ഉമ്മൻ ചാണ്ടിക്ക് തലസ്ഥാനം വിട നൽകി
ഡി. ദിലീപ്
അനുനിമിഷം വളർന്നുകൊണ്ടിരുന്ന ആൾക്കൂട്ടം അന്ത്യയാത്രയിലും പ്രിയപ്പെട്ട ജനനേതാവിനെ അനുഗമിച്ചു. വിമാനത്താവളത്തിനു പുറത്തും തലസ്ഥാനത്തെ പുതുപ്പള്ളി ഹൗസിലും ദർബാർ ഹാളിലുമെല്ലാം ഉമ്മൻചാണ്ടിയെ അവസാനമായി ഒന്നു കാണാൻ ജനസഞ്ചയം മണിക്കൂറുകളോളം കാത്തു നിന്നു.

വിമാനത്താവളത്തിൽ നിന്നും ആരംഭിച്ച വിലാപയാത്രയുടെ സമയക്രമം തെറ്റിയിട്ടും അണമുറിയാതെ ഒഴുകിയെത്തിയ ആയിരങ്ങൾ പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ മണിക്കൂറുകളോളം കാത്തു നിന്നു. പുതുപ്പള്ളിയിലെന്ന പോലെ അരനൂറ്റാണ്ടിലേറെക്കാലം തലസ്ഥാനത്തു നിറസാന്നിധ്യമായിരുന്ന പ്രിയനേതാവിന് വികാരനിർഭരമായ വിടവാങ്ങലാണ് തലസ്ഥാനം നൽകിയത്.

2.30 ഓടെ തിരുവനന്തപുരത്ത്

ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് ബാംഗളൂരിൽ നിന്നും പ്രത്യേക വിമാനത്തിൽ ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ വിമാനത്താവള വളപ്പിലും ആയിരങ്ങൾ പുറത്തും ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ കാത്തു നിന്നിരുന്നു.

2.40 ഓടെ വിമാനത്താവളത്തിൽ നിന്നും പ്രത്യേകം സജ്ജീകരിച്ച ആംബുലൻസിൽ ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരവുമായി വിലാപയാത്ര ആരംഭിച്ചു. ഭാര്യ മറിയാമ്മ ഉമ്മൻ, മകൾ മറിയം ഉമ്മൻ, മകൻ ചാണ്ടി ഉമ്മൻ, എംഎൽഎമാരായ എം. വിൻസന്‍റ്, ടി. സിദ്ദിഖ്, എംപിമാരായ ആന്‍റോ ആന്‍റണി, ഡീൻ കുര്യാക്കോസ് എന്നിവർ അംബുലൻസിലുണ്ടായിരുന്നു.

‘കണ്ണേ കരളേ കുഞ്ഞൂഞ്ഞേ..’

വിമാനത്താവളത്തിനു പുറത്ത് കാത്തു നിന്ന ആയിരങ്ങൾ പുഷ്പങ്ങളർപ്പിച്ച് പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിച്ചു. ആംബുലൻസ് കടന്നു പോയ പാതയ്ക്കിരുവശവും ആയിരക്കണക്കിനാളുകൾ ഉമ്മൻചാണ്ടിയെ ഒരു നോക്കു കാണാനായി തടിച്ചു കൂടി. നിറകണ്ണുകൾക്കും അലറിക്കരച്ചിലുകൾക്കുമൊപ്പം, ‘കണ്ണേ കരളേ കുഞ്ഞൂഞ്ഞേ..’ തുടങ്ങിയ മുദ്രാവാക്യങ്ങളും മുഴങ്ങി.

ശംഖുമുഖത്തും ഓൾസെയിന്‍റ്സ് ജംഗ്ഷനിലും ചാക്കയിലും പേട്ടയിലുമെല്ലാം അന്തിമോപചാരം അർപ്പിക്കാനായി തടിച്ചു കൂടിയ ആയിരങ്ങൾക്കിടയിലേക്ക് ഉമ്മൻചാണ്ടിയുടെ ചേതനയറ്റ ശരീരവും വഹിച്ചുള്ള ആംബുലൻസ് എത്തി. അവർക്കിടയിലൂടെ ആംബുലൻസ് പണിപ്പെട്ടു നീങ്ങി. അന്ത്യയാത്രയും ജനസന്പർക്കമാക്കി ഉമ്മൻ ചാണ്ടി അവർക്കിടയിലൂടെ കടന്നു പോയി.


2.40 ന് വിമാനത്താവളത്തിൽ നിന്നു പുറപ്പെട്ട വിലാപയാത്ര ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ എത്തിച്ചേർന്നത് വൈകുന്നേരം 4.45 നാണ്. അപ്പോഴേക്കും പുതുപ്പള്ളി ഹൗസും പരിസരവും പുരുഷാരത്തിന്‍റെ പിടിയിലമർന്നിരുന്നു.

ഉമ്മൻചാണ്ടിയുടെ വിയോഗവാർത്ത അറിഞ്ഞതു മുതൽ പുതുപ്പള്ളി ഹൗസിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങൾ ചേതനയറ്റ അദ്ദേഹത്തിന്‍റെ ശരീരം കണ്ടപ്പോൾ വിങ്ങിപ്പൊട്ടി. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരുമെല്ലാം ഉമ്മൻചാണ്ടിക്ക് അന്തിമോപചാരമർപ്പിച്ചു.

6.40ന് ദർബാർ ഹാളിൽ

വൈകുന്നേരം 6.40 ന് പുതുപ്പള്ളി ഹൗസിൽ നിന്നും സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിനായി ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം എത്തിച്ചപ്പോൾ അവിടം ജനസമുദ്രമായി മാറി. പൊതുദർശനം രണ്ടു മണിക്കൂറോളം നീണ്ടു.

എന്നിട്ടും പലർക്കും തങ്ങളുടെ പ്രിയനേതാവിനെ അവസാനമായി ഒന്നു കാണാൻ കഴിഞ്ഞില്ല. 8.50 ഓടെ ദർബാർ ഹാളിൽ നിന്നും പാളയത്തെ സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഭൗതികശരീരം എത്തിച്ചു.

പള്ളിയിലെത്തിച്ച ഭൗതിക ശരീരം പ്രാർഥനകൾക്കും പൊതുദർശനത്തിനും ശേഷം രാത്രി വൈകി വിലാപയാത്രയായി കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ എത്തിച്ചു. പിന്നീട് ജഗതിയിലെ വസതിയായ പുതുപ്പള്ളി ഹൗസിലെത്തിച്ച ഭൗതികശരീരം ഇന്നു രാവിലെ ഏഴിന് പുതുപ്പള്ളിയിലേക്ക് കൊണ്ടു പോകും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.