തുമ്പില്ലാതെ ദിനേശന് വധം: സിബിഐക്കും മൗനം
ജനത്തിരക്കേറിയ തലശേരി നഗരമധ്യത്തില്‍ പോലീസ് സ്റ്റേഷന് വിളിപ്പാടകലെ ജ്വല്ലറി ഉടമയെ കുത്തി വീഴ്ത്തി കൊലപ്പെടുത്തിയിട്ട് വര്‍ഷം നാല് പിന്നിട്ടിരിക്കുന്നു. നേരറിയിക്കുന്നതില് പേര് കേട്ട സിബിഐ അന്വേഷിച്ചിട്ടും ഈ കൊലപാതകത്തിന്റെ ചുരുളഴിയുന്നില്ല. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും കണ്ടെത്തിയ നിഗമനത്തിനപ്പുറത്തേക്ക് കടക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിക്കും സാധിച്ചിട്ടില്ല. അവരും ഇരുട്ടില്‍ തപ്പുന്നു. പോളിഗ്രാഫ് ടെസ്റ്റിന് വരെ വിധേയരായ സഹോരങ്ങള്‍ ചോദിക്കുന്നു ഇനി ഈ കേസ് തെളിയിക്കാന്‍ ഞങ്ങള്‍ ആരെ ആശ്രയിക്കും.
തലശേരിയിലെ മെയിന്‍ റോഡിലെ സവിത ജ്വല്ലറി ഉടമ തലായി ‘സ്നേഹ'യില്‍ പാറപ്പുറത്ത് കുനിയില്‍ ദിനേശൻ(52) കൊല്ലപ്പെട്ട സംഭവത്തിലാണ് നാല് വര്‍ഷം പൂര്‍ത്തിയാവുമ്പോഴും അന്വേഷണ സംഘം ഇരുട്ടില്‍ തപ്പുന്നത്. രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണ ഏജന്‍സി എന്നവകാശപ്പടുന്ന സിബിഐ അന്വേഷിച്ചിട്ടും കേസില്‍ ഇതു വരെ തുമ്പുണ്ടാകാത്തത് ദുരൂഹതയുളവാക്കുന്നുണ്ട്.
2014 ഡിസംബര്‍ 23ന് രാത്രി എട്ട് മണിയോടെയാണ് ദിനേശനെ കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നഗരത്തില്‍ ഏറെ തിരക്കേറിയ സമയമായിരുന്നു സംഭവം നടന്നത്. ഈ സമയത്ത് കടയ്ക്കുള്ളില്‍ വ്യാപാരി കൊല്ലപ്പെട്ടിട്ട് പ്രതിയെ കണ്ടെത്താന്‍ സാധിക്കുന്നില്ലായെന്നുള്ളത് അന്വേഷണ ഏജന്‍സികളുടെ പരാജയം തന്നെയാണെന്നാണ് പൊതുജനം പറയുന്നത്.
അര്‍ദ്ധ രാത്രിയിലും പുലര്‍ച്ചെയും നടന്നിട്ടുള്ള നിരവധി കൊലപാതകങ്ങളും അക്രമ സംഭവങ്ങളും തെളിയിച്ചിട്ടുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് എന്തേ ഈ കേസില്‍ തുമ്പുണ്ടാക്കാന്‍ സാധിക്കുന്നില്ലായെന്ന ചോദ്യവും ഉയരുന്നുണ്ട്. രാത്രി 7.30 നും 8 നും ഇടയ്ക്കാണ് കൊലപാതകം നടന്നിട്ടുള്ളതെന്നാണ് അന്വേഷണ സംഘങ്ങള്‍ പുറത്തു വിടുന്ന വിവരം. ഈ സമയത്ത് കൊലപാതകം നടത്തിയിട്ട് നഗരത്തിന്റെ ഏത് ഭാഗത്തു കൂടി അക്രമി കടന്നു പോയാലും ഏതെങ്കിലുമൊരു സിസിടിവി കാമറയില്‍ അക്രമി കുടുങ്ങുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പോലീസ് സ്റ്റേഷന് വിളിപ്പാടകലെ നടന്ന കൊലപാതകം അറിഞ്ഞയുടന്‍ തന്നെ പോലീസ് സംഘം പാഞ്ഞെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അടുത്ത ബന്ധുക്കളുള്‍പ്പെടെ നിരവധി പേരാണ് സംശയത്തിന്റെ നിഴലില്‍ നിന്നിട്ടുള്ളത്. കൊല്ലപ്പെട്ട ദിനേശന്റെ സഹോദരങ്ങളേയും ഭാര്യയേയും ബന്ധുക്കളേയും അന്വേഷണ സംഘങ്ങള്‍ നിരവധി തവണ ചോദ്യം ചെയ്തിരുന്നു.
തെളിവുകള്‍ ലഭിച്ചെന്ന്
കഴിഞ്ഞ ജൂലായ് മാസത്തില്‍ കേസില്‍ ചില നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി സിബിഐ കേന്ദ്രങ്ങള്‍ അവകാശപ്പെട്ടങ്കിലും പിന്നീട് യാതോരു നീക്കവും ഉണ്ടായിട്ടില്ലെന്ന് ദിനേശന്റെ ബന്ധുക്കള്‍ തന്നെ പറയുന്നു. അഞ്ച് മാസം മുമ്പ് വരെ ദിനേശന്റെ ബന്ധുക്കളുള്‍പ്പെടെയുള്ളവരെ നിരന്തരം തിരുവനന്തപുരത്തെ സിബിഐ ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി സിബിഐ സംഘം ചോദ്യം ചെയ്തിരുന്നു. ഓരോ ഘട്ടത്തിലും പ്രതികള്‍ ഉടന്‍ വലയിലാകുമെന്ന സൂചന നല്‍കിയിരുന്ന സിബിഐക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല. നേരത്തെ തലശേരി റസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സിബിഐ സംഘം ഇപ്പോള്‍ റസ്റ്റ് ഹൗസിലേക്ക് തിരിഞ്ഞു നോക്കിയിട്ട് തന്നെ മാസങ്ങളായി.
ചോദ്യം ചെയ്യൽ തുടർക്കഥ
കൊലപാതകവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശികളായ മൂന്ന് പേരെയും സിബിഐ സംഘം ചോദ്യം ചെയ്തിരുന്നു. നഗരത്തില്‍ പഴയ സ്വര്‍ണം വാങ്ങി ഉരുക്കി വില്‍പ്പന നടത്തുന്ന സഹോദരങ്ങളുള്‍പ്പെടെ സേട്ടുമാര്‍ എന്നറിയപ്പെടുന്ന മൂന്ന് പേരെയാണ് സിബിഐ സംഘം തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നത്. ദിനേശന് സ്ഥിരമായി സന്ദര്‍ശിച്ചിരുന്ന ജ്യോല്സ്യനേയും വിവിധ അന്വേഷണ സംഘങ്ങള്‍ പല വട്ടം ചോദ്യംചെയ്തിരുന്നു. ദിനേശനുമായി അടുത്ത ബന്ധമുണ്ടായിരുന്ന പൂജാരിയുള്പ്പെടെയുള്ള രണ്ട് സ്വാമിമാരെയും പോലീസും സിബിഐ യും ചോദ്യം ചെയ്തിരുന്നു. എല്ലാ കാര്യങ്ങളും ദിനേശന് പങ്കുവച്ചിരുന്നത് ഓര്ക്കാട്ടേരിയിലേയും അടിവാരത്തേയും സ്വാമിമാരുമായിട്ടിയിരുന്നുവെന്നും അവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നുമുള്ള സൂചനയെ തുടര്‍ന്ന് ഇവരേയും ചോദ്യം ചെയ്തിരുന്നു.
സിബിഐ അന്വേഷണം അയല്‍വാസിയുടെ ഹരജിയില്‍
ലോക്കല്‍ പോലീസിന്റേയും തുടര്‍ന്ന് ക്രൈംബ്രാഞ്ചിന്റേയും അന്വേഷണത്തിൽ കൊലപാതകത്തിന്റെ ചുരുളഴിയാതിരുന്നപ്പോഴാണ് ദിനേശന്റെ അയല്‍വാസിയായ ഗോവിന്ദരാജ് ഹൈക്കോടതിയില്‍ സിബിഐ അന്വാഷണമാവശ്യപ്പെട്ട് ഹരജി നല്‍കിയത്. ഇതേ തുടര്‍ന്നാണ് 2015 ഒക്ടോബറില്‍ ജസ്റ്റിസ് കമാല്‍പാഷ സിബിഐ അന്വാഷണത്തിന് ഉത്തരവിട്ടത്. തുടര്‍ന്ന് സിബിഐയിലെ എസ്പി യുടെ നേതൃത്വത്തിലുള്ള ഉന്നത സംഘം സംഭവ സ്ഥലം സന്ദര്‍ശിക്കുകയും തലശേരി റസ്റ്റ് ഹൗസില്‍ ക്യാമ്പ് ഓഫീസ് തുറന്ന് അന്വേഷണമാരംഭിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് വാടക വിവാദം വന്നതോടെയാണ് തലശേരി റസ്റ്റ് ഹൗസിലെ ക്യാമ്പ് ഓഫീസിന്റെ പ്രവര്‍ത്തനം നിലച്ചത്. റസ്റ്റ് ഹൗസിലെ രണ്ട് റൂമുകള്‍ ഇപ്പോഴും സിബിഐ യുടെ കൈവശമുണ്ടെങ്കിലും ഇവിടെ ഉദ്യോഗസ്ഥരുടെ വരവ് അപൂര്‍വ്വമാണെന്ന് റസ്റ്റ് ഹൗസ് വൃത്തങ്ങള്‍ പറയുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.വി സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം കേസന്വേഷിക്കുന്നതിനിടയിലാണ് കേസ് സിബിഐ ക്ക് കൈമാറുന്നത്. സിബിഐ അന്വേഷണമാവശ്യപ്പെട്ടിട്ടുള്ള ഹരജി പരിഗണിച്ച ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണം വിലയിരുത്തിയ ശേഷമാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
ആ മുക്കുപണ്ടങ്ങള്‍ എവിടെ
കടയിലെ സ്വര്‍ണം ലക്ഷ്യമിട്ട് ഇതര സംസ്ഥാന സംഘമാണ് കൊല നടത്തിയതെന്നായിരുന്നു ലോക്കല്‍ പോലീസിന്റെയും ക്രെംബ്രാഞ്ചിന്റേയും നിഗമനം. കടക്കുള്ളില്‍ നിന്നും നഷ്ടപ്പെട്ട അരക്കിലോ വരുന്ന മുക്കുപണ്ടങ്ങള്‍ ഇനിയും പുറത്തുവരാത്തതും ഇതര സംസ്ഥാന തൊഴിലാളികളാണ് കൊലയ്ക്കു പിന്നിലെന്ന നിഗമനത്തിന് ആക്കം കൂട്ടിയിരുന്നു. സംശയത്തിന്റെ നിഴലിലുണ്ടായിരുന്നവരെയെല്ലാം ലോക്കല്‍ പോലീസും പിന്നീടെത്തിയ ക്രൈംബ്രാഞ്ച് സംഘവും സിബിഐയും പല ഘട്ടങ്ങളിലായി വിശദമായി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ കടയില്‍ നിന്നും നഷ്ടപ്പെട്ട മുക്കു പണ്ടങ്ങള് ഇതു വരെ പുറത്ത് വരാത്തത് കേസിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
കൊലപാതകം നടന്നതിനു ശേഷമുള്ള ആദ്യത്തെ പത്ത് ദിവസം വരെ ജ്വല്ലറിക്കുള്ളില്‍ നിന്നും വിലപിടിപ്പുള്ള ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നായിരുന്ന ബന്ധുക്കള്‍ പറഞ്ഞിരുന്നത്. പിന്നീടാണ് സഹോദരന്റെ കടയില്‍ നിന്നും സുഹൃത്തു വഴി ദിനേശന് വാങ്ങിയ രണ്ട് പവന് സ്വര്‍ണ്ണവും അര കിലോയോളം വരുന്ന മുക്കുപണ്ടങ്ങളും നഷ്ടപ്പെട്ടതായി തെളിഞ്ഞത്. ഇതേ തുടര്‍ന്ന് മോഷ്ടാക്കളെ കേന്ദ്രീകരിച്ചു വിശദമായ അന്വേഷണം നടക്കുകയും കാസര്ഗോട്ടുള്ള കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് കസ്റ്റഡിയിലെടുക്കകുയും ചെയ്തിരുന്നു. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ ഇയാള്‍ നിരപരാധിയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
ഒടുവില്‍ പോളി ഗ്രാഫ് ടെസ്റ്റും
ദിനേശന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം പല ഘട്ടങ്ങളിലും സഹോദരങ്ങളുള്‍പ്പെടെ അടുത്ത ബന്ധങ്ങളിലേക്ക് നീങ്ങിയിരുന്നു. ഒടുവില്‍ ഡിസംബര്‍ അവസാന വാരത്തില്‍ സഹോദരങ്ങളുള്‍പ്പെടെ അടുത്ത ബന്ധുക്കളായ അഞ്ച് പേരുടെ പോളി ഗ്രാഫ് ടെസ്റ്റും നടന്നു. തൃശൂരില്‍ വെച്ച് നടന്ന പോളിഗ്രാഫ് ടെസ്റ്റിന്റെ റിസള്‍ട്ട് ഇതിനകം സിബിഐക്ക് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. നാല് സഹോദരങ്ങളുള്‍പ്പെടെയുള്ള അടുത്ത ബന്ധുക്കളെയെല്ലാം സിബിഐ തിരുവന്തപുരത്തെ ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി നിരന്തരമായി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
കര്‍മസമിതിയും ആക്ഷന്‍ കമ്മറ്റിയും എവിടെ
ദിനേശന് വധത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ആദ്യം കര്‍മസമിതി രംഗത്ത് വന്നിരുന്നു. ലോക്കല്‍ പൊലീസ് അന്വേഷിക്കുകയും പിന്നീട് ക്രൈംബ്രാഞ്ച് കേസന്വേഷണമേറ്റെടുക്കുകയും ചെയ്തിട്ടും കേസില്‍ യാതൊരു തുമ്പും ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു സിബിഐ അന്വേഷണമാവശ്യപ്പെട്ട് കര്‍മസമിതി രംഗത്തെത്തിയത്. പ്രക്ഷോഭ പരിപാടികള്‍ക്ക് ഇവര്‍ രൂപം നല്കുന്നതിനിടയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന് നേതാക്കള്അന്നത്തെ ആഭ്യന്തര മന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കൊലപാതകം നടന്ന് മൂന്ന് മാസം പിന്നിട്ട ദിനത്തിലായിരുന്നു ക്രൈംബ്രാഞ്ചിന്റെ കേസ് ഏറ്റെടുക്കല്‍. പിന്നീടാണ് കേസ് സിബിഐയുടെ കൈയിലെത്തുന്നത്. തലശേരി സിഐയായിരുന്ന വിശ്വംഭരന് മുതല്‍ ഇപ്പോഴത്തെ സിബിഐ സിഐ ശൈലേഷ് വരെ വിവിധ ഏജന്‍സികളില്‍ നിന്നുള്ള അര ഡസനിലേറെ ഓഫീസര്‍മാര്‍ ഈ കേസ് ഇപ്പോള്‍ അന്വേഷിച്ചു കഴിഞ്ഞു. സിബിഐ അന്വേഷണമെങ്ങുമെത്താത്തതിനെ തുടര്‍ന്ന് രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയെ കുറിച്ചും ഇപ്പോള്‍ വിവരമൊന്നുമില്ല.
പാരിതോഷികം പ്രഖ്യാപിച്ചിട്ടും ഫലം കണ്ടില്ല
കൊലപാതകികളെ കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പത്രപരസ്യം നല്‍കിയിട്ടും കേസിനു തുമ്പുണ്ടാക്കാന്‍ സിബിഐക്ക് സാധിച്ചിട്ടില്ല. ഡിഎന്‍എ പരിശോധന ഫലം ലഭിക്കുന്നതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്ന സിബിഐ പ്രതീക്ഷയും ഫലം കണ്ടില്ല.
നവാസ് മേത്തര്‍