ഓണനാളിലെ കാത്തിരിപ്പ്‘മുന്‍പൊക്കെ കര്‍ക്കടകത്തില്‍ തുടങ്ങും ഓണത്തപ്പന്റെ നിര്‍മാണം. പാടത്തെ ചെളിമണ്ണ് കുഴച്ച് രൂപങ്ങളുണ്ടാക്കി മൂന്നു ദിവസം ഉണക്കാന്‍ വയ്ക്കും. ഇടയ്ക്ക് പാഞ്ഞുവരുന്ന കര്‍ക്കടകപ്പെയ്ത്ത് ഞങ്ങളുടെ കണ്ണ് നിറയ്ക്കും. കാരണം ഇത് ഉണക്കി വിറ്റു കിട്ടുന്ന അഞ്ചോ പത്തോ രൂപയ്ക്കു വേണം ഓണം ഘോഷിക്കാനും മക്കള്‍ക്കുള്ള ഓണക്കോടി വാങ്ങാനും.'- അമ്പതാണ്ട് പിന്നിട്ട ഓണത്തപ്പന് നിര്‍മാണത്തെക്കുറിച്ച് സരസു പറഞ്ഞു തുടങ്ങി.
സ്ഥിരമായി വാങ്ങുന്ന വീട്ടുകാര്‍ ഞങ്ങളുടെ വരവും കാത്തിരിക്കും. അവിടെയൊക്കെ പതിവായി ഓണത്തപ്പന്മാരെ കൊണ്ടുപോയി കൊടുക്കും. ഇപ്പോള്‍ തടിയില്‍ നിര്‍മിച്ച ഓണത്തപ്പന്മാര് വിപണിയിലുള്ളതിനാല്‍ കളിമണ്‍ ഓണത്തപ്പന് ആവശ്യക്കാര്‍ കുറഞ്ഞുവരികയാണെന്നും സരസു പറഞ്ഞു.
വൈകാതെ കളമൊഴിയുംഒരിക്കല് പൂക്കളത്തില്‍ ഉപയോഗിച്ച ഓണത്തപ്പനെ വീണ്ടും വയ്ക്കാന്‍ പാടില്ലെന്നാണ് ആചാരം. അതിനാല്‍ എല്ലാക്കൊല്ലവും ഇതിന് വില്പന ലഭിക്കും. കളിമണ്ണ് നാട്ടില്‍ കിട്ടാത്തതിനാല്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് വലിയ വിലയ്ക്കു വാങ്ങിയാണ് ഓണത്തപ്പന്മാരെ നിര്‍മിക്കുന്നത്.
പുതിയ തലമുറയ്ക്ക് ഓണത്തപ്പനെ പൂക്കളത്തില്‍ പ്രതിഷ്ഠിക്കുന്നതിലൊന്നും വലിയ വിശ്വാസമില്ല. പോരെങ്കില്‍ മണ്ണിനു ക്ഷാമവും വലിയ വിലയും. അതുകൊണ്ടുതന്നെ ഏറെ വൈകാതെ കളിമണ്‍ ഓണത്തപ്പന്മാര് പൂക്കളമൊഴിയുമെന്നു സരസു പറയുന്നു.