രക്ഷാപ്രവർത്തനത്തിന്റെ കരുതലിന് കാൽനൂറ്റാണ്ടിന്റെ തിളക്കം
ഋഷി
കരുതലും കരുണയുമായി സന്നദ്ധ പ്രവർത്തനത്തിന്റെ വഴിത്താരയിൽ കാൽനൂറ്റാണ്ടിലേക്ക് നീങ്ങുകയാണ് ആക്ട്സ്. ആക്സിഡന്റ് കെയർ ആൻഡ് ട്രാൻസ്പോർട്ട് സർവീസ് എന്നതിന്റെ ചുരുക്കപ്പേരാണ് ആക്ട്സ്.
24-ാം സ്ഥാപകദിനം പിന്നിട്ട് ഇരുപത്തിയഞ്ചിന്റെ തിളക്കത്തിലേക്ക് വിശ്രമമില്ലാതെ ആക്ട്സ് മുന്നേറുന്പോൾ സേവനപാതയിൽ ഓർക്കാനും പറയാനും കഥകളും അനുഭവങ്ങളുമേറെ...റോഡ് അപകടങ്ങളിലും അത്യാഹിതങ്ങളിലും 24 മണിക്കൂറും സൗജന്യ ആംബുലൻസ് സേവനം നൽകുന്നതാണ് ആക്ട്സിന്റെ പ്രവർത്തനം.
വെല്ലുവിളികൾ നിറഞ്ഞ അപകട സാഹചര്യങ്ങളിൽ നിന്ന് നിരവധി പേരെയാണ് ജീവിതത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് ആക്ട്സ് പ്രവർത്തകർ കൈപിടിച്ചുയർത്തിയത്. അവരുടെയും കുടുംബങ്ങളുടേയും നന്ദി നിറഞ്ഞ പ്രാർഥനകളുടെ പുണ്യമേറ്റുവാങ്ങിയാണ് ആക്ട്സ് പ്രയാണം തുടരുന്നത്.
2000 മേയ് എട്ടിനാണ് ആക്ട്സിന് തുടക്കമാകുന്നത്. റോഡ് അപകടങ്ങളിലും അത്യാഹിതങ്ങളിലും 24 മണിക്കൂറും സൗജന്യ ആംബുലൻസ് സേവനം എന്ന ലക്ഷ്യത്തിൽ തൃശൂർ ആന്പക്കാടൻ ജംഗ്ഷനിലെ സന്പന്ന ടവറിലെ കൊച്ച് ഓഫീസ് മുറിയിൽ നിന്നാണ് ആക്ട്സ് പ്രവർത്തനം തുടങ്ങുന്നത്.
അന്ന് ഒരേയൊരു ആംബുലൻസ് മാത്രമാണ് ആക്ട്സിനുണ്ടായിരുന്നത്. പിന്നീട് പടിപടിയായുള്ള വളർച്ചയാണ് ആക്ട്സിന്റെ ചരിത്രത്തിലുണ്ടായത്. ഇന്ന് തൃശൂർ ജില്ലയിൽ 17 ശാഖകളുണ്ട്. 20 ആംബുലൻസുകളും ആക്ട്സിനുണ്ട്.
നടത്തിയ രക്ഷാപ്രവർത്തനങ്ങളാകട്ടെ എണ്ണമറ്റതും...അതിൽ മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയവരും അസംഖ്യം...
രക്ഷാപ്രവർത്തനം നടത്തിയിട്ടും രക്ഷിക്കാൻ കഴിയാതെ പോയവരെക്കുറിച്ചു പറയുന്പോൾ ആക്ട്സിലെ ഓരോ അംഗത്തിനും ഇടനെഞ്ചു പിടയുന്നു. എങ്ങിനെയെങ്കിലും രക്ഷിക്കണമെന്ന ആഗ്രഹത്തോടെയാണ് ആശുപത്രിയിലെത്തിക്കുക...പക്ഷേ വിധി മറ്റൊന്നായിരിക്കും - ആക്ട്സ് പ്രവർത്തകരിലൊരാൾ പറഞ്ഞു.
റോഡപകടങ്ങളിലും അത്യാഹിതങ്ങളിലും മാത്രമൊതുങ്ങുന്നില്ല ആക്ട്സിന്റെ രക്ഷാപ്രവർത്തനങ്ങൾ. ഏത് അപകടസാഹചര്യത്തിലും ആദ്യം ആളുകൾ വിളിക്കുന്ന നന്പർ ആക്ട്സിന്റേതായി മാറി.
ഷുഗർ കുറഞ്ഞ് ബോധം മറഞ്ഞാലും കുഴഞ്ഞുവീണാലും തെന്നിവീണ് പരിക്കേറ്റാലും തലകറങ്ങി വീണാലും പനികൂടി ബോധം പോയാലും നെഞ്ചുവേദന മൂലം അവശനായാലുമെല്ലാം ആക്ട്സിലേക്ക് ഫോണ് വരും.
രോഗബാധിതരെ യഥാസമയം ആശുപത്രിയിലെത്തിക്കാൻ ഉടൻ ആക്ട്സ് പ്രവർത്തകരെത്തും. ശരിക്കും ജീവൻരക്ഷാദൂതൻമാർ. തൃശൂരിലാണ് പ്രവർത്തനമേഖലയെങ്കിലും രക്ഷാദൗത്യങ്ങൾ തൃശൂരിൽ മാത്രം ഒതുങ്ങി നിന്നില്ല.
ആക്ട്സ് രൂപീകരിച്ച് ഒരു വർഷത്തിനകം തന്നെ ആദ്യത്തെ വലിയ രക്ഷാപ്രവർത്തനത്തിൽ ആക്ട്സ് പങ്കാളികളായി. 2001 ജൂണിൽ കടലുണ്ടി ട്രെയിൻ അപകടത്തിൽ രക്ഷാപ്രവർത്തനത്തിന് ആക്ട്സുമുണ്ടായിരുന്നു.
ആംബുലൻസും അഞ്ചുപേരടങ്ങുന്ന ദൗത്യസംഘവും രക്ഷാദൂതരായി കടലുണ്ടിയിൽ പാഞ്ഞെത്തിയപ്പോൾ ജീവൻ രക്ഷാപ്രവർത്തനങ്ങൾക്ക് അത് വേഗതയേറ്റിയ സഹായമായി..
2011 ജനുവരിയിൽ ശബരിമല പുല്ലുമേട് ദുരന്തസ്ഥലത്തേക്കും ആക്ട്സിന്റെ രക്ഷാകരങ്ങൾ നീണ്ടു. അന്ന് കളക്ടറുടെ നിർദ്ദേശപ്രകാരം പത്ത് ആംബുലൻസുകളും സന്നദ്ധ പ്രവർത്തകരും പുല്ലുമേട്ടിൽ രക്ഷാദൗത്യവുമായി എത്തി.
ആക്ട്സില്ലാതെ തൃശൂർ പൂരം ആലോചിക്കാൻ വയ്യാത്ത അവസ്ഥയായിരിക്കുന്നു. തൃശൂർ പൂരം ആക്ട്സിന്റെ കരുതൽ പൂരം കൂടിയാണ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികമായി തൃശൂർ പൂരം നാളിൽ രക്ഷാപ്രവർത്തന രംഗത്ത് ആക്ട്സ് നിറസാന്നിധ്യമാണ്.
തൃശൂർ പൂരത്തിന് തെക്കെഗോപുര നടയിൽ ഗജവീരൻമാർ നിരക്കും പോലെ ആക്ട്സിന്റെ ആംബുലൻസുകൾ നിരന്നു കിടക്കാറുള്ളത് പൂരം നാളിലെ പതിവു കാഴ്ചകളിലൊന്നാണ്.
അന്ന് സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ആക്ട്സിന്റെ എല്ലാ ആംബുലൻസുകളും രക്ഷാപ്രവർത്തനത്തിനായി നഗരത്തിൽ വിന്യസിക്കും. പ്രത്യേക പരിശീലനം നേടിയ 12 അംഗ സ്ട്രെക്ചർ ടീമും കഴിഞ്ഞ ആറുവർഷമായി ആക്ട്സിന്റെ കൂടെയുണ്ട് പൂരത്തിന്.
പുരത്തിരക്കിനിടയിൽ ആംബുലൻസിന് എത്തപ്പെടാൻ കഴിയാത്ത ഇടങ്ങളിലെത്തി ദേഹാസ്വസ്ഥ്യവും ശ്വാസതടസവും അനുഭവപ്പെടുന്നവരെ സ്ട്രെച്ചറിൽ എടുത്ത് പുറത്തെത്തിക്കുന്നതും ചികിത്സ കേന്ദ്രങ്ങളിലേക്കും ആശുപത്രികളിലേക്കും കൊണ്ടുപോകുന്നതും ഈ സംഘമാണ്.
തൃശൂർ പൂരത്തിന് മാത്രമല്ല തൃശൂർ ജില്ലയിലെ പ്രശസ്തമായ ഉൗത്രാളിക്കാവ് പൂരത്തിനും ആക്ട്സ് സഹായസേവനസന്നദ്ധരായി എത്താറുണ്ട്. തൃശൂർ പൂരം നാളിൽ നഗരത്തിലെത്തുന്ന ആർക്കും വിശന്നോ ദാഹിച്ചോ ഇരിക്കേണ്ടി വരാറില്ല ആക്ട്സ് പ്രവർത്തകരുടെ കരുതൽ മൂലം.
ആറു വർഷമായി പൂരത്തിന് സൗജന്യമായി കുടിവെള്ളവും കഴിഞ്ഞ മൂന്നുവർഷമായി അരലക്ഷത്തോളം പേർക്ക് ചപ്പാത്തിയും വെജിറ്റബിൾ കറിയും ആക്ട്സ് നൽകാറുണ്ട്. ആരോഗ്യവകുപ്പുമായി സഹകരിച്ച് കുടമാറ്റ സമയത്ത് ഒആർഎസ് ലായനി വിതരണവും പൂരത്തിന് കൊടുക്കാറുണ്ട്.
പൂരം പ്രദർശന നഗരിയിൽ എല്ലാ വർഷവും ആക്ട്സിന്റെ ബോധവത്കരണ പവലിയനും സജ്ജമാക്കാറുണ്ട്. തൃശൂരിൽ വിശന്നുവലഞ്ഞെത്തുന്നവർക്ക് കഴിഞ്ഞ എട്ടുവർഷമായി രാപ്പകൽ വ്യത്യാസമില്ലാതെ ആക്ട്സിന്റെ മെയിൻ ബ്രാഞ്ചിൽ സൗജന്യമായി ഭക്ഷണം നൽകുന്നുണ്ട്.
പൊരിവെയിലിൽ കാത്തുനിർത്താതെയാണ് ഇവർ വിശന്നെത്തുന്നവർക്ക് അന്നമൂട്ടാറുള്ളത്. മനസും വയറും നിറയുന്ന തരത്തിൽ ഇരുത്തിയൂട്ടാണ് നടത്തുക. സദ്യകൾക്കു ശേഷം ബാക്കിയാകുന്ന ഭക്ഷണം ശേഖരിച്ച ചേരികൾ, കോളനികൾ, അനാഥാലയങ്ങൾ എന്നിവിടങ്ങളിലേക്ക് ഭക്ഷണം എത്തിച്ച് നിരവധി പേരുടെ വിശപ്പടക്കുന്ന സൽപ്രവൃത്തി ഇവർ തുടർന്നുകൊണ്ടേയിരിക്കുന്നു.
ഇതിനായി പ്രത്യേക വാഹനം, അനുബന്ധ സൗകര്യങ്ങൾ, പാത്രങ്ങൾ എന്നിവയെല്ലാമുണ്ട്. ഇന്ന് തൃശൂരിലും പരിസരങ്ങളിലുമുള്ളവർക്ക് ആക്ട്സിന്റെ പേര് ഇത്തരത്തിലും സുപരിചിതമാണ്.
ആക്ട്സിന്റെ കേച്ചേരി ബ്രാഞ്ചിൽ കഴിഞ്ഞ ആറു വർഷമായി പ്രത്യേക ഫിസിയോ തെറാപ്പി യൂണിറ്റ് സൗജന്യമായി പ്രവർത്തിക്കുന്നുണ്ട്. ആക്ട്സ് സേവനാലയം എന്നറിയപ്പെടുന്ന ഈ യൂണിറ്റിൽ ഇതുവരെ ആയിരത്തിൽപരം ആളുകളാണ് സേവനം തേടിയെത്തിയത്.
എല്ലാ ബ്രാഞ്ചുകളിലും സ്വതന്ത്രമായി എല്ലാ വർഷവും ആയുർവേദ-അലോപ്പതി സൗജന്യ മെഡിക്കൽ ക്യാന്പുകൾ നടത്താറുണ്ട്. രക്തദാന ക്യാന്പുകൾ, റോഡ് സുരക്ഷ ബോധവത്കരണ ക്യാന്പുകൾ എന്നിവയും ആക്ട്സ് നടത്താറുണ്ട്.
2018ലെ പ്രളയകാലത്ത് ആക്ട്സിന്റെ എല്ലാ ആംബുലൻസുകളും പ്രവർത്തകരും രക്ഷാപ്രവർത്തന രംഗത്ത് സജീവമായിരുന്നു. 2019ലെ കോവിഡ് കാലത്ത് ആരോഗ്യവകുപ്പിനു കീഴിലും ആക്ട്സ് ആംബുലൻസുകൾ സേവനരംഗത്ത് പങ്കാളികളായി.
ലോക്ഡൗണ് കാലത്ത് തൃശൂർ കാൽഡിയൻ സിറിയൻ ഹയർ സെക്കണ്ടറി സ്കൂളിൽ തൃശൂർ കോർപറേഷനുമായി സഹകരിച്ച് തെരുവിൽ കഴിയുന്നവർക്കായി തുടർച്ചയായി 45 ദിവസം പ്രത്യേക കരുതൽ ക്യാന്പ് സംഘടിപ്പിച്ചത് ആക്ട്സിന്റെ സേവനപാതയിലെ പ്രധാന സംഭവമാണ്.
നൂറിൽപരം ആളുകൾക്കാണ് ദിവസവും ഭക്ഷണവും വസ്ത്രവും വൈദ്യപരിശോധനയും അടക്കമുള്ള സേവനങ്ങൾ അന്ന് നൽകിയത്. തൃശൂരിന്റെ നിത്യജീവിതത്തിൽ ആക്ട്സ് ഇന്ന് ഒഴിച്ചുകൂടാനാവാത്ത ഒരു പ്രസ്ഥാനമാണ്.
ജീവൻരക്ഷാ പ്രവർത്തനങ്ങളിൽ രാപ്പകലില്ലാതെ, ഉറങ്ങാതെ, സദാ കർമനിരതായിരിക്കുന്ന, നിസ്വാർഥ സേവനത്തിന്റെ പേരാണ് ആക്ട്സ്...