പലചരക്ക് കടയിലെ സമ്പാദ്യവുമായി മോളി കണ്ടത് 16 രാജ്യങ്ങള്‍
സീമ മോഹന്‍ലാല്‍
‘കഴിഞ്ഞ നവംബറിലാണ് റഷ്യ കണ്ട് മടങ്ങിയെത്തിയത്. 2,30,000 രൂപയായിരുന്നു മൊത്തം ചെലവ്. അതില്‍ 30,000 രൂപ ട്രാവല്‍ ഏജന്‍സിയിലെ ബെന്നി സാര്‍ കുറച്ചു തന്നു. ബാക്കി പണത്തിനായി എന്റെ രണ്ടു പവന്റെ മാല പണയംവച്ച് പൈസ സംഘടിപ്പിച്ചു.
ഇപ്പോള്‍ അത് കുറച്ചുകുറച്ചായി അടച്ചുകൊണ്ടിരിക്കുകയാണ്. ആ കടം തീര്‍ന്നാലെ അടുത്ത യാത്രയെക്കുറിച്ച് ചിന്തിക്കാനാവൂ..' എറണാകുളം ഇരുമ്പനം ചിത്രപ്പുഴയില്‍ പലചരക്കുകട നടത്തുന്ന മോളി ജോയി എന്ന വീട്ടമ്മയുടെ വാക്കുകളാണിത്.
62-ാം വയസില്‍ തന്റെ 16-ാമത്തെ രാജ്യ സന്ദര്ശനത്തെക്കുറിച്ചു പറയുമ്പോള്‍ മോളിയുടെ കണ്ണുകളില്‍ കൊച്ചുകുട്ടിയെ പോലെ അദ്ഭുതം നിഴലിച്ചു. സാമ്പത്തിക പരാധീനതകള്‍ക്കു മുന്നില്‍ കുട്ടിക്കാലത്തും പിന്നീട് വിവാഹത്തിനുശേഷവും യാത്രകളെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാതിരുന്ന മോളി പലചരക്കുകടയില്‍ നിന്ന് കിട്ടുന്ന പണം കൂട്ടിവച്ചാണ് യാത്രയ്ക്ക് പോകുന്നത്.
ഇതുവരെ 12 ലക്ഷം രൂപയാണ് യാത്രയ്ക്കായി ചെലവായത്. നാലു പവന് സ്വര്‍ണം പണയം വച്ചത് എടുക്കാനുമുണ്ട്. പ്രായം വെറും സംഖ്യയാണെന്നും സ്വപ്നങ്ങള്‍ക്ക് അതിരുകളില്ലെന്നും പറയുന്ന ഈ പത്താം ക്ലാസുകാരിയുടെ യാത്രാവിശേഷങ്ങളിലേക്ക്...
യാത്രകള്‍ സ്വപ്നം കണ്ട
തിരുവാങ്കുളം ഒലിപ്പുറത്ത് വീട്ടില്‍ അബ്രഹാം-അന്നമ്മ ദമ്പതികളുടെ മകളായ മോളിക്ക് കുട്ടിക്കാലം മുതല്‍ യാത്രകളോട് ഏറെ ഇഷ്ടമായിരുന്നു. വാരികകളിലും മറ്റും കാണുന്ന യാത്രാവിവരങ്ങള്‍ കൗതുകത്തോടെ വായിക്കും.
സ്കൂളില്‍നിന്ന് വിനോദയാത്രയ്ക്കു പോകുന്ന സമയത്തെല്ലാം കൂട്ടുകാര്‍ക്കൊപ്പം പോകണമെന്ന് ആഗ്രഹമുണ്ടായിട്ടും വീട്ടിലെ പ്രാരാബ്ധങ്ങള്‍ക്കു മുന്നില്‍ ആഗ്രഹം ആരോടും പറഞ്ഞില്ല. കരിങ്കല്മടയിലെ പണിക്കാരനായ അപ്പന്റെ അവസ്ഥ മകള്‍ക്ക് നന്നായി അറിയാമായിരുന്നു.
ചിത്രപ്പുഴ സ്വദേശി ജോയിയുടെ ജീവിതസഖിയായപ്പോഴും അവസ്ഥ വ്യത്യസ്തമായിരുന്നില്ല. കരിങ്കല്പ്പണിക്കാരനായ ജോയിക്ക് അസുഖത്തെത്തുടര്‍ന്ന് പലപ്പോഴും ജോലിക്കു പോകാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.
മക്കള്‍ക്ക് അസുഖം വരുമ്പോഴൊക്കെ ആശുപത്രിയില്‍ കൊണ്ടുപോകാനും വണ്ടിക്കാശിനുമുള്ള കൃത്യം പൈസയല്ലാതെ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുഞ്ഞുങ്ങള്‍ക്ക് നല്‍കാനുള്ള പണം അക്കാലത്ത് തങ്ങളുടെ കൈയിലുണ്ടായിരുന്നില്ലെന്നു പറഞ്ഞപ്പോള്‍ മോളിയുടെ കണ്ണുകള്‍ നിറഞ്ഞു.
പക്ഷേ മോളി ആരോടും പരാതി പറഞ്ഞില്ല. 2004-ല്‍ ഭര്‍ത്താവ് ജോയി മരിച്ചു. വിദ്യാര്‍ഥികളായ മക്കളുമായി ഇനി എന്തു ചെയ്യണമെന്നറിയാതെ മോളി ആദ്യം പകച്ചു നിന്നു. പക്ഷേ പ്രതിസന്ധികളില്‍ തളരാന്‍ അവര്‍ ഒരുക്കമല്ലായിരുന്നു.
വീടിനോടു ചേര്‍ന്ന് ചെറിയൊരു പലചരക്കു കട തുടങ്ങി. അതോടെയാണ് പത്തു പൈസ താന്‍ കണ്ടു തുടങ്ങിയതെന്നാണ് ഈ വീട്ടമ്മ പറയുന്നത്. അതിനുശേഷം മകള്‍ ജിഷയുടെ വിവാഹം കഴിഞ്ഞു. മകന് ഏലിയാസിന് വിദേശത്തു ജോലിയും കിട്ടി.
അയല്‍ക്കാരുമൊത്തുള്ള ചെറിയ യാത്രകള്‍
2007-08 കാലഘട്ടത്തിലാണ് അയല്‍ക്കാര്‍ ഒത്തൊരു യാത്ര പോകാനുള്ള തീരുമാനം ഉണ്ടായത്. ഊട്ടി, കൊടൈക്കനാലൊക്കെ സന്ദര്‍ശിച്ച് ഒരാഴ്ചത്തെ വിനോദയാത്ര. മോളി മക്കളോട് സമ്മതം ചോദിച്ചപ്പോള്‍ ഇരുവരും സന്തോഷത്തോടെ അമ്മയെ യാത്രയാക്കി.
പിറ്റേ വര്‍ഷവും ഈ സംഘം തന്നെ തിരുവനന്തപുരം, കോവളം, പളനി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് യാത്രപോയി. അതിലും മോളി പങ്കാളിയായി. 2009-ല്‍ മോളി ഏറെ ആഗ്രഹിച്ചിരുന്ന മൂകാംബികയിലേക്ക് ഈ സംഘം യാത്ര പോയെങ്കിലും വീടു പണി നടക്കുന്നതിനാല്‍ മോളിക്ക് പോകാന്‍ കഴിഞ്ഞില്ല.
ഇതിനിടയില്‍ 2010 ല്‍ മോളി പാസ്പോര്‍ട്ടും സ്വന്തമാക്കി. 2011-ല്‍ മകന്റെ വിവാഹം കഴിഞ്ഞതോടെ ഉത്തരവാദിത്വങ്ങളില്‍ അല്പം ഇളവുവന്നു.
ആദ്യ വിദേശയാത്ര യൂറോപ്പിലേക്ക്
അയല്‍ക്കാരിയും രാജസ്ഥാനില്‍ നഴ്സുമായിരുന്ന മേരിയാണ് യൂറോപ്പിലേക്കുളള യാത്രാസംഘത്തില്‍ കൂടുന്നോയെന്നു മോളിയോട് ചോദിച്ചത്. ‘റോയല്‍ ഒമാനിയ വഴിയുള്ള ആ ടൂര്‍ പാക്കേജിന് 1.15 ലക്ഷം രൂപയായിരുന്നു.
അന്ന് വിദേശയാത്രയൊക്കെ പോകണമെങ്കില്‍ ബാങ്ക് അക്കൗണ്ടില്‍ പൈസ വേണമായിരുന്നു. മേരിച്ചേച്ചി എന്റെ അക്കൗണ്ടിലേക്ക് പൈസ ഇട്ടുതന്നു. ബാക്കി തുകയ്ക്കായി ഒരു പവന്റെ വള പണയംവച്ചു. കൈയില്‍ കുറച്ചു സമ്പാദ്യമൊക്കെ ഉണ്ടായിരുന്നു. പിറ്റേന്നു തന്നെ ഞാന്‍ അത് തിരിച്ചുകൊടുക്കുകയും ചെയ്തു.
51-ാം വയസില്‍ 2012 ഏപ്രിലിലായിരുന്നു ആ യൂറോപ്യന്‍ യാത്ര. കൊച്ചിയില്‍ നിന്ന് ദുബായിലേക്കും ദുബായില്‍നിന്ന് റോമിലേക്കുമായിരുന്നു ഫ്ളൈറ്റ്. റോമിലെ എയര്‍പോര്‍ട്ടില്‍ ഇറങ്ങി അവിടെനിന്ന് ബസിലാണ് ഹോട്ടലില്‍ എത്തിയത്. പിറ്റേന്ന് കൊളോസിയ കാണാന്‍ പോയി. സെന്റ് പീറ്റേഴ്സ് ബസലിക്ക സന്ദര്‍ശിച്ചു.
ആ കോമ്പൗണ്ടില്‍ തന്നെയായിരുന്നു വത്തിക്കാന്‍ മ്യൂസിയം. അതൊക്കെ കണ്ടശേഷം ബെനഡിക്ട് 16-ാമന്‍ മാര്‍പാപ്പയെ കണ്ടു. പിന്നീട് പോയത് പാദുവയിലെ അന്തോണീസ് പുണ്യാളന്റെ പള്ളിയിലേക്കാണ്. അന്നു രാത്രി ഹോട്ടലില്‍ തങ്ങി.
പിറ്റേന്ന് പാരീസിലേക്കാണ് പോയത്. ഈഫല്‍ ടവര്‍, ലവര് മ്യൂസിയത്തിലെ മോണാലിസയുടെ ചിത്രം ഒക്കെ കണ്ടു. അവിടത്തെ കാഴ്ചകളൊക്കെ കണ്ട് വൈകുന്നേരം പാരീസ് എയര്‍പോര്‍ട്ടിലെത്തി. അവിടെനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി ഏഴിന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. അങ്ങനെയാണ് പത്തു ദിവസം നീണ്ട ആദ്യ യാത്ര അവസാനിച്ചത്.
പിറ്റേവര്‍ഷവും ട്രാവല്‍ ഏജന്‍സിയില്‍നിന്ന് യാത്രയ്ക്കായി വിളിച്ചെങ്കിലും അടുത്ത യാത്രയ്ക്കുള്ള പണം സ്വരൂപിക്കാനായുള്ള ശ്രമത്തിലായിരുന്നു മേരി. രാവിലെ 7.30 ന് തുറക്കുന്ന കട രാത്രി 10.30 നു മാത്രമേ അടയ്ക്കാറുള്ളൂ. 2017 ല്‍ ടൂര്‍ കമ്പനികള്‍ക്കൊപ്പം സിങ്കപ്പൂര്‍, മലേഷ്യന്‍ യാത്രകള്‍ നടത്തി.
ആദ്യമായി പിറന്നാള്‍ കേക്ക് മുറിച്ചത് ലണ്ടനില്‍
2019-ല്‍ കലൂരിലെ സോമന്‍സ് ലക്ഷ്വറി ടൂര്സില്നിന്ന് ലണ്ടനിലേക്ക് 15 ദിവസത്തെ യാത്രയുണ്ടെന്ന് പറഞ്ഞ് മോളിയെ വിളിച്ചു. 2,20,000 രൂപയാണ് ചെലവ്. മക്കളോട് യാത്രയെക്കുറിച്ചു പറഞ്ഞപ്പോള്‍ അവര്‍ സമ്മതം മൂളി. അങ്ങനെ 2019 മേയ് 22ന് 47 പേരടങ്ങുന്ന സംഘത്തോടൊപ്പം മോളി ലണ്ടനിലേക്കു പുറപ്പെട്ടു.
നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് കൊച്ചി- ഖത്തര്‍, ഖത്തര്‍- ലണ്ടന്‍ ഫ്ളൈറ്റിലായിരുന്നു യാത്ര. എലിസബത്ത് രാജ്ഞിയുടെ കൊട്ടാരത്തില്‍ എത്തിയപ്പോള്‍ മട്ടുപ്പാവില്‍ നില്ക്കുന്ന രാജ്ഞിയെ വളരെ അകലെനിന്ന് ചെറുതായൊന്നു കാണാനും സാധിച്ചു.
പത്താം ക്ലാസുകാരിയ മോളിക്ക് ഇംഗ്ലീഷ് കേട്ടാല്‍ മനസിലാകും. പിറ്റേന്ന് സ്വിറ്റ്സര്ലണ്ടിലേക്കായിരുന്നു യാത്ര. തുടർന്ന് ബെല്‍ജിയത്തിലേക്കും. ഹോട്ടലില്‍ തിരിച്ചെത്തി ഭക്ഷണം കഴിച്ച് എല്ലാവരും മുറിയിലേക്ക് പിരിയാന്‍ നേരം മോളിച്ചേച്ചിയുടെ പിറന്നാളിന്ന് എന്നു പറഞ്ഞ് ടൂര്‍ മാനേജര്‍ ഒരു കേക്കുമായി എത്തി.
എന്റെ ജീവിതത്തില്‍ അന്നുവരെ പിറന്നാള്‍ ആഘോഷിച്ചിട്ടില്ല. അങ്ങനെ 58-ാം പിറന്നാള്‍ ലണ്ടനില്‍ കേക്കു മുറിച്ച് ആഘോഷിക്കാനുള്ള ഭാഗ്യം ഉണ്ടായി-മോളി പറഞ്ഞു. കനാലുകളുടെ നാടായ ആസ്റ്റര്‍ ഡാമിലേക്ക് കപ്പലില്‍ യാത്ര ചെയ്തു. പിറ്റേന്ന് റോമിലെത്തി.
കൊളോസിയം, വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്ക, സെന്റ് പീറ്റേഴ്സ് സ്ക്വയര്‍ സന്ദര്‍ശിച്ച ശേഷം മിലാന് എയര്‍പോര്‍ട്ടില്‍ നിന്ന് നെടുമ്പാശേരിയിലേക്ക് തിരിച്ചു. അങ്ങനെ 15 ദിവസം നീണ്ട ലണ്ടന്‍ ട്രിപ്പ് വളരെയധികം സന്തോഷത്തോടെയാണ് അവസാനിച്ചത്.
15 ദിവസം അമേരിക്കയില്‍
കോവിഡിനെത്തുടര്‍ന്ന് യാത്രയൊക്കെ ഇല്ലാതിരുന്ന കാലമാണ് പിന്നീടുണ്ടായത്. അങ്ങനെയിരിക്കെ യാത്രാവിലക്ക് മാറിയതോടെ സോമന്‍സ് ടൂര്‍സില്‍ നിന്ന് വിളിച്ച് 15 ദിവസത്തെ അമേരിക്കന്‍ യാത്രയുണ്ടെന്നു പറഞ്ഞു.
3,70,000 രൂപയാണ് ചെലവ്. മക്കള്‍ അനുമതി തന്നെങ്കിലും അത്രയും പണം പെട്ടെന്ന് ഉണ്ടാക്കാന്‍ പറ്റില്ലെന്ന് ടൂര്‍ ഏജന്‍സിയെ അറിയിച്ചപ്പോള്‍ അവര്‍ പേര് തന്നോളാന്‍ പറഞ്ഞു. തുടര്‍ന്ന് അമേരിക്കന്‍ വിസ എടുക്കാനായി ചെന്നൈയ്ക്കു പോയി.
വിസ കിട്ടില്ലെന്ന് മോളി ഭയന്നെങ്കിലും പത്തു വര്‍ഷത്തേക്കുള്ള യുഎസ് വിസ കിട്ടി. 2021 നവംബര്‍ 11 ന് രാത്രി എട്ടിന് നെടുമ്പാശേരിയില്‍ നിന്ന് അമേരിക്കയിലേക്ക് പുറപ്പെട്ടു. ടൂര്‍ കമ്പനിയായ സോമന്‍സ് ആറു ദിവസത്തെ ബാംങ്കോക്ക് യാത്രയില്‍ മോളിയുടെ സ്പോണ്‍സറായി.
കഴിഞ്ഞ നവംബറിലാണ് ഒമ്പതു ദിവസത്തെ റഷ്യന്‍ സന്ദര്‍ശനം നടത്തിയത്. ആ യാത്രയക്കുള്ള പണത്തിനായാണ് മാല പണയം വച്ചത്.നവംബര്‍ 26 നാണ് റഷ്യയിലെത്തിയത്. മഞ്ഞ് വീഴ്ചയുടെ സമയമാണത്. ഞാന്‍ സന്ദര്‍ശിച്ചിട്ടുളള രാജ്യങ്ങളില്‍ വച്ച് ഏറ്റവും മനോഹരമായി തോന്നിയത് റഷ്യയായിരുന്നു- മോളി പറഞ്ഞു.
ഇനിയും രാജ്യങ്ങള്‍ കാണാനുണ്ട്...
ഇഷ്ട സ്ഥലമായ ജപ്പാന്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ, വിയറ്റ്നാം, കംമ്പോഡിയ തുടങ്ങിയ രാജ്യങ്ങളിലൊക്കെ സന്ദര്‍ശനം നടത്തണമെന്ന് അതിയായ ആഗ്രഹമുണ്ട്. യാത്രകള്‍ക്കായി ഒരുരൂപ പോലും മറ്റൊരാളില്‍നിന്ന് വാങ്ങിയിട്ടില്ല.
സ്വന്തം അധ്വാനത്തില്‍ നിന്നു സ്വരൂപിച്ച തുക മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. അടുത്ത യാത്രയെക്കുറിച്ച് മനസില്‍ സ്വപ്നം കണ്ടുകൊണ്ട് മോളി പറഞ്ഞു.