത്ത്
പാമ്പുകൾ ഉപദ്രവകാരികളാകാൻ ഒരു പ്രത്യേക മാസം ഇല്ലെങ്കിലും മഞ്ഞുകാലം അവയുടെ ഇണചേരൽകാലമാണ് എന്നു പാമ്പുവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ എല്ലാവിധ പാമ്പുകളെയും വരുംനാളുകളിൽ കൂടുതലായി കാണാൻ സാധ്യതയുണ്ടെന്നും അവർ മുന്നറിയിപ്പു നൽകുന്നു.
ഒരു പെൺപാമ്പിനെ തേടി ഒന്നിലേറെ ആൺപാമ്പുകൾ വരാനിടയുള്ളതിനാൽ സവിശേഷ ശ്രദ്ധവേണം. പെൺപാമ്പുകൾ ആൺപാമ്പുകളെ ആകർഷിക്കാൻ പുറപ്പെടുവിക്കുന്ന ഫിറമോൺവഴിയാണ് മറ്റു പാമ്പുകൾ വരുന്നത്.
അണലിയെ മാത്രമല്ല, വിഷമുള്ള എല്ലാ പാമ്പുകളെയും ഈ സമയത്തു സൂക്ഷിക്കണം. 40 മുതൽ 70 ദിവസങ്ങൾക്കുള്ളിൽ മുട്ടവിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തുവരും. ശാന്തരായ പാമ്പുകളും ഈ കാലത്ത് ആക്രമണകാരികളായേക്കുമെന്നും കൃത്യമായ മുന്നൊരുക്കങ്ങൾ ഉണ്ടെങ്കിൽ ഇവയെ ഒഴിവാക്കാൻ കഴിയുമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.
പാമ്പുകടിയേറ്റാല്‍
ശാന്തത പാലിക്കുക, കടിയേറ്റ വ്യക്തിയെ ധൈര്യപ്പെടുത്തുക, പാമ്പിന്റെ സമീപത്തുനിന്നു പതുക്കെ മാറുക, മുറിവുള്ള ഭാഗം(കടിയേറ്റ ഭാഗം ) ഒന്നും ചെയ്യാതെ വയ്ക്കുക, ചെരിപ്പുകള്‍, ബെല്‍റ്റ് മോതിരങ്ങള്‍, വാച്ചുകള്‍, ആഭരങ്ങള്‍, ഇറുകിയ വസ്ത്രങ്ങള്‍ എന്നിവ മുറിവേറ്റ ഭാഗത്തുനിന്നു മാറ്റുക, ഇടതുവശം ചെരിഞ്ഞു വലതുകാല്‍ വളച്ചു കൈകളില്‍ മുഖം ചേര്‍ത്ത് കിടത്തുക.
►വൈദ്യസഹായത്തിനായി ഏറ്റവും അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് എത്രയും പെട്ടെന്ന് എത്തിക്കുക.
►അമിതമായി ആയാസപ്പെടാനോ പരിഭ്രാന്തരാകാനോ അനുവദിക്കരുത്.
►പാമ്പിനെ ഉപദ്രവിക്കരുത്. ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ അതു നിങ്ങളെ കടിച്ചുകൊണ്ട് സ്വയം പ്രതിരോധിക്കും.
►മുറിവേറ്റ ഭാഗത്തു കൂടുതല്‍ മുറിവ് വരുത്തരുത്.
►മുറിവില്‍ എന്തെങ്കിലും പൊടികളോ മരുന്നുകളോ നേരിട്ട് പുരട്ടരുത്.
►രക്തചംക്രമണം നിലയ്ക്കുന്ന വിധത്തില്‍ മുറിവേറ്റ ഭാഗം കെട്ടരുത്.
►രോഗിയെ കമിഴ്ത്തി കിടത്തരുത്. ഇത് ശ്വസന പ്രക്രിയ തടസപ്പെടുതിയേക്കാം.
►പരമ്പരാഗത ചികിത്സാ രീതിയോ സുരക്ഷിത മല്ലാത്ത ചികിത്സകളോ ഉപയോഗിക്കരുത്.
സർപ്പ ഇഫക്ട് പാമ്പുകടിയേറ്റ് മരണം കുറയുന്നു
പാമ്പുകടിയേറ്റുള്ള മരണങ്ങൾ തടയുന്നതിനായി സംസ്ഥാന വനം വകുപ്പ് ആവിഷ്കരിച്ച സർപ്പ ആപ്പ് ഫലംകാണുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രവര്‍ത്തനമാരംഭിച്ച് നാലു വർഷങ്ങൾ കഴിഞ്ഞപ്പോഴേക്കും പാമ്പുകടി കാരണമുള്ള മരണങ്ങൾ നാലിലൊന്നായി കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്.
സർപ്പ ആപ്പിന്റെ പ്രവർത്തനം വിപുലീകരിക്കാനും കൂടുതൽ പ്രചാരം നൽകാനുമുള്ള ശ്രമത്തിലാണ് സർക്കാർ. നടൻ ടൊവിനോ തോമസിനെ ആപ്പിന്റെ അംബാസഡറായും നിയമിച്ചിട്ടുണ്ട്.
അശാസ്ത്രീയമായി പാമ്പിനെ പിടിക്കുന്നതിലൂടെ അപകടങ്ങൾ വർധിച്ചതിനെത്തുടർന്നാണ് 2020 ഓഗസ്റ്റിൽ വനംവകുപ്പ് സർപ്പ ആപ് (സ്നേക് അവയർനസ്, റെസ്ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്) വികസിപ്പിച്ചത്. കേരളത്തിലെ പാമ്പുകളെക്കുറിച്ചുള്ള പൊതുവിവരങ്ങൾ, ചികിത്സ ആന്റി വെനം ലഭ്യമായ ആശുപത്രികൾ, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങളും ആപ്പിലുണ്ട്.
എവിടെ പാമ്പിനെ കണ്ടാലും സര്‍പ്പ ആപ്പിലുടെ പൊതുജനങ്ങള്‍ക്കു പാമ്പുപിടിത്തക്കാരുടെ സേവനം തേടാം. സര്‍പ്പ ആപ്പില്‍ ലോക്കേഷനോടു ചേര്‍ന്നുള്ള സ്ഥലങ്ങളിലെ പാമ്പുപിടിത്തക്കാരുടെ ഫോണ്‍ നമ്പറുകൾ ലഭിക്കും. പൊതുജനങ്ങള്‍ക്ക് ഈ നമ്പറില്‍ വിളിച്ച് സര്‍പ്പ വോളന്റിയര്‍മാരുടെ സേവനം തേടാം. അല്ലെങ്കില്‍ പോലീസ് സ്റ്റേഷനിലോ ഫയര്സ്റ്റേഷനിലോ വിളിച്ചാല്‍ ജില്ലയിലെ സര്‍പ്പ കോ ഓര്‍ഡിനേറ്റര്‍മാരുടെ മൊബൈല്‍ നമ്പർ ലഭിക്കും. ഇവരെ വിളിച്ചു സ്ഥലവും മറ്റു വിവരങ്ങളും നല്കിയാല് കോ ഓര്‍ഡിനേറ്റര്‍മാര്‍ അവരുടെ ഓഫീസിലേക്കറിയിച്ച് പാമ്പുപിടിത്തക്കാരെ സ്ഥലത്തെത്തിക്കും.
ഈ വർഷം മാർച്ചുവരെ പാമ്പുകളെ പിടികൂടാൻ 5,343 പേർക്ക് പരിശീലനം നൽകിയിട്ടുണ്ട്. താത്പര്യമുള്ളവർക്ക് വനംവകുപ്പിന്റെ മാസ്റ്റർ ട്രെയ്നർമാർ പരിശീലനം നൽകും. ധാരാളം സ്ത്രീകളും ഇത്തരത്തിൽ പാന്പുപിടിത്തത്തിൽ പരിശീലനം നേടിയിട്ടുണ്ട്.