മുംബൈ: അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ ഇതിഹാസതാരം സുനില്‍ ഛേത്രി. കോൽക്കത്തയിൽ ജൂണ്‍ ആറിന് കുവൈത്തിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം ഇന്ത്യന്‍ ജേഴ്സി അഴിക്കുമെന്ന് ഛേത്രി വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച പ്രത്യേക വീഡിയോയിലൂടെയാണ് 39കാരനായ താരത്തിന്റെ പ്രഖ്യാപനം.
2005 ജൂണ്‍ 12ന് പാക്കിസ്ഥാനെതിരേ സൗഹൃദ മത്സരത്തിലായിരുന്നു ഛേത്രിയുടെ അരങ്ങേറ്റം. ക്വറ്റയിലെ അയൂബ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 65-ാം മിനിറ്റിൽ അദ്ദേഹം കന്നിഗോള്‍ നേടുകയും ചെയ്തു.
19 വര്‍ഷം അദ്ദേഹം ഇന്ത്യന്‍ ജേഴ്സിയിലുണ്ടായിരുന്ന ഛേത്രി ഇതുവരെ 150 മത്സരങ്ങളില്‍ നിന്നായി 94 ഗോളുകള്‍ നേടിയിട്ടുണ്ട്. 2012 ഏഷ്യ ചാലഞ്ച് കപ്പിലാണ് ഛേത്രി ആദ്യമായി നായകനാകുന്നത്. നെഹ്റുകപ്പില്‍ അടക്കം രാജ്യത്തെ കിരീടത്തിലേക്ക് നയിക്കാന്‍ ഛേത്രിക്കായി.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും ഐ ലീഗിലും ബംഗളൂരു എഫ്സിയെ കിരീടനേട്ടത്തിലേക്ക് നയിച്ചു. രാജ്യത്തിനകത്തും പുറത്തുമായി ഒമ്പത് ക്ലബ്ബുകള്‍ക്കായി കളിച്ചു.
2011ല്‍ അര്‍ജുന അവാര്‍ഡും 2019ല്‍ പത്മശ്രീയും ലഭിച്ചതിന് പുറമെ ആറു തവണ രാജ്യത്തെ മികച്ച ഫുട്ബോള്‍ താരമായി തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം കൂടിയാണ് ഛേത്രി. നിലവില്‍ സജീവമായ ഫുട്ബോളര്മാരില് ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ മൂന്നാമത്തെ താരവും ഛേത്രി തന്നെ. പോര്‍ച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (205 മത്സരങ്ങളില്‍ 128), അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസി (180 മത്സരങ്ങളില്‍ 106) എന്നിവക്ക് പിന്നാലാണ് ഛേത്രി.