‘പയ്യാവൂർ മാംഗല്യം’: വരന്മാർ റെഡി, ഇനി വേണ്ടത് വധുക്കളെ
Saturday, August 23, 2025 1:21 PM IST
ഗ്രാമ പഞ്ചായത്തിന്റെ കർമപദ്ധതിയായ പയ്യാവൂർ മാംഗല്യത്തിന് സ്ത്രീകളുടെ അപേക്ഷകൾ സ്വീകരിക്കുന്ന തീയതി നീട്ടി. സിംഗിൾ വിമൻ വെൽഫെയർ അസോസിയേഷൻ വഴിയാണ് അപേക്ഷകൾ സ്വീകരിച്ചത്. മറ്റ് പല സംഘടനകളിലൂടെയും അപേക്ഷകൾ എത്തിയിട്ടുണ്ട്.
എന്നാൽ, പുരുഷൻമാരുടെ അപേക്ഷകൾ 3,000 കഴിഞ്ഞു. സ്ത്രീകളുടെ അപേക്ഷകൾ 200ൽ താഴെ മാത്രമായ സാഹചര്യത്തിലാണ് സ്ത്രീകൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടിയത്. ചെറുപ്പക്കാരുടെ വിവാഹ സ്വപ്നങ്ങള്ക്ക് പിന്തുണ നല്കാന് പഞ്ചായത്തിന്റെ പദ്ധതിയാണിത്.
പയ്യാവൂര് പഞ്ചായത്താണ് ജാതിമതഭേദമന്യേ സ്ത്രീ-പുരുഷന്മാര്ക്ക് വിവാഹിതരാകാനുള്ള അവസരമൊരുക്കുന്നത്. "പയ്യാവൂര് മാംഗല്യം' എന്ന പേരിലുള്ള പദ്ധതി നൂറുദിന പരിപാടികളുടെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചത്.
പക്ഷെ കല്യാണം ആകാത്തവരെ കെട്ടിക്കാന് പഞ്ചായത്ത് ഇറങ്ങി തിരിച്ചപ്പോൾ 200 സ്ത്രീകളെ വിവാഹം കഴിക്കാനെത്തിയത് 3,000 പുരുഷന്മാരുടെ അപേക്ഷകളാണ്. പയ്യാവൂർ പഞ്ചായത്തിന് പുറത്ത് നിന്നാണ് അപേക്ഷകൾ ഏറെയും.
പുരുഷൻമാർ അപേക്ഷിച്ചിട്ടുണ്ടെങ്കിലും മടി കാരണമാകാം സ്ത്രീകൾ അപേക്ഷിച്ചു കാണുന്നില്ല. വിദേശത്തുനിന്ന് പോലും ജാതി-മത പരിഗണനകൾ നോക്കാതെ പുരുഷന്മാരുടെ അപേക്ഷകൾ ലഭിക്കുന്നുണ്ട്.
പദ്ധതിയിലൂടെ വിവാഹിതരാകാൻ താത്പപര്യമുള്ള സ്ത്രീകൾ പയ്യാവൂർ പഞ്ചായത്ത് ഓഫീസിലും കണ്ണൂർ ജില്ലാ വിധവാ ക്ഷേമ സംഘം, എൻജിഒ യൂണിയൻ ബിൽഡിംഗ്, പഴയ ബസ് സ്റ്റാൻഡിന് സമീപം, കണ്ണൂർ, 670001 എന്ന വിലാസത്തിൽ അപേക്ഷ നൽകണം.
ആദ്യബാച്ച് വിവാഹം ഒക്ടോബറിൽ
ദിവസവും രാവിലെ എട്ടോടെ പഞ്ചായത്ത് പ്രസിഡന്റ് ഓഫീസിലെത്തും. വീടുകളിൽ പുരനിറഞ്ഞ് നിൽക്കുന്ന മകൾ, മകൻ, വിവാഹ ശേഷം വിധവകളായവർ, മകനെ ഭാര്യ ഉപേക്ഷിച്ചത് തുടങ്ങി നിരവധി സങ്കടങ്ങൾ വിവിധ ആവശ്യങ്ങൾക്ക് പഞ്ചായത്തിൽ എത്തുന്നവരിൽ നിന്ന് കേട്ടപ്പോൾ തോന്നിയ ആശയമാണ് മാംഗല്യം പദ്ധതി.
ദല്ലാളമാർ ഉണ്ടായിരുന്ന കാലത്ത് 25 വയസിനും വിവാഹം നടന്നിരുന്ന കാലമൊക്കെ പോയി. ഈ ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതിന് മുന്പേ ആദ്യഘട്ടം വിവാഹം നടത്താനാണ് തീരുമാനം. അപേക്ഷകൾ പ്രത്യേക ടീം പരിശോധിച്ച് രക്ഷിതാക്കളെ ബന്ധപ്പെട്ട് ആലോചനകൾ നടത്തി 50 ഓളം പേരുടെ വിവാഹം നടത്തും.
എല്ലാ ജില്ലകളിൽനിന്നും മികച്ച പ്രതികരണമാണ് "പയ്യാവൂർ മാംഗല്യം' പദ്ധതിക്ക് ലഭിച്ചതെന്നും രണ്ടുദിവസത്തിനുള്ളിൽ അപേക്ഷിച്ചവരിൽ നിന്നുള്ള ആദ്യ ബാച്ചിന് ഒക്ടോബറിൽ സമൂഹവിവാഹം നടത്തും. ഈ പദ്ധതിയിൽ പഞ്ചായത്തിലെ ജീവനക്കാരുടെ സഹകരണവും എടുത്തുപറയേണ്ടതാണ്. -സാജു സേവ്യർ (പഞ്ചായത്ത് പ്രസിഡന്റ്).