"എന്തൊരു ഉറക്കമാ' എന്നെല്ലാം പഴികേള്‍ക്കുകയും പറയുകയും ചെയ്യുന്നവരാണോ നിങ്ങള്‍...? ആണെങ്കില്‍ ഒന്നോര്‍ക്കുക, ഉറക്കത്തിനും ആരോഗ്യത്തിനും തമ്മില്‍ നല്ല ബന്ധമുണ്ട്.
ഉറക്കം നിങ്ങളുടെ ജീവിതത്തിന്റെ പകുതിയില്‍ ഏറെ ഇല്ലാതാക്കുന്നു എന്ന് ചില നിരീക്ഷണങ്ങളുണ്ട്. ഒരു ദിവസത്തിന്റെ മൂന്നില്‍ ഒന്ന് ഉറങ്ങിത്തീര്ക്കാറുണ്ടെന്നു ചൂണ്ടികാണിച്ചാണ് ഈ നിരീക്ഷണം.
എന്നാല്‍, ആരോഗ്യകരമായ ജീവിതം നയിക്കണമെങ്കില്‍ നല്ല രീതിയില്‍ ഉറങ്ങേണ്ടതുണ്ട്. ഉറക്കക്കുറവ് ആരോഗ്യപ്രശ്നങ്ങളെ ക്ഷണിച്ചു വരുത്തും. ഉറക്കക്കുറവിലൂടെ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം...
എന്താണ് ഉറക്കക്കുറവ്
ഒരാള്‍ക്ക് അയാളുടെ ശരീരത്തിന് ആവശ്യമായ ഉറക്കം ലഭിക്കാതെവരുന്ന അവസ്ഥയാണ് ഉറക്കക്കുറവ്. ആരോഗ്യമുള്ള ഒരാള്‍ ചുരുങ്ങിയത് ഏഴ് മണിക്കൂര്‍ എങ്കിലും ഉറങ്ങണമെന്നാണ് കണക്ക്.
ഉറക്കക്കുറവ് എന്ന അവസ്ഥ ഇന്ത്യയില്‍ വര്‍ധിച്ചുവരുന്നതായാണ് പഠനങ്ങളില്‍ വെളിപ്പെടുന്നത്. ഉറക്കക്കുറവ് മനുഷ്യ ശരീരത്തിലെ ഒട്ടുമിക്ക ഭാഗങ്ങളെയും ബാധിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.
ചിന്താശേഷിയില്‍ കുറവുണ്ടാകുക അഥവാ മന്ദഗതിയിലുള്ള ചിന്ത, ഊര്‍ജക്കുറവ്, പെട്ടെന്ന് പ്രകോപിപ്പിക്കപ്പെടുന്ന മാനസികാവസ്ഥ, പകല്‍ സമയത്ത് മയക്കം അനുഭവപ്പെടുക തുടങ്ങിയവയെല്ലാം ഉറക്കക്കുറവിലൂടെ ഉണ്ടാകുന്നു.
വിട്ടുമാറാത്ത ഉറക്കക്കുറവ് മാനസികാര്യോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും.
എന്തുകൊണ്ട് ഉറക്കക്കുറവ്
ജീവിത ശൈലി, മോശം ചുറ്റുപാട്, ജോലി ബാധ്യതകള്‍, ഉറക്ക തകരാര്‍, മറ്റ് മെഡിക്കല്‍ അവസ്ഥകള്‍ എന്നിവയെല്ലാം കൊണ്ട് ഉറക്കക്കുറവ് ഉണ്ടാകാറുണ്ട്. ലഭ്യമായ ഉറക്ക സമയം സ്വമേധയാ കുറയ്ക്കുന്നതും ഉറക്കക്കുറവിന്റെ ആരോഗ്യ പ്രശ്നത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കും.
അതായത്, ഒരു ടിവി/വെബ് സീരീസ് കാണാനായി നേരത്തേ എഴുന്നേല്ക്കുക അല്ലെങ്കില്‍ താമസിച്ച് ഉറങ്ങുക തുടങ്ങിയ ശീലം ഉറക്കക്കുറവ് ഉണ്ടാക്കുന്നു. ജോലി ബാധ്യതകള്‍ ഉറക്കക്കുറവിലേക്ക് എത്തിക്കുന്ന മറ്റൊരു കാര്യമാണ്.
ഒന്നില്‍ അധികം ജോലി, നീണ്ട മണിക്കൂര്‍ അല്ലെങ്കില്‍ ഓവര്‍ ടൈം എന്നിങ്ങനെയുള്ള രീതികള്‍ ഉറക്കക്കുറവിനു കാരണമാകും. എന്നാല്‍, ഇതൊന്നുമല്ലാതെ രാത്രികാല ഉണര്വിന് കാരണമാകുന്ന ശ്വസന വൈകല്യമായ സ്ലീപ് അപ്നിയ ഉറക്കത്തിന്റെ ദൈര്‍ഘ്യത്തെയും ആഴത്തിലുള്ള ഉറക്കത്തെയും ബാധിക്കാറുണ്ട്.
അതുപോലെ വേദനകള്‍, ഉത്കണ്ഠാരോഗം തുടങ്ങിയ മറ്റ് മെഡിക്കല്‍/മാനസിക ആശങ്കകള്‍ ആരോഗ്യകരമായ ഉറക്കത്തെ ബാധിക്കുന്നതായി വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു.
ഉറക്കക്കുറവിലൂടെ വരുന്ന രോഗങ്ങള്‍
ഹൃദയ സംബന്ധമായ രോഗങ്ങളിലേക്ക് ഉറക്കക്കുറവ് എത്തിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദം, കോറോണറി ഹൃദ്രോഗം, ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയുള്‍പ്പെടെ വരാനുള്ള സാധ്യതയും മതിയായ ഉറക്കമില്ലായ്മയിലൂടെ ഉണ്ടാകുന്നു.
പ്രമേഹം വരാനുള്ള സാധ്യതയും ഉറക്കക്കുറവിലൂടെ സംഭവിക്കും. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുന്നതിലൂടെയാണിത്. ഉറക്കക്കുറവിലൂടെ ആളുകളുടെ ശരീരം തടിക്കുന്നതായും പൊണ്ണത്തടിയിലേക്ക് എത്തുന്നതായും കാണാറുണ്ട്.
മാത്രമല്ല, ഇമ്യൂണല്‍ ഡെഫിഷെന്‍സി അല്ലെങ്കില്‍ രോഗപ്രതിരോധ പ്രവര്‍ത്തനം വഷളാക്കാനും ഉറക്കക്കുറവിനു സാധിക്കും. ഹോര്‍മോണുകളുടെ വൈകര്യങ്ങളിലേക്കും ഉറക്കക്കുറവ് എത്തിക്കാറുണ്ട്.
ഉറക്കക്കുറവിലൂടെ നിലവിലെ ശരീര വേദനകള്‍ കൂടാനും വഷളാകാനുമുള്ള സാധ്യതയും ഉള്ളതായി വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. വിഷാദം, ഉത്കണ്ഠ, ബൈപോളാര്‍ ഡിസോര്‍ഡര്‍ തുടങ്ങിയ പ്രശ്നങ്ങളിലേക്കും ഉറക്കക്കുറവ് എത്തിക്കാറുണ്ട്.
ഉറക്കക്കുറവിലൂടെ നിലവിലെ ശരീര വേദനകള്‍ കൂടാനും വഷളാകാനുമുള്ള സാധ്യതയുള്ളതായി വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. വിഷാദം, ഉത്കണ്ഠ, ബൈപോളാര്‍ ഡിസോര്‍ഡര്‍ തുടങ്ങിയ പ്രശ്നങ്ങളിലേക്കും ഉറക്കക്കുറവ് നയിക്കാറുണ്ട്.